Sunday, January 15, 2012

സി.പി.എം രഹസ്യം ചോര്‍ത്താന്‍ 'അമേരിക്ക പോലുള്ള സാമ്രാജ്യത്വ ശക്തികളുടെ ശ്രമം'


 സി.പി.എം. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇലക്‌ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെ റെക്കോഡ് ചെയ്ത് ചോര്‍ത്താന്‍ ശ്രമമുണ്ടായതായി ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരും മറ്റുള്ളവരും പുറത്തുപോകുന്ന വേളയിലാണ് ഉപകരണം പ്രതിനിധിസമ്മേളന ഹാളില്‍ വെക്കാന്‍ ശ്രമമുണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരം പല്ലവി പോലെ 'അമേരിക്ക പോലുള്ള സാമ്രാജ്യത്വ ശക്തികളുടെ ശ്രമം' ആണിതെന്ന് അദ്ദേഹം ആരോപണത്തില്‍ ഉന്നയിച്ചിട്ടില്ല.

സി.പി.എമ്മിനെപ്പോലുള്ള ഒരു പ്രസ്ഥാനം പ്രതിനിധിസമ്മേളനം അടച്ചിട്ട മുറിയിലാണ് നടത്തുക. അത് ചിലപ്പോള്‍ ചിലര്‍ വാര്‍ത്തയാക്കി എന്ന് വരും. എന്നാല്‍, വാര്‍ത്ത ചോര്‍ത്താനായി മോശമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് യോജിച്ചതല്ല. ഒരു മാധ്യമ പ്രവര്‍ത്തകന്‍ മൈക്രോ ചിപ്പ് ഉപയോഗിച്ച് സമ്മേളന വിവരങ്ങള്‍ റെക്കോഡ്‌ചെയ്യാനുള്ള ശ്രമമാണ് നടത്തിയത്. ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് മറ്റുള്ളവര്‍ പുറത്തുപോകുമ്പോള്‍ ഈ മാധ്യമ പ്രവര്‍ത്തകന്റെ കൈയില്‍നിന്ന് ചില സാധനങ്ങള്‍ പുറത്തുവീഴുന്നത് വളണ്ടിയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഗൗനിക്കാതെ നടന്ന് പോയി. വളണ്ടിയര്‍മാര്‍ പരിശോധിച്ചപ്പോഴാണ് ഉപകരണം എന്താണെന്ന് മനസ്സിലായത്. ഉപകരണം സമ്മേളനഹാളില്‍ സ്ഥാപിക്കാന്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഈ സമയത്ത് ഓടി രക്ഷപ്പെട്ടു. സമ്മേളനത്തിന്റെ ഭാഗമായി രണ്ടുദിവസം നടന്ന പത്രസമ്മേളനത്തില്‍ ഇയാള്‍ പങ്കെടുത്തിട്ടില്ല. ഇയാള്‍ ആരെന്ന് കണ്ടാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാനാകും ജയരാജന്‍ പത്രസമ്മേളനത്തില്‍ പറയുന്നു.

അതേസമയം ചിപ്പുവച്ചാലും ഇല്ലെങ്കിലും സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൃത്യമായി മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ പ്രസംഗം ഉദാഹരണം. പരിയാരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്ന് സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് മറുപടിയായി അദ്ദേഹം പഞ്ഞത് അതേ നിമിഷം ചാനലുകളില്‍ ഫഌഷ് വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടു. പി.ശശി വിഷയത്തില്‍ സംസ്ഥാനനേതൃത്വം ഉചിതമായ സമയത്ത് ഇടപെട്ടിട്ടുണ്ട്. ഡി.വൈ.എഫ്.ഐ.യുടെ പ്രവര്‍ത്തനം പൊതുസമൂഹത്തില്‍നിന്ന് അകന്നു. ഇതാണ് വര്‍ഗീയ സംഘടനകള്‍ മുതലെടുത്തത് അദ്ദേഹം പറഞ്ഞു. വാര്‍ത്തകള്‍ ചോരുന്നതിനെതിരെ താക്കീത് നല്‍കിയാണ് ശനിയാഴ്ച ചര്‍ച്ചതുടങ്ങിയത്.

പ്രതിനിധികള്‍ മൊബൈല്‍ഫോണ്‍ ഓഫ് ചെയ്യണമെന്നും ചര്‍ച്ചചെയ്യുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കരുതെന്നും പിണറായി നിര്‍ദേശിച്ചു. വലതുപക്ഷമാധ്യമങ്ങളോട് താത്പര്യമുള്ളവര്‍ സമ്മേളനപ്രതിനിധികളായി എത്തുന്നുണ്ടെന്ന് മറുപടിപ്രസംഗത്തിലും അദ്ദേഹം സൂചിപ്പിച്ചു. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. പി.ശശിക്കെതിരെയുള്ള നടപടി അതിന്റെ ഗൗരവം പരിഗണിക്കാതെ നേതൃത്വം വൈകിപ്പിച്ചെന്നായിരുന്നു മാടായി ഏരിയയില്‍നിന്നുള്ള പ്രതിനിധികളുടെ വിമര്‍ശനം. വി.എസ്.അച്യുതാനന്ദന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കുഞ്ഞാലിക്കുട്ടി, ഐസ്‌ക്രീം പാര്‍ലര്‍ കേസുകള്‍ പി.ശശിവിഷയം ഉന്നയിച്ചാണ് യു.ഡി.എഫ്. 'കൗണ്ടര്‍' ചെയ്തതെന്നും പ്രതിനിധികള്‍ പറഞ്ഞു.

കീഴ്ഘടകങ്ങളില്‍ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ നേതൃത്വം യഥാരീതിയില്‍ ശ്രദ്ധകൊടുക്കുന്നില്ലെന്നും വിമര്‍ശമുണ്ടായി. പാര്‍ട്ടിനിയന്ത്രണത്തിലുള്ള സഹകരണാശുപത്രിയിലുണ്ടായ അഴിമതി യഥാസമയം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ഇതിന്റെ ചുമതല വഹിച്ചിരുന്ന ജില്ലാകമ്മിറ്റി അംഗത്തെയും അംഗങ്ങള്‍ വിമര്‍ശിച്ചു. വി.എസ്.അച്യുതാനന്ദന് ജില്ലയില്‍ പൊതുവേദി നല്‍കുന്നതില്‍ ജില്ലാനേതൃത്വം അമാന്തം കാണിക്കുന്നുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. കൂത്തുപറമ്പ് മണ്ഡലത്തിലെ തോല്‍വിയെക്കുറിച്ച് പാനൂര്‍, കൂത്തുപറമ്പ് ഏരിയയില്‍നിന്നുള്ള പ്രതിനിധികള്‍ രൂക്ഷമായാണ് പ്രതികരിച്ചത്. രക്തസാക്ഷികളുടെ മണ്ണ് തലശ്ശേരി മണ്ഡലത്തിനുവേണ്ടി ബലികഴിച്ചെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി.

പ്രതിനിധികള്‍ക്കിടയില്‍ നിന്ന് വാര്‍ത്തകള്‍ ചോരുന്നുണ്ടെന്ന് ചര്‍ച്ചയ്ക്കിടയില്‍ ജില്ലാസെക്രട്ടറി പ്രതിനിധികളെ അറിയിച്ചു. തുടര്‍ന്ന് ചര്‍ച്ച നിയന്ത്രിക്കണമെന്ന് ഏരിയ സെക്രട്ടറിമാര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. സമ്മേളനവാര്‍ത്തകള്‍ വള്ളിപുള്ളി വിടാതെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതിനെതിരേയായിരുന്നു ഇന്നലെ രാവിലെ നടന്ന മാധ്യമസെമിനാറിലും ഉയര്‍ന്നുവന്ന വിമര്‍ശനം. കാറല്‍ മാര്‍ക്‌സിന്റെ കാലം മുതല്‍ മാധ്യമ സിന്‍ഡിക്കറ്റുകള്‍ ഉണ്ടായിരുന്നെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഇതുപരാമര്‍ശിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.എ. ബേബി എംഎല്‍എ പറഞ്ഞത്. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ നേതാക്കളെക്കുറിച്ച് ആരോപണങ്ങള്‍ ഉയരുന്നതു പുതിയ കാര്യമല്ലെന്നും മാര്‍ക്‌സും എ.കെ.ജിയും അഴീക്കോടന്‍ രാഘവനുമെല്ലാം വിവിധ ഘട്ടത്തില്‍ ആരോപണങ്ങള്‍ കേട്ടവരാണെന്നും സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു ബേബി പറഞ്ഞു.

ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ച് ഒരു ചിത്രം സമൂഹത്തിനു കൊടുക്കുമ്പോള്‍ അതു വസ്തുതാപരമായി ശരിയാണോ എന്നു മാധ്യമങ്ങള്‍ പരിശോധിക്കണം. ജനങ്ങളെല്ലാം ഇഷ്ടപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവ് കള്ളത്തരം കാണിച്ചുവെന്നോ, സദാചാര വിരുദ്ധമായി പെരുമാറിയെന്നോ, അയാളും അയാളുടെ മകനും കൂടി എന്തെങ്കിലും ചെയ്‌തെന്നോ വാര്‍ത്ത കൊടുക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം. സമൂഹത്തില്‍ ആര്‍ക്കും തെറ്റുപറ്റാം. എന്നാല്‍ ചില കാര്യങ്ങള്‍ സ്വകാര്യ ജീവിതത്തിന്റെ ഭാഗമാണ് എന്നു പറഞ്ഞു പൊതുപ്രവര്‍ത്തകനു രക്ഷപ്പെടാനാകില്ല. ഉടമകളുടെ താല്‍പ്പര്യത്തെയാണ് അടിസ്ഥാനപരമായി മാധ്യമങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. ഇവര്‍ നിഷ്പക്ഷരാണെന്നു സരളബുദ്ധികളായ ചില നിഷ്‌കളങ്കര്‍ തെറ്റിദ്ധരിക്കുകയാണെന്നു ബേബി പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.