സൂപ്പര്‍ താരങ്ങളുടെ വീടുകളില്‍ റെയ്‌ഡ് നടന്നതിനെ തുടര്‍ന്ന് ഇരുവര്‍ക്കും ബിനാമി നിക്ഷേപങ്ങള്‍ ഉണ്ടെന്നും കള്ളപ്പണ ഇടപാടുകള്‍ ഇവര്‍ ധാരാളമായി നടത്താറുണ്ടെന്നുമുള്ളത് ആദായനികുതി വകുപ്പ് കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ഇവരുടെ പല ഇടപാടുകളും വെളിച്ചത്ത് വരുന്നു. സൂപ്പര്‍ താരം മമ്മൂട്ടി പുതുതായി ആരംഭിച്ച റിപ്പോര്‍ട്ടര്‍ ചാനലില്‍, ബ്രിട്ടണിലുള്ള തന്റെ ബിനാമി എന്നു കരുതപ്പെടുന്ന ആള്‍ വഴി നിക്ഷേപം ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. എന്നാല്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയുന്നതിന് വേണ്ടി ചാനലിന്റെ എം.ഡിയും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ എം.വി നികേഷ്‌കുമാറിനെ ബന്ധപ്പെട്ടുവെങ്കിലും അദ്ദേഹം മൗനം പാലിക്കുകയാണുണ്ടായത്.
സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളിലും സ്‌ഥാപനങ്ങളിലും നടത്തിയ റെയ്‌ഡുകളേത്തുടര്‍ന്ന് ആദായനികുതിവകുപ്പിന്റെ അന്വേഷണം വിദേശരാജ്യങ്ങളിലേക്കും നീളുന്നതായി 'ഡെയ്‌ലി മലയാളം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രവാസി മലയാളി എന്ന ലേബല്‍ ഉപയോഗിച്ച് നാട്ടിലെ കള്ളപ്പണക്കാരുടെ പണം വെളുപ്പിക്കുന്ന റാക്കറ്റിലെ പ്രമാണിമാരാണ് സൂപ്പര്‍ താരങ്ങളുമായി അടുപ്പമുള്ളവരും എന്നു കരുതപ്പെടുന്നു. ബിനാമി പേരില്‍ വിദേശരാജ്യങ്ങളില്‍ ബിസിനസും മറ്റ് പണമിടപാടുകളും നടത്തി അത് എന്‍.ആര്‍.ഐ അക്കൗണ്ട് വഴി മാറ്റിയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. മമ്മൂട്ടിയുടെ ബിനാമി എന്നു സംശയിക്കത്തക്ക തരത്തിലുള്ള ഒരാള്‍ ബ്രിട്ടണിലും ബിസിനസ് നടത്തുന്നതായി പറയപ്പെടുന്നത് ഡെയ്‌ലി മലയാളം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബിസിനസിന്റെ അവസ്ഥ വിലയിരുത്താനും കണക്കുകള്‍ സെറ്റില്‍ ചെയ്യാനുമായി ഇടയ്ക്കിടയ്ക്ക് സൂപ്പര്‍ താരം ബ്രിട്ടണില്‍ വന്നു പോകാറുമുണ്ട്. അവധിയാഘോഷിക്കാന്‍ എന്ന പേരില്‍ താരങ്ങള്‍ നടത്തുന്ന വിദേശയാത്രകള്‍ പലപ്പോഴും ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും ടാക്സ് വകുപ്പിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അടുത്തയിടയും ഒരു സൂപ്പര്‍ താരം ബ്രിട്ടണില്‍ എത്തിയത് ചില മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നിരുന്നു. ന്യൂകാസിലില്‍ താമസിച്ചു വരുന്ന ബിനാമി എന്ന പേരില്‍ ആരോപണ വിധേയനായ ആള്‍ 2004ല്‍ ഒരു ട്രാവല്‍ ഏജന്‍സി തുടങ്ങിയാണത്രെ ബിസിനസ് രംഗത്തേയ്ക്ക് കാല്‍വയ്ക്കുന്നത്. എന്നാല്‍ ഇയാള്‍ കാര്യമായ രീതിയില്‍ ബിസിനസ് നടത്തിയതായി ന്യൂകാസിലിലോ ഇയാളെ അടുത്ത് പരിചയമുള്ളവര്‍ക്കോ യാതൊരറിവുമില്ല.
പ്രവാസി മലയാളികളിലെ വമ്പന്‍ വ്യവസായി എന്നു മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ മാത്രമാണ് ജനങ്ങള്‍ക്കറിയാവുന്നത്. ബ്രിട്ടന്‍ കൂടാതെ അമേരിക്കയിലും ഓസ്‌ട്രേലിയയിലും നാട്ടിലുമെല്ലാം ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്നുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇയാളുടെ വരുമാന സ്രോതസ്സിനെപ്പറ്റി ന്യൂകാസിലിലോ ഇയാളുടെ നാട്ടിലെ സ്വദേശമായ കോട്ടയം കല്ലറ പ്രദേശത്ത് ഉള്ളവരും കടുത്ത ആശങ്ക പങ്കുവയ്ക്കുന്നു. മമ്മൂട്ടിയെ നായകനാക്കി മൂന്ന് സിനിമകള്‍ ഉടന്‍ നിര്‍മ്മിക്കുന്നു എന്ന വാര്‍ത്തയിലൂടെയാണ് ഇയാള്‍ മാസങ്ങള്‍ക്ക് മുന്‍പ് ശ്രദ്ധേയനാകുന്നത്. കേരളത്തിലെ മുഖ്യധാരാ പത്രങ്ങളില്‍ ഉള്‍പ്പെടെ ഈ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.
സിനിമയില്‍നിന്നു വാങ്ങുന്ന കോടികളുടെ യഥാര്‍ഥ പ്രതിഫലം മറച്ചുവയ്ക്കുന്നതിനായി ഇറക്കുന്ന പല തന്ത്രങ്ങളിലൊന്നാണ് സിനിമാ നിര്‍മ്മാണവും. ബിനാമികളുടെ പേരില്‍ സിനിമ നിര്‍മ്മിക്കുന്നതും സൂപ്പര്‍ താരങ്ങള്‍ സാമ്പത്തിക തട്ടിപ്പിന് നടത്തുന്ന മാര്‍ഗമാണ്. സിനിമ പുറത്തിറങ്ങി കഴിയുമ്പോള്‍ ബ്രിട്ടണിലെ പല വേദികളില്‍ സൗജന്യമായി സിനിമ പ്രദര്‍ശിപ്പിക്കുമെന്നും ഇവര്‍ പ്രചരിപ്പിച്ച് തുടങ്ങിക്കഴിഞ്ഞു. ഇതും കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഒരു ഭാഗമാണെന്ന് ഡെയ്‌ലി മലയാളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗജന്യമായി സിനിമാ പ്രദര്‍ശനം നടത്തി കഴിഞ്ഞ് ബ്രിട്ടണില്‍ നിന്നും ലഭിച്ച കളക്‌ഷന്‍ എന്ന പേരില്‍ നാട്ടിലേയ്ക്ക് എന്‍. ആര്‍. ഐ അക്കൗണ്ട് വഴി പണം കടത്തിക്കഴിയുമ്പോള്‍ അത് കണക്കില്‍ പെടുത്താവുന്ന വൈറ്റ് മണിയാകും.
കൂടാതെ എം.വി നികേഷ് കുമാര്‍ എം.ഡിയായി പുതിയതായി തുടങ്ങിയ റിപ്പോര്‍ട്ടര്‍ ചാനലില്‍ വൈസ് ചെയര്‍മാനാണ് സൂപ്പര്‍ താരത്തിന്റെ ബിനാമിയായി പറയപ്പെടുന്ന ബ്രിട്ടണില്‍ നിന്നുള്ള ബിസിനസുകാരന്‍ എന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. മമ്മൂട്ടി ചെയര്‍മാനായ കൈരളിയില്‍ നിന്നും ജോണ്‍ ബ്രിട്ടാസ്, റുപര്‍ട്ട് മര്‍ഡോക്കിന്റെ ഏഷ്യാനെറ്റിലേയ്ക്ക് പോയപ്പോള്‍ തന്നെ മലയാള മാധ്യമ രംഗം അടക്കി ഭരിക്കുന്നതിനായി തന്ത്രപൂര്‍വം ചരടുവലികള്‍ നടത്തുന്ന ഒരു കോക്കസിനെപ്പറ്റി വിവിധ കേന്ദ്രങ്ങളില്‍ നിന്നും സംശയം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ മലയാള വാര്‍ത്താമാധ്യമ രംഗത്ത് വിപ്ലവം സൃഷ്ടിക്കും എന്നു വിശെഷിപ്പിക്കപ്പെട്ട റിപ്പോര്‍ട്ടര്‍ ചാനലില്‍ മമ്മൂട്ടിയുടെ ബിനാമിയായി പറയപ്പെടുന്ന ആള്‍ വൈസ് ചെയര്‍മാന്‍ പദവി വഹിക്കുന്നതിലൂടെ 'ചരടുവലി കോക്കസ്' വീണ്ടും സംശയിക്കപ്പെടുന്ന തരത്തിലേയ്ക്കായി.
ഇതിനെപ്പറ്റി വിവിധ കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകളും തെളിവുകളും ലഭിച്ചുവെങ്കിലും മലയാളത്തിലെ തുടക്കക്കാരായ ഒരു മാധ്യമം എന്ന നിലയിലും എം.വി.നികേഷ് കുമാറിനെപ്പോലെ അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ എം.ഡിയായ കമ്പനി എന്ന നിലയിലും അവരുടെ ഭാഗം കൂടി അറിഞ്ഞതിനു ശേഷം വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ മതി എന്ന നിലപാട് ഡെയ്‌ലി മലയാളം എഡിറ്റോറിയല്‍ ബോര്‍ഡ് സ്വീകരിക്കുകയായിരുന്നു. ഈ വിഷയം ശ്രദ്ധയില്‍ പെടുത്തുന്നതിനായി എം.വി. നികേഷ് കുമാറുമായി ഇന്നലെ ഡെയ്‌ലി മലയാളം പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ട് കഴിഞ്ഞപ്പോള്‍ ആദ്യം അദ്ദേഹം സംസാരിക്കാന്‍ തയ്യാറായെങ്കിലും മമ്മൂട്ടിയുടെ ബിനാമി എന്നു പറയപ്പെടുന്നതില്‍ അഭിപ്രായം ആരാഞ്ഞതോടെ ഫോണ്‍ കട്ട് ആവുകയായിരുന്നു. അദ്ദേഹം ബോധപൂര്‍വം ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു എന്നു കരുതപ്പെടുന്നു.
പിന്നീട് പല സമയങ്ങളിലായി ഒരു ഡസനോളും തവണ കോണ്‍ടാക്ട് ചെയ്യുന്നതിന് ശ്രമിച്ചുവെങ്കിലും അദ്ദേഹം ഫോണ്‍ അറ്റന്റ് ചെയ്തില്ല. ഈ വിഷയം ചൂണ്ടിക്കാട്ടി ഇന്നലെ രാവിലെ തന്നെ അദ്ദേഹത്തിന് ഇ-മെയില്‍ ചെയ്തിരുന്നുവെങ്കിലും ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന നിമിഷം വരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരെയും മറ്റും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വായടപ്പിക്കുന്ന തരത്തില്‍ അഭിമുഖങ്ങളും ചാറ്റ് ഷോകളും നടത്തുന്ന എം.വി. നികേഷ് കുമാര്‍ ഈ വിഷയത്തില്‍ പുലര്‍ത്തുന്ന സംശയകരമായ മൗനവും ദുരൂഹത ഉയര്‍ത്തുന്നു. ഏതായാലും ഇത്തരം ബിനാമി ഇടപാടുകളെ പറ്റി കൂടുതല്‍ അന്വേഷണം നടത്തി ഞങ്ങള്‍ക്ക് ബോധ്യപ്പെടുന്ന കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ ഡെയ്‌ലി മലയാളം വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കുന്നതാണ്.
ഇതിനിടെ മമ്മൂട്ടിയുടെ ബിനാമി എന്നു സംശയിക്കപ്പെടുന്ന ന്യൂകാസില്‍ സ്വദേശിയുടെ എന്‍.ആര്‍.ഐ അക്കൗണ്ട് ഉള്‍പ്പെടെ പരിശോധിക്കുന്നതിനായി ആദായനികുതി വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദേശത്തു നിന്നും ഉള്ള പണമിടപാട് ആയതിനാല്‍ ആദായനികുതി വകുപ്പ് ഈ വിഷയം നാഷണല്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ബ്രാഞ്ച് വഴിയാകും അന്വേഷണം നടത്തുന്നത്. ഇയാളുടെ അവകാശവാദം ഉള്‍പ്പെടെ പരിശോധിച്ചാല്‍ 2004ല്‍ തുടങ്ങിയ ട്രാവല്‍ ഏജന്‍സിയില്‍ നിന്നും ഇപ്പോഴത്തെ അവസ്ഥയിലേയ്ക്ക് വരുന്നതിനിടയാക്കിയ മുഴുവന്‍ കാര്യങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ പെടാവുന്നതാണ്
No comments:
Post a Comment
Note: Only a member of this blog may post a comment.