Sunday, January 15, 2012

ലഡുവിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആണി


ബന്ധുവായ വിമുക്ത ഭടന് നിശ്ചിത യോഗ്യതയില്ലാഞ്ഞിട്ടും ഭൂമി അനുവദിച്ചു കൊടുത്ത കേസില്‍ പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ ഒന്നാം പ്രതിയായ സാഹചര്യത്തില്‍ അദ്ദേഹത്തെ രാഷ്ട്രീയ രംഗത്ത് നിന്നും ഉന്മൂലനം ചെയ്യാന്‍ സി.പി.എമ്മില്‍ ചരടുവലികള്‍ തുടങ്ങി. അതിന്റെ ഭാഗമായിട്ടാണത്രെ ഇന്ന് രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യവേ പ്രത്യക്ഷത്തില്‍ വി.എസിന് അനുകൂലമെന്ന് തോന്നിപ്പിക്കുന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നത്. എന്നാല്‍ 'ലഡുവിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആണി' പോലെയുള്ള പിണറായിയുടെ പ്രഖ്യാപനത്തിനു നേരേ വി.എസ് അച്യുതാനന്ദന്‍ തന്നോട് അടുത്ത് നില്‍ക്കുന്നവരുടെ മുന്നില്‍ പൊട്ടിത്തെറിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കേരളത്തിലെ സി.പി.എമ്മില്‍ നിലനില്‍ക്കുന്ന അധികാര വടംവലി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുകയാണ്.

നിശ്ചിത യോഗ്യതയില്ലാതെയിരുന്നിട്ടും ബന്ധുവും വിമുക്തഭടനുമായ സോമന് വഴിവിട്ട് ഭൂമി അനുവദിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന വിഎസ് നേരിട്ടിടപെട്ടെന്നാണു കേസ്. ഒന്നാം പ്രതിയായ വി.എസ്. ഉള്‍പ്പെടെ എട്ടു പേരെ പ്രതികളാക്കിയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐ.പി.സി 120 ബി പ്രകാരം കുറ്റകരമായ ഗൂഢാലോചന, 420 പ്രകാരം വഞ്ചനാകുറ്റം, 201 അനുസരിച്ച് തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിന് പുറമേ അഴിമതി നിരോധന നിയമത്തില്‍ 13 ാം വകുപ്പ് പ്രകാരം സംഘം ചേര്‍ന്ന് അഴിമതി നടത്തി എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഒന്നു മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണുള്ളത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാന്‍ സന്നദ്ധത കാട്ടി, പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ടിനെ വി.എസ്‌ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ കാരാട്ട് വി.എസിന്റെ ആവശ്യം തള്ളിക്കളഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോയിലെ ഉന്നതനായ സീതാറാം യെച്ചൂരി, കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നു ആരോപിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വം ഈ വിഷയത്തില്‍ പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയതിനു പിന്നാലെ പിണറായി വിജയന്‍ കണ്ണൂരില്‍ നടത്തിയ പ്രതികരണമാണ് വി.എസിനെ ചൊടിപ്പിച്ചതെന്നറിയുന്നു.

കേസ് കേസായി തന്നെ വരട്ടെ എന്നും അതിനെ നിയമപരമായി നേരിടുമെന്നുമുള്ള പിണറായിയുടെ പ്രഖ്യാപനം കേസിനെ ഹൈജാക്ക് ചെയ്യുന്നതിനുള്ള ശ്രമമായിട്ടാണ് വി.എസ് കാണുന്നത്. ഇത് വി.എസ് അച്യുതാനന്ദനെ മാത്രമായി സംബന്ധിക്കുന്ന ഒരു കേസല്ലെന്നുള്ള പിണറായിയുടെ ധ്വനി കേസ് നടത്തിപ്പ് പാര്‍ട്ടി ഏറ്റെടുക്കാനുള്ള നീക്കമായിട്ടാണ് വി.എസ് കാണുന്നത്. ഒരു കേസില്‍ എഫ്.ഐ.ആര്‍ പ്രാഥമിക നടപടി മാത്രമാണെന്ന് പിണറായി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എഫ്.ഐ.ആറിനു പിന്നാലെ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് പിണറായിയുടെ ഒളിയമ്പ്. മുഖ്യമന്ത്രിയുടെ പ്രത്യേക താത്‌പര്യപ്രകാരം എന്നു നോട്ട് എഴുതി വിട്ടിട്ട് പോലും ഐ.എ.എസുകാര്‍ സ്ഥലം പതിച്ചു നല്‍കാനുള്ള തിരിച്ചയച്ചത്, ഈ വഴിവിട്ട നടപടിയ്ക്ക് കൂട്ട് നിന്നാല്‍ തങ്ങളുടെ സര്‍വീസിനെ പോലും അത് ബാധിക്കും എന്നറിഞ്ഞതുകൊണ്ടണ്. എന്നിട്ടും മുഖ്യമന്ത്രി നേരിട്ട് പ്രത്യേക നോട്ട് തയ്യാറാക്കിയ ഈ കേസില്‍ നിന്നും വി.എസിന് രക്ഷപ്പെടാന്‍ അത്ര എളുപ്പമാവില്ല എന്ന്‌ പിണറായിയ്ക്ക്‌ വളരെ വ്യക്തമായി അറിയാം.

കുറച്ചു കാലത്തേയ്ക്കെങ്കിലും ഈ കേസ് കത്തിച്ചു നിര്‍ത്തണമെന്നാണ് പിണറായി വിഭാഗം ആഗ്രഹിക്കുന്നത്. അതിനാണത്രെ വി.എസിനെ പിന്തുണയ്ക്കുന്നത് എന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പിക്കുന്ന കടുപ്പമേറിയ വാക്കുകളുമായി പിണറായി ആഞ്ഞടിച്ചത്. ദേശാഭിമാനി പോലും പിണറായിയുടെ പ്രസ്താവനയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. കേസില്‍ പതറിപ്പോയ വി.എസിനെ സംരക്ഷിക്കുന്ന പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്ക്. അടുത്തു നടക്കുന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന അമിത പ്രതീക്ഷയിലാണ് സി.പി.എം നേതൃത്വം. ഇപ്പോഴത്തെ നിലയില്‍ പിറവം ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ചാല്‍ യു.ഡി.എഫില്‍ ഉണ്ടാകാവുന്ന അസ്വസ്ഥതയില്‍ ചില കേരളാ കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടു പിടിച്ച് മന്ത്രിസഭ ഉണ്ടാക്കുന്നതിന് സി.പി.എം പദ്ധതിയുണ്ടത്രെ. ഇത്രയും കാലം വി.എസ് അസംബ്ലിയില്‍ ഉള്ള സ്ഥിതിയ്ക്ക് അദ്ദേഹത്തെ മറികടന്ന് മറ്റൊരാളെ മുഖ്യമന്ത്രിയാക്കാന്‍ പരിമിതികളുണ്ടായിരുന്നു. എന്നാല്‍ വി.എസ് കേസില്‍ പെട്ട് ആരോപണ വിധേയനായി നില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കുന്നതിന് ഏറെ പണിപ്പെടേണ്ടി വരില്ല.

പിറവം ഉപതെരഞ്ഞെടുപ്പിന് ശേഷം നടക്കാവുന്ന രാഷ്ട്രീയ മാറ്റവും പ്രതീക്ഷിച്ച് പിണറായി പക്ഷം ഒരുങ്ങിയിരിക്കുകയാണ്. ഇനിയൊരു എല്‍.ഡി.എഫ് ഭരണം വന്നാല്‍ വി.എസ് കേസില്‍ പെട്ടതിനാല്‍ മാറിനില്‍ക്കേണ്ടി വരും. കാരണം ഉപതെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും നടക്കാന്‍ പോകുന്ന സമയത്തിനുള്ളില്‍ വി.എസിനെതിരായ കുറ്റപത്രം സമര്‍പ്പിക്കപ്പെടും. പുതിയ ഇടതു സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ പിണറായി മുഖ്യമന്ത്രിയാകും, കോടിയേരി പാര്‍ട്ടി സെക്രട്ടറി പദത്തിലേയ്ക്കും. കോടിയേരി രാജിവച്ച് തലശ്ശേരിയില്‍ നിന്നോ അല്ലെങ്കില്‍ ധര്‍മ്മടം മണ്ഡലത്തില്‍ നിന്നോ പിണറായി വിജയന്‍ ജനവിധി തേടാമെന്നുമാണത്രെ കണക്കുകൂട്ടല്‍. ഇതനുസരിച്ചുള്ള നീക്കങ്ങളും സി.പി.എമ്മില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പിറവം ഉപതെരഞ്ഞെടുപ്പ് ഫലത്തെയും അതിനു ശേഷം കേരളാ കോണ്‍ഗ്രസില്‍ നടക്കുമെന്ന് പറയപ്പെടുന്ന പിളര്‍പ്പിനേയും ആശ്രയിച്ചിരിക്കും.

No comments:

Post a Comment

Note: Only a member of this blog may post a comment.