സി.പി.എമ്മില്‍ നിന്നും അണികള്‍ കൊഴിഞ്ഞുപോകുന്നു. ശശിയും ഗോപിയും ഉള്‍പ്പെടെയുള്ള പ്രമുഖകരുടെ സ്വകാര്യജീവിതം പരസ്യമായതോടെ എങ്ങനെ അണികള്‍ കൊഴിയാതിരിക്കും എന്നാണ് ഇതിനെക്കുറിച്ച് ഒരു പ്രമുഖന്‍ ആശങ്ക പങ്കുവച്ചത്. അണികള്‍ കുറയുന്ന കാര്യം പാര്‍ട്ടിരേഖയില്‍ത്തന്നെയാണ് സി.പി.എമ്മും സി.പി.ഐയും പങ്കുവയ്ക്കുന്നത്. ഇരു പാര്‍ട്ടികളുടെയും സംസ്ഥാനസമ്മേളനങ്ങളോടനുബന്ധിച്ച് കീഴ്ഘടകങ്ങളില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കണക്കുകളിലാണു പാര്‍ട്ടി അംഗങ്ങളില്‍ വന്‍തോതിലുള്ള കുറവുസംഭവിച്ചിട്ടുള്ളതായി സമ്മതിക്കുന്നത്. 2010 ഏപ്രില്‍ മുതല്‍ 2011 മാര്‍ച്ച്‌വരെയുള്ള കാലയളവില്‍ സി.പി.എമ്മില്‍ 33,66,404 അംഗങ്ങള്‍ ഉണെ്ടന്നാണ് പാര്‍ട്ടി സ്‌ക്രൂട്ടിനി കമ്മിറ്റി തയ്യാറാക്കിയ രേഖ പറയുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അരലക്ഷം അംഗങ്ങളുടെ കുറവാണ് ഈ കണക്ക് കാണിക്കുന്നത്. എല്ലാവര്‍ഷവും മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാവാറുള്ള പാര്‍ട്ടി അംഗത്വ സ്‌ക്രൂട്ടിനി ഇത്തവണ തിരഞ്ഞെടുപ്പു കാരണം നീട്ടിവച്ചതായിരുന്നു.
കണക്കെടുപ്പ് പൂര്‍ത്തിയായപ്പോഴാണ് അംഗങ്ങള്‍ കൊഴിഞ്ഞുപോവുന്നതിന്റെ സൂചനകള്‍ വന്നിരിക്കുന്നത്. മലപ്പുറം സംസ്ഥാനസമ്മേളനത്തിനുശേഷം മൂന്നുവര്‍ഷത്തിനുള്ളില്‍ 20,450 അംഗങ്ങള്‍ വര്‍ധിച്ചുവെന്നായിരുന്നു പാര്‍ട്ടിയുടെ അവകാശവാദം. കഴിഞ്ഞ കോട്ടയം സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച കണക്കുകളിലും അംഗങ്ങള്‍ വര്‍ധിക്കുന്നതായാണു പറഞ്ഞിരുന്നത്. പാര്‍ട്ടി അംഗത്വം പ്രധാനമായും കുറഞ്ഞത് സ്ത്രീ അംഗത്വത്തിലാണെന്നും കണെ്ടത്തിയിട്ടുണ്ട്. ഒരു ബ്രാഞ്ച് കമ്മിറ്റിയില്‍ രണ്ടു സ്ത്രീകളെങ്കിലും വേണമെന്ന പാര്‍ട്ടി നിര്‍ദേശം എല്ലായിടത്തും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും, പാര്‍ട്ടിയിലിപ്പോഴും പുരുഷാധിപത്യമാണുള്ളതെന്നും രേഖ വിശദീകരിക്കുന്നു. സ്ത്രീകളുടെ അംഗത്വം വര്‍ധിപ്പിക്കാന്‍ പുതിയ ശ്രമങ്ങളുണ്ടാവണമെന്നും രേഖ ചൂണ്ടിക്കാണിക്കുന്നു. സി.പി.ഐ പാര്‍ട്ടി സമ്മേളനങ്ങളുടെ മുന്നോടിയായി സംസ്ഥാന കൗണ്‍സില്‍ തയ്യാറാക്കിയ മാര്‍ഗ്ഗരേഖയിലാണു സംസ്ഥാനത്ത് പാര്‍ട്ടി അണികളില്‍ കൊഴിഞ്ഞുപോക്ക് കൂടുന്നതായി കണെ്ടത്തിയിട്ടുള്ളത്. 1,07,803 അംഗങ്ങളാണ് ഇപ്പോള്‍ ഉള്ളത്. ഇത് കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 16,800 കുറവാണ്.
യുവാക്കളാണു പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനത്തില്‍ നിന്നു കൊഴിഞ്ഞുപോവുന്നതെന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു. യുവാക്കളെയും സ്ത്രീകളെയും പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ പുതിയ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും രേഖ നിര്‍ദേശിക്കുന്നു. സി.പി.എമ്മിലും സി.പി.ഐയിലും അംഗങ്ങള്‍ വന്‍തോതില്‍ കൊഴിഞ്ഞുപോവുന്നത് പാര്‍ട്ടിയുടെ ജനസമ്മതി തകര്‍ക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ കണക്കുകൂട്ടല്‍. പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന ആളുകള്‍ നിര്‍ജീവമാവുന്നതു പാര്‍ട്ടി നിലപാടുകളിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണമാണ്. അംഗത്വത്തിലെ വലിയതോതിലുള്ള കുറവാണു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേല്‍ക്കാനുണ്ടായ കാരണങ്ങളില്‍ ഒന്നെന്നും രേഖകള്‍ വിശദീകരിക്കുന്നു. അതേസമയം രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സി.പി.എമ്മിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തുകൊണ്ട് സദാചാര വിരുദ്ധരുടെ എണ്ണം പാര്‍ട്ടികളില്‍ വര്‍ദ്ധിക്കുകയാണ്. പാര്‍ട്ടിയിലെ വി.എസ് പക്ഷമാകട്ടെ ഇത്തരം സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിന് പബ്ലിസിറ്റി നല്‍കുന്നു. പറവൂര്‍ പീഡനക്കേസില്‍ രണ്ട് സി.പി.എം നേതാക്കള്‍ അകത്തായതിനുശേഷം ജില്ലാ സെക്രട്ടറിക്ക് എതിരെ തന്നെ സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ടത് പാര്‍ട്ടിയെ വല്ലാത്ത പ്രതിസന്ധിയിലാക്കി. വിഷയം സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതോടെ പുതിയൊരു ബലാബലത്തിന് കൂടി പാര്‍ട്ടി വേദിയാകും. തങ്ങളുടെ പാളയം വിട്ട് പിണറായി പക്ഷത്തേയ്ക്ക് കൂറുമാറിയ ജില്ലാ സെക്രട്ടറിയോട് യാതൊരുവിധ അനുകമ്പയും കാണിക്കേണ്ടതില്ലെന്നാണ് വി.എസ് പക്ഷക്കാരുടെ നിലപാട്. എറണാകുളം ജില്ലാ സെക്രട്ടറിക്കെതിരായ സ്വഭാവദൂഷ്യ ആരോപണം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ജില്ലാ കമ്മിറ്റി ചേര്‍ന്നിരുന്നെങ്കിലും കയ്യാങ്കളിയോളമെത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ സംസ്ഥാന സമിതിക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു.
എം.പി വര്‍ക്കി ആശുപത്രിയുടെ നടത്തിപ്പിമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇഉന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗങ്ങളും സ്വഭാവദൂഷ്യ ആരോപണങ്ങളില്‍ മുങ്ങി. വി.എസ് പക്ഷം തന്നെ വിഭാഗീയമായി വേട്ടയാടുകയാണെന്നും അഭിഭാഷകരുമായി സൗഹൃദത്തിനപ്പുറം ഒന്നുമില്ലെന്നും ജില്ലാ സെക്രട്ടറി യോഗത്തില്‍ വ്യക്തമാക്കി. ഒരു വേള അദ്ദേഹം പൊട്ടിക്കരയുകയും ചെയ്തു. പാര്‍ട്ടി എന്തെങ്കിലും തീരുമാനമെടുക്കുന്നതിനുമുമ്പ് നിങ്ങള്‍ എന്നെ കുറ്റക്കാരനാക്കരുതെന്ന് ഗോപി കോട്ടമുറിക്കല്‍ വികാരഭരിതനായി പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാക്കളോട് വി.എസ് കാട്ടിയ പ്രതികാര രാഷ്ട്രീയം പാര്‍ട്ടികളിലും വി.എസും അദ്ദേഹത്തോടൊപ്പമുള്ളവരും തുടരുകയാണെന്ന് പിണറായി വിഭാഗം കമ്മിറ്റിയില്‍ ശക്തിയായി ആരോപിച്ചു. എന്നാല്‍ തങ്ങളുടെ നിലപാട് മയപ്പെടുത്തുവാന്‍ വി.എസ് പക്ഷം തയ്യാറായില്ല. ലഭിക്കാവുന്ന എല്ലാ തെളിവുകളും ശേഖരിച്ചാണ് വി.എസ് പക്ഷം യോഗത്തിനെത്തിയത്. പാര്‍ട്ടി സെന്റര്‍ പോലും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത് ഒട്ടും ന്യായീകരിക്കാനാവില്ലെന്ന് വി.എസ് പക്ഷം വ്യക്തമാക്കി. വി.എസ് ആകട്ടെ കേന്ദ്ര നേതാക്കളുള്‍പ്പടെയുള്ളവരെ പ്രശ്‌നത്തില്‍ ഇടപെടാനുള്ള ശ്രമത്തിലാണ്.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ആരോപണമുയര്‍ന്നപ്പോള്‍ ഔദ്യോഗിക പക്ഷം സംരക്ഷിക്കാന്‍ അവസാനം വരെ ശ്രമിച്ചിരുന്നെങ്കിലും വി.എസിന്റെ ശക്തമായ ഇടപെടല്‍ മൂലം ശശിയെ പുറത്താക്കാന്‍ സി.പി.എം നിര്‍ബന്ധിതരാവുകയായിരുന്നു. സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ടവരെ പാര്‍ട്ടിയുടെ സമുന്നതമായ സ്ഥാനങ്ങളില്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് വി. എസ് പക്ഷം തീര്‍ത്തു പറഞ്ഞു. എന്നാല്‍ വി.എസിനൊപ്പമുള്ള സദാചാര വിരുദ്ധര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് പിണറായി പക്ഷം ചോദിക്കുന്നു. പ്രതികാര ദാഹിയാണ് വി.എസ് എന്നുപോലും ചില പിണറായി നേതാക്കള്‍ പറഞ്ഞു. നേതാക്കള്‍ ഓരോന്നായി സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ആരോപണവിധേയമാകുന്നത് പാര്‍ട്ടികളില്‍ സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നതെന്ന് വിലയിരുത്തപ്പെടുന്നു. കുട്ടി സഖാക്കള്‍ മുതല്‍ സി.പി.എമ്മിന്റെ കേന്ദ്ര നേതാക്കള്‍ വരെ സദാചാര പ്രസംഗം നടത്താന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള വൈരുദ്ധ്യം ജനങ്ങള്‍ക്കു മുമ്പില്‍ എങ്ങനെ വിശദീകരിക്കുമെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം. ഔദ്യോഗിക പക്ഷ നേതാക്കള്‍ ഓരോരുത്തരായി സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ട് ജയിലിലാകുമ്പോള്‍ മറുഭാഗത്തുള്ള ഇത്തരക്കാരുടെ പേരുകളും തെളിവുകളും ശേഖരിക്കുന്ന തിരക്കിലാണ് പിണറായി പക്ഷം.
സദാചാരവിരുദ്ധരുടെ കൂട്ടമായി സി.പി.എം മാറുമ്പോള്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ എത്തുമ്പോഴേക്കും സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമാകുമെന്ന് ആശങ്കയിലാണ് പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കള്‍. വിവാദംസൃഷ്ടിച്ച പറവൂര്‍ പീഡനക്കേസിലും സിപിഎം നേതാക്കളുടെ പങ്കു പാര്‍ട്ടിക്കു ഏറെ നാണക്കേടുണ്ടായിരുന്നു. രണ്ടു സിപിഎം നേതാക്കളാണ് സംഭവത്തില്‍ ഇപ്പോള്‍ പോലീസ് പിടിയിലുള്ളത്. കൊച്ചിന്‍ റിഫൈനറിയിലെ തൊഴിലാളി സംഘടനാ നേതാവും പുത്തന്‍കുരിശ് ലോക്കല്‍ കമ്മിറ്റി അംഗവുമായ എല്‍ദോ കെ.മാത്യു, സി.പി.എം മഴവന്നൂര്‍ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തോമസ് വര്‍ഗീസ് തോമസ് എന്നിവരാണ് കേസില്‍ പ്രതിസ്ഥാനത്തുള്ളത്. അതിനിടെ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പറവൂര്‍ പീഡനക്കേസിലെ പ്രതി നവാസിന് പിന്നില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. പുറത്തുള്ള ഉന്നതരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് നവാസ് വൈദ്യപരിശോധനക്കിടയില്‍ ചാടിപ്പോയത്. ഇയാളെ വിദേശത്തേക്ക് കടത്താനുള്ള നീക്കമുള്ളതായി പോലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസം ആലുവ സബ്ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ പെണ്‍കുട്ടി ഹാജരാക്കിയ എട്ടു പ്രതികളെയും തിരിച്ചറിഞ്ഞു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെയായിരുന്നു പരേഡ്. പ്രതികളല്ലാത്ത മറ്റ് അനേകം പേരോടൊപ്പമാണ് എട്ടുപ്രതികളെ പരേഡിന് നിര്‍ത്തിയത്.
തമിഴ്‌നാട്ടിലെ പ്രമുഖ കരാറുകാരനായ മണികണ്ഠന്‍, സി.പി.എം മഴുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി തോമസ് വര്‍ഗീസ്, സ്വരാജ്, ഉണ്ണികൃഷ്ണന്‍, വിജയകുമാര്‍, മനോജ്‌ഗോപി, നോബിള്‍, മുരുകേശന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പെരുമ്പാവൂര്‍ കോടതിയില്‍ തിരിച്ചറിയല്‍ പരേഡ് നടത്താനാണ് ആദ്യം കരുതിയതെങ്കിലും കൂടുതല്‍ സുരകഷ ഉറപ്പാക്കാനാണ് ആലുവ സബ്ജയിലിലേക്ക് പരേഡ് മാറ്റിയത്. മറ്റ് അഞ്ച് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് അടുത്ത ദിവസം നടക്കും. കഴിഞ്ഞ ദിവസം പിടിയിലായ റിട്ടയേര്‍ഡ് സൈനികന്റെയും പാലക്കാട്ടെ മുന്‍ ഉദ്യോഗസ്ഥന്റെയും അറസ്റ്റ് പോലീസ് റിക്കോര്‍ഡാക്കി. ഇവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കൂടി പോലീസ് പിടിയിലായി. പെണ്‍കുട്ടിയുടെ അയല്‍വാസിയായ റിട്ടയേര്‍ഡ് നേവി ഉദ്യോഗസ്ഥന്‍ സി.രാജന്‍ നായര്‍, പഴനി സ്വദേശി മകുടീശ്വരന്‍, പാലക്കാട് സ്വദേശി സ്വാമിദാസ്, എറണാകുളം സ്വദേശി ഫെബിന്‍ എന്നിവരും ഇടനിലക്കാരിയായ എറണാകുളംകാരി ജൂലിയുമാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. റിട്ടയേര്‍ഡ് സൈനികന്‍ സ്വന്തം വീട്ടില്‍ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. മകുടീശ്വരനും സെബിനും ജൂലിയുടെ ഫ്‌ളാറ്റില്‍ വെച്ചാണ് പീഡനം നടത്തിയത്. സ്വാമിദാസ് കോയമ്പത്തൂരില്‍ വെച്ചും കുട്ടിയെ പീഡനത്തിന് ഇരയാക്കി.
എറണാകുളത്ത് ബ്ലേഡ്കമ്പനി നടത്തുന്ന ആളാണ് മകുടീശ്വരന്‍. മുന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണ് സ്വാമിദാസ്. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനാണ് ഫെബിന്‍. പിടിയിലായ ജൂലിയെ കൊണ്ട് ഫോണില്‍ വിളിപ്പിച്ചാണ് പ്രതികളെ പോലീസ് തന്ത്രപൂര്‍വ്വം വലയിലാക്കിയത്. വിദേശത്ത് കഴിയുന്ന ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാനായി ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നെങ്കിലും അത് വേണ്ടെന്നാണ് ഇപ്പോള്‍ കരുതുന്നത്. കേസിലെ പ്രതിയായ അറബിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിപുലപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. സ്ത്രീപീഡനപരാതിയുടെ പേരില്‍ രണ്ടാഴ്ച മുമ്പാണ് സി.പി.എമ്മിലെ ശക്തനായ പോരാളിയായ പി.ശശിയുടെ തലതെറിച്ചത്. സി.പി.എം. ആഭ്യന്തര രാഷ്ട്രീയത്തില്‍ ഔദ്യോഗിക പക്ഷത്തെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു പി. ശശി. ഇദ്ദേഹത്തിനെതിരെ കടുത്ത നടപടിക്ക് വഴങ്ങേണ്ടിവന്നത് സി.പി.എം. സംസ്ഥാന നേതൃത്വത്തിനും കണ്ണൂര്‍ ലോബിക്കും കനത്ത തിരിച്ചടിയാണ്.
പെരുമാറ്റദൂഷ്യം സംബന്ധിച്ച ആരോപണത്തെതുടര്‍ന്ന് ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആദ്യതീരുമാനം. എന്നാല്‍ ഇതിനെതിരെ പരസ്യമായി വി.എസ്. അച്യുതാനന്ദന്‍ രംഗത്തുവന്നു. കൂടുതല്‍ കടുത്ത നടപടി കേന്ദ്രകമ്മിറ്റിയില്‍ വി.എസ്. ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപ്പെട്ട കേന്ദ്രനേതൃത്വം തരംതാഴ്ത്തല്‍ നടപടി പുനഃപരിശോധിക്കാനും കര്‍ശന നടപടി സ്വീകരിക്കാനും സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചുവെങ്കിലും പി.ശശിക്കെതിരായി ഉയര്‍ന്ന പരാതിയുടെ ഉള്ളടക്കം സിപിഎമ്മിനു തുടര്‍ന്നും തലവേദനയാകും. ശശിക്കെതിരായി ഉയര്‍ന്ന ആക്ഷേപം എന്താണെന്നും ആരാണു പരാതി നല്‍കിയതെന്നും ഇപ്പോഴും സിപിഎം വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച വാര്‍ത്തകളിലെ സൂചനകള്‍ പ്രകാരം പാര്‍ട്ടി പറഞ്ഞു തീര്‍ക്കേണ്ട തരത്തിലുള്ള പരാതിയല്ല. അന്വേഷണ കമ്മിഷനെ നിയോഗിച്ച ശേഷം നടപടിയെടുത്തതാണെന്നു പൊതുവെ പറയാമെങ്കിലും തീരുമാനം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും സമ്മേളനങ്ങളിലും ഇതു മതിയാകില്ല.
എന്താണ് ആക്ഷേപമെന്നും ആര്, എപ്പോള്‍ ഉന്നയിച്ചുവെന്നുമൊക്കെ അംഗങ്ങളോടു വിശദീകരിക്കേണ്ടി വരും. ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റാന്‍ തീരുമാനിച്ച ഘട്ടത്തില്‍ അദ്ദേഹത്തെ ന്യായീകരിച്ചതെന്തു കൊണ്ടെന്ന അംഗങ്ങളുടെ ചോദ്യത്തിനു മുന്നില്‍ നേതൃത്വം വിയര്‍ക്കും. ഗുരുതരമായ ആക്ഷേപമായിട്ടു പോലും നടപടിയെടുക്കാന്‍ ഒരു കൊല്ലത്തോളം വൈകിയതെന്തുകൊണ്ടെന്ന ചോദ്യവും ഉയരും. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് ഐസ്‌ക്രീം കേസിലെ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിനു വേണ്ടവിധത്തില്‍ യുഡിഎഫിനെതിരെ പ്രയോഗിക്കാന്‍ സാധിക്കാതിരുന്നതു ശശിക്കെതിരെ ആക്ഷേപ മുയര്‍ന്നതിനാലും നടപടി വൈകിയതു കൊണ്ടാണെന്നുമുള്ള വാദങ്ങളും അംഗങ്ങള്‍ ഉയര്‍ത്തിയേക്കാം. വിവാദങ്ങള്‍ക്കിടെ ശശി വി.എസ്.അച്യുതാനന്ദനെതിരെ എഴുതിയ തുറന്ന കത്തിലെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി ഏതുതരത്തില്‍ കൈകാര്യം ചെയ്തുവെന്ന ചോദ്യവും സിപിഎം അണികള്‍ക്കുണ്ട്.
ശശിക്കെതിരായ പരാതിയുടെ നിയമവശമാണ് പാര്‍ട്ടിക്കു തലവേദനയുണ്ടാക്കുന്ന മറ്റൊരു വിഷയം. ഇത്തരത്തിലുള്ള പരാതികളില്‍ പൊലീസിനു നേരിട്ട് അന്വേഷിക്കാവുന്നതേയുള്ളുവെന്നു ചില നിയമവിദഗ്ധര്‍ പറയുന്നു. അതേസമയം, പരാതി ലഭിച്ചാല്‍ മാത്രമേ അന്വേഷിക്കാന്‍ പറ്റൂ എന്നാണു പൊലീസിന്റെ നിലപാട്. ആരെങ്കിലും പരാതി നല്‍കുകയോ മൊഴി നല്‍കുകയോ കോടതി നിര്‍ദേശം ലഭിക്കുകയോ ചെയ്യാതെ പൊലീസിന് ഇക്കാര്യത്തില്‍ അന്വേഷണം നടത്താനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. എന്നാല്‍, പരാതി ഭാവിയില്‍ പൊലീസ് അന്വേഷിക്കാനുള്ള സാധ്യത സിപിഎം നേതാക്കള്‍ പൂര്‍ണമായി അവഗണിക്കുന്നില്ല. അതോടൊപ്പം, പരാതി ഒരു വര്‍ഷത്തോളം നിയമപരമായ ഏജന്‍സികളില്‍ നിന്നു മറച്ചുവച്ചുവെന്ന കുറ്റം മറ്റു സിപിഎം നേതാക്കള്‍ക്കെതിരെ ആരോപിക്കപ്പെടാനും സാധ്യതയുണ്ട്. ഇതിനിടെയാണ് കാസര്‍കോടുനിന്നും അതിനുപിന്നാലെ കൊച്ചിയിലും വീണ്ടും ആരോപണം. ഇത് എങ്ങനെ വിശദീകരിക്കുമെന്ന കാര്യത്തില്‍ നേതൃത്വം ഇരുട്ടില്‍ത്തപ്പുകയാണ്
No comments:
Post a Comment
Note: Only a member of this blog may post a comment.