Friday, September 2, 2011

സുതാര്യ സുന്ദരം ഭാവി കേരളം


ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം ചര്‍ച്ചകളിലൂടെ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ നേട്ടം തന്നെയാണ്. മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ പശ്ചാത്തല സൗകര്യങ്ങള്‍ അടിയന്തിരമായി വികസിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
നേരത്തെ അനുവദിച്ച 86 തസ്തികകളില്‍ നിയമനം നടത്തുന്നതിന് സത്വര നടപടികള്‍ സ്വീകരിച്ചു. എം.സി.സി.യിലെ പുതിയ കെട്ടിടം പൂര്‍ത്തിയാക്കുമ്പോള്‍ ബെഡ്ഡിന്റെ എണ്ണം 110 ല്‍ നിന്ന് 220 ആകുന്നതാണ്. ഇവിടെ ബി.എസ്.സി നഴ്‌സിംഗ് കോളേജും കുട്ടികളുടെ ക്യാന്‍സര്‍ വിഭാഗവും തുടങ്ങും. റേഡിയേഷന്‍ ചികിത്സയില്‍ ഏറ്റവും ആധുനികമായ ലീനിയര്‍ ആക്‌സിലേറ്റര്‍ മിഷന്‍ സ്ഥാപിക്കും. ആരോഗ്യമേഖലയില്‍ കേരളം നേരിടുന്ന വെല്ലുവിളികള്‍ പരിഗണിക്കുമ്പോള്‍ എത്ര മുതല്‍ മുടക്ക് ഈ രംഗത്തിറക്കിയാലും മതിയാവുകയില്ല.
 
പുതിയ രോഗങ്ങളുടെ തുടരെയുള്ള ആക്രമണം വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം ചെറുപ്പക്കാരെ പോലും പിടികൂടുന്ന ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയവയെല്ലാം അടിയന്തിരമായി പരിഗണനയിലെടുത്തുകൊണ്ടാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്. കേരളത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായുള്ള തര്‍ക്കം അനന്തമായി തുടര്‍ന്നുപോകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നാല് പുതിയ മെഡിക്കല്‍ കോളേജുകള്‍ കൊണ്ടുവരുവാനുള്ള തീരുമാനം വിപ്ലവകരമാണ്. ചികിത്സാ സൗകര്യത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ഇടുക്കി, മലപ്പുറം, കാസര്‍ഗോട്, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആന്ധ്രാപ്രദേശ് മാതൃകയില്‍ ഏതാശുപത്രിയിലും രണ്ടു ലക്ഷം രൂപയുടെ വരെ ചികിത്സ തേടാന്‍ ഉതകുന്ന രാജീവ് ആരോഗ്യശ്രീ പദ്ധതിയും സാധാരണക്കാര്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. ഇങ്ങനെ ആരോഗ്യരംഗത്ത് കേരളത്തിന് നഷ്ടപ്പെട്ട മുന്നേറ്റം തിരിച്ചുകൊണ്ടുവരുന്നതിനായി നിരവധി കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിച്ചുനടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സമഗ്രമായ ആരോഗ്യസംരക്ഷണപദ്ധതികളുടെ കുടക്കീഴില്‍ ആബാലവൃദ്ധം ജനങ്ങളേയും സുരക്ഷിതരായി നിര്‍ത്തുവാനുള്ള തീവ്രയജ്ഞത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
 
നൂറു ദിവസങ്ങള്‍ക്കുള്ളില്‍ പതിനാറില്‍പ്പരം വകുപ്പുകളിലായി നൂറില്‍പ്പരം പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ട് യു.ഡി.എഫ് ഗവണ്‍മെന്റ് അതിന്റെ പ്രഥമ വാഗ്ദാനം നിറവേറ്റിക്കഴിഞ്ഞു. നടപ്പിലാക്കിയ എല്ലാ കാര്യങ്ങളും ഇവിടെ വിശകലനം ചെയ്യുന്നില്ല. കേരളത്തിന്റ മുഖച്ഛായ തന്നെ മാറ്റിയ അഭിമാനകരമായ ചില പദ്ധതികളെക്കുറിച്ച് പരാമര്‍ശിക്കുകമാത്രമാണ് ചെയ്തത്. 
ഒരു വര്‍ഷംകൊണ്ട് നടപ്പാക്കാന്‍ പോകുന്ന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം മുഴുവന്‍ ഭരിച്ചിട്ടും വികസന മേഖലയില്‍ യാതൊന്നും ചെയ്തില്ല. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം നിയമസഭയ്ക്ക് മുമ്പാകെ അവതരിപ്പിച്ച 'വിഷന്‍-2010' മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളില്‍ ഒന്നുപോലും പ്രാവര്‍ത്തികമാക്കുവാന്‍ കഴിഞ്ഞില്ല. നിരവധി അഴിമതി ആരോപണങ്ങള്‍ സഭയ്ക്ക് പുറത്തും ഉയര്‍ത്തിയെങ്കിലും അവയില്‍ ഏതിലെങ്കിലും നടപടി സ്വീകരിക്കാന്‍ ഇടതുസര്‍ക്കാര്‍ കൂട്ടാക്കിയില്ല.എന്നാല്‍ അഴിമതിയ്‌ക്കെതിരെ സന്ധിയില്ലാ സമരവുമായാണ് യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ആദ്യ മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അഴിമതിക്കെതിരായ പടനീക്കമാരംഭിച്ചു. കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിനുള്ള എഴുത്തുപരീക്ഷയുടെ ഉത്തരക്കടലാസ് ഒളിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്തവരെ കണ്ടെത്താനുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ടായിരുന്നു തുടക്കം. എഴുത്തുപരീക്ഷയുടെ മാര്‍ക്കിന്റെ മൂല്യം കുറച്ചും ഇന്റര്‍വ്യൂവിന്റെ മാര്‍ക്ക് കൂട്ടിയും ഇടതുപക്ഷക്കാര്‍ സ്വന്തക്കാര്‍ക്ക് അസിസ്റ്റന്റ് ഗ്രേഡ് നിയമനം നല്‍കിയെന്ന ആക്ഷേപം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.