എവിടെ ലൈഫ്‌ബോയ് ഉണ്ടോ! അവിടെ ആരോഗ്യമുണ്ട്!. ലൈഫ് ബോയ് സോപ്പിന്റെ പ്രശസ്തമായ പഴയ പരസ്യവാചകം ഇന്നലെ സഭയില്‍ കേട്ടത് കെ. മുരളീധരന്റെ നാവില്‍ നിന്നാണ്. പരസ്യവാചകത്തിന് മുരളീധരന്‍ ചെറിയൊരു ഭേദഗതിയും വരുത്തി. എവിടെ ബ്രാഞ്ച് സമ്മേളനമുണ്ടോ! അവിടെ അടിപിടിയുണ്ട്!.
ഇപ്പോള്‍ നടന്നുവരുന്ന സി.പി.എം സംഘടനാ സമ്മേളനത്തെക്കുറിച്ച് കെ. മുരളീധരന്റെ നിരീക്ഷണം ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെ ചിരിയുടെ അമിട്ടുപൊട്ടിച്ചു. കുഞ്ഞാലിക്കുട്ടിയെയും ബാലകൃഷ്ണപിള്ളയെയും കുറിച്ച് പറയുമ്പോള്‍ വി.എസ് അച്യുതാനന്ദന് നൂറുനാവാണ്. പക്ഷെ സ്വന്തം മകനെ ഐ.സി.ടി അക്കാദമി ഡയറക്ടറായി നിയമിച്ചതിനെക്കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോള്‍ മിണ്ടാട്ടമില്ല. സ്വന്തം കാര്യം വരുമ്പോള്‍ എല്ലാ ആദര്‍ശവും മാറ്റിവെയ്ക്കുന്നയാളാണ് അച്യുതാനന്ദനെന്ന കാര്യത്തിലും മുരളീധരന് സംശയമില്ല. കാനനചോലയില്‍ ആടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെയെന്ന് ചോദിക്കുന്നവരല്ല പ്രതിപക്ഷം. അങ്ങനെ ചോദിച്ചില്ലെങ്കിലും ഭരണപക്ഷം എല്ലാം അറിഞ്ഞു ചെയ്‌തോണം. മുഖ്യമന്ത്രിയും മന്ത്രിമാരും ദല്‍ഹിയില്‍ പോയപ്പോള്‍ കൂടെക്കൂട്ടാത്തതിന്റെ പരിഭവം ഇ.പി ജയരാജന്‍ സഭയില്‍ പറഞ്ഞത് ഏതാണ്ടിങ്ങനെയാണ്. കൊതിക്കെറുവ് പറയുന്നതാണെന്ന് തെറ്റിദ്ധരിച്ചാലോ എന്നു കരുതിയാകണം 'പ്രതിപക്ഷ സഹകരണം' എന്ന വാക്ക് ചിലയിടങ്ങളില്‍ ഉപയോഗിക്കാന്‍ ജയരാജന്‍ മറന്നില്ല. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി പ്രതിയാണെന്ന് ഇ.പി ജയരാജന്റെ നാവില്‍ നിന്ന് വീണതോടെ, ഭരണനിര സടകുടഞ്ഞെഴുന്നേറ്റു. ബെന്നി ബെഹനാനും ശിവദാസന്‍ നായരും ജയരാജനെതിരെ തിരിഞ്ഞു. ശിവദാസന്‍ നായര്‍ ഉന്നയിച്ച പോയിന്റ് ഓഫ് ഓര്‍ഡറില്‍ ജയരാജന്‍ പറഞ്ഞ വസ്തുതാ വിരുദ്ധമായ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കാമെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു.
മണിച്ചിത്രത്താഴിലെ നാഗവല്ലിയെ പോലെ എല്ലാനേതാക്കളെയും നോക്കി വിടമാട്ടെ വിടമാട്ടെ എന്നു പറയുന്ന പ്രതിപക്ഷ നേതാവിനെ പൊതുശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്നാണ് സി.പി മുഹമ്മദിന്റെ ആവശ്യം. 24 മണിക്കൂറും അന്യനെ കുളത്തിലാക്കാന്‍ ആഗ്രഹിക്കുന്ന വരട്ടുതത്വവാദിയാണ് അച്യുതാനന്ദനെന്നും പട്ടാമ്പി അംഗം തുറന്നടിച്ചു. വേശ്യയുടെ ചാരിത്ര്യപ്രസംഗവും കവലച്ചട്ടമ്പിയുടെ അഹിംസാ പ്രസംഗവും കേള്‍ക്കണമെങ്കില്‍ വി.എസിന്റെ ആദര്‍ശ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മതി. സന്തോഷ് മാധവന്‍, വെണ്ടര്‍ കുമാര്‍, സുരേഷ്‌കുമാര്‍, റൗഫ് എന്നിവരുമായാണ് അച്യുതാനന്ദന്റെ ചങ്ങാത്തം. ജസ്റ്റിസ് ബാലിയെ സുപ്രീംകോടതിയില്‍ നിയമിക്കാന്‍ വേണ്ടി കത്തെഴുതിയ വി.എസാണ് ഇപ്പോള്‍ ആദര്‍ശ പ്രസംഗം നടത്തുന്നത്. വെണ്ടര്‍ കുമാറുമായി നടത്തിയ ഗൂഢാലോചനയുടെ മുഴുവന്‍ വിവരങ്ങളും ഉടന്‍ പുറത്തുവരുമെന്ന മുന്നറിയിപ്പും സി.പി മുഹമ്മദ് അച്യുതാനന്ദന് നല്‍കി. റിയാലിറ്റി ഷോയിലെ വിധികര്‍ത്താവിനെപ്പോലെ ജി. സുധാകരന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക് മാര്‍ക്കിട്ടു. ആള്‍ക്കൂട്ടത്തില്‍ തനിയേ നില്‍ക്കുന്ന മുഖ്യമന്തി, വകുപ്പു വഴങ്ങാത്ത കെ ബാബു, ആലപ്പുഴ കുളമാക്കിയ അടൂര്‍പ്രകാശ്, പഞ്ചായത്തിനു പണം നല്‍കാത്ത മുനീര്‍, പാര്‍ലമെന്ററി എത്തിക്‌സ് അറിയാത്ത കെ.പി മോഹനന്‍, കുഴികളുടെ തോഴനായ ഇബ്രാഹിം കുഞ്ഞ്, സ്വര്‍ഗത്തില്‍ നിന്നു ഭൂമിയിലേക്ക് ഇറങ്ങിവന്നിട്ടില്ലാത്ത പി.ജെ ജോസഫ് എന്നിങ്ങനെ. അബ്ദുറബ്ബിനെ ഉപമിച്ചത് റബ്ബില്‍ ആലമീനായ തമ്പുരാനേയെന്നാണ്. ശിവ, ശിവയെന്ന് നാമം ചൊല്ലി ശിവകുമാറിനെയും അഭിസംബോധന ചെയ്തു. ഇതെല്ലാം കേട്ടുരസിച്ചെങ്കിലും ഏറ്റവുമൊടുവില്‍ ഉത്തരാധുനിക കവി കൂടിയായ സുധാകരന്‍ ആലപിച്ച കവിത കേട്ടപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ പോലും തലയില്‍ കൈവച്ചു പോയി. എല്‍.ഡി.എഫ് സര്‍ക്കാരിലെ എലിമിനേഷന്‍ റൗണ്ടില്‍ സുധാകരന് ദേവസ്വം വകുപ്പ് പോയി പകരം കയര്‍ വകുപ്പ് ഏറ്റെടുക്കേണ്ടിവന്ന ദുരവസ്ഥ ഇതിനിടെ പാലോടു രവി ചൂണ്ടിക്കാട്ടി.
അഴിമതിക്കാരുടെ ബ്ലാക്ക് ലിസ്റ്റുണ്ടാക്കണമെന്ന നിര്‍ദ്ദേശവും പാലോട് രവി മുന്നോട്ടുവെച്ചു. പഴയ കേസുകെട്ടുകളുമായി കോടതിവരാന്തകള്‍തോറും നിരങ്ങുന്നതല്ല പ്രതിപക്ഷനേതാവിന്റെ ജോലിയെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി പരിഹസിച്ചു. പാമൊലിന്‍ കേസില്‍ ആടിനെ പട്ടിയാക്കുന്ന സമീപനമാണു പ്രതിപക്ഷത്തിന്റേതെന്നു സണ്ണി ജോസഫ്. ഉമ്മന്‍ചാണ്ടി പ്രതിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ജഡ്ജിമാരെ ശുംഭന്‍മാരെന്നും കൊഞ്ഞാണന്‍മാരെന്നും വിളിക്കുന്നവരാണ് ഭരണപക്ഷത്തിനെതിരെ ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.120 ദിവസം കൊണ്ട് ആയിരം ദിനത്തിന്റെ പ്രയോജനം സംസ്ഥാനത്തിനുണ്ടായെന്ന കെ.മുരളീധരന്റെ പരാമര്‍ശം കേട്ടപ്പോള്‍ പ്രതിപക്ഷനിരയില്‍ നിന്ന് ചില കമന്റുകള്‍. ഒരിക്കല്‍ നിങ്ങളെന്നെ ട്രാക്ക് തെറ്റിച്ചതാണ്, ഇനിയും അതിന് ശ്രമിച്ചാല്‍ ഞാന്‍ വീഴില്ലെന്ന് മുരളീധരന്‍. കെ.എന്‍.എ ഖാദറും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വേഗതയ്ക്ക് നല്ല മാര്‍ക്കിട്ടു. വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു സര്‍വകക്ഷി യോഗങ്ങള്‍ വിളിക്കുന്നതിനു പകരം പ്രതിപക്ഷത്തെക്കൂടി ഉള്‍പ്പെടുത്തി സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നു കെ.എന്‍.എ. ഖാദര്‍ ആവശ്യപ്പെട്ടു. ആളുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കുന്നതില്‍ ശ്രീരാമകൃഷ്ണന് പരാതിയുണ്ട്. പരാതികള്‍ അതാത് മന്ത്രിമാര്‍ക്ക് നല്‍കിയാല്‍ പോരെ. എല്ലാ പ്രശ്‌നങ്ങളും മുഖ്യമന്ത്രിയുടെ മുന്നിലെത്തണമെന്നത് രാജഭരണത്തിന്റെ ഹാങ്ഓവറാണെന്നാണ് ശ്രീരാമകൃഷ്ണന്റെ പക്ഷം. കുഞ്ഞൂഞ്ഞും കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും ഒറ്റടീമായി മുന്നോട്ടുപോവുന്നതിന്റെ അസൂയയായാണ് പ്രതിപക്ഷ വിമര്‍ശനത്തെ സണ്ണിജോസഫ് കാണുന്നത്.
No comments:
Post a Comment
Note: Only a member of this blog may post a comment.