വി.എസ്. അച്യുതാനന്ദന്‍ , ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ , എം.എ. ഫാരിസ്, എം.എം. ഹസന്‍ ... ഇവരൊക്കെ ആരാണെന്നതല്ല പ്രശ്‌നം, ഇപ്പോള്‍ ഇവരൊക്കെ എന്താണെന്നതു മാത്രം. വി.എസ്. അച്യുതാനന്ദന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ വിരുന്നുണ്ണാന്‍ പോകല്ലേ പോകല്ലേന്നു പാര്‍ട്ടി പറഞ്ഞിട്ടും പോയതും, വി.എസ് പണ്ടു വെറുക്കപ്പെട്ടവനെന്ന പട്ടം ചാര്‍ത്തിക്കൊടുത്ത എം.എ. ഫാരിസിനെ എം.എം. ഹസന്‍ വെറുക്കപ്പെടരുതാത്തവന്‍ ആക്കിയതുമൊക്കെയാണ് ഇപ്പോള്‍ ഈ രാജ്യത്തെ പ്രധാന സംഭവങ്ങള്‍ . അല്ലെങ്കില്‍, രാഷ്ട്രീയ, ചാനല്‍, മാധ്യമ ചര്‍ച്ചകള്‍ കണ്ടാല്‍ അങ്ങനെയാണു തോന്നുക.
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോയി വി.എസ് ചോറുണ്ണേണ്ടെന്നു പാര്‍ട്ടി പറഞ്ഞതു ചിലപ്പോള്‍ അതിയാന്‍ ഇപ്പോഴും ജര്‍മനിയിലായിരിക്കുമെന്നും വിമാനത്തിലൊക്കെ കയറി പോകുന്നതു മതികെട്ടാന്‍ മല കയറുന്നതു പോലെ അത്ര ഈസിയല്ലെന്നും അച്ചുമ്മാന്റെ ആരോഗ്യത്തെക്കരുതി മുന്നറിയിപ്പു നല്‍കിയതായിരിക്കും. വിലക്ക് ലംഘിച്ചു വീട്ടില്‍ പോയ വി.എസ് ചോറുണ്ണരുതെന്നേ പാര്‍ട്ടി പറഞ്ഞിട്ടുള്ളെന്നും ഇളനീര്‍ കുടിക്കാമെന്നും പറഞ്ഞ് ചിരിച്ചു തോളില്‍ കൈയിട്ട് കെട്ടിപ്പിടിച്ച് ഉമ്മ വച്ചു പിരിഞ്ഞു. അതിനു കേരളത്തിലെ ജനങ്ങള്‍ക്ക് എന്തു ചേതം !
ഇനി ചെന്നൈയില്‍ എവിടെയോ നടന്ന ഒരു പരിപാടിയില്‍ ഫാരിസിനെ പൊതുവേദിയില്‍ കണ്ടതും ചില ചാനലുകാര്‍ക്ക് കോരിത്തരിക്കുകയും ചൊറിഞ്ഞു തടിക്കുകയും ചെയ്തു. ഉടന്‍ ഉത്തരവിട്ടു, രാത്രി വോട്ട് ആന്‍ഡ് ടോക്ക് കാച്ചിക്കളയാം. പക്ഷേ, പ്രതീക്ഷിച്ചതു പോലെ താപ്പാനകളൊന്നും അധികം അതില്‍ കയറി കൊത്തിയില്ല.
വി.എസ്. അച്യുതാനന്ദനോ എം.എം. ഹസനോ ചെന്നൈ ആസ്ഥാനമാക്കിയ ഒരു വ്യവസായി എന്തു വിശേഷിപ്പിച്ചാലും കേരളത്തിലെ ജനങ്ങള്‍ക്ക് എന്തു ചേതം !
പഴയതു പോലെ സംഗതി കേറി ഏക്കുമെന്നു കരുതിയാണ് വെറുക്കപ്പെട്ട പ്രയോഗം വി.എസ് വീണ്ടുമൊന്ന് ആഞ്ഞു വീശി നോക്കിയത്. പക്ഷേ, ഇപ്പോ കളി മാറി കളം മാറി. അന്നു ഭരണപക്ഷത്തിരുന്ന വി.എസ് അച്യുതാനന്ദനെയും പിണറായി വിജയനെയും കൂട്ടിത്തല്ലിക്കാന്‍ മാധ്യമങ്ങളും പ്രതിപക്ഷവും എടുത്തുപയോഗിച്ച ഒരായുധം മാത്രമായിരുന്നു വെറുക്കപ്പെട്ടവന്‍ വിവാദമെന്ന് വി.എസിനു ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഉപജാപക വൃന്ദത്തില്‍ ആരുമില്ലാതെ പോയെന്നു വേണം കരുതാന്‍ . ആര്‍ക്കും ഓടിക്കയറാവുന്ന ചാഞ്ഞ മരമായിരുന്ന പിണറായി വിജയനെ മൂലയ്ക്കിരുത്താന്‍ ആഗ്രഹിച്ചവര്‍ ഉപയോഗിച്ച ആയുധം ഇപ്പോള്‍ അങ്ങനെയൊരാവശ്യത്തിന് ഉപയോഗപ്പെടില്ലെന്നു ചിന്തിക്കാന്‍ പാവം വി.എസിന്റെ പ്രായം ബാധിച്ച കുടില ബുദ്ധിക്കും തോന്നിയില്ല.
ഏതായാലും പി. ശശി പാര്‍ട്ടിയില്‍ ഒരു ഒറ്റയാനായിരുന്നില്ലെന്നും അതിയാന്റെ കൈയിലിരിപ്പിനു മറ്റാര്‍ക്കൊക്കെയോ പിന്തുടര്‍ച്ചാവകാശോ മുന്‍തുടര്‍ച്ചാവകാശമോ ഒക്കെയുണ്ടെന്നും വ്യക്തമായി നാറി നാണംകെട്ടിരിക്കുന്ന ഈ കാലത്ത് ഇങ്ങനെ ചില ഇല്ലാ വിവാദങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതു നല്ലതാ, പാര്‍ട്ടിയുടെ നല്ലൊന്നാന്തരം ഇമേജിന്. പിന്നെ മകന്റെയും മകളുടെയും പേരില്‍ നാണംകെട്ട പ്രതിപക്ഷ നേതാവിനും വേണ്ടേ ഒരു വിശ്രമമൊക്കെ. നടക്കട്ടെ, ചാനലുകള്‍ വച്ചു വിളമ്പുന്ന ഏതു പഴങ്കഞ്ഞിയും മൃഷ്ടാന്നമുണ്ണാന്‍ വിധിക്കപ്പെട്ടവരും അതില്‍ സന്തോഷിക്കുന്നവരുമാണല്ലോ മലയാളികള്‍ .
No comments:
Post a Comment
Note: Only a member of this blog may post a comment.