കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ലൗ ജിഹാദ് സംഭവത്തെക്കുറിച്ച് അമേരിക്ക സ്വന്തംനിലയില്‍ അന്വേഷണം നടത്തിയെന്നും ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സല്‍ യുഎസിലേക്ക് അയച്ച കേബിള്‍ രേഖകളില്‍ വ്യക്തമാക്കുന്നു. വിവാദത്തിന്റെ നിജസ്ഥിതി അറിയാന്‍ യുഎസ് അധികൃതര്‍ ചില ക്രിസ്തീയ സംഘടനകളെ സമീപിച്ചിരുന്നതായി കോണ്‍സല്‍ ജനറല്‍ ആന്‍ഡ്രൂ സിംകിന്‍ അയച്ച കേബിളില്‍ പറയുന്നുണ്ട്. തെക്കേ ഇന്ത്യയില്‍ ഹിന്ദു, ക്രിസ്ത്യന്‍ യുവതികളെ വശീകരിച്ച് വിവാഹം കഴിച്ചതിനുശേഷം മതംമാറ്റാന്‍ വിദേശ ധനസഹായത്തോടെ വന്‍ ഗൂഢാലോചന നടന്നതായുള്ള ആരോപണങ്ങളെക്കുറിച്ച് സംസ്ഥാനതല അന്വേഷണങ്ങള്‍ നടന്ന പശ്ചാത്തലത്തിലായിരുന്നു അമേരിക്കയുടെ വസ്തുതാ പഠനം. 2009 സെപ്തംബറില്‍ രണ്ട് കോളേജ് വിദ്യാര്‍ത്ഥിനികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് ലൗ ജിഹാദ് മാദ്ധ്യമശ്രദ്ധയില്‍ വന്നതെന്നും എന്നാല്‍ ഇത്തരമൊരു സംഘടനയില്ലെന്നാണ് ഡി.ജി.പിയുടെ കണ്ടെത്തലെന്നും കേബിളിലുണ്ട്.
കേരളത്തില്‍ 2868 പെണ്‍കുട്ടികളെ മതംമാറ്റത്തിന്റെ ഇരകളാക്കിയിട്ടുണ്ടെന്ന് കെ.സി.ബി.സിയുടെ മതസൗഹാര്‍ദ്ദ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്നാണ് ഗേ്‌ളാബല്‍ കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് ഡോ. സാജന്‍ കെ. ജോര്‍ജിനെ കോണ്‍സല്‍ അധികൃതര്‍ കണ്ടത്. ഇത്തരം നിരവധി സംഭവങ്ങള്‍ അറിയാമെന്നും മതസൗഹാര്‍ദ്ദം തകരുമെന്ന ശങ്കമൂലമാണ് പ്രതികരിക്കാത്തതെന്നുമാണ് സാജന്‍ ജോര്‍ജ് അറിയിച്ചത്. കേരളത്തില്‍ യുഎസ് നിക്ഷേപത്തിന് വി.എസ് അച്യുതാനന്ദനും പിണറായി വിജയനും തോമസ് ഐസകും എംഎ ബേബിയും ഉള്‍പ്പെടെയുള്ളവര്‍ യു.എസ് നേതൃത്വത്തെ സമീപിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. വിദേശ നിക്ഷേപത്തിനായാണ് അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുമായി ര്‍ച്ച നടന്നത്. പാര്‍ട്ടിയുടെ അമേരിക്കന്‍ വിരോധത്തിന്റെയും സാമ്രാജ്യത്വവിരുദ്ധ നിലപാടിന്റെയും വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തലാണ് ഇതുവഴി പരസ്യമായതെന്നു മറ്റൊരു കാര്യം.
2008 ഓഗസ്തില്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ കൗണ്‍സിലറും യു.എസ്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരും സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, അന്ന് മന്ത്രിമാരായിരുന്ന ഡോ.തോമസ് ഐസക്, എം.എ. ബേബി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ സംഘം പിന്നീട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി എന്നിവരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. താന്‍ ആയുര്‍വേദ ചികിത്സയിലാണെന്ന കാരണം പറഞ്ഞ് അമേരിക്കന്‍ സംഘത്തെ കാണാന്‍ ആദ്യം വൈമുഖ്യം കാട്ടിയ വി.എസ്. ഒടുവില്‍ കൂടിക്കാഴ്ചയ്ക്ക് സമ്മതിക്കുകയായിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അമേരിക്കന്‍ സഹകരണം സി.പി.എം. നേതൃത്വം ആവശ്യപ്പെട്ടുവെന്ന മട്ടിലുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കന്‍ പ്രതിനിധികളെ കേരളത്തിലെ സി.പി.എം. നേതാക്കള്‍ കണ്ടതില്‍ തെറ്റില്ലെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, പാര്‍ട്ടി സമ്മേളന ചര്‍ച്ചകളില്‍ അമേരിക്കയോടുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ സഹായാഭ്യര്‍ഥന പ്രധാന ചര്‍ച്ചാവിഷയമായി മാറുമെന്നകാര്യം ഉറപ്പാണ്. സി.പി.എമ്മിന്റെ പാര്‍ട്ടി പരിപാടിക്കും കാഴ്ചപ്പാടിനും അനുസൃതമായാണ് ചര്‍ച്ചകള്‍ നടത്തിയതെന്ന വാദമാണ് സി.പി.എം. നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്നത്.
ഐ.ടി, ബയോ ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ വിദേശ നിക്ഷേപമാകാമെന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും സി.പി.എം. നേതാക്കള്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍, കൊക്കോകോളയ്‌ക്കെതിരെ പ്ലാച്ചിമട നിവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ബഹുജനങ്ങളും നടത്തിയ സമരത്തെ ഒരു പ്രാദേശിക പ്രശ്‌നമായി അമേരിക്കന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിശേഷിപ്പിച്ചത് എന്തിനാണെന്നുകൂടി സി.പി.എം. ഇനി വിശദീകരിക്കേണ്ടിവരും. പ്ലാച്ചിമടയിലെ സമരം പ്രാദേശിക പ്രശ്‌നമാണെന്ന് പിണറായി ചര്‍ച്ചയില്‍ പറഞ്ഞതായുള്ള 'വിക്കിലീക്‌സ്' വെളിപ്പെടുത്തല്‍ പാര്‍ട്ടിക്കുള്ളില്‍ വിവാദമാക്കാന്‍ വി.എസ്.തന്നെ ശ്രമിക്കുമെന്നാണ് സൂചന.
പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധസമരം പ്രാദേശിക പ്രശ്‌നമാണെന്ന് പറയാന്‍ പാര്‍ട്ടി സെക്രട്ടറിക്കാകില്ലെന്ന വി.എസിന്റെ പ്രഖ്യാപനം ഈ ദിശയിലുള്ള സൂചനയാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിനും കോണ്‍ഗ്രസ് നേതൃത്വത്തിലെ ഉന്നതര്‍ക്കുമെതിരെ വിക്കിലീക്‌സ് വെളിപ്പെടുത്തലുകള്‍ ആദ്യം ഉണ്ടായപ്പോള്‍ അത് ആയുധമാക്കി രംഗത്തുവന്ന പാര്‍ട്ടിയാണ് സി.പി.എം. ആ നിലയ്ക്ക് വിക്കിലീക്‌സിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ തള്ളാനും കൊള്ളാനുമാവാത്ത നിലയിലാണ് പാര്‍ട്ടി നേതൃത്വം. വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്ത് കേരളത്തിന്റെ വ്യാവസായികരംഗം ഊര്‍ജസ്വലമാകാനിടയില്ലെന്ന് അമേരിക്ക നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ വിലയിരുത്തിയിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെയും മന്ത്രിസഭയിലെയും ചേരിപ്പോര് തീരുമാനങ്ങള്‍ വൈകിക്കുമെന്നും അവര്‍ വിലയിരുത്തി. അച്യുതാനന്ദന്റെ പൂര്‍വകാല ചരിത്രവും സി.പി. എമ്മില്‍ അന്ന് നിലനിന്നിരുന്ന ഗ്രൂപ്പ് പോരും മറ്റും വിലയിരുത്തി ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി വഴി അയച്ച കേബിളിലാണ് ഈ നിരീക്ഷണങ്ങള്‍ ഉള്ളത്.
എത്രമാത്രം സൂക്ഷ്മവും അതേസമയം വിശദവുമായിട്ടാണ് കേരളത്തിലെ രാഷ്ട്രീയ ചലനങ്ങള്‍ അമേരിക്ക നിരീക്ഷിക്കുന്നതെന്ന വിവരം അമ്പരപ്പിക്കുന്നതാണ്. കേരളത്തെക്കുറിച്ച് നൂറുകണക്കിന് റിപ്പോര്‍ട്ടുകളാണ് ചെന്നൈ കോണ്‍സുലേറ്റ് അമേരിക്കയിലേക്ക് അയച്ചിട്ടുള്ളത്. പശ്ചിമബംഗാളിലെ സി.പി.എം മുഖ്യമന്ത്രിക്ക് കഴിഞ്ഞതുപോലെ വൃദ്ധനായ വി. എസ്. അച്യുതാനന്ദന് തന്റെ നിലപാടുകള്‍ മാറ്റാനാവുമോ എന്ന് റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ പ്രായോഗികതയും സാമ്പത്തിക യാഥാര്‍ത്ഥ്യബോധവും ഇല്ലാത്തയാളാണ് അച്യുതാനന്ദനെന്നും വിലയിരുത്തലുണ്ട്. അച്യുതാനന്ദന്‍ അധികാരമേറ്റ ഉടനാണ് റിപ്പോര്‍ട്ട് അയച്ചിട്ടുള്ളത്. എണ്‍പത്തിമൂന്നു വയസുള്ള, വളരെ കുറഞ്ഞ വിദ്യാഭ്യാസം മാത്രമുള്ള കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി കേരളത്തിലെ മുന്‍ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരില്‍ നിന്ന് വ്യത്യസ്തനാണെന്ന ആമുഖത്തോടെയാണ് റിപ്പോര്‍ട്ട് തുടങ്ങുന്നത്.
കുറഞ്ഞ ജാതിയായ ഈഴവ സമുദായത്തിലെ അംഗമായ അദ്ദേഹത്തിന് തൊഴിലാളി വര്‍ഗ പശ്ചാത്തലവുമുണ്ട്. ഉദാരവത്കരണത്തെയും സാമ്പത്തിക പരിഷ്‌കാരത്തെയും എതിര്‍ക്കുന്ന പാര്‍ട്ടിയിലെ വിഭാഗത്തെയാണ് അദ്ദേഹം നയിക്കുന്നത്. മന്ത്രിസഭയില്‍ അദ്ദേഹം എതിരാളികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഇംഗ്‌ളീഷ് അദ്ദേഹത്തിന് കമ്മിയാണ്. എങ്കിലും പറഞ്ഞാല്‍ മനസിലാവും. ബുദ്ധിമുട്ടി താണ തലത്തില്‍ കുറച്ചു സംസാരിക്കാനുമറിയാം. വിദേശികളുമായി ദീര്‍ഘമായി സംസാരിക്കാനോ കുശലം പറയാനോ ബുദ്ധിമുട്ടുണ്ട്. 1994ല്‍ ഒരിക്കല്‍ അമേരിക്കന്‍ കോണ്‍സല്‍ ജനറലുമായി അഭിമുഖത്തിന് തയ്യാറായെങ്കിലും കാരണമൊന്നും പറയാതെ അത് റദ്ദ് ചെയ്തു. എണ്‍പത്തിമൂന്നുകാരനായ വി.എസിന് നല്ല ആരോഗ്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹം യോഗ ചെയ്യുന്നുണ്ട്. ആഹാരത്തിലും നല്ല നിയന്ത്രണം. രാവിലെ അഞ്ചു മണിക്ക് ഉണരും. അര്‍ദ്ധരാത്രിയാണ് ഉറങ്ങാന്‍ പോകുന്നതെന്നാണ് രേഖയില്‍. അച്യുതാനന്ദന്റെ ജനനം മുതല്‍ മുഖ്യമന്ത്രി പദത്തിലെത്തിയതുവരെയും ജീവചരിത്രം വളരെ വിശദമായി റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുണ്ട്.
ചെത്തുകാരുടെ ഈഴവ സമുദായത്തിലാണ് 1923 ഒക്‌ടോബര്‍ 20ന് ജനനം. നാലാം വയസില്‍ അമ്മയും 11-ാം വയസില്‍ അച്ഛനും നഷ്ടപ്പെട്ടു. ഏഴാം ക്‌ളാസില്‍ പഠനം നിറുത്തി തയ്യല്‍പ്പണി തുടങ്ങിയ അദ്ദേഹം കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതും പുന്നപ്ര വയലാര്‍ പോരാട്ടത്തില്‍ പങ്കെടുത്തതുമെല്ലാം റിപ്പോര്‍ട്ടിലുണ്ട്. എട്ടുതവണ നിയമസഭയിലേക്ക് മത്സരിച്ച് അഞ്ചുതവണ വിജയിച്ച അദ്ദേഹത്തെ പാര്‍ട്ടി കാലുവാരിയതും റിപ്പോര്‍ട്ടിലുണ്ട്. മൂന്നു തവണ മുഖ്യമന്ത്രി പദം കൈയില്‍ നിന്ന് വഴുതിപ്പോയി. പാര്‍ട്ടി വിജയിക്കുമ്പോള്‍ അദ്ദേഹം തോല്ക്കും, അദ്ദേഹം വിജയിക്കുമ്പോള്‍ പാര്‍ട്ടി തോല്ക്കും. 2001 മുതല്‍ 2006 വരെ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് അഴിമതിക്കെതിരെയും രാഷ്ട്രീയ അധാര്‍മ്മികതയ്‌ക്കെതിരെയും ഏകനായി കുരിശുയുദ്ധം നയിച്ചു എന്ന പ്രതിച്ഛായയാണ് അദ്ദേഹത്തിന് ജനസ്വാധീനം നേടിക്കൊടുത്തത്.
സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അദ്ദേഹം നടത്തിയ ആക്രമണങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചു. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കുന്നതിന് ശ്രമിച്ച സി.പി.എം നേതാക്കള്‍ക്കെതിരെയുള്ള ആക്രമണം റിപ്പോര്‍ട്ടില്‍ ഉദാഹരണമായി പറയുന്നുമുണ്ട്. ലാവ്‌ലിന്‍ കേസില്‍ സ്വന്തം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ പിന്തുണച്ചുമില്ല. പാലക്കാട്ടെ കൊക്കകോള കമ്പനിക്കെതിരെ കടുത്ത നിലപാടാണ് വി.എസ് സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പലതവണ പറയുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അച്യുതാനന്ദന് സീറ്റ് നിഷേധിച്ചതും തുടര്‍ന്ന് സംസ്ഥാനത്ത് പ്രകടനങ്ങള്‍ നടന്നതും പാര്‍ട്ടി പോളിറ്റ് ബ്യൂറോ ഇടപെട്ടതും സീറ്റ് നല്‍കിയതുമെല്ലാം റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു.
പിന്നീട് മുഖ്യമന്ത്രിയായെങ്കിലും ആഭ്യന്തര വകുപ്പ് പാര്‍ട്ടി അദ്ദേഹത്തിന് നല്‍കിയില്ല. വിജിലന്‍സ് വകുപ്പ് അദ്ദേഹത്തിന് വിട്ടുകൊടുക്കേണ്ടിവന്നു. എല്ലാ പരിഷ്‌കാരത്തെയും വികസനത്തെയും എതിര്‍ക്കുന്ന ആളാണ് അച്യുതാനന്ദന്‍. സിദ്ധാന്തപരമായ പ്രാചീന കാലഘട്ടത്തിലാണ് അദ്ദേഹമെന്നാണ് എതിരാളികള്‍ പറയുന്നത്. എ.ഡി.ബി വായ്പയെ ശക്തമായി വി.എസ് എതിര്‍ത്തത് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. അധികാരത്തില്‍ വന്നാല്‍ വായ്പ തിരിച്ചടയ്ക്കുകയില്ലെന്നുപോലും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയെയും വി. എസ് എതിര്‍ത്തു എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രത്യയശാസ്ത്ര പരിശുദ്ധി ലക്ഷ്യമിട്ട് സി.പി.എം നടപ്പാക്കിയ തെറ്റുതിരുത്തല്‍ നടപടികള്‍ പാര്‍ട്ടിയുടെ ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.
പി. അബ്ദുള്ളക്കുട്ടി, മനോജ് കുരിശിങ്കല്‍ എന്നീ മുന്‍ എം.പിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിയുടെ മതവിശ്വാസനിലപാടിനെ ചോദ്യംചെയ്ത് പുറത്തുപോയിരുന്നു. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂക്കുകുത്തി വീണതിനെ തുടര്‍ന്നാണ് 2011ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് തെറ്റുതിരുത്തല്‍ നടപടികള്‍ സി.പി. എം പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് നാടകീയമായ വഴിത്തിരിവുണ്ടാക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ. സി.പി. എമ്മിന്റെ രണ്ട് പരമ്പരാഗത ശക്തികേന്ദ്രങ്ങളായ കേരളവും ബംഗാളും ഇതിലൂടെ അധികാരം നിലനിറുത്തുമെന്നായിരുന്നു വിശ്വാസം.
മതാധിഷ്ഠിത മനസ്‌സുള്ള കേരളീയരെ തെറ്റുതിരുത്തല്‍ രേഖയുടെ പേരിലുള്ള ഏറ്റുമുട്ടല്‍ പാര്‍ട്ടിക്കെതിരാക്കുകയായിരുന്നുവെന്നാണ് അമേരിക്കന്‍ കോണ്‍സല്‍ ജനറലിന്റെ വിലയിരുത്തല്‍. പ്രത്യേകിച്ചും മുസ്‌ളിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പാര്‍ട്ടിയോട് വലിയതോതില്‍ അകലാനാണ് അതിടയാക്കിയത്. എന്നാല്‍, ഹിന്ദുവിഭാഗത്തിന്റെ നല്ല പിന്തുണ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കിട്ടാനാണ് സാദ്ധ്യതയെന്നും വിക്കിലീക്ക്‌സ് രേഖകളില്‍ കോണ്‍സലേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിലെ കത്തോലിക്കരുടെ പള്ളികളില്‍ ഇടയലേഖനം ഇത്തവണയും വായിച്ചു. നിരീശ്വരവാദികള്‍ക്കും ഏറ്റുമുട്ടല്‍ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കെതിരെയും പ്രതികരിക്കാനായിരുന്നു അതില്‍ ആഹ്വാനം ചെയ്തിരുന്നത്. വിശ്വാസികള്‍ അതനുസരിച്ച് ഇടതുപക്ഷത്തിനെതിരെ വോട്ടുചെയ്യുകയായിരുന്നുവെന്ന് കോണ്‍സലേറ്റ് ജനറല്‍ അമേരിക്കയിലേക്കയച്ച രേഖകളില്‍ പറയുന്നു.
തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് ഏതാനും ആഴ്ചകള്‍ക്കു മുമ്പുപോലും സി.പി. എമ്മും കത്തോലിക്കാസഭയും ഏറ്റുമുട്ടിയത് അവര്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കൊക്കകോള കമ്പനിക്കെതിരെ പാലക്കാടുണ്ടായ പ്രശ്‌നങ്ങള്‍ അമേരിക്കന്‍ കമ്പനികളുടെ കേരളത്തിലേക്കുള്ള വരവിന് തടസമാകരുതെന്ന് പിണറായി പറഞ്ഞതായും ഹോപ്പര്‍ അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 'കൊക്കകോള പ്രശ്‌നം അമേരിക്കന്‍ കമ്പനിക്കെതിരായതല്ല. അത് പ്രാദേശിക പ്രശ്‌നമാണ്. 'ഒരു പാരിസ്ഥിതിക പ്രശ്‌നം' എന്ന് പിണറായി വാദിച്ചതായാണ് അമേരിക്കന്‍ എംബസിയുടെ റിപ്പോര്‍ട്ട്. മാത്രമല്ല വിദേശഫണ്ടിനുവേണ്ടിയുള്ള സി.പി.എം നേതാക്കളുടെ തുറന്ന സമീപനം തങ്ങളെ അദ്ഭുതപ്പെടുത്തിയതായും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍നിന്ന് നേരിട്ടുള്ള നിക്ഷേപത്തിന് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വാദമുഖങ്ങള്‍ നിരത്തി. കമ്മ്യൂണിസ്റ്റുപാര്‍ട്ടി വിദേശ നിക്ഷേപത്തെ അനുകൂലിക്കുമോ എന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ 'ഫിഡല്‍ കാസ്‌ട്രോ പോലും വിദേശ നിക്ഷേപം ആഗ്രഹിച്ചിരുന്നുവെന്ന്' എം.എ. ബേബി മറുപടി നല്‍കിയെന്നാണ് രേഖ. 'നിങ്ങളുടെ സര്‍ക്കാരിന്റെ നിയന്ത്രണം കാരണമാണ് അദ്ദേഹം മടിക്കുന്ന'തെന്ന് ബേബി കൂട്ടിച്ചേര്‍ക്കുകയും ചെയ്തുവത്രേ. മാത്രമല്ല ലെനിനിസ്റ്റ് സാമ്പത്തിക തത്വങ്ങള്‍ വിദേശ നിക്ഷേപത്തിന് അനുകൂലമാണെന്ന് അമേരിക്കന്‍ പൊളിറ്റിക്കല്‍ കോണ്‍സലിനെ ബോദ്ധ്യപ്പെടുത്താന്‍ ബേബി ശ്രമിച്ചതായും രേഖയിലുണ്ട്. വിദേശനിക്ഷേപത്തിനായി തോമസ് ഐസക്കും ശക്തമായി വാദിച്ചു. നയതന്ത്ര പ്രതിനിധികളുമായുള്ള സംഭാഷണം അവസാനിച്ചപ്പോള്‍ പൊളിറ്റിക്കല്‍ കോണ്‍സലിനെ വിളിച്ച് മാറ്റിനിറുത്തി അമേരിക്കന്‍ കമ്പനികളെ ചര്‍ച്ചയ്ക്കായി തന്റെ അടുത്ത് അയയ്ക്കണമെന്ന് ഐസക് അഭ്യര്‍ത്ഥിച്ചതായും രേഖകളില്‍ പറയുന്നു.
എന്നാല്‍ ഐസക്കിനെ അങ്ങനെ വിശ്വസിക്കേണ്ടതില്ലെന്നാണ് അമേരിക്കന്‍ നയതന്ത്രജ്ഞരുടെ നിഗമനം. കാരണം അദ്ദേഹം കൊക്കകോള വിരുദ്ധ സമരത്തില്‍ മുന്‍പന്തിയില്‍ നിന്നയാളാണ്. കടുത്ത സൈദ്ധാന്തിക വാശിക്കാരനും യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റുകാരനുമായ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ആയുര്‍വേദ ചികിത്സയുടെ പേരില്‍ ഒരിക്കല്‍ അമേരിക്കന്‍ പ്രതിനിധിയെ കാണാന്‍ വിസമ്മതിച്ചു എങ്കിലും പിന്നീട് കണ്ടു എന്ന് രേഖകളില്‍ പറയുന്നു. 2008 ആഗസ്റ്റ് 29 ന് അമേരിക്കയുടെ പ്രിന്‍സിപ്പല്‍ ഓഫീസര്‍ ആന്‍ഡ്രൂ സിംകിന്‍ ആണ് തിരുവനന്തപുരത്തുവച്ച് മുഖ്യമന്ത്രിയെ കണ്ടത്. പത്രക്കാരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും വന്‍ സംഘത്തെയും മുഖ്യമന്ത്രി അപ്പോള്‍ ക്ഷണിച്ചിരുന്നു. ടൂറിസം, ബയോടെക്‌നോളജി, ഐ.ടി മേഖലകളില്‍ വിദേശനിക്ഷേപമാകാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. യാഥാസ്ഥിതികനായ മുഖ്യമന്ത്രിയില്‍ വന്ന മാറ്റം കേരളം പുതിയ വഴിയിലൂടെ സഞ്ചരിക്കാനാഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സെനറ്റര്‍ ആര്‍ലെന്‍ സ്‌പെക്ടറും കോണ്‍സല്‍ ജനറലിനൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പാര്‍ട്ടി നിലപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തതായും കേബിളുകളില്‍ പറയുന്നുണ്ട്. അതേസമയം അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന വിക്കീലീക്‌സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തോമസ് ഐസക്ക്. ചര്‍ച്ച നടത്തിയെന്നത് ശരിയാണെന്നും സ്വകാര്യ നിക്ഷേപത്തിന് പാര്‍ട്ടി പൂര്‍ണ്ണമായും എതിരല്ലെന്നുമാണ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തോമസ് ഐസക് പറഞ്ഞത്. ചര്‍ച്ച പാര്‍ട്ടി നയരേഖയുടെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നുവെന്നും ഐസക് വ്യക്തമാക്കി. എന്നാല്‍ കൊക്കക്കോളയ്‌ക്കെതിരെ കേരളത്തില്‍ നടക്കുന്ന സമരം വെറും പ്രാദേശികമാണെന്നും അതിനെ കാര്യമായി എടുക്കേണ്ടതില്ലെന്നും ഐസക്ക് പറഞ്ഞതായി വിക്കീലീക്‌സ് വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ഐസക്ക് നിഷേധിച്ചു.
യുഎസ് നയതന്ത്ര പ്രതിനിധികളുമായി താന്‍ ഇരുവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും സ്ഥിരീകരിച്ചു. യുഎസ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇറാഖില്‍ അവര്‍ സ്ഥീകരിച്ച നിലപാടിനെ പരിഹസിച്ചെന്നും അദ്ദേഹം പറഞ്ഞു. ചെറുരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന ശ്രമങ്ങളെയാണ് അന്ന് ചര്‍ച്ചയില്‍ പരിഹസിച്ചത്. പിന്നെ ഒരു കൂടിക്കാഴ്ച ഉണ്ടായിട്ടില്ല. തോമസ് ഐസക്കുമായോ എംഎ ബേബിയുമായോ അവര്‍ കൂടിക്കാഴ്ച നടത്തിയോ എന്ന് തനിക്കറിയില്ല. ലോകവ്യാപകമായി എന്‍ഡോസള്‍ഫാനെ എതിര്‍ത്തുകൊണ്ട് അഭിപ്രായം വരുമ്പോള്‍ കേരളത്തില്‍ നിന്ന് തന്നെ എന്‍ഡോസള്‍ഫാന് അനുകൂലമായ ഒരു ഉദാഹരണം ഉണ്ടാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിക്കിലിക്‌സ് രേഖകളെന്ന് വി.എസ്. പറഞ്ഞു
No comments:
Post a Comment
Note: Only a member of this blog may post a comment.