Wednesday, September 7, 2011

മകളുടെ മെഡിക്കല്‍ സീറ്റിന് 45 ലക്ഷം നല്‍കി; ജയിംസ് മാത്യു എം.എല്‍.എ കുരുക്കിലേക്ക്


ഡി.വൈ.എഫ്.ഐ നേതാവായിരുന്ന രമേശന്‍ വിവാദത്തിലായതിനു പിന്നാലെ കൂടുതല്‍ കപട മുഖങ്ങളുടെ വിവരങ്ങള്‍ പുറത്ത് 

കണ്ണൂര്‍: സ്വകാര്യ, സ്വാശ്രയ മെഡിക്കല്‍ 
കോളേജില്‍ ലക്ഷങ്ങള്‍ നല്‍കി പ്രവേശനം നേടുന്നത് മഹാഅപരാധമായി കാണുന്ന സിപിഎം നേതൃത്വത്തിനു മുന്നില്‍ ജയിംസ് മാത്യു എം എല്‍ എയും പ്രതിക്കൂട്ടിലാകുന്നു. മകള്‍ക്ക് 45 ലക്ഷം രൂപ നല്‍കി എംബിബിഎസ് സീറ്റില്‍ പ്രവേശനം നേടിക്കൊടുത്ത തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യുവിന്റെ നിലപാട് പാര്‍ട്ടിക്കകത്ത് പുതിയ വിവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇത്തരത്തിലുള്ള പ്രവേശനങ്ങളെയെല്ലാം കണ്ണടച്ചെതിര്‍ത്ത സിപിഎമ്മിന് ജെയിംസ് മാത്യു എംഎല്‍എയോടും വിശദീകരണം തേടേണ്ടിവരും. വിവാദം ഭയന്ന് മകളെ കര്‍ണാടകയിലെ മെഡിക്കല്‍ കോളേജിലാണ് ജെയിംസ് മാത്യു രഹസ്യമായി ചേര്‍ത്തത്. മംഗലാപുരം എയര്‍പോര്‍ട്ട് റോഡിലുള്ള എ ജെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് 45 ലക്ഷം നല്‍കി മകള്‍ക്ക് സീറ്റുറപ്പിച്ചത്. പണം നല്‍കി മകളെ ചേര്‍ക്കാന്‍ ജയിംസ് മാത്യുവും ഭാര്യ മുന്‍ എസ്എഫ്‌ഐ നേതാവ് സുകന്യയും ഈ കോളേജില്‍ ചെന്നിരുന്നു.
 
പരിയാരം മെഡിക്കല്‍ കോളേജില്‍ എന്‍ ആര്‍ ഐ ക്വാട്ടയില്‍ ലക്ഷങ്ങള്‍ നല്‍കി പ്രവേശനമുറപ്പിച്ചതിന്റെ പേരിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവായിരുന്ന വി.വി രമേശനെതിരേ നടപടിയെടുത്തത്. മകള്‍ക്ക് ഇത്തരത്തില്‍ പ്രവേശനം വേണ്ടെന്ന നിലപാടെടുത്തിട്ടും രമേശന് പാര്‍ട്ടി മാപ്പു നല്‍കാന്‍ തയ്യാറായിരുന്നില്ല. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റേയും വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റേയും മക്കള്‍ക്ക് മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നല്‍കുന്നതിന് ശക്തിയുക്തം എതിര്‍ത്ത് അവരെ കൊണ്ട് തീരുമാനം പിന്‍വലിപ്പിച്ച സിപിഎം നേതാക്കള്‍ക്ക് പാര്‍ട്ടി എംഎല്‍എയുടെ മകളുടെ കാര്യത്തില്‍ ഇനി നിലപാട് വ്യക്തമാക്കേണ്ടി വരും.പണമുള്ളവര്‍ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടുന്നത് സ്വാഭാവികമാണ്. എന്നാല്‍ സി പി എം അവരുടെ അണികളെ ബോധ്യപ്പെടുത്താന്‍ ഈ വിഷയത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്താറാണ് പതിവ്. പാര്‍ട്ടിയുടെ ഈ കപടമുഖം അണികള്‍ തിരിച്ചറിയുന്നുണ്ട്.  ജയിംസ് മാത്യുവിനെപോലുള്ള നേതാക്കള്‍ പാത്തും പതുങ്ങിയും മക്കള്‍ക്ക് എംബിബിഎസ് സീറ്റ് നേടിക്കൊടുത്ത് പിന്നീട് ആദര്‍ശ പ്രസംഗം നടത്തുന്നതിനേയാണ് അണികളിപ്പോള്‍ എതിര്‍ക്കുന്നത്. നേരത്തേ കടുത്ത വിഎസ് പക്ഷക്കാരനായിരുന്ന ജയിംസ് മാത്യു സിപിഎമ്മിലിപ്പോള്‍ രണ്ടു തോണിയിലും കാല്‍വെച്ച് സ്ഥാനം സുരക്ഷിതമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.