അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനെ മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പിന്നോട്ടുപോകില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഈ ആവശ്യം ശക്തമായി ഉന്നയിക്കാതിരുന്ന വി എസ്, ഈ ആവശ്യം പുറത്തുനിന്ന് ഉന്നയിപ്പിക്കാനുള്ള നീക്കത്തിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ ജോലിക്കു നിര്‍ത്തിയ ആളെ വി എസിന്റെ സ്റ്റാഫില്‍ തുടരാന്‍ അനുവദിക്കരുതെന്ന ആവശ്യം വി എസ് അനുകൂലികളായ ചില സാമൂഹിക സംഘടനകള്‍ വൈകാതെ ഉന്നയിക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേലക്കാരിയാക്കിയതിനെതിരേ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുകയാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ കുടുംബവുമായി രവീന്ദ്രനുള്ള അടുപ്പമാണ് വി എസിനെ പ്രകോപിപ്പിക്കുന്നത്. ഇത്തവണ രവിയെ സ്റ്റാഫില്‍ നിയമിക്കാനുള്ള പാര്‍ട്ടി നിര്‍ദേശം വി എസ് മനസില്ലാ മനസോടെ സ്വീകരിക്കുകയായിരുന്നു. ഇപ്പോഴത്തെ അനുകൂല സാഹചര്യം ഉപയോഗിച്ച് ഇയാളെ മാറ്റി മറ്റൊരാളെ നിയമിക്കാനാണ് വി എസ് ആഗ്രഹിക്കുന്നത്.
പിണറായിയുടെ ഭാര്യ കമലയുടെ ബന്ധുവാണ് രവീന്ദ്രന്‍. ആ വഴിക്കും പാര്‍ട്ടിതലത്തിലും രവീന്ദ്രന് പിണറായിയുമായി അടുപ്പമുണ്ട്. എന്നാല്‍ സിപിഎമ്മില്‍ വിഭാഗീയതയില്‍ അദ്ദേഹത്തിന്റെ പേര് ഒരിടത്തും വന്നിട്ടില്ല താനും. എങ്കിലും ഔദ്യോഗിക പക്ഷത്തിന്റെ ആളായാണ് രവീന്ദ്രനെ വി എസ് കാണുന്നത്.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സ്റ്റാഫിലും കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്റ്റാഫിലും രവീന്ദ്രന്‍ ഉണ്ടായിരുന്നു.
രവീന്ദ്രന്റെ വീട്ടില്‍ നിന്ന് ഈ മാസം എട്ടിനു കാണാതായ ജോലിക്കാരി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായിരുന്നു. കാണാതായ പയ്യോളി സ്വദേശിനിയായ പെണ്‍കുട്ടിയെ സ്വദേശത്ത് വച്ച് പൊലീസ് പിടികൂടുകയായിരുന്നു.
കാണാതായ ദിവസം ഈ പെണ്‍കുട്ടി ഒരു യുവാവിനൊപ്പം കന്യാകുമാരിയില്‍ പോയിരുന്നു. നെറുകയില്‍ സിന്ദൂരം തൊട്ട് ഭാര്യയെപ്പോലെയാണ് യുവാവ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. റെയില്‍വെ സ്‌റ്റേഷനില്‍ വച്ചാണ് ഈ യുവാവിനെ പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കന്യാകുമാരിയില്‍ എത്തിയ ഇവര്‍ ലോഡ്ജില്‍ മുറിയെടുത്ത് ഒപ്പം താമസിച്ചു. യുവാവിനൊപ്പം കഴിഞ്ഞത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പീഡനത്തിന് കേസെടുത്തു. അതിനു പി്ന്നാലെയാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ജോലിക്കു നിര്‍ത്തിയതിന് രവീന്ദ്രനെതിരേ കേസെടുത്തത്.
കന്യാകുമാരിയില്‍ നിന്ന് തിരിച്ചുവരുന്ന വഴി പെണ്‍കുട്ടി നെടുമങ്ങാട്ട് ഇറങ്ങി. ഇവിടെ നിന്ന് പയ്യോളിയിലേക്ക് പോവുകയായിരുന്നു. പിന്നീട് പയ്യോളിയിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുമ്പോഴാണ് പെണ്‍കുട്ടിയെ പൊലീസ് പിടികൂടിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
പെണ്‍കുട്ടിയെ കന്യാകുമാരിയില്‍ കൊണ്ടുപോയി അന്വേഷണസംഘം തെളിവെടുത്തു. കവടിയാര്‍ ജവഹര്‍ഭവനിലെ വീട്ടില്‍ ഈ മാസം നാലിനാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ കൊണ്ടുവന്നത്. കാണാതായതിനെക്കുറിച്ച് രവീന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഫ്‌ളാറ്റിനു സമീപത്തുനിന്നു ഓട്ടോയില്‍ കയറി പെണ്‍കുട്ടി പോകുന്നത് അയല്‍ക്കാര്‍ കണ്ടതായി രവീന്ദ്രന്റെ പരാതിയില്‍ പറയുന്നു. ആ സമയത്ത് രവീന്ദ്രനും ഭാര്യയും സ്‌കൂളില്‍ പഠിക്കുന്ന മകനും സ്ഥലത്തുണ്ടായിരുന്നില്ല. മകന്‍ വൈകുന്നേരം സ്‌കൂളില്‍ നിന്നു തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് അറിയുന്നത്. ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റ പെണ്‍കുട്ടിയെ തുടര്‍ന്നു പഠിപ്പിക്കാന്‍ അടുത്ത ബന്ധുക്കളൊന്നുമില്ല. അകന്ന ബന്ധുക്കളാണ് രവീന്ദ്രന്റെ നാട്ടുകാരിയായ പെണ്‍കുട്ടിയെ അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുവന്നു വിട്ടത്.
മുമ്പ് എംവി രാഘവന്റെ സിപിഎമ്മില്‍ ഉന്നത നേതാവായിരുന്നപ്പോഴാണ് രവീന്ദ്രനെ തിരുവനന്തപുരത്തു കൊണ്ടുവന്നത്. അതിനു മുമ്പ് പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയായിരുന്നു. പിന്നീട് എംവിആറിന്റെ പി എ ആക്കി. അദ്ദേഹം പാര്‍ട്ടിക്കു പുറത്തായപ്പോള്‍ സിപിഎം പാര്‍ലിമെന്ററി പാര്‍ട്ടി ഓഫിസിന്റെ ചുമതലയായിരുന്നു. രവീന്ദ്രനെക്കുറിച്ച് വി എസിനും നേരത്തേ ഭിന്നാഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല. മാറിയ സാഹചര്യത്തില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രശ്‌നം ചര്‍ച്ചയാക്കാനാണ് വി എസിന്റെ ശ്രമം. പിണറായിയുടെ ഭാര്യാ ബന്ധുവായി രവീന്ദ്രനെയും കരുവാക്കുന്നുവെന്നു മാത്രം.
No comments:
Post a Comment
Note: Only a member of this blog may post a comment.