കിട്ടാത്ത വോട്ടിനെ കുറിച്ചല്ല കിട്ടിയ പണത്തെ ചൊല്ലിയാണ് താമരപ്പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഇപ്പോള്‍ തര്‍ക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ടും മഞ്ചേശ്വരത്തും ജയിക്കുമെന്ന് ഉറപ്പിച്ചതാണ് താമര പാര്‍ട്ടി. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇപ്പോള്‍ പാര്‍ട്ടി പരിശോധിക്കുന്നത് തോല്‍ക്കാനിടയായ സാഹചര്യത്തെക്കുറിച്ചല്ല, മറിച്ച് നേതാക്കള്‍ പിരിച്ച പണം എങ്ങോട്ടൊക്കെ പോയി എന്നതു സംബന്ധിച്ചാണ്. ചുരുക്കം പണമൊന്നുമല്ല നേതാക്കള്‍ പിരിച്ചത്. ഒരു നേതാവ് മുംബൈയില്‍ പോയി പണം പിരിച്ചു. മറ്റു ചിലര്‍ കര്‍ണാടകയില്‍ ക്യാമ്പ് ചെയ്താണത്രെ ഫണ്ട് പിരിച്ചത്. ഇങ്ങനെ പിരിച്ച പണമൊന്നും പ്രചരണരംഗത്ത് എത്തിയിട്ടില്ലെന്നാണ്, തോറ്റ സ്ഥാനാര്‍ത്ഥികള്‍ പറയുന്നത്. പിരിച്ച പണം കൃത്യമായി എത്തിയിരുന്നെങ്കില്‍ ഇതൊന്നുമായിരുന്നില്ല അവസ്ഥയെന്നും സ്ഥാനാര്‍ത്ഥികള്‍ പറയുന്നു. പണം കൊടുത്തു വോട്ട് വാങ്ങാമെന്ന ധാരണയിലാകും ഈ വിലയിരുത്തലെന്ന് കരുതാം. സ്ഥാനാര്‍ത്ഥികള്‍ എങ്ങനെ നിരാശപ്പെടാതിരിക്കും. ഒന്നുകില്‍ ജയിച്ച് എം എല്‍ എ യാകണം. അല്ലെങ്കില്‍ കുറേക്കാലം ആഘോഷിക്കാന്‍ പണം വേണം. ഇതു രണ്ടും കിട്ടിയില്ലെങ്കില്‍ പിന്നെന്തു ബി.ജെ.പി ? പാര്‍ട്ടിക്കകത്ത് പരാതി കൊടുക്കുകയല്ലാതെ മറ്റെന്ത് പോംവഴി ? കേരളത്തില്‍ താമരപാര്‍ട്ടിക്ക് മറ്റു പണിയില്ലാത്തതു കൊണ്ട് ഇതു സംബന്ധിച്ച് കൂലങ്കഷമായ ചര്‍ച്ചകള്‍ നടത്താം; അടുത്ത തെരഞ്ഞെടുപ്പ് വരെ. അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും താമര വിരിയുമെന്ന് പ്രചരണം നടത്തി അന്യസംസ്ഥാനങ്ങളിലെ വ്യവസായികളില്‍ നിന്നു പണം പിരിക്കാം. കണക്ക് മാത്രം ചോദിക്കരുത്, പറയരുത്.
No comments:
Post a Comment
Note: Only a member of this blog may post a comment.