കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയെ സദാചാരവിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ സി.പി.എം. സംസ്‌ഥാനസമിതി തീരുമാനിച്ചു. ശശിയെ സസ്‌പെന്‍ഡ് ചെയ്‌താല്‍ മതിയെന്ന സെക്രട്ടേറിയറ്റ് നിര്‍ദേശം തള്ളിയാണു തീരുമാനം. ശശിയെ പുറത്താക്കണമെന്ന ആവശ്യത്തില്‍ സംസ്‌ഥാനസമിതിയംഗങ്ങള്‍ ഒറ്റക്കെട്ടായി ഉറച്ചുനിന്നു. എന്നാല്‍, സംസ്‌ഥാനസമിതിക്കുശേഷം പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പില്‍ സി.പി.എം. ഈ വിഷയത്തെക്കുറിച്ചു മൗനംപാലിച്ചു. ശശി എന്നും വിവാദനായകനായിരുന്നു.
രാഷ്‌ട്രീയമായും വ്യക്‌തിപരമായും പലതവണ ശശിക്കെതിരേ ആരോപണങ്ങളുണ്ടായി. അന്വേഷണങ്ങളും നടന്നു. ഒടുവില്‍ സി.പി.എമ്മിന്റെ യുവജനവിഭാഗം നേതാവും ഭാര്യയും നല്‍കിയ സദാചാരവിരുദ്ധാരോപണത്തിന്റെ പേരിലാണു പാര്‍ട്ടിക്കു പുറത്തേക്കുള്ള വഴി തുറന്നത്. കണ്ണൂരില്‍നിന്നുള്ള ഒരു മുന്‍ എംഎല്‍എയാണു ശശിക്കെതിരേ ആദ്യം സദാചാരവിരുദ്ധാരോപണവുമായി പാര്‍ട്ടിക്കു മുന്നിലെത്തിയത്. ഒരു വര്‍ഷം മുമ്പായിരുന്നു സംഭവം.
നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എ തിരുവനന്തപുരത്തെ വീട്ടിലുണ്ടായിരുന്ന ദിവസം തിരുവനന്തപുരത്തു വിദ്യാര്‍ഥിനിയായ മകളും ഒപ്പമുണ്ടായിരുന്നു. പാര്‍ട്ടി പരിപാടി കഴിഞ്ഞു രാത്രി ഭക്ഷണത്തിനെത്തിയ ശശി വീട്ടില്‍വച്ചു മകളോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു എം.എല്‍.എയുടെ ആരോപണം. എംഎല്‍എയോ മകളോ രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. ഇക്കാര്യം എംഎല്‍എ ഫോണ്‍വഴി പാര്‍ട്ടി ഉന്നതനെ അറിയിച്ചു. പരാതി ഗൗരവമായെടുത്ത പാര്‍ട്ടി ഒരു കേന്ദ്രക്കമ്മിറ്റി അംഗത്തെ സംഭവം അന്വേഷിക്കാന്‍ ഏല്‍പിച്ചു. എംഎല്‍എയുടെ മകളുമായി സംസാരിച്ചു തെളിവെടുത്തെങ്കിലും ശശി കുറ്റക്കാരനല്ലെന്നും മകളോടെന്നപോലെ വാല്‍സല്യം കാട്ടിയതാണെന്നുമായിരുന്നു പാര്‍ട്ടിയുടെ കണ്ടെത്തല്‍.
ആറു മാസത്തിനുശേഷം ജില്ലയിലെ ഒരു ഡി.വൈ.എഫ്.ഐ. നേതാവും ഭാര്യയും സമാനമായ ആരോപണമുന്നയിച്ചു പാര്‍ട്ടി പോളിറ്റ് ബ്യൂറോയ്‌ക്കു രേഖാമൂലം നല്‍കിയ പരാതിയാണ് ഇപ്പോള്‍ ശശിക്കെതിരായ നടപടിയിലേക്കു നയിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ ഒരു ആയുര്‍വേദ ചികിത്സാലയത്തില്‍ ശശി തന്റെ ഭാര്യയോടു അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവനേതാവിന്റെ പരാതി. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പഴ്‌സണല്‍ സ്‌റ്റാഫംഗമായിരുന്ന ഈ യുവതി കണ്ണൂര്‍ ദേശാഭിമാനിയില്‍ ജീവനക്കാരിയായി എത്തിയ സമയത്തായിരുന്നു സംഭവം.സംഭവം നടക്കുമ്പോള്‍ ചികിത്സയ്‌ക്കായി ശശിയും ഈ യുവനേതാവും ഈ ചികിത്സാലയത്തിലുണ്ടായിരുന്നു. തുടര്‍ന്നു ശശി ഭാര്യയെ ഫോണില്‍ വിളിച്ചു ശല്യം ചെയ്‌തെന്നും യുവനേതാവ് പാര്‍ട്ടിയെ അറിയിച്ചു.
ശശിക്കെതിരായ ആരോപണം അന്വേഷിക്കാനായി വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. അന്വേഷണത്തില്‍ ശശിയെ കുറ്റക്കാരനെന്നു കണ്ടെത്തുകയും ബ്രാഞ്ചിലേക്കു തരംതാഴ്‌ത്താന്‍ തീരുമാനിക്കുകയും ചെയ്‌തിരുന്നു. ശശിക്കെതിരേ ശക്‌തമായ നിലപാടുമായി വി.എസ്. അച്യുതാനന്ദനും രംഗത്തുവന്നിരുന്നു. 'ഞാനും നിങ്ങളും ആഗ്രഹിക്കുന്ന നടപടി ശശിയുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായില്ലെ'ന്നാണു വി.എസ്. മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നടിച്ചത്. ഹൈദരാബാദില്‍ നടന്ന കേന്ദ്രകമ്മിറ്റിയോഗം ശശിക്കെതിരേ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് തരംതാഴ്‌ത്തല്‍ നടപടി തള്ളിക്കളഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണു സംസ്‌ഥാനസമിതി വീണ്ടും വിഷയം ചര്‍ച്ച ചെയ്‌തത്. ഔദ്യോഗികപക്ഷത്തെ പ്രബലനായിരുന്ന ശശിക്ക് അനുകൂലമായി ആരും രംഗത്തുവന്നില്ലെന്നതും ശ്രദ്ധേയമായി.
No comments:
Post a Comment
Note: Only a member of this blog may post a comment.