സ്ത്രീപീഡനക്കേസില്‍ പ്രതിസ്ഥാനത്തായിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാമുന്‍
സെക്രട്ടറി പി.ശശിയെ ഒടുവില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ശശിയെ ഒരുവര്‍ഷത്തേക്കു പാര്‍ട്ടിയില്‍ നിന്നും മാറ്റിനിര്‍ത്തുക എന്ന പിണറായി വിഭാഗത്തിന്റെ മൃദുസമീപനം സംസ്ഥാനസെക്രട്ടറിയേറ്റ് തള്ളിക്കളഞ്ഞതോടെയാണ് ഔദ്യോഗവിഭാഗത്തിന്റെ ശക്തനായ ഈ പോരാളിയുടെ തല തെറിച്ചത്. സി.പി.എം. ആഭ്യന്തര രാഷ്ട്രീയത്തില്‍ ഔദ്യോഗിക പക്ഷത്തെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു പി. ശശി. ഇദ്ദേഹത്തിനെതിരെ കടുത്ത നടപടിക്ക് വഴങ്ങേണ്ടിവന്നത് സി.പി.എം. സംസ്ഥാന നേതൃത്വത്തിനും കണ്ണൂര്‍ ലോബിക്കും കനത്ത തിരിച്ചടിയാണ്.
പെരുമാറ്റദൂഷ്യം സംബന്ധിച്ച ആരോപണത്തെതുടര്‍ന്ന് ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആദ്യതീരുമാനം. എന്നാല്‍ ഇതിനെതിരെ പരസ്യമായി വി.എസ്. അച്യുതാനന്ദന്‍ രംഗത്തുവന്നു. കൂടുതല്‍ കടുത്ത നടപടി കേന്ദ്രകമ്മിറ്റിയില്‍ വി.എസ്. ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപ്പെട്ട കേന്ദ്രനേതൃത്വം തരംതാഴ്ത്തല്‍ നടപടി പുനഃപരിശോധിക്കാനും കര്‍ശന നടപടി സ്വീകരിക്കാനും സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിക്കുകയായിരുന്നു. ഹൈദരാബാദില്‍ ചേര്‍ന്ന സി.പി.എം. കേന്ദ്രകമ്മിറ്റിയോഗമാണ് ഈ നിര്‍ദ്ദേശം സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്.
വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ എസ്.എഫ്.ഐ. നേതാവായി ഉയര്‍ന്നുവന്ന ശശിയുടെ രാഷ്ട്രീയത്തിലെ ഗ്രാഫ് കുത്തനെ മുകളിലോട്ട് കയറിയത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്താണ്. അതിനാകട്ടെ പിണറായി വിജയന്റെ അനുഗ്രഹാശിസുകളുമുണ്ടായിരുന്നു. ജോലിതേടി മുംബൈയിലെത്തിയ ശശിയെ പിണറായി വിജയന്‍ തിരിച്ചുവിളിച്ചു പൊതുമരാമത്ത് മന്ത്രി ടി.കെ.ഹംസയുടെ സെക്രട്ടറിയാക്കുകയായിരുന്നു. തുടര്‍ന്ന് 1987ലെ നായനാര്‍മന്ത്രിസഭയില്‍ പഴയ കോണ്‍ഗ്രസ്സുകാരനായ ടി.കെ.ഹംസ അംഗമാവുമ്പോള്‍ പാര്‍ട്ടിയുടെ മേല്‍നോട്ടമായിരുന്നു ശശിയുടെ ദൗത്യം. തുടര്‍ന്ന് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മത്സരിക്കാനും ശശി നിയോഗിക്കപ്പെട്ടു. മത്സരിച്ച് തോറ്റെങ്കിലും പാര്‍ട്ടിയുടെ ജില്ലാ നേതൃനിരയില്‍ പി.ശശി തിളങ്ങിനില്‍ക്കാന്‍ തുടങ്ങി. 'ദേശാഭിമാനി' കണ്ണൂരില്‍ എഡിഷന്‍ ആരംഭിച്ചപ്പോള്‍ അതിന്റെ മാനേജരായി ശശി അവരോധിക്കപ്പെട്ടു. അതിനിടയിലും പാര്‍ട്ടി സംഘടനാരംഗത്ത് അദ്ദേഹം സജീവമായിരുന്നു. 1996ല്‍ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായി വീണ്ടും ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോള്‍ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സി.പി.എം. നേതൃത്വം കണ്ടെത്തിയത് ശശിയെ ആയിരുന്നു.
അന്ന് ശശിയുടെ നേതൃത്വത്തില്‍ അടുക്കളഭരണം നടക്കുന്നു എന്നുവരെ ആക്ഷേപമുയര്‍ന്നു. ആഭ്യന്തര വകുപ്പ് കൂടി അക്കാലത്ത് മുഖ്യമന്ത്രിയുടെ കീഴിലായിരുന്നതിനാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അധികാരങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും അതിരുകളില്ലായിരുന്നു. സി.പി.എം. കേരളഘടകത്തില്‍ വിഭാഗീയത രൂപപ്പെടുമ്പോഴേക്കും പി.ശശി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായി വളര്‍ന്നിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഏറ്റവും മികച്ച സംഘടനാ സംവിധാനമുള്ള കണ്ണൂര്‍ ജില്ലയുടെ സെക്രട്ടറിയായും ഇതിനകം അദ്ദേഹം അവരോധിക്കപ്പെട്ടു. കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത് ശശി അറിയാതെ ജില്ലയില്‍ ഭരണരംഗത്തോ പാര്‍ട്ടിക്ക് താല്പര്യമുള്ള സ്ഥാപനങ്ങളിലോ ഒരിലപോലും അനങ്ങുമായിരുന്നില്ല. പിണറായി വിജയനുമായുള്ള അടുത്ത ബന്ധം എല്ലാറ്റിനും ശശിക്ക് തണലുമായി. സി.പി.എമ്മിന്റെ ചരിത്രത്തില്‍ വിഭാഗീയത കൊടുമ്പിരിക്കൊണ്ട മലപ്പുറം സമ്മേളനത്തില്‍ വി.എസ്.പക്ഷത്തിന്റെ ഏറ്റവും വലിയ ആവശ്യം സംസ്ഥാന സമിതിയിലേക്കുള്ള പാനലില്‍നിന്ന് പി.ശശിയെ ഒഴിവാക്കുക എന്നതായിരുന്നു. എന്നാല്‍, മുന്‍നിര പോരാളിയായ ശശിയെ കൈവിടാന്‍ പിണറായിയും ഔദ്യോഗികപക്ഷവും ഒരുക്കമായിരുന്നില്ല. ഏറ്റവും കുറച്ച് വോട്ടോടെയാണെങ്കിലും മത്സരത്തില്‍ ശശിയും ജയിച്ചുകയറിയത് വി.എസ്.പക്ഷത്തിന് വലിയ തിരിച്ചടിയായി. അവിടന്നങ്ങോട്ട് ശശിയുടെ പ്രഭാവം കൂടുകതന്നെയായിരുന്നു. അതനുസരിച്ച് പാര്‍ട്ടിയില്‍ എതിരാളികളും വര്‍ധിച്ചു.
ഇതിനിടയിലാണ് ജില്ലയിലെ ഒരു ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യയുടെ പരാതി സംസ്ഥാനനേതൃത്വത്തിന്റെ മുന്നിലെത്തുന്നത്. സദാചാരവിരുദ്ധ പെരുമാറ്റമായിരുന്നു പരാതിയുടെ കാതല്‍. സമാനമായ ചില പരാതികള്‍ വേറെയും ഉയര്‍ന്നതോടെ പി.ശശിയെ ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റാന്‍ നേതൃത്വം നിര്‍ബന്ധിതരായി. ശശി ചികിത്സയ്ക്കായി അവധിയില്‍ പ്രവേശിക്കുന്നു എന്നതായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം. പക്ഷേ, അപ്പോഴേക്കും പ്രശ്‌നം പരാതിസഹിതം പാര്‍ട്ടിക്കകത്തും പുറത്തും കാട്ടുതീ പോലെ ആളിക്കത്തി. അതിന്റെ പാരമ്യത്തിലാണ് പി.ശശി പാര്‍ട്ടിയില്‍നിന്ന് പുറത്താവുന്നത്. സംഘടനയില്‍ വിഭാഗീയത ആളിക്കത്തിയപ്പോഴും കൂടെയുണ്ടായിരുന്ന ഔദ്യോഗികപക്ഷത്തെ പലരും നിര്‍ണായകഘട്ടത്തില്‍ ശശിയെ കൈയൊഴിഞ്ഞതുകാരണം പിണറായി വിജയനും നിസ്സഹായനാവുകയായിരുന്നു. കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്ക് സി.പി.എം. സംസ്ഥാന നേതൃത്വം നാടകീയമായാണ് അവധി നല്‍കിയത്. അതേ നാടകീയത നിലനിര്‍ത്തിക്കൊണ്ട് ശനിയാഴ്ച സി.പി.എം. സംസ്ഥാനസമിതി പി.ശശിക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്തേക്കുള്ള വാതിലും തുറന്നിരിക്കുന്നു. 2010 ഡിസംബര്‍ 14നാണ് സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ അടിയന്തരയോഗം ചേര്‍ന്ന് ജില്ലാ സെക്രട്ടറിക്ക് അവധി അനുവദിച്ചത്.
സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ആദ്യം ജില്ലാ സെക്രട്ടേറിയറ്റും പിന്നീട് ജില്ലാ കമ്മിറ്റിയും യോഗം ചേര്‍ന്നാണ് ശശിക്ക് അവധി നല്‍കാനുള്ള തീരുമാനമെടുത്തത്. പിണറായിയുടെ നിര്‍ദേശപ്രകാരം മുതിര്‍ന്ന നേതാവ് കെ.പി.സഹദേവനാണ് അധ്യക്ഷനായത്. പി.ശശിയുടെ അവധി അപേക്ഷ അംഗീകരിക്കണമെന്നായിരുന്നു ജില്ലാകമ്മിറ്റിയില്‍ വന്ന ആവശ്യം. ചികിത്സയ്ക്കായി കോയമ്പത്തൂരില്‍ പോവാന്‍ വേണ്ടിയായിരുന്നു ഇതെന്നും വ്യാഖ്യാനം വന്നു. അതിനപ്പുറം ശശിക്കെതിരെ സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതിയെക്കുറിച്ചോ പെരുമാറ്റ ദൂഷ്യത്തെക്കുറിച്ചോ സംഘടനാതലത്തില്‍ ഒരു ചര്‍ച്ചയും അന്ന് നടന്നില്ല. പക്ഷേ, വളരെ പെട്ടെന്ന് പാര്‍ട്ടിക്കകത്തുനിന്ന് തന്നെ ശശിയുടെ 'രോഗം' എന്തെന്നും അവധിക്കുള്ള കാരണങ്ങളെന്തെന്നുമുള്ള വിവരങ്ങള്‍ പത്രങ്ങളെ തേടിയെത്തി. ചികിത്സയെക്കുറിച്ച് നേതാക്കള്‍ പുറത്തുപറയുമ്പോള്‍തന്നെ ശശിയെപ്പറ്റി ഉയര്‍ന്ന പരാതികളെക്കുറിച്ച് പത്രങ്ങളില്‍ നിരവധി വാര്‍ത്തകള്‍ വന്നു. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നുവരെ ചില നേതാക്കള്‍ പാര്‍ട്ടിയില്‍ ഭീഷണിയുയര്‍ത്തി പ്രത്യേകിച്ചും യുവ നേതാക്കള്‍. അപ്പോഴേക്കും കടന്നുവന്ന നിയമസഭാ തിരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ വിഭാഗീയതയില്‍ പുതിയ ചലനങ്ങളുണ്ടാക്കി. വി.എസിന് സീറ്റ് നിഷേധിച്ചത് അദ്ദേഹത്തിന് അനുകൂലമായി ഔദ്യോഗിക പക്ഷത്തുനിന്ന് ഇളക്കങ്ങള്‍ ഉണ്ടാക്കാന്‍ പ്രധാന കാരണമായി.
ശശിക്കെതിരെ കടുത്ത നടപടി വേണമെന്ന് ഔദ്യോഗികപക്ഷത്തുനിന്ന് തന്നെ ആവശ്യങ്ങള്‍ ഉയര്‍ന്നത് വി.എസ്.പക്ഷത്തിന് കരുത്ത് പകര്‍ന്നു. പാര്‍ട്ടിയില്‍ വി.എസ്സിന് പ്രാധാന്യം കൂടിവരുന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കണ്ടത്. ഔദ്യോഗികപക്ഷക്കാര്‍പോലും വി.എസ്സിന്റെ ഫോട്ടോകളുമായി വോട്ട് ചോദിക്കാനിറങ്ങിയത് മറുപക്ഷത്തിന് തിരിച്ചടിയായി. ഇതിന്റെ തുടര്‍ച്ച തന്നെയാണ് പി.ശശിക്കെതിരായ തീരുമാനത്തിന്റെയും പിന്നില്‍. കണ്ണൂരില്‍നിന്നുള്ള ഔദ്യോഗികപക്ഷക്കാര്‍വരെ സംസ്ഥാനസമിതിയില്‍ പി.ശശിക്കെതിരായാണ് സംസാരിച്ചത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഇത് കനത്ത ആഘാതമായി. സംസ്ഥാന സെക്രട്ടേറിയറ്റ് ഭൂരിപക്ഷം നോക്കിയാണ് സസ്‌പെന്‍ഷന്‍ എന്ന ശിക്ഷാ നടപടിയിലേക്ക് കാര്യം എത്തിച്ചതെങ്കില്‍ സംസ്ഥാന കമ്മിറ്റി യോഗം ഏകകണ്ഠമായി അത് തള്ളുകയായിരുന്നു. അവര്‍ പുറത്താക്കുക എന്ന നിലപാടില്‍ ഒറ്റക്കെട്ടായി ഉറച്ചുനിന്നു. തന്റെ വിശ്വസ്തനായ പി.ശശിയെ രക്ഷപ്പെടുത്താനായാണ് പിണറായി ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനായി ഇത്രയേറെ നീട്ടിക്കൊണ്ടുപോയത് എന്നതാണ് പാര്‍ട്ടിയിലെ ശശിവിരുദ്ധരുടെ ആക്ഷേപം. അതുവഴി ഇപ്പോള്‍ പ്രതിച്ഛായ നഷ്ടമായതും സംസ്ഥാന സെക്രട്ടറിക്കാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.
പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചുവെങ്കിലും പി.ശശിക്കെതിരായി ഉയര്‍ന്ന പരാതിയുടെ ഉള്ളടക്കം സിപിഎമ്മിനു തുടര്‍ന്നും തലവേദനയാകും. ശശിക്കെതിരായി ഉയര്‍ന്ന ആക്ഷേപം എന്താണെന്നും ആരാണു പരാതി നല്‍കിയതെന്നും ഇപ്പോഴും സിപിഎം വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച വാര്‍ത്തകളിലെ സൂചനകള്‍ പ്രകാരം പാര്‍ട്ടി പറഞ്ഞു തീര്‍ക്കേണ്ട തരത്തിലുള്ള പരാതിയല്ല. അന്വേഷണ കമ്മിഷനെ നിയോഗിച്ച ശേഷം നടപടിയെടുത്തതാണെന്നു പൊതുവെ പറയാമെങ്കിലും തീരുമാനം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും സമ്മേളനങ്ങളിലും ഇതു മതിയാകില്ല. എന്താണ് ആക്ഷേപമെന്നും ആര്, എപ്പോള്‍ ഉന്നയിച്ചുവെന്നുമൊക്കെ അംഗങ്ങളോടു വിശദീകരിക്കേണ്ടി വരും. ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റാന്‍ തീരുമാനിച്ച ഘട്ടത്തില്‍ അദ്ദേഹത്തെ ന്യായീകരിച്ചതെന്തു കൊണ്ടെന്ന അംഗങ്ങളുടെ ചോദ്യത്തിനു മുന്നില്‍ നേതൃത്വം വിയര്‍ക്കും. ഗുരുതരമായ ആക്ഷേപമായിട്ടു പോലും നടപടിയെടുക്കാന്‍ ഒരു കൊല്ലത്തോളം വൈകിയതെന്തുകൊണ്ടെന്ന ചോദ്യവും ഉയരും. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് ഐസ്‌ക്രീം കേസിലെ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിനു വേണ്ടവിധത്തില്‍ യുഡിഎഫിനെതിരെ പ്രയോഗിക്കാന്‍ സാധിക്കാതിരുന്നതു ശശിക്കെതിരെ ആക്ഷേപ മുയര്‍ന്നതിനാലും നടപടി വൈകിയതു കൊണ്ടാണെന്നുമുള്ള വാദങ്ങളും അംഗങ്ങള്‍ ഉയര്‍ത്തിയേക്കാം. വിവാദങ്ങള്‍ക്കിടെ ശശി വി.എസ്.അച്യുതാനന്ദനെതിരെ എഴുതിയ തുറന്ന കത്തിലെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി ഏതുതരത്തില്‍ കൈകാര്യം ചെയ്തുവെന്ന ചോദ്യവും സിപിഎം അണികള്‍ക്കുണ്ട്. ശശിക്കെതിരായ പരാതിയുടെ നിയമവശമാണ് പാര്‍ട്ടിക്കു തലവേദനയുണ്ടാക്കുന്ന മറ്റൊരു വിഷയം. ഇത്തരത്തിലുള്ള പരാതികളില്‍ പൊലീസിനു നേരിട്ട് അന്വേഷിക്കാവുന്നതേയുള്ളുവെന്നു ചില നിയമവിദഗ്ധര്‍ പറയുന്നു.
അതേസമയം, പരാതി ലഭിച്ചാല്‍ മാത്രമേ അന്വേഷിക്കാന്‍ പറ്റൂ എന്നാണു പൊലീസിന്റെ നിലപാട്. ആരെങ്കിലും പരാതി നല്‍കുകയോ മൊഴി നല്‍കുകയോ കോടതി നിര്‍ദേശം ലഭിക്കുകയോ ചെയ്യാതെ പൊലീസിന് ഇക്കാര്യത്തില്‍ അന്വേഷണം നടത്താനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. എന്നാല്‍, പരാതി ഭാവിയില്‍ പൊലീസ് അന്വേഷിക്കാനുള്ള സാധ്യത സിപിഎം നേതാക്കള്‍ പൂര്‍ണമായി അവഗണിക്കുന്നില്ല. അതോടൊപ്പം, പരാതി ഒരു വര്‍ഷത്തോളം നിയമപരമായ ഏജന്‍സികളില്‍ നിന്നു മറച്ചുവച്ചുവെന്ന കുറ്റം മറ്റു സിപിഎം നേതാക്കള്‍ക്കെതിരെ ആരോപിക്കപ്പെടാനും സാധ്യതയുണ്ട്.
No comments:
Post a Comment
Note: Only a member of this blog may post a comment.