ദേവദാസികള്‍ എന്നൊരു ഗണമുണ്ടായിരുന്നു.പണ്ടു കാലം മുതല്‍ ദേവന്‍മാരെ ആരാധിക്കാനും ക്ഷേത്രങ്ങളിലെ കാര്യങ്ങള്‍ നോക്കി നടത്താനും വേണ്ടി ദേവന്‍മാര്‍ക്കായി സമര്‍പ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍.
വേദകാലം മുതലുണ്ടായിരുന്ന ഇത്തരക്കാര്‍ക്ക് വിശുദ്ധ പരിവേഷവുമുണ്ടായിരുന്നു.എന്നാല്‍ പില്‍ക്കാലത്ത് സാമൂഹ്യക്രമങ്ങളുടെ മാറ്റം മറിച്ചിലില്‍ ഇവര്‍ ദേവന്‍മാരുടെ പ്രതിപുരുഷന്‍മാരായി കല്‍പ്പിക്കപ്പെട്ട രാജാക്കന്‍മാരുടെയും ബ്രാഹ്മണന്‍മാരുടെയും കിടപ്പറകളിലേക്കും തള്ളിവിടപ്പെട്ടു.അങ്ങിനെ അവര്‍ ദേവദാസികളില്‍ നിന്നും മാറി രാജദാസികളും ദേവാടിച്ചി സ്ത്രീകളുമായി.
പിന്നീട് അതു ലോപിച്ച് ലോപിച്ച് ദേവാടിച്ചി എന്നുള്ളത് ദേവാടിശിയും പിന്നീട് തേവിടിശി എന്നുമായി മാറി.പില്‍ക്കാലത്ത് പേരിന്റെ അര്‍ഥം ദ്യോതിപ്പിക്കുന്ന പ്രവര്‍ത്തികള്‍ അവര്‍ക്ക് ചെയ്യേണ്ടിയും വന്നു.രാജാക്കന്‍മാരുടെ അന്തപുരങ്ങളില്‍ അവര്‍ക്കൊപ്പം കഴിയേണ്ടി വരുകയും പുറത്ത് ദേവന്റെ പത്‌നികളായി കെട്ടിയാടുകയും ചെയ്യേണ്ടി വരുന്ന അവസ്ഥ.ഇത്തരത്തില്‍ ഒരവസ്ഥയാണ് ഇന്നലെ നിയമസഭ കണ്ടത്.പുരപ്പുറത്തു കയറി നിന്ന് ചാരിത്ര്യപ്രസംഗം നടത്തുന്ന വേശ്യയുടെ നിലപാടാണ് പ്രതിപക്ഷത്തു നിന്നും ലോട്ടറി ബില്ലിനെ എതിര്‍ത്തുകൊണ്ടു സംസാരിച്ച ചിലരുടെ വാക്കുകള്‍ കേട്ടാല്‍ തോന്നുന്നത്.ബില്ലിനെ എതിര്‍ത്തുകൊണ്ട് ആദ്യം സംസാരിച്ച മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വാക്കുകള്‍ കേട്ടാല്‍ തോന്നും അഹോ, പുണ്യവാന്‍, പുണ്യവാന്‍ എന്നു മന്ത്രിക്കാന്‍.അത്രയ്ക്ക് ജനസ്‌നേഹം കവിഞ്ഞൊഴുകുകയായിരുന്നു.
യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വരുന്ന പുതിയ ലോട്ടറി ബില്ല് നിലവിലുള്ള കേസുകളെ ബാധിക്കാതെ നോക്കണമെന്നാണ് അദ്ദേഹം ആദ്യം മൊഴിഞ്ഞത്.ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗ്ഗമാണ് ലോട്ടറി.ഇതു വഴി 200-ല്‍പ്പരം കോടിയുടെ അധികവരുമാനം സര്‍ക്കാരിനുണ്ടാക്കാനാകും.ലോട്ടറി വിറ്റുകിട്ടുന്ന പണം പാവങ്ങള്‍ക്കും രോഗികള്‍ക്കും വേണ്ടി ചിലവാക്കാന്‍ ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപനം നടത്തിയത് ഉപകാരപ്രദം.ഭാഗ്യപരീക്ഷണം ചൂതാട്ടമായി മാറരുത്. ജനങ്ങള്‍ അതിന് അടിമകളാകരുത്, ധാര്‍മിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരും.സുതാര്യവും ചിട്ടയുമായിരിക്കണം ലോട്ടറി നടത്തിപ്പില്‍ മുഖമുദ്രയാക്കേണ്ടത് ഇങ്ങിനെ പോയി തോമസ് ഐസക്കിന്റെ ചാരിത്ര്യപ്രസംഗം.ഇതേ തോമസ് ഐസക്കും സംഘവുമാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന ലക്ഷോപലക്ഷം പേരെ ഒറ്റയടിക്ക് വെറും പിച്ചതെണ്ടികളാക്കിയത്.80,000 കോടി രൂപ കട്ടുമുടിക്കാനും തട്ടിയെടുക്കാനും ലോട്ടറി മാഫിയയെ സഹായിച്ചുവെന്ന് തോമസ്‌ഐസക്ക് മന്ത്രിയായിരുന്ന വകുപ്പിനെക്കുറിച്ച് വിളിച്ചുകൂവിയതോ അദ്ദേഹത്തിന്റെ സ്വന്തം മുഖ്യമന്ത്രി അച്യുതാനന്ദനും.പുരപ്പുറത്തു നിന്നു വിളിച്ചു പറയുമ്പോള്‍ എല്ലാം പറഞ്ഞ് എന്നാല്‍ താന്‍ എന്തിന് യുഡിഎഫ് സര്‍ക്കാരിന്റെ ലോട്ടറി നിയമത്തെ എതിര്‍ക്കുന്നുവെന്ന കാര്യം മാത്രം പറയാന്‍ മറന്നും പോയി ലോട്ടറി പരിശുദ്ധ വാണിജ്യമല്ലല്ലോയെന്ന് സ്വയം പരിതപിക്കേണ്ടിയും വന്നു ഐസക്കിന്.
സാമൂഹ്യജീവിതത്തിലെ സാമ്പത്തിക ദുരന്തമാണ് ലോട്ടറിയെന്നാണ് അല്‍പ്പം കാവ്യഭാവനയൊക്കെയുള്ള മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ വിളിച്ചുപറഞ്ഞത്.ദോഷം പറയരുതല്ലോ , മുന്‍ മന്ത്രിസഭയില്‍ വലിയ പേരുദോഷമൊന്നും കേള്‍പ്പിക്കാതെയും എന്നാല്‍ എല്ലാം കവിത്വത്തിന്റെ സ്വപ്‌നക്കാഴ്ചയില്‍ നോക്കിക്കണ്ട് എല്ലാറ്റിലും പൂനിലാവ് കാണുകയും ചെയ്തയാളാണ് ഈ മഹാന്‍.അന്ന് മന്ത്രിയായിരിക്കെ ലോട്ടറിയെക്കുറിച്ചും അതിന്റെ അഴിമതിയെക്കുറിച്ചും നാവുപൊന്താതെ, ലോട്ടറി ഒരു നിലാവുള്ള സ്വപ്‌നമായി കണ്ടു നടന്നിരുന്ന ഇദ്ദേഹം ഇന്ന് ആകാശത്തു നിന്നങ്ങ് പൊട്ടിവീണിരിക്കുകയായിരുന്നു.പെട്ടന്നുണ്ടായ ഉള്‍വിളി.ആഗോളവത്ക്കരണകാലത്തെ ചൂഷണമാണേ്രത ലോട്ടറി.കഴിഞ്ഞ അഞ്ചു വര്‍ഷം ഇതെന്തേ തോന്നീല്ലാന്നാരും ചോദിക്കരുതേട്ടോ.പറയാന്‍ നാവു പൊന്തില്ല.വല്യേട്ടന്‍ കോപിക്കും. എന്നാല്‍ സഖാവിന് ഇന്നലെ പറഞ്ഞ് പറഞ്ഞ് ഇത്തരി ധൈര്യം കൂടി കൈവന്നൂട്ടോ.ലോട്ടറി പൂര്‍ണമായും അങ്ങട് നിരോധിച്ചത് ശര്യായില്യാന്നാണ് അദ്ദേഹം കണ്ടെത്തിയത്.ഒടുവില്‍ മഹാത്മജിയെയും മധുരത്തെയും കൂട്ടുപിടിച്ചു കഥ പറഞ്ഞ് അദ്ദേഹവും അങ്ങിരുന്നു.പിന്നീടാണല്ലോ എത്തിയത് എല്‍ഡിഎഫിന്റെ പുതിയ ചാവേര്‍പ്പട കോവൂര്‍ കുഞ്ഞുമോന്‍.
പാവത്തിന് ലോട്ടറിയല്ലായിരുന്നു വിഷമം.യുഡിഎഫിന്റെ കരുത്തന്‍മാരായ കെ.മുരളീധരനെയും വി.ഡി.സതീശനെയും സി.പി മുഹമ്മദിനെയുമൊക്കെ മന്ത്രിമാരാക്കാത്തതിലായിരുന്നു അദ്ദേഹത്തിന് കണ്ണീരുവന്നത്.ഇടക്കൊന്ന് ഇങ്ങടെ കൂടെക്കൂടീട്ടാണേ ഈ ഗതിവന്നത് എന്ന മുരളീധരന്റെ മറുപടിക്ക് വിഷയവും മറന്ന് പകച്ചു പോവുകയായിരുന്നു കോവൂര്‍.എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയുമാണേ്രത സാന്തിയാഗോ മാര്‍ട്ടിന് കുടപിടിച്ചത് എന്നാണ് കോവൂരിന്റെ കണ്ടെത്തല്‍.വി.എസിനെയോ തോമസ് ഐസക്കിനെയോ ബേബിയേയോ തൊട്ടാല്‍ അക്കൈ വെട്ടുമെന്നുള്ളതിനാലാവാം പാവം അതൊക്കെ ഭരണപക്ഷത്തിന്റെ തലയില്‍ കെട്ടിവക്കാന്‍ നോക്കിയത്.ഭരണപക്ഷത്തിന്റെ ചോദ്യതച്തിന് മുന്നില്‍ ഇടക്ക് ഒന്നു വഴുതി വീണുപോയ കോവൂര്‍ പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരാണ് കേരളത്തിന്റെ വികസനം മുഴുവന്‍ കൊണ്ടു വന്നതെന്ന് എടുത്തിട്ടു. യുഡിഎഫ് വന്നിട്ട് വയനാട്ടില്‍ എത്ര കക്കൂസ് വച്ചുവെന്ന ചോദ്യമാണ് പിന്നീട് കോവൂര്‍ ലോട്ടറി ചര്‍ച്ചയില്‍ ഉയര്‍ത്തിയത്.പത്രപരസ്യവും നല്‍കി നിങ്ങളാണ് ജനങ്ങളെ പറ്റിച്ചതെന്ന യുഡിഎഫിന്റെ പ്രത്യാക്രമണത്തില്‍ വീണുപോയ കോവൂര്‍ പിന്നെ കക്കൂസ്, കക്കൂസേ എന്നു നിലവിളിക്കുന്നുണ്ടായിരുന്നു.പിന്നീടു വന്ന ചെന്താമരാക്ഷന്‍ ശര്‍ക്കരക്കുടവും കൈനക്കലുമൊക്കെയായി രംഗം കൊഴുപ്പിച്ചു.മുന്‍ മന്ത്രി ശങ്കരനാരായണന്‍ പറഞ്ഞ കാര്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തു നടത്തിയ പ്രസംഗം ഒടുവില്‍ പ്രതിപക്ഷത്തെക്കുറിച്ചാണ് അന്ന് അങ്ങിനെ ശങ്കരനാരായണന്‍ പറഞ്ഞതെന്ന് സതീശന്‍ തെളിവുകള്‍ നിരത്തിയപ്പോള്‍ കൈപൊള്ളി പിന്‍മാറുകയായിരുന്നു ചെന്താമരാക്ഷന്‍.
മാനം വിറ്റും പണത്തിനു പിന്നാലെ പായുന്നവരായി കേന്ദ്രമന്ത്രി ചിദംബരത്തെയും ഭാര്യയെയും വിശേഷിപ്പിച്ച കപിത്വകവി ജി.സുധാകരന്‍ പിന്നീട് അങ്ങിനെയല്ലെന്ന് മാറ്റി പറയുമ്പോഴേക്കും ചെയര്‍ അത് സഭാ രേഖകളില്‍ നിന്നും നീക്കിയിരുന്നു.2ജി സെപക്ട്രം അഴിമതിയില്‍ കനിമൊഴിയുടെ കേസുപോലെയാണ് ഇടതു സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നടന്ന അന്യസംസ്ഥാന ലോട്ടറി ഇടപാടെന്ന് കോണ്‍ഗ്രസ് അംഗം വിഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. അതുകൊണ്ടാണ് ലോട്ടറി വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.2ജി സെപകട്രം അഴിമതിയില്‍ കനിമൊഴി 200 കോടി രൂപ സ്വന്തം ചാനലിലേക്ക് മാറ്റിയപ്പോള്‍, ഇപി ജയരാജന്‍ രണ്ടു കോടി രൂപ പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലേക്ക് മാറ്റി. ഇവിടെ തുകകളില്‍ മാത്രമേ വ്യത്യാസമുള്ളു. രണ്ടിലെയും കുറ്റം ഒന്നുതന്നെയാണ്. നിയമങ്ങള്‍ക്ക് വിരുദ്ധമായി സര്‍ക്കാരിന് കിട്ടേണ്ട കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തി സ്വകാര്യകമ്പനിക്ക് മറിച്ച് കൈമാറിയതിനാണ് കനിമൊഴി കുറ്റക്കാരിയായത്. അതെകുറ്റം തന്നെയാണ് ജയരാജനും ചെയ്തിരിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.
അന്യസംസ്ഥാന ലോട്ടറി വില്‍പ്പനയിലൂടെ കേരളത്തില്‍ നിന്നും എണ്‍പതിനായിരം കോടി രൂപ കൊള്ളയടിച്ച ലോട്ടറി മാഫിയകളായ സാന്റിയാഗോമാര്‍ട്ടിനും കൂട്ടര്‍ക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് അയച്ചുവെന്ന് പറയപ്പെടുന്ന കത്തുകളുടെ കോപ്പികള്‍ ഫയലില്‍ കാണുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു.താന്‍ പ്രാധാനമന്ത്രിക്ക് അയച്ച കത്തുകള്‍ ഫയലില്‍ കാണുന്നില്ലന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അത്ഭുതകരമായ വാര്‍ത്തയാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. ഔദ്യോഗിക രേഖകളൊന്നും താന്‍ കൈയില്‍കൊണ്ട് നടക്കാറില്ല, വീട്ടിലും കൊണ്ടുപോകാറില്ല. പിന്നെ എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കേണ്ടതുണ്ട്. താന്‍ കത്തുകള്‍ അയച്ചിട്ടില്ലന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവയുടെ കോപ്പികള്‍ കേന്ദ്രത്തില്‍ നിന്നും വാങ്ങാവുന്നതാണെന്ന് വിഎസ് പറഞ്ഞു.തോമസ് ഐസക്കിനെ തന്നെ ചൂണ്ടുകയായിരുന്നു മുന്‍ മുഖ്യന്‍.ഇടയ്ക്ക് നടപടിക്രമങ്ങളെ അല്‍പ്പം പതറിപ്പോയ സ്പീക്കറെ പഠിപ്പിക്കാന്‍ പ്രതിപക്ഷം ഒന്നടങ്കം വാതുറന്നപ്പോള്‍ എല്ലാവരും അധ്യാപകരാകാന്‍ ശ്രമിക്കേണ്ട എന്ന് സ്പൂക്കറുടെ റൂളിംഗുമെത്തി.ഇതോടെ കോടിയേരിയും എളമരം കരീമുമുള്‍പ്പെട്ടെ വാതുറക്കല്‍ സംഘം മിണ്ടാട്ടം മുട്ടിയിരുപ്പായി.ലോട്ടറി ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ നിരവധി തവണ കേന്ദ്രത്തിന് കത്ത് നല്‍കി. ഇതോടൊപ്പം അന്നത്തെ പ്രതിപക്ഷവും പോരാടി.
എന്നാല്‍ എതെങ്കിലും ഒരു വ്യക്തിക്കെതിരെ കോടതിയെടുത്ത നിയമനടപടികള്‍ ഉയര്‍ത്തിപ്പിടിച്ച് ഇടതുസര്‍ക്കാര്‍ കേന്ദ്രത്തെ പഴിചാരി ജനങ്ങളെ കബളിപ്പിക്കാന്‍ നോക്കി. പാലക്കാട്ടെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഓഫീസ് തീ വച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. എന്നിട്ടും ആരെയും അറസ്റ്റ് ചെയ്തില്ല .സാന്റിയാഗോ മാര്‍ട്ടിനെ അറസ്റ്റ് ചെയ്യാതെ വെറുതെ വിട്ടു. ധനമന്ത്രി തോമസ് ഐസക്കിന്റെ സ്ഥാനത്ത് ആ സമയത്ത് താന്‍ ആയിരുന്നുവെങ്കില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ കയ്യില്‍ വിലങ്ങ് വക്കുമായിരുന്നുവെന്ന് കെഎം മാണി പറഞ്ഞു.അന്യസംസ്ഥാന ലോട്ടറി വില്‍പ്പനയിലൂടെ ഒരു വര്‍ഷം 80,000 കോടി രൂപ കേരളത്തില്‍ കൊള്ളയടിക്കപ്പെട്ടുവെന്ന് വിഎസ് അച്യുതാനന്ദന്‍ വെളിപ്പടുത്തുപ്പോള്‍ അഞ്ചുകൊല്ലംകൊണ്ട് എത്രകോടി കൊള്ളയടിക്കപ്പെട്ടുവെന്ന് കേരള ജനതതിരിച്ചറിയണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാക്കുകള്‍ക്ക് മറുപടി പറയാന്‍ വി.എസ് പലപ്പോഴും ഒരുമ്പെട്ടെങ്കിലും പിന്നീട് അതു സ്വയം പാരയാകുമെന്നു കണ്ട് മിണ്ടാതിരുന്നതചും കാഴ്ചയായി.പതിമൂന്നാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന്റെ ഏഴാം ദിവസം മുന്‍ നിയമസഭാ ദിനങ്ങളില്‍ നിന്നും വ്യത്യസ്തമായി ബഹളങ്ങളില്ലാതെയാണ് സഭ ആരംഭിച്ചത്.ചോദ്യങ്ങളും ഉത്തരങ്ങളുമായി തുടങ്ങി ഓടുവില്‍ അത് പ്രതിപക്ഷകോക്രിയുടെ വിശേഷങ്ങളിലൂടെ അവസാനിക്കുകയും ചെയ്തു.
|
Tuesday, July 12, 2011
വേശ്യയുടെ ചാരിത്രപ്രസംഗം, ശൗചാലയ വിവാദം, ശര്‍ക്കരക്കുടത്തില്‍ നക്കി തൊലിപൊളിഞ്ഞ് പ്രതിപക്ഷം
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: Only a member of this blog may post a comment.