കുടുങ്ങുന്നത് ഗോപി കോട്ടമുറിക്കല്‍ കരുനീക്കിയത് വി.എസ് പക്ഷം
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണവും തുടര്‍ന്നുണ്ടായ വിവാദവും അവസാനിക്കുന്നതിന് മുമ്പു തന്നെ ഇതേവിഷയത്തിന്റെ പേരില്‍ പാര്‍ട്ടിക്ക് വീണ്ടും നാണക്കേട്.
ഇക്കുറി എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെയാണ് സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതേക്കുറിച്ച് പിണറായി വിജയന്‍ കൂടി പങ്കെടുത്ത എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ ചര്‍ച്ച ചെയ്‌തെങ്കിലും വിഷയം ഗൗരവമായതിനാല്‍ സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കട്ടെ എന്ന നിലപാടില്‍ എത്തിയിരിക്കുകയാണ്. എറണാകുളം ജില്ലയിലുള്ള വി.എസ് വിഭാഗം നേതാക്കള്‍, ആരോപണ വിധേയനായ നേതാവിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പും തുടങ്ങിയിട്ടുണ്ട്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലയിലെ പാര്‍ട്ടിയുടെ ചുമതലക്കാരനായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പകരം സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ജില്ലാ യോഗത്തില്‍ പങ്കെടുക്കാനെത്തിയത് ഗവണ്‍മെന്റ് പ്ലീഡറായിരുന്ന മുളന്തുരുത്തി സ്വദേശിനിയുമായി ബന്ധപ്പെടുത്തിയാണ് ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്. ലെനിന്‍ സെന്ററിലെ നിത്യസന്ദര്‍ശകയായിരുന്ന അഭിഭാഷകയുമായുള്ള ജില്ലാ സെക്രട്ടറിയുടെ ബന്ധം പാര്‍ട്ടി ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുകയും പലവട്ടം മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നതാണത്രെ. കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഈ വിഷയം വി.എസ് പക്ഷക്കാരനായ കെ.എ ചാക്കോച്ചന്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച നടന്നു. പിന്നീട് വിഷയം സംസ്ഥാന നേതൃത്വത്തിന് വിടുകയായിരുന്നു. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രശ്‌നം വന്നപ്പോള്‍ ഇരു ചെവിയറിയാതെ ജില്ലാ സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന നിര്‍ദേശമാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയത്. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെ അടിയന്തര യോഗം ഇന്നലെ രാവിലെ ലെനിന്‍ സെന്ററില്‍ തുടങ്ങിയപ്പോള്‍ ഒരുവിഭാഗം അതിശക്തമായ നിലപാടുകളുമായി രംത്തുവരികയായിരുന്നു.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ സീറ്റ് ഗോപി കോട്ടമുറിക്കലിന് നല്‍കാന്‍ നേതൃത്വം തത്വത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ അന്നുതന്നെ ഈവിഷയം ഉയര്‍ത്തിക്കാട്ടി ഒരുവിഭാഗം കരുനീക്കം നടത്തിയതിനെ തുടര്‍ന്നാണ് കോട്ടമുറിക്കലിന് സീറ്റ് ലഭിക്കാതെ പോയത്. അതേസമയം ഇതുസംബന്ധിച്ച് ആര്‍ക്കും പരാതിയില്ലാത്ത സാഹചര്യത്തില്‍ വിഷയം പുറത്തറിയേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി എത്തിച്ചേരുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി ഓഫീസിനെ ദുര്‍ന്നടപ്പിനുള്ള വേദിയാക്കിയ പശ്ചാത്തലത്തില്‍ വിഷയം നിസാരമായി തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ എതിര്‍പക്ഷത്തിന്റെ വാദം. മാത്രമല്ല, കോട്ടമുറിക്കലിന് എതിരായ തെളിവുകള്‍ ദൃശ്യങ്ങളായി മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു.വിവരങ്ങള്‍ പരസ്യമാക്കരുതെന്ന് പിണറായി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.എന്നാല്‍ യോഗശേഷം പുറത്തിറങ്ങിയ പിണറായി വിജയനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയവും ചര്‍ച്ചയില്‍ വന്നിട്ടില്ലെന്നും നിങ്ങള്‍ ഊഹിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നുമായിരുന്നു പ്രതികരണം.ജില്ലയിലെ മേല്‍ത്തട്ടിലും കീഴ്ത്തട്ടിലുമുള്ള പല പ്രമുഖ നേതാക്കളുടെയും സദാചാര വിരുദ്ധ നടപടികള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ക്ലീന്‍ ഇമേജുള്ള ജില്ലാ സെക്രട്ടറിക്കെതിരെ മുമ്പൊരിക്കലും ഇത്തരമൊരു ആരോപണമുയര്‍ന്നിട്ടില്ല. അദ്ദേഹത്തിനെതിരായ ആരോപണം പാര്‍ട്ടി കേന്ദ്രങ്ങളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കയാണ്. കഴിഞ്ഞ ജില്ലാ സമ്മേളനത്തോടെ വി.എസ് പക്ഷത്ത് നിന്ന് കൂറുമാറി പിണറായി പക്ഷത്ത് ചേര്‍ന്ന ഗോപി കോട്ടമുറിക്കലിനെതിരെ പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ ഇത്തരമൊരു ആരോപണം ഉയര്‍ത്തിക്കൊണ്ടു വന്നതിന് പിന്നില്‍ വിഭാഗീയ താല്‍പര്യങ്ങളുണ്ടെന്ന ആക്ഷേപവും ശക്തമാണ്. ഇതിനിടെ കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗത്തിനെതിരെയും സമാനമായ രീതിയില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
No comments:
Post a Comment
Note: Only a member of this blog may post a comment.