Tuesday, January 24, 2012

ഇടതിടങ്കോലുകള്‍


സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ ഭാര്യ ബുലുറോയ് ചൗധരി ഈയിടെ 'ന്യൂഏജ്' വാരികയില്‍ എഴുതി; ''കേരളത്തില്‍ സി.പി.ഐ ജില്ലാ സമ്മേളനങ്ങളില്‍ വലിയൊരു വിഭാഗം സഖാക്കള്‍ സി.പി.എമ്മിന്റെ നിലപാടുകളോട് കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചു.'' ഈ എതിര്‍പ്പ് തീരെ നിസ്സാരമല്ല.
മുപ്പത്തിരണ്ടു വര്‍ഷമായി തുടരുന്ന ഇടതു ഐക്യത്തില്‍ ശക്തമായ വീണ്ടുവിചാരം ഉണ്ടാകുന്നതിന്റെ സൂചനയാണിത്. ഇടതുമുന്നണിയിലെ  പ്രധാനപ്പെട്ട ഘടകകക്ഷികള്‍ക്കിടയില്‍ പരസ്പര ബഹുമാനം നഷ്ടപ്പെട്ടിട്ടു കാലമേറെയായി. ആള്‍ക്കൂട്ടത്തിന്റെ മൃഗീയതയില്‍ അഭിരമിക്കുന്ന സി.പി.എം. ഇതര രാഷ്ട്രീയ പാര്‍ട്ടികളോട് പുലര്‍ത്തുന്ന അവജ്ഞയും പുച്ഛവും മാനുഷികമൂല്യങ്ങള്‍ക്കുപോലും ചേരാത്തതാണ്. 'വലതന്മാര്‍' എന്ന് മുമ്പൊക്കെ പരസ്യമായും ഇപ്പോള്‍ രഹസ്യമായും സി.പി.എം വിളിക്കുന്ന സി.പി.ഐ കമ്യൂണിസ്റ്റ് ഐക്യത്തെപ്പറ്റി ഇടക്കാലത്തു കണ്ട കിനാവുകളെല്ലാം ഉപേക്ഷിച്ചു. ഏതെങ്കിലും തരത്തിലുള്ള ആശയഭിന്നതയോ നയവ്യതിയാനമോ അല്ല കമ്യൂണിസ്റ്റ് ഏകീകരണത്തിന് തടസ്സം. കൊടിയും  കിത്താബും ഒന്നുതന്നെ. ലക്ഷ്യവും ഭിന്നമല്ല.
 
1964 ല്‍ ഭിന്നിക്കാന്‍ കാരണമായ ന്യായങ്ങളൊന്നും ഇപ്പോള്‍ പ്രസക്തമല്ല. ഇന്ത്യന്‍ ദേശീയതയെ നിര്‍വചിക്കുന്നതിലും പ്രായോഗിക സമീപനങ്ങളിലും ഒരേ നിലപാടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യോജിക്കാതിരിക്കാന്‍ യുക്തിസഹമായ രാഷ്ട്രീയ കാരണങ്ങളൊന്നും നേതാക്കള്‍ എടുത്തുപറയുന്നില്ല. പക്ഷേ കാര്യം നടക്കുമെന്ന് സ്വപ്‌നത്തില്‍പോലും ആരും കരുതേണ്ട. രണ്ടുപാര്‍ട്ടികളെന്ന നിലയില്‍ ഒരു മുന്നണിയില്‍പോലും തുടരാനാവാത്തതരത്തില്‍ സി.പി.ഐ സഖാക്കള്‍ അസ്വസ്ഥരാണ്. അക്കാര്യം 21-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കേരളത്തില്‍ നടന്ന പ്രാദേശിക സമ്മേളനങ്ങളില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. അതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ബുലുറോയ് ചൗധരി ചെയ്തത്. ചന്ദ്രപ്പന്റെ സഹധര്‍മ്മിണി എന്നപോലെ തന്നെ സി.പി.ഐയുടെ നേതാവുമാണ് ബുലു.
ഇടതുപക്ഷത്തിന്റെ ദേശീയ പ്രസക്തി നഷ്ടപ്പെട്ടു എന്ന വസ്തുത സി.പി.ഐയ്ക്ക് അറിയാം.
 
കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടതുമുന്നണിയെ ജനങ്ങളും നിരാകരിച്ചു. പശ്ചിമ ബംഗാളിലാണ് ലെഫ്റ്റ് ഫ്രണ്ട് ഉണ്ടായിരുന്നത്. കേരളത്തില്‍ ലെഫ്റ്റ് ഡമോക്രാറ്റിക് ഫ്രണ്ട് ആയിരുന്നു. ജനതാദള്‍-എസ്, കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ വിട്ടുപോയതോടെ എല്‍.ഡി.എഫിലെ 'ഡമോക്രസി' നാമമാത്രമായി. പശ്ചിമബംഗാളില്‍ 34 വര്‍ഷത്തെ തുടര്‍ഭരണം നഷ്ടപ്പെട്ടതോടെ ഇടതുമുന്നണിക്കും അര്‍ത്ഥമില്ലാതായി. ദേശീയതലത്തില്‍ ഇടതുചേരിയും സി.പി.എമ്മും ഇന്ന് വെറും തമാശയാണ്. സുധീര്‍ധര്‍ എന്ന കാര്‍ട്ടൂണിസ്റ്റിന് ചിരിക്കാനുള്ള വക. മുമ്പ് ഒ.വി. വിജയന്‍ ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയ്ക്ക് എന്ന പേരിലെഴുതിയ കുറിപ്പില്‍ തേഞ്ഞുതേഞ്ഞ് നിറംകെട്ട് മാഞ്ഞുപോകുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെപ്പറ്റി ദീര്‍ഘവിചാരം നടത്തിയിട്ടുണ്ട്. ത്രിപുര എന്ന ചെറു സംസ്ഥാനത്തിന്റെ അധികാര കോയ്മയില്‍ ഒതുങ്ങിയ ഇടതുപ്രസ്ഥാനത്തിന്റെ ഭാവിയെപ്പറ്റി സി.പി.ഐയില്‍ ന്യായയുക്തമായ വീണ്ടുവിചാരങ്ങള്‍ നടക്കുന്നതില്‍ അത്ഭുതമില്ല.
 
സി.പി.എമ്മിനേക്കാള്‍ കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്ന കമ്യൂണിസ്റ്റുകാര്‍ എന്നും സി.പി.ഐയില്‍ ഉണ്ടായിരുന്നു. ശ്രീപദ് അമൃത ഡാങ്കെ അവരില്‍ ഒരാളായിരുന്നു. കേരളത്തിലെ സി.കെ.ചന്ദ്രപ്പന്‍ എന്നും ഡാങ്കെയുടെ ആരാധകനാണ്. കമ്യൂണിസ്റ്റ് ഐക്യത്തിന്റെ വാചാലനായ വക്താവായ എ.ബി. ബര്‍ധന്‍ സി.പി.ഐ സെക്രട്ടറിയായി ഇരിക്കുന്നിടത്തോളം ജനാധിപത്യ പ്രണയികളായ കമ്യൂണിസ്റ്റുകള്‍ ഉള്ളുതുറക്കുമെന്ന് പ്രതീക്ഷിക്കേണ്ട. കേരളത്തില്‍ മണ്‍മറഞ്ഞ പി.കെ. വാസുദേവന്‍ നായര്‍ കമ്യൂണിസ്റ്റ് ഐക്യത്തിനും ഇടതുപക്ഷ രൂപീകരണത്തിനും വേണ്ടി തന്റെ മുഖ്യമന്ത്രിസ്ഥാനം ത്യാഗം ചെയ്തു. അദ്ദേഹം വിചാരിച്ചപോലൊന്നും ഐക്യം പ്രാബല്യത്തില്‍ വന്നില്ല. സി.പി.ഐ നേതൃത്വം സഹോദര പ്രസ്ഥാനമായിപ്പോലും സി.പി.ഐയെ പരിഗണിച്ചില്ല. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മാതൃസ്ഥാനമാണ് സി.പി.ഐക്കുള്ളത്. അതില്‍നിന്ന് ഭിന്നിച്ചുപോന്നവരാണ് ബ്രായ്ക്കറ്റില്‍ മാര്‍ക്‌സിന്റെ പേരെഴുതി കഴിയുന്ന സി.പി.എം. അന്തരിച്ച കണിയാപുരം രാമചന്ദ്രന്‍ കൂടെക്കൂടെ പറഞ്ഞിരുന്ന ഒരു ഫലിതമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്നത് പ്രസവവാര്‍ഡ് ബ്രായ്ക്കറ്റില്‍ സ്ത്രീകള്‍ക്കു മാത്രം എന്ന് എഴുതി വയ്ക്കുന്നതുപോലാണത്രേ. കാര്യമൊക്കെ ശരി. പേരിന്റെ യുക്തി നോക്കിയല്ല അണികള്‍ ഏതു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചത്. ഇ.എം.എസ് അടക്കമുള്ള നേതാക്കള്‍പോലും അണികളുടെ ഒഴുക്കുനിരീക്ഷിച്ച് പിന്നാലെ സി.പി.എം നേതൃത്വത്തില്‍ എത്തി.
 
കേന്ദ്രീകൃത ജനാധിപത്യമെന്നും ജനകീയ ജനാധിപത്യമെന്നും രണ്ട് പ്രയോഗങ്ങള്‍ കണ്ടുപിടിച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ 48 കൊല്ലം രണ്ടുപാര്‍ട്ടികളായി തുടരുന്നു. കോണ്‍ഗ്രസിനോടുള്ള സമീപനത്തിലോ അടിസ്ഥാനനയപരിപാടികളിലോ കാലക്രമത്തില്‍ യാതൊരുവ്യത്യാസവും തോന്നാത്തതരത്തില്‍ ഇരുകൂട്ടരും പ്രവര്‍ത്തിക്കുന്നു. എങ്കിലും ഐക്യം മാത്രം നടക്കുന്നില്ല. അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ ബീവികൂടി മനസ്സുവയ്ക്കണം. അതിനാല്‍ കമ്യൂണിസ്റ്റ് ഐക്യമെന്ന കിനാവ് സി.പി.ഐ ഉപേക്ഷിച്ചതുപോലെ ഈയിടെ ബര്‍ധന്‍ സംസാരിച്ചു.സി.പി.ഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത മാര്‍ച്ച് 21 മുതല്‍ ബീഹാറിലെ പാട്‌നയില്‍ നടക്കാന്‍ പോകുന്നു. ബര്‍ധന്‍ ജനറല്‍ സെക്രട്ടറി പദം ഒഴിയുകയാണ്. ഡാങ്കെ പക്ഷക്കാരനായ ഡപ്യൂട്ടി സെക്രട്ടറി എസ്. സുധാകര റഡ്ഡി അടുത്ത ജനറല്‍ സെക്രട്ടറിയാകാനാണ് സാധ്യത. ഇടതുപക്ഷത്തിന്റെ ഘടനതന്നെ സമൂലമായി മാറാന്‍പോകുന്നതിന്റെ സൂചനയാണ് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും സി.പി.ഐ അണികള്‍ക്കു ലഭിക്കുന്ന സൂചന. ഇടുക്കി ജില്ലയിലെ സി.പി.ഐ സമ്മേളനത്തില്‍ വായിക്കാന്‍ തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസുമായി പാര്‍ട്ടി ധാരണയുണ്ടാക്കണമെന്ന വാചകം നേതാക്കള്‍ നീക്കം ചെയ്യിച്ചു. അത്രത്തോളം ആവേശത്തിന് സമയമായില്ല. എങ്കിലും സി.പി.എമ്മുമായി പൊരുത്തപ്പെട്ടു പോകാനാവാത്തവിധം അകന്നുകഴിഞ്ഞ അണികളെ നേതാക്കള്‍ കൈവെടിയുമോ?
 
തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന സമ്മേളനം ചേരുന്ന ഫെബ്രുവരി ഏഴുമുതല്‍ പത്തുവരെയുള്ള തീയതികളില്‍ സി.പി.ഐ സംസ്ഥാന സമ്മേളനവും കൊല്ലത്തു നടക്കുന്നു. ഒരേ ദിവസം അടുത്തടുത്ത ജില്ലകളില്‍ രണ്ടു ഇടതുപാര്‍ട്ടികളും സംസ്ഥാന സമ്മേളനം നടത്തുന്നതിന് നേതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തുന്നുണ്ട്. സി.കെ. ചന്ദ്രപ്പന് പിണറായി വിജയനെക്കാള്‍ മികച്ച ഒരു തലയുണ്ട്. പിണറായി വിജയന് സി.കെ. ചന്ദ്രപ്പനെക്കാള്‍ വലിയ വാലുണ്ട്. പക്ഷേ തലയിരിക്കുമ്പോള്‍ വാല് ആടരുതെന്നും മറിച്ചും പരസ്പരം പറഞ്ഞുകൊണ്ട് ഇരുവര്‍ക്കും ഏറെക്കാലം ഇടതുമുന്നണിയില്‍ തുടര്‍ന്നുപോകാന്‍ കഴിയില്ല. 

No comments:

Post a Comment

Note: Only a member of this blog may post a comment.