ഈ വര്‍ഷം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇതുവരെ അത്ര ശുഭകരമായിരുന്നില്ല. തിയേറ്ററിലെത്തിയ സിനിമകളെല്ലാം എട്ടുനിലയില്‍ പൊട്ടി, പോരാത്തതിന് ഇപ്പോള്‍ ആദായനികുതി റെയ്ഡും. മലയാളികളുടെ അഭിമാന പാത്രമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന മമ്മൂട്ടി താന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് കൂടാതെ ഇടതുപക്ഷ അനുഭാവിയായ മമ്മൂട്ടിയുടെ രാഷ്ട്രീയപ്രവേശനം സമീപഭാവിയില്‍ ഉണ്ടാകുമെന്നായിരുന്നു സൂചന. സിപിഎമ്മിനോട് അനുഭാവം പുലര്‍ത്തുകയും കോണ്‍ഗ്രസ് നേതാക്കളുമായി നല്ല ബന്ധം കാത്തുസൂക്ഷിയ്ക്കുകയും ചെയ്യുന്ന മമ്മൂട്ടി രാജ്യസഭയിലേക്ക് അധികം വൈകാതെ എത്തിപ്പെടുമെന്നാണ് രാഷ്ട്രീയ നിരീഷകര്‍ പോലും കരുതിയിരുന്നത്. എന്നാല്‍ പുതിയ സാഹചര്യങ്ങളില്‍ മമ്മൂട്ടിയുടെ രാഷ്ട്രീയ ഭാവി ശോഭനമല്ലെന്നാണ് വിലയിരുത്തല്‍. ഇനി ഉടനൊന്നും മമ്മൂട്ടിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാന്‍ സി.പി.എം തയാറായേക്കില്ല. റെയ്ഡ് വിവാദം കത്തിപ്പടര്‍ന്നാല്‍ മമ്മൂട്ടിയുടെ കൈരളി ചെയര്‍മാന്‍ പദവി പോലും നഷ്ടപ്പെട്ടേക്കാമെന്നും സൂചന.
ഈ തകര്‍ച്ചകള്‍ക്കിടയിലാണ് പുതിയൊരു വാര്‍ത്ത എത്തുന്നത്. ഓണത്തിന് മമ്മൂട്ടിയുടെ സിനിമ റിലീസിങ് മാറ്റിവച്ചെന്നാണ് വാര്‍ത്ത. മമ്മൂട്ടിയുടെ ആദ്യ കന്നഡ ചിത്രമായ ശിക്കാരിയാണ് ഓണത്തിന് തിയേറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. മലയാളത്തില്‍ കൂടി നിര്‍മിച്ച സിനിമ കിങ് ആന്‍ഡ് കമ്മീഷണര്‍ മാറ്റിയതിനാലാണ് ശിക്കാരി ഓണത്തിന് തിയേറ്ററിലെത്തുമെന്ന് പറഞ്ഞിരുന്നത്. സമീപകാലത്തിറങ്ങിയ മമ്മൂട്ടി സിനിമകളൊന്നും ബോക്‌സ്ഓഫീസില്‍ നേട്ടമുണ്ടാക്കാത്ത സാഹചര്യത്തിലാണ് ശിക്കാരിയുടെ റിലീസ് വൈകിപ്പിയ്ക്കുന്നതെന്ന് അഭ്യൂങ്ങളുണ്ട്.
കൊമേഴ്‌സ്യല്‍ സിനിമയുടെ ചേരുവകളില്ലാതെ വരുന്ന ശിക്കാരി ഓണം പോലൊരു ഉത്സവ സീസണില്‍ റിലീസ് ചെയ്യുന്നത് അബദ്ധമാവുമെന്നാണ് വിലയിരുത്തല്‍. നേരത്തേ തിയേറ്ററിലെത്തിയ മമ്മൂട്ടി ചിത്രമായ ഓഗസ്റ്റ് 15, ബോംബെ മാര്‍ച്ച് 12 , ഡബിള്‍സ്, ദ ട്രെയിന്‍ തുടങ്ങിയ സിനിമകളെല്ലാം എട്ടുനിലയില്‍ പൊട്ടിയിരുന്നു. എന്നാല്‍ 2011ന്റെ രണ്ടാംപകുതിയില്‍ വിജയവഴിയില്‍ തിരിച്ചെത്താമെന്നാണ് മമ്മൂട്ടിയുടെ പ്രതീക്ഷ. കിങ് ആന്റ് കമ്മീഷണര്‍, വെനീസിലെ വ്യാപരി എന്നിങ്ങനെ വിജയം ഉറപ്പിയ്ക്കാവുന്ന മമ്മൂട്ടി സിനിമകള്‍ ഇനിയുള്ള മാസങ്ങളില്‍ തിയറ്ററുകളിലെത്തും.
ഇതിനിടയില്‍ ശിക്കാരി തിയറ്ററുകളില്‍ എത്തിച്ചാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനമെന്ന് സൂചനകളുണ്ട്. കന്നഡ സംവിധായകന്‍ അഭയ് സിംഹ സംവിധാനം ചെയ്യുന്ന ശിക്കാരിയില്‍ പൂനം ബജ്‌വയാണ് നായിക. ദേശീയപുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള യുവസംവിധായകന്റെ പ്രൊജക്ടില്‍ മമ്മൂട്ടി ഏറെ പ്രതീക്ഷകള്‍ അര്‍പ്പിയ്ക്കുന്നുണ്ട്.
ഇതിനിടെ രേഖകളില്‍ കാണിക്കാത്ത സമ്പാദ്യമുണ്ടെന്ന് മമ്മൂട്ടി അന്വേഷണ ഉദ്യോഗസ്‌ഥരോട് സമ്മതിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്ന സമയത്തു തന്നെ ഇത്തരത്തില്‍ സമ്മതിച്ചാല്‍ പിഴയൊടുക്കാതെ തടിയൂരാവുന്നതുമാണ്. താരങ്ങളുടെ ബിസിനസും മറ്റു ധനഇടപാടുകളും ആറ് മാസമായി നിരീക്ഷിച്ചശേഷമാണ് ആദായനികുതി വകുപ്പ് അധികൃതര്‍ റെയ്‌ഡ് നടത്തിയത്. ഏറ്റവുമൊടുവില്‍ രണ്ടു താരങ്ങളും വാങ്ങിയ പ്രതിഫലം കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ലെന്നും നിര്‍മാണകമ്പനികളുമായി ബന്ധപ്പെട്ട കണക്കില്‍ കൃത്രിമമുണ്ടെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. അതേ സമയം മമ്മൂട്ടി കൈരളി ചാനല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ പ്രതിസന്ധി നേരിടുകയാണ്. വി എസ് അച്യുതാനന്ദന്‍ ആണ് മമ്മൂട്ടിക്കെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുള്ളത്. ഇന്നലെ അദ്ദേഹം സ്വകാര്യ ടിവി ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഇതു സംബന്ധിച്ചു നല്‍കിയത് വ്യക്തമായ സൂചനയാണ്. ഔദ്യോഗിക പക്ഷം ഇത് അതീവ ഗുരുതരമായി എടുത്തിട്ടുമുണ്ട്.വന്‍ തുക പ്രതിഫലം വാങ്ങുന്ന സൂപ്പര്‍താരങ്ങളുടെയൊക്കെ വീടുകളില്‍ റെയ്‌ഡ് നടക്കുന്നതും നികുതി അടയ്‌ക്കാത്ത സ്വത്ത് കണ്ടെത്തുന്നതും ഇതാദ്യമല്ല. എന്നാല്‍ കൈരളി ചെയര്‍മാനായതിനാല്‍ മമ്മൂട്ടിയുടെ വീട്ടിലെ റെയ്‌ഡിന് പുതിയ മാനം വരുകയാണ്.
കൈരളി ചെയര്‍മാനായ മമ്മൂട്ടിയുടെ വീട്ടില്‍ റെയ്‌ഡ് നടത്തി കണക്കില്‍പെടാത്ത പണത്തിന്റെ രേഖകള്‍ കണ്ടെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തോടാണ് വിഎസ് കാത്തിരുന്നതുപോലെ പ്രതികരിച്ചത്. പാര്‍ട്ടിയില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുന്ന സമയത്ത് തന്റെ അഭിപ്രായം പറയുമെന്ന് ആമുഖമായി പറഞ്ഞ വി എസ്, മമ്മൂട്ടിപ്രശ്‌നം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നു വെളിപ്പെടുത്താന്‍ കൂടിയാണ് ഉദ്ദേശിച്ചത്. മമ്മൂട്ടിയുടെ വീട്ടിലെയും സ്ഥാപനങ്ങളിലെയും റെയ്‌ഡ് കൈരളി ചെയര്‍മാന്‍ എന്ന തലത്തിലേക്ക് ഇതുവരെ ചര്‍ച്ചയായിരുന്നില്ല. അതേസമയം, തനിക്ക് കണക്കില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് മമ്മൂട്ടിതന്നെ വ്യക്തമാക്കിയത് ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിയായിട്ടുണ്ട്. എത്ര പ്രമാണിയായ ആളായാലും പെട്ടെന്ന് ഇങ്ങനെയൊരു റെയ്‌ഡൊക്കെ നടക്കുമ്പോള്‍ അതില്‍ കഴമ്പില്ലാതിരിക്കില്ല എന്നുകൂടി വി എസ് പറഞ്ഞു.
മമ്മൂട്ടി സാമ്പത്തിക സത്യസന്ധതയില്ലായ്‌മ കാണിച്ചുവെന്നും അത്തരമൊരാള്‍ എത്ര പ്രമുഖനായാലും പാര്‍ട്ടി ചാനലില്‍ വച്ചുപൊറുപ്പിക്കില്ലെന്നുമാണ് വിഎസ് ലൈന്‍ എന്ന് അദ്ദേഹത്തിന്റെ പക്ഷം സൂചിപ്പിക്കുന്നു. പിണറായി വിജയനുമായും ഔദ്യോഗിക പക്ഷവുമായും കൈരളിയില്‍ നിന്ന് ഏഷ്യാനെറ്റിലേക്കു പോയ മുന്‍ എംഡി ജോണ്‍ ബ്രിട്ടാസുമായും മമ്മൂട്ടി പുലര്‍ത്തുന്ന അടുപ്പവും വിഎസിനെ പ്രകോപിപ്പിക്കുന്ന കാര്യമാണ്. സര്‍ക്കാര്‍ എന്തു തീരുമാനിക്കുന്നുവെന്നു നോക്കട്ടെ, എന്നിട്ട് ആലോചിക്കാം എന്നാണ് വിഎസ് പറയുന്നത്. സര്‍ക്കാര്‍ എന്നുദ്ദേശിച്ചത് ആദായ നികുതി വകുപ്പിനെയാണെന്നു വ്യക്തം. മമ്മൂട്ടി നികുതി വെട്ടിപ്പു നടത്തിയെന്ന കണ്ടെത്തല്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയാല്‍ അത് ചൂണ്ടിക്കാട്ടി മമ്മൂട്ടിയെ നീക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉന്നയിക്കാന്‍ കഴിയുമെന്നാണ് വിഎസിന്റെ കണക്കു കൂട്ടല്‍.
മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ വീണ്ടും പരിശോധന നടത്തി . കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായിരുന്നു ഇത് . ഇന്നലെ രാവിലെ പതിനൊന്നരയോടെ വീട്ടിലെത്തിയ ആദായനികുതി വകുപ്പിലെ നാലംഗസംഘമാണ് രേഖകളും മറ്റും പരിശോധിച്ച് തെളിവെടുത്തത്. മോഹന്‍ലാലിന്റെ മൊഴിയെടുത്തോ എന്നതിനു സ്‌ഥിരീകരണമായിട്ടില്ല. തങ്ങള്‍ക്ക് ലാലിന്റെ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നു പരിശോധന നടത്തുന്ന ഉദ്യോഗസ്‌ഥര്‍ ഫോണിലൂടെയും പ്രതികരിച്ചപ്പോള്‍തന്നെ ലാല്‍ വീട്ടില്‍ മറ്റൊരു മുറിയിലുണ്ടാകാമെന്ന സുചന നല്‍കിയത് ആശയക്കുഴപ്പത്തിനിട നല്‍കി. അടച്ചിട്ട കൂറ്റന്‍ഗേറ്റിനുപുറത്തു കാത്തുനിന്ന മാധ്യമപ്പടയ്‌ക്കും മോഹന്‍ലാല്‍ വീട്ടിലെത്തിയിട്ടുണ്ടോയെന്നതിനെക്കുറിച്ച് വ്യക്‌തമായ ധാരണയുണ്ടായിരുന്നില്ല. അയല്‍വാസികള്‍ പലരും പലരീതിയിലാണ് പ്രതികരിച്ചത്.
രാമേശ്വരത്ത് ഷൂട്ടിംഗ് അവസാനിക്കുകയും വീട്ടില്‍ വീണ്ടും പരിശോധന നടക്കുകയും ചെയ്‌ത സാഹചര്യത്തില്‍ മോഹന്‍ലാല്‍ എവിടെയെന്ന അന്വേഷണമായിരുന്നു ഇന്നലെ പകല്‍മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായത്. ആറുമണിയോടെ പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്‌ഥസംഘം പുറത്തേക്കു പോകുന്നതിനുമുമ്പായി ഒരു കാര്‍ ലാലിന്റെ വീട്ടില്‍നിന്നു പുറത്തു കടന്നിരുന്നു. കറുത്ത ഗ്ലാസ് ഉയര്‍ത്തി പുറത്തേക്കു പാഞ്ഞ കാറില്‍ മോഹന്‍ലാലാണെന്ന അഭ്യൂഹമുണ്ടായെങ്കിലും അതിനും സ്‌ഥിതീകരണമുണ്ടായില്ല. മാധ്യമപ്രവര്‍ത്തകരെ അകത്തുകടക്കാന്‍ അനുവദിച്ചില്ല. ഒരു കാര്യത്തിലും വ്യക്‌തതയുണ്ടാക്കാന്‍ മോഹന്‍ലാലിനും പരിശോധനാ സംഘത്തിനും താല്‍പര്യമില്ലായിരുന്നുവെന്നുവേണം കരുതാന്‍. മോഹന്‍ലാലിന്റെ വിരലടയാളം പതിച്ചാല്‍ മാത്രം തുറക്കാവുന്ന മുറികള്‍ പരിശോധിക്കാന്‍ സാധിച്ചിട്ടുണ്ടോയെന്നതും വ്യക്‌തമല്ല
No comments:
Post a Comment
Note: Only a member of this blog may post a comment.