പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ കണക്കിന് പരിഹസിച്ച് ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും എം.പിയുമായ എം.ബി. രാജേഷ് രംഗത്തുവന്നു.
കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ ജില്ലാ കണ്‍വെന്‍ഷനിലാണ് രാജേഷ് വി.എസിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ചത്. സിപിഎം ഔദ്യോഗികപക്ഷത്തിന്റെ തട്ടകത്ത് വിഎസിനെ കടന്നാക്രമിച്ച് കൈയടി നേടിയ രാജേഷ് സംഗതി ചാനലുകള്‍ വിവാദമാക്കിയതോടെ മാധ്യമങ്ങള്‍ക്കെതിരേ കൊലവിളിയുമായി കളംമാറ്റിച്ചവിട്ടി. ചിലര്‍ എപ്പോഴും പി.കെ കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപിള്ളയ്ക്കുമെതിരെ പ്രസംഗിച്ചുനടക്കുന്നത് കൈയടി കിട്ടാനാണെന്നായിരുന്നു രാജേഷിന്റെ വിമര്‍ശനം. വിഎസിനെ ലക്ഷ്യം വെച്ചാണ് രാജേഷിന്റെ ഉള്‍പ്പാര്‍ട്ടി വിമര്‍ശനമെന്ന് വ്യക്തമാക്കിയ പ്രതിനിധികള്‍ കരഘോഷം മുഴക്കി. ആഗോളവല്‍ക്കരണ പ്രശ്‌നങ്ങളടക്കം പഠിക്കാന്‍ പ്രയാസമുള്ള വിഷയങ്ങള്‍ക്കുപിന്നാലെ പോകാതെ ഇത്തരത്തില്‍ കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപിള്ളയ്ക്കുമെതിരെ അല്‍പം എരിവും പുളിയും ചേര്‍ത്ത് പ്രസംഗിച്ചുനടന്നാല്‍ എളുപ്പത്തില്‍ കൈയടി കിട്ടുമെന്ന് തികഞ്ഞ പരിഹാസത്തോടെ രാജേഷ് ആവര്‍ത്തിച്ചു.
യുവാക്കളില്‍ ആവേശവും നൈമിഷകമായ ആഹ്ലാദവും ഉണ്ടാക്കാനും ഇത് സഹായിക്കും. എന്നാല്‍, ഇത് അധ്വാനമില്ലാത്ത പണിയും അരാഷ്ട്രീയ നടപടിയുമാണ്. യഥാര്‍ഥ പ്രശ്‌നങ്ങള്‍ തമസ്‌കരിക്കപ്പെടാനാണ് ഇത് കൂടുതലായി സഹായിക്കുകയെന്നും രാജേഷ് കണ്‍വെന്‍ഷനില്‍ കുറ്റപ്പെടുത്തി. എന്നാല്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ ഈ വാര്‍ത്ത നല്‍കിയതോടെ വിശദീകരണവുമായി എം.ബി. രാജേഷ് കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തി. വി.എസിനെ മനസ്സില്‍ ഉദ്ദേശിച്ചല്ല താന്‍ അങ്ങനെ പറഞ്ഞതെന്ന് രാജേഷ് വിശദീകരിച്ചെങ്കിലും കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപിള്ളക്കുമെതിരേ പ്രസംഗിച്ച് കൈയടി നേടുന്ന നേതാവാരെന്നു മാത്രം വ്യക്തമാക്കിയില്ല. താല്‍ക്കാലികമായി താല്‍പര്യം തോന്നുന്ന കാര്യങ്ങളില്‍ പ്രസംഗങ്ങള്‍ ഒതുങ്ങിപ്പോകുന്നുവെന്നു പറയാനായി കുഞ്ഞാലിക്കുട്ടി-ബാലകൃഷ്ണപിള്ള സംഭവങ്ങള്‍ ഉദാഹരിച്ചതാണെന്നും അതു വളച്ചൊടിച്ച മാധ്യമങ്ങള്‍ സംസ്‌കാരശൂന്യമായ പ്രവൃത്തിയാണു നടത്തിയതെന്നും പറഞ്ഞ രാജേഷിന്റെ കലിയത്രയും പിന്നീട് മാധ്യമങ്ങള്‍ക്കു നേരെയായി. വിവാദങ്ങളുടെ വ്യവസായം ഞങ്ങളുടെ ചെലവില്‍ വേണ്ട. പാര്‍ട്ടി സമ്മേളനങ്ങള്‍ മുന്നില്‍ കണ്ട് അറവുകത്തിക്കു മൂര്‍ച്ച കൂട്ടുകയാണു മാധ്യമങ്ങള്‍. മാധ്യമ ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നത്. സ്വയം അധ:പതനത്തിന്റെ ജീര്‍ണിച്ച രൂപമാണു കണ്ടതെന്നും രാജേഷ് കുറ്റപ്പെടുത്തി. കണ്ണൂരില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ശശിക്കെതിരേ പീഡനവിഷയത്തില്‍ പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അജിത്ത് കുമാറിനെ ഒഴിവാക്കി അഡ്വ. പി സന്തോഷ് കുമാറിനെ പുതിയ സെക്രട്ടറിയായും എന്‍.എം ഷംസീറിനെ പ്രസിഡന്റായും തിരഞ്ഞെടുത്തു.
No comments:
Post a Comment
Note: Only a member of this blog may post a comment.