Friday, January 20, 2012

ബോംബും തോക്കും മാത്രമല്ല തീവ്രവാദത്തിന്റെ ആയുധങ്ങള്‍.


ബോംബും തോക്കും മാത്രമല്ല തീവ്രവാദത്തിന്റെ ആയുധങ്ങള്‍. അക്ഷരങ്ങളില്‍ തിരുകി വെക്കുന്ന വിഷവാര്‍ത്തകളും തീവ്രവാദത്തിന്റെ മറ്റൊരു വിധ്വംസക മാധ്യമമാണ്. കലാപങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും തീവ്രവാദികള്‍ പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത് സ്വന്തം അനുയായികളെ മാത്രമല്ല;
വാടക ചാവേറുകളെയും അവര്‍ കോടാലി കൈകളാക്കാറുണ്ട്. മയക്ക് മരുന്ന്, കുഴല്‍പ്പണം തുടങ്ങിയ സാമൂഹിക വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും തിരഞ്ഞെടുക്കപ്പെട്ട കാരിയറുകള്‍ മുഖേനെയാണ്. ഇതര മതസ്ഥരെ കാരിയറുകളാക്കുന്നതും മതതീവ്രവാദസംഘടനകളുടെ ഒളി അജണ്ടകളാണ്. നിഷ്പക്ഷ ആക്ടിവിസ്റ്റുകളും സാമൂഹിക പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും പലപ്പോഴും ഇത്തരം പ്രവൃത്തികള്‍ക്ക് അറിഞ്ഞോ അറിയാതെയോ വിനിയോഗപ്പെടാറുണ്ട്. അത്തരത്തിലുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ ആപത്ത് ഏറെ വലുതാണ്. പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയോ തൊഴില്‍പരമായ മാന്യതയോ ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ ഉദരപൂരണത്തിനായി എന്തും എഴുതും, ആരെയും പ്രതികളാക്കും, കൊടും കുറ്റവാളികളെ വിശുദ്ധിയുടെ വെള്ളരിപ്രാവുകളാക്കും.
 
ഇ-മെയില്‍ ചോര്‍ത്തല്‍ എന്ന അപസര്‍പ്പക കഥയിലൂടെ ലേഖകന്‍ തുറന്നു വിട്ടത് ഇത്തരം മതവിദ്വേഷത്തിന്റെ വിഷവാതകമാണ്. നിരീക്ഷണത്തിലെ പിഴവ് മൂലമോ കിട്ടിയ തെളിവുകളുടെ അപൂര്‍ണത മൂലമോ അല്ല മാധ്യമം വാരിക പ്രസിദ്ധീകരിച്ച 'സ്‌കൂപ്പ്' വിവാദമായത്. കേരളീയ മുസ്‌ലിംകളുടെ സ്വകാര്യതയിലേക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒളിഞ്ഞു നോട്ടം എന്ന ഹൈലൈറ്റിലാണ് ലേഖകന്റെ ദുരുദ്ദേശവും വാരികയുടെ ഗൂഡോദ്ദേശവും നിറഞ്ഞു നില്‍ക്കുന്നത്. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചുള്ള അന്വേഷണവും അതിന്റെ ഭാഗമായുള്ള വിവര ശേഖരണവും മുസ്‌ലിംകളെ ടാര്‍ഗറ്റ് ചെയ്തു കൊണ്ടുള്ളതാണെന്ന വാരികയിലെ ലേഖനവും ഇതുസംബന്ധിച്ച വാര്‍ത്തകളും മറ്റൊരു ടാര്‍ഗറ്റിന്റെ ഭാഗമാണ്. സര്‍ക്കാരും പൊലീസുമല്ല ഇവിടെ ടാര്‍ഗറ്റ് തയ്യാറാക്കിയത്. ലേഖനം പ്രസിദ്ധീകരിച്ച വാരികയും അതിന്റെ നടത്തിപ്പുകാരുമാണ്.
 
ഈ ലേഖനം യാസിന്‍ അഷ്‌റഫിന്റെയോ കാസിം ഇരിക്കൂറിന്റെയോ എം സി എ നാസറിന്റെയോ ഇബ്രാഹിം കോട്ടക്കലിന്റേയോ പേരില്‍ വന്നാല്‍ അതിന്റെ വിശ്വാസ്യത കുറയുമെന്നും മതപരമായ അടയാളപ്പെടുത്തലുകളുണ്ടാവുന്ന വിചാരത്തിന്റെ ഭാഗമായിരിക്കാം ഈ വിഷമരുന്ന് കടത്തിന് ലേഖകനെ കാരിയറായി തിരഞ്ഞെടുത്തത്. പൊലീസ്, ലോഗ് ഇന്‍ തേടുന്ന നടപടി ഇതാദ്യമല്ല; ആള്‍ പൂണൂലിട്ടവനാണോ, ചേലകര്‍മ്മം ചെയ്തവനാണോ കുരിശുമാലധാരിയാണോ എന്ന് നോക്കിയല്ല ഈ വിവരാന്വേഷണം. പക്ഷേ; 268 പേരുടെ ഇ-മെയില്‍ വിലാസം അടങ്ങുന്ന പട്ടികയില്‍ മതപരമായ തിരച്ചിലുകള്‍ നടത്തി മുസ്‌ലിം പേരുകള്‍ മാത്രം പ്രസിദ്ധീകരിച്ചത് നിക്ഷിപ്ത താത്പര്യപ്രകാരം അല്ലെങ്കില്‍ മറ്റെന്താണ് ?  വ്യക്തികളുടെയോ സ്ഥാപനത്തിന്റെയോ ഇ-മെയില്‍ വിലാസം മാത്രം ലഭിച്ചത് കൊണ്ട് ഈ വിലാസങ്ങളിലേക്ക് ഒളിഞ്ഞു നോക്കാമെന്ന് പ്രചരിപ്പിക്കുന്ന് തികഞ്ഞ വിവരക്കേടാണ്. യൂസര്‍ നെയിം ആയ മെയില്‍ വിലാസം മാത്രം ലഭിച്ചാല്‍ അത് ഇ-മെയിലിലേക്കുള്ള ചാവിയാകുന്നില്ല. പാസ്‌വേര്‍ഡ് കൂടി ലഭ്യമാകണം. ഒരു പൊലീസിനും ഭരണകൂടത്തിനും ഈ ചാവി നല്‍കാന്‍ ഒരു സര്‍വീസ് പ്രൊവൈഡര്‍മാരും തയ്യാറാകില്ലെന്നിരിക്കെ ഇതുസംബന്ധിച്ച് ബോധപൂര്‍വ്വമായ സാങ്കേതിക നിരക്ഷരത പ്രകടിപ്പിക്കുകയാണ് ലേഖകന്‍. തടിയന്റവിടെ നസീര്‍ മഅദനിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം കൃത്രിമമാണെന്ന് സ്ഥാപിച്ച് ഇത് പരിപൂര്‍ണ മുസ്‌ലിം ടാര്‍ഗറ്റ് എന്ന് സ്ഥാപിക്കാനാണ് ലേഖകന്‍ ശ്രമിക്കുന്നത്.
 
വാരികയുടെയും പത്രത്തിന്റെയും ഉദ്ദേശ്യത്തിന്റെ വേരുകള്‍ തേടി പോകുമ്പോഴാണ് ആത് ആരെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് ബോധ്യമാവുക. മലയാള പ്രസിദ്ധീകരണ രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട പത്രവും വാരികയും നേടിയെടുത്ത ഔന്നത്യം 'പ്രസ്ഥാനത്തിന്റെ' വായനക്കാരിലൂടെ മാത്രമല്ല; പൊതുസമൂഹത്തിന്റെ കൂടി പങ്ക് അതിലുണ്ട്. മികവും സമര്‍പ്പണ ബുദ്ധിയുമുള്ള ജമാഅത്തുകരല്ലാത്ത ജീവനക്കാരുടെ പങ്കും ഏറെ വലുതാണ്. പത്രത്തില്‍ നിന്നും വാരികയിലേക്കും അവിടെ നിന്നും ചാനലിലേക്കും കടക്കുമ്പോള്‍ വിശ്വരൂപം പ്രകടമാക്കുകയാണ് നടത്തിപ്പുകാര്‍. ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനം ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിന് നിലകൊള്ളുന്ന വിശ്വാസധാരയിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന് തടസ്സം നില്‍ക്കുന്ന ഇതരമത സംഘടനകളല്ല ഇവരുടെ ടാര്‍ഗറ്റ്, സ്വസമുദായ സംഘടനകളാണ്. ആ നിലപാടിന്റെ മുഖ്യ ഉന്നം മുസ്‌ലിം ലീഗാണ്. മുസ്‌ലിം ലീഗ് തുടരുന്ന മതനിരപക്ഷ നിലപാടും യു ഡി എഫ് എന്ന മതേതര കൂട്ടായ്മക്ക് നല്‍കുന്ന പിന്തുണയും കാരണം പത്രം വളര്‍ത്തിയപോലെ പ്രസ്ഥാനത്തെ വളര്‍ത്താന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചിട്ടില്ല. മുസ്‌ലിംലീഗ് കയ്യടക്കിയ മുസ്‌ലിം ഇടങ്ങളിലേക്ക് ഇടിച്ചു കയറാനുള്ള രാഷ്ട്രീയ ദുര്‍മോഹം കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ദയനീയമായി പൊളിഞ്ഞത് നാം കണ്ടതാണ്.
 
മുസ്‌ലിം ലീഗിനെ കിട്ടുന്ന വടിക്കൊണ്ടൊക്കെ അടിച്ചിട്ടും വടി പൊട്ടിയതല്ലാതെ അടികൊണ്ട ലീഗിന് പരുക്കൊന്നും ഉണ്ടായില്ല. ഇബ്രാഹിം സുലൈമാന്‍ സേട്ടിനെയും അബ്ദുള്‍ നാസര്‍ മഅ്ദനിയെയും വടിയാക്കിയുള്ള പ്രഹരത്തിന് പ്രചോദനവും പ്രേരണയും ജമാഅത്തെ ഇസ്‌ലാമിയും മാധ്യമവുമായിരുന്നു. കാലുറപ്പിക്കാനുള്ള ഇടത്തിനു വേണ്ടിയുള്ള മൗദൂദി പ്രസ്ഥാനത്തിന്റെ ശ്രമങ്ങള്‍ കേവലം ഉപരിതല പ്രകടനമല്ല. പാരിസ്ഥിതിക-ദളിത് സ്ത്രീ തുടങ്ങി പാര്‍ശ്വവല്‍കൃത മേഖലകളിലേക്കും ഇവര്‍ നുഴഞ്ഞു കയറ്റം നടത്തുന്നു. ഗംഗയില്‍ മാത്രമല്ല; ഗംഗോത്രിയിലും വിഷം കലര്‍ത്തുകയെന്ന ആഴത്തിലുള്ള അജണ്ടകളാണ് അവര്‍ നടപ്പാക്കുന്നത്. സ്പര്‍ദ്ധയും അവിശ്വാസവും വളര്‍ത്തി കേരളീയ മുസ്‌ലിംകള്‍ അരക്ഷിതരാണെന്ന് വരുത്താനുള്ള ബോധപൂര്‍വ്വ ശ്രമമാണ് ഇ-മെയില്‍ ചോര്‍ത്തല്‍ എന്ന വിവാദ സ്‌കൂപ്പിന് പിന്നിലുള്ളത്. വാരിക നടത്തിപ്പുകാര്‍ അവരുടെ കുബുദ്ധിയിലൂടെ അപ്‌ലോഡ് ചെയ്ത വിഷം നിറഞ്ഞ ആശയങ്ങള്‍ വിജു വി നായരുടെ വികലബുദ്ധിയില്‍ ഡൗണ്‍ലോഡ് ചെയ്‌തേ എന്നുള്ളൂ. രാജവാഴ്ച കാലത്ത് രണ്ടുതരം കവികളുണ്ടായിരുന്നു.
 
ഒന്ന് പ്രകൃതിയിലെ എന്തും കാവ്യ വിഷയമാക്കുന്നവര്‍, രണ്ടാമത്തെ കൂട്ടര്‍ രാജസ്തുതി മുഖ്യപ്രമേയമാക്കുന്നവര്‍ ആസ്ഥാന കവികളെന്ന് പേരിലറിയപ്പെടുന്ന ഇവര്‍ക്ക് അന്നവും വസ്ത്രവും കുളിക്കാന്‍ എണ്ണയും കൊട്ടാരത്തില്‍ നിന്നും സൗജന്യമായി ലഭിക്കും. പുറമെ പട്ടും വളയും. മാധ്യമ രംഗത്തും ഇത്തരം ആസ്ഥാന്മാര്‍ ഏറി വരികയാണ്. ഒരേ സമയം അക്ഷരങ്ങളെ കാവി പുതപ്പിക്കാനും ചെമ്പട്ടണിയിക്കാനും അത്തറ് പൂശാനുമുള്ള വിരുതുള്ളവരാണിവര്‍. പേരിന്റെ വാല് സവര്‍ണത്തം വിളിച്ചോതുമെങ്കിലും കേരളത്തിലെ 'നോട്ടപുള്ളികളും പീഡിതരുമായ മുസ്‌ലിംകളുടെ' കൂടെയാണ് ലേഖകന്‍. എ കെ ആന്റണിയെ ചേര്‍ത്തലയിലെ എല്‍ ഐ സി ഏജന്റ് എന്നും വി ഡി സതീശനെയും പി സി വിഷ്ണുനാഥിനെയും 'നിലയം വിദ്വാന്‍'മാരെന്നും കളിയാക്കാറുള്ളത് ഇതേ ലേഖകന്റെ അക്ഷര രൂപങ്ങളാണ്. ജനാധിപത്യപരമായ സഹിഷ്ണുത കാരണം അവര്‍ക്കതില്‍ പരാതിയില്ല. പക്ഷേ; കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന എഴുത്തിലെ പിഴച്ച പോക്ക് ആപത്താണ്. അത് വയറ്റ്പിഴപ്പിന് വേണ്ടിയാണെങ്കിലും അല്ലെങ്കിലും.

No comments:

Post a Comment

Note: Only a member of this blog may post a comment.