പിണറായി വിജയന്റെ കണ്ണൂരില്‍ സി.പി.എം അണികള്‍ക്കിടെയിലെ താരം വി.എസ് അച്യുതാനന്ദന്‍. പിണറായി വിജയന് ജില്ലയില്‍ പൊതുപരിപാടികള്‍ ഇല്ലെങ്കിലും വി.എസ് കണ്ണൂരില്‍ തിരക്കിലാണ്. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പിണറായിയുടെ അപ്രമാദിത്വം അവസാനിക്കുന്നതിനുപുറമേ സിപിഎം ഗ്രൂപ്പു രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ കൂടിയാണിതെന്ന് നിരീക്ഷണമുണ്ട്. അതേസമയം ജില്ലയിലെത്തിയ വി.എസിന്റെ പൊതുപരിപാടികള്‍ പൂര്‍ണമായും പാര്‍ട്ടി നിയന്ത്രണത്തിലാണ്. മുതിര്‍ന്ന കമ്യുണിസ്റ്റും എഴുത്തുകാരനുമായി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുമായി സൗഹൃദം പങ്കുവയ്ക്കാനുള്ള വി.എസിന്റെ ശ്രമം പാര്‍ട്ടി ഇങ്ങനെ തടഞ്ഞിരിക്കുകയാണ്. പിണറായി വിജയന്റെ ബദ്ധശത്രുവായി കുഞ്ഞനന്തന്‍ നായരുടെ വീട്ടിലെ ഉച്ചഭക്ഷണത്തിനാണത്തില്‍ പങ്കുചേരുന്നതിനാണ് വി.എസിനെ പാര്‍ട്ടി വിലക്കിയിരിക്കുന്നത്. വെള്ളിയാഴ്ച വിവിധ പരിപാടികള്‍ക്കായി വി.എസ് കണ്ണൂര്‍ ജില്ലയിലുണ്ട്.
രോഗബാധിതനായി വീട്ടില്‍ വിശ്രമിക്കുന്ന കുഞ്ഞനന്തന്‍ നായരെ കണ്ണൂരിലെത്തുമ്പോള്‍ കാണാന്‍ വരുമെന്ന് വി.എസ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചപ്പോള്‍ ഉച്ചഭക്ഷണത്തിന് കുഞ്ഞനന്തന്‍ നായര്‍ വി.എസ്സിനെ ക്ഷണിച്ചു. വി.എസ് സമ്മതിക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ ദിവസം വി.എസ്സിന്റെ പരിപാടി തയ്യാറാക്കിയ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. സംസ്ഥാന നേതൃത്വത്തെ അവര്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, ബര്‍ലിന്റെ വീട്ടിലെ ഉച്ചഭക്ഷണ പരിപാടി റദ്ദാക്കിയതായി വി.എസ്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ബര്‍ലിനെ അറിയിച്ചു. പ്രത്യയശാസ്ത്രവിവാദത്തിന്റെ പേരില്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട കുഞ്ഞനന്തന്‍ നായരെ കാണാന്‍ കഴിഞ്ഞ വര്‍ഷവും വി.എസ് പോയിരുന്നു.
കുഞ്ഞനന്തന്‍ നായര്‍ ആസ്പത്രിയില്‍ കിടക്കുമ്പോഴായിരുന്നു ആ സന്ദര്‍ശനം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ വി.എസ് കാണാന്‍ പോയ കാര്യം സി.പി.എമ്മിനകത്ത് ഏറെ വിമര്‍ശനവും ഉയര്‍ത്തി. സി.പി.എമ്മിന്റെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തവരില്‍ അവശേഷിക്കുന്ന ഏക കമ്യൂണിസ്റ്റാണ് ബര്‍ലിന്‍. ഇന്നു കണ്ണൂര്‍ ജില്ലയില്‍ മൂന്നു പരിപാടികളിലാണ് വി.എസ് പങ്കെടുക്കുന്നത്. മുല്ലക്കൊടി സി.ആര്‍.സി വായനശാല കെട്ടിടം ഉദ്ഘാടനം, സി.പി.എം പട്ടാന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം, തലശ്ശേരിയില്‍ സി.എച്ച്. കണാരന്‍ ജന്മശതാബ്ദി ആഘോഷ പൊതുസമ്മേളന ഉദ്ഘാടനം എന്നിവയാണ് പരിപാടികള്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ സമാപന പൊതുയോഗത്തിലാണ് തലശ്ശേരിയില്‍ വി.എസ് പങ്കെടുക്കുന്നത്. കണ്ണൂരിലെ സി.പി.എം രാഷ്ട്രീയത്തിന്റെ ഗതിമാറ്റമാണിതെന്നാണ് നിരീക്ഷണം.
അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരുന്ന അഞ്ചു വര്‍ഷം പ്രധാന പരിപാടികളില്‍നിന്നെല്ലാം വി.എസിനെ അകറ്റിനിര്‍ത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് നിലപാടില്‍ മാറ്റംകണ്ടത്. കണ്ണൂരില്‍ എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി പ്രതിമയില്‍ വി.എസ് പുഷ്പാര്‍ച്ചന നടത്തി. മട്ടന്നൂര്‍, തളിപ്പറമ്പ്, പെരളശ്ശേരി എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ് റാലികളില്‍ വി.എസ് സംസാരിച്ചു. ഈ റാലികളില്‍ വന്‍ ജനക്കൂട്ടം പങ്കെടുക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് ഇഫക്ട് ഇടതുമുന്നണിക്ക് ഗുണം ചെയ്തുവെന്ന പാര്‍ട്ടി ദേശീയ ഘടകങ്ങളുടെ വിലയിരുത്തലും പിന്നീടുണ്ടായി. ഔദ്യോഗിക വിഭാഗത്തിന്റെ കോട്ടയായ കണ്ണൂരിലും ഇതിന്റെ പ്രതികരണം പ്രകടമാവുന്നതിന്റെ സൂചനയാണ് വി.എസിനു ലഭിക്കുന്ന അവസരങ്ങളെന്നാണ് നിരീക്ഷണം. മയ്യില്‍ പഞ്ചായത്തിലെ പാര്‍ട്ടി ശക്തികേന്ദ്രത്തിലാണ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്ന മുല്ലക്കൊടി സി.ആര്‍.സി വായനശാല. മയ്യിലില്‍ പാര്‍ട്ടി ആഭിമുഖ്യമുള്ള മറ്റൊരു വായനശാല ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയായിരിക്കെ വി.എസിനെ കിട്ടാന്‍ നിരന്തരം ശ്രമിച്ചിട്ടും പാര്‍ട്ടി നേതൃത്വം കനിഞ്ഞിരുന്നില്ല. അതേസമയം അതിനിര്‍ണായക പാര്‍ട്ടി കോണ്‍ഗ്രസിനു വേദിയൊരുക്കുമ്പോള്‍ ഗ്രൂപ്പു സമവാക്യങ്ങളിലെ അപ്രതീക്ഷിത ധ്രുവീകരണങ്ങള്‍ സി.പി.എം കേരളഘടകത്തില്‍ നിര്‍ണായകമാകുന്നു.
പാര്‍ട്ടിയുടെ ചെങ്കോട്ടയായ കണ്ണൂരായിരിക്കും ഇത്തവണ ചര്‍ച്ചകളുടെ ഫോക്കസെന്ന് ഉറപ്പായി. പി.ശശി മുതല്‍ പരിയാരം വരെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളാണു കണ്ണൂര്‍ ലോബി സംഭാവന ചെയ്തിരിക്കുന്നത്. മിക്കവാറും വിഷയങ്ങളില്‍ കണ്ണൂരിലെ പാര്‍ട്ടിയില്‍ ഏകാഭിപ്രായമില്ലെന്നത് പരസ്യമായി. വി.എസ്പിണറായി പക്ഷങ്ങള്‍ ചേരി തിരിഞ്ഞു സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന മുന്‍കാല അനുഭവങ്ങള്‍ തിരുത്തിയെഴുതപ്പെടുമെന്നാണു പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. അഴിമതി മുതല്‍ വികസനം വരെയുള്ള വിഷയങ്ങളില്‍ രണ്ടു ചേരിയായി നിന്നുള്ള ആശയപ്പോരാട്ടത്തിനു ഇപ്പോള്‍ തന്നെ കളമൊരുങ്ങിയിട്ടുണ്ട്. സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ ശക്തിസ്രോതസായ കണ്ണൂര്‍ ലോബിയില്‍ ഉടലെടുത്തിരിക്കുന്ന വിള്ളല്‍ സമ്മേളനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേതൃത്വമൊഴിയുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തെ ആയിരിക്കും ഔദ്യോഗികപക്ഷത്തിനു നേരിടേണ്ടി വരിക. വി.എസ്. അച്യുതാനന്ദന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനു കേന്ദ്രനേതൃത്വത്തില്‍ ലഭിച്ചിരിക്കുന്ന സ്വീകാര്യതയും തലവേദന സൃഷ്ടിക്കാന്‍ കാരണമായേക്കാം.
വി.എസ് പക്ഷത്തെ ഏറെക്കുറെ അമര്‍ച്ച ചെയ്ത കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമാണു സംസ്ഥാന ഘടകത്തില്‍ ധ്രുവീകരണങ്ങള്‍ രൂപപ്പെട്ടുതുടങ്ങിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതു പ്രകടമായിത്തുടങ്ങി. ഈ സാഹചര്യത്തിലാണു വി.എസ്പിണറായി പക്ഷങ്ങള്‍ നേരിട്ട് ഏറ്റുമുട്ടിയിരുന്ന കഴിഞ്ഞ സമ്മേളനക്കാലങ്ങളില്‍ നിന്നും ഇത്തവണ വ്യത്യസ്തമാകുമെന്നു വിലയിരുത്തപ്പെടുന്നത്. കണ്ണൂരില്‍നിന്നുയര്‍ന്ന വിവാദങ്ങള്‍ സമ്മേളനങ്ങളെ ആശയസംഘര്‍ഷ വേദികളാക്കുമ്പോള്‍ അവിടെനിന്നുള്ള പ്രതിനിധികളുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ വരെ സ്വാധീനിച്ചേക്കാനും ഇടയുണ്ട്. പി. ശശി വിഷയം, വി.എസിന്റെ സ്ഥാനാര്‍ഥിത്വം, പരിയാരം മെഡിക്കല്‍ കോളജ് പ്രശ്‌നങ്ങളിലാണ് കണ്ണൂര്‍ നേതാക്കള്‍ പ്രധാനമായും വ്യത്യസ്ത അഭിപ്രായം വച്ചുപുലര്‍ത്തുന്നത്. പിണറായി വിജയനൊപ്പം ഒറ്റക്കെട്ടായി നിലയുറപ്പിച്ചിരുന്ന കണ്ണൂര്‍ നേതാക്കള്‍ പി.ശശിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളോടെയാണു പലവഴി പിരിഞ്ഞത്.
ശശിയെ സംരക്ഷിക്കാന്‍ സംസ്ഥാന നേതൃത്വം കൈക്കൊണ്ട തീരുമാനങ്ങളെ പ്രതിരോധിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നതു കണ്ണൂരില്‍ നിന്നു തന്നെയുള്ള നേതാക്കളായിരുന്നു. വി.എസ്.അച്യുതാനന്ദന് പ്രസ്താവനകളിലൂടെ രംഗം കൊഴുപ്പിക്കേണ്ട നിയോഗം മാത്രമാണ് ഉണ്ടായിരുന്നത്. ശശിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ സംസ്ഥാന നേതൃത്വത്തിനുള്ള വിമുഖതക്കെതിരേ അടിത്തട്ടില്‍ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. ഇക്കാര്യം സെപ്തംബറില്‍ ആരംഭിക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളോടെ മുഴങ്ങുമെന്നുറപ്പാണ്. വി.എസ് പക്ഷത്തിന്റെ ആരോപണങ്ങളെ വിഭാഗീയമെന്നു പറഞ്ഞു ചെറുക്കുന്നതു പോലെ എളുപ്പമായിരിക്കില്ല സ്വന്തം മാളത്തില്‍നിന്നുള്ള വിമര്‍ശനങ്ങള്‍. വി.എസിനു സ്ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോഴും കണ്ണൂരില്‍നിന്നും അപ്രതീക്ഷിതമായ പിന്തുണയാണ് അദ്ദേഹത്തിനു ലഭിച്ചത്. അച്ചടക്കത്തിന്റെ കോട്ടകളായ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും നടന്ന വി.എസ് അനുകൂലപ്രകടനങ്ങള്‍ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി, സംസ്ഥാന സെക്രട്ടേറിയറ്റംഗമായ എം.വി.ഗോവിന്ദന്‍ തുടങ്ങി നിരവധി നേതാക്കള്‍ കമ്മിറ്റികളില്‍ വി.എസിന് അനുകൂലമായ നിലപാടു സ്വീകരിച്ചു.
ഇതിനിടയിലാണ് പരിയാരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍. സംസ്ഥാന സമിതിയംഗം എം.വി.ജയരാജന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരേ എസ്.എഫ്.ഐഡി.വൈ.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തി. ഔദ്യോഗികപക്ഷത്തിന്റെ വിശ്വസ്തനായ ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറര്‍ വി.വി.രമേശനെതിരെ പരസ്യമായ പ്രതിഷേധം അണികള്‍ പ്രകടിപ്പിച്ചു. ഈ പ്രതികൂല സാഹചര്യത്തെ നേരിടാനുള്ള നെട്ടോട്ടത്തിലാണു സംസ്ഥാന നേതൃത്വം
No comments:
Post a Comment
Note: Only a member of this blog may post a comment.