Wednesday, September 7, 2011

കേരള വികസനത്തിന് നാഴികക്കല്ലാകുന്ന കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതി


കേരളത്തിന്റെ സമഗ്ര വികസനത്തിന് നാഴികക്കല്ലാകുന്ന കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതി അതിവേഗം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഈ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്

ജലമാര്‍ഗ്ഗമുള്ള ചരക്കു ഗതാഗതത്തിന്റെ സാധ്യതകള്‍ അനന്തമാണ്. പതിനൊന്ന് വന്‍കിട തുറമുഖങ്ങളും 11 ഇടത്തരം തുറമുഖങ്ങളും 168 ചെറുകിട തുറമുഖങ്ങളുമുള്ള ഭാരതത്തിന് 6000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടല്‍ðത്തീരമുണ്ട്. ചരക്കു ഗതാഗതത്തിന്റെ ഗണ്യമായ പങ്കും കടല്‍ðമാര്‍ഗ്ഗം നടക്കുന്നതിനാല്‍ രാജ്യപുരോഗതിയില്‍ തുറമുഖങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. യാത്രാ കപ്പലുകളും ചരക്കു ഗതാഗതവും ഉള്‍പ്പെടെ കപ്പല്‍ ഗതാഗത രംഗത്ത് നമ്മുടെ തുറമുഖങ്ങള്‍ക്ക് നിര്‍ണ്ണായകമായ സാദ്ധ്യതകളാണുള്ളത്. 590 കി.മി. ദൈര്‍ഘ്യമുള്ള കടല്‍ത്തീരം കേരളത്തിനുണ്ട്്. കൊച്ചിയില്‍ ഒരു മേജര്‍ തുറമുഖവും കൂടാതെ 17 തുറമുഖങ്ങളും കേരളത്തിലുണ്ട്. ഭൂമിശാസ്ത്രപരമായി അന്തര്‍ദേശീയ കപ്പല്‍ ഗതാഗത മാര്‍ഗ്ഗത്തിന് സമീപമാണ് കേരളത്തിന്റെ സ്ഥാനം. അതിനാല്‍ത്തന്നെ ഇന്ത്യയുടെ കാര്‍ഷിക-വാണിജ്യ-വ്യാപാര-വ്യവസായ മേഖലകളില്‍ വികസനം കൈവരിക്കാനുതകുന്ന സംഭാവന ചെയ്യുവാന്‍ ഈ തുറമുഖങ്ങള്‍ക്കു കഴിയുമെന്ന് കരുതപ്പെടുന്നു. കൊച്ചി തുറമുഖം വഴിയുള്ള ചരക്കു ഗതാഗതം കഴിഞ്ഞ വര്‍ഷം 154.94 ലക്ഷം ടണ്‍ ആയിരുന്നത് 12.52% വര്‍ദ്ധിച്ച് 174.29 ലക്ഷം ടണ്‍ ആയി.
 
വിദേശത്തേയ്ക്കുള്ള ചരക്കു ഗതാഗതത്തില്‍ 11.08% വര്‍ദ്ധനയും തീരദേശ കാര്‍ഗോ ട്രാഫിക് 47.98 ലക്ഷം ടണ്ണില്‍നിന്ന് 15.63% വര്‍ധിച്ച് 55.48 ലക്ഷം ടണ്ണായും ഉയര്‍ന്നു.ഈ സാഹചര്യത്തിലാണ് കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതിയുടെ പ്രാധാന്യം. ചെറുതും വലുതുമായ തുറമുഖങ്ങളെ ബന്ധപ്പെടുത്തി ചെറുകിട കപ്പലുകള്‍ വഴി ചരക്കു കടത്തുക, ജലമാര്‍ഗ്ഗമുളള ചരക്കു ഗതാഗതം വര്‍ദ്ധിപ്പിക്കുക, തുറമുഖങ്ങളുടെ വികസനത്തിന് ഊന്നല്‍നല്‍കി തീരദേശ കപ്പല്‍ ഗതാഗതത്തിന് പ്രചോദനം നല്‍കുക എന്നിവയാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ കരമാര്‍ഗ്ഗമുള്ള ചരക്കു ഗതാഗതത്തിന്റെ 20% എങ്കിലും ജലമാര്‍ഗ്ഗം കൈകാര്യം ചെയ്യുന്നതിനാണ് കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്യുന്നത്. 
തീരദേശ കപ്പല്‍ ഗതാഗത പദ്ധതിയ്ക്ക് ആക്കം കൂട്ടുന്ന മറ്റൊരു ഘടകം 1647 കി.മി. നീളം വരുന്ന കേരളത്തിലെ ഉള്‍നാടന്‍ ജലപാതകളാണ്. കേരളത്തിലെ വ്യാവസായിക, വാണിജ്യ, കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ ജലപാതകളിലൂടെ ചരക്ക് കടത്തുവാനും അതിലുപരി യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കുവാനുമുള്ള അനുകൂല സാഹചര്യമാണുള്ളത്. വാണിജ്യാടിസ്ഥാനത്തില്‍ ജലപാതകളെ വിജയകരമായി നമുക്ക് ഉപയോഗിക്കുവാനാകും. പൂര്‍ണ്ണമായും ഉപയോഗത്തില്‍ വരുത്തുവാന്‍ കഴിയാതിരുന്ന ഈ സൗകര്യങ്ങള്‍ കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതി വഴി ഉപയുക്തമാക്കുവാന്‍ സാധിക്കുന്നതാണ്.
 
2012ല്‍ നിര്‍മ്മാണം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ജലമാര്‍ഗ്ഗമുള്ള ചരക്ക് ഗതാഗതത്തില്‍ വന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നു. തീരദേശ കപ്പല്‍ ഗതാഗതത്തിന്റെ സാദ്ധ്യതകള്‍ മുന്‍നിര്‍ത്തി ബേപ്പൂരില്‍ ഒരു ഷിപ്പ് ഡിസൈനിംഗ് സെന്റര്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചു കഴിഞ്ഞു. മാരിടൈം മേഖലയിലെ പരിശീലനത്തിനായി നീണ്ടകരയില്‍ ഒരു മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയിട്ടുണ്ട്. മറ്റൊന്ന് കൊടുങ്ങല്ലൂരില്‍ ഉടന്‍ ആരംഭിക്കും. കേരളത്തില്‍ ഇപ്പോള്‍ ചരക്ക് ഗതാഗതത്തിന് റോഡ്-റെയില്‍മാര്‍ഗ്ഗമാണ് പ്രധാനമായും അവലംബിക്കുന്നത്. ഏകദേശം 20,000 ട്രക്കുകളാണ് ദിനംപ്രതി ചരക്കുമായി അന്യ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തുന്നത്. കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഇവയുടെ 20% എങ്കിലും കടത്ത് തീരദേശ കപ്പല്‍ വഴി സാദ്ധ്യമാകുന്നതോടെ എറണാകുളം നഗരത്തിലെയും മറ്റു നഗരങ്ങളിലെയും നിരത്തുകളിലുണ്ടാകുന്ന കടുത്ത ഗതാഗതക്കുരുക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്തുവാനാകും. മറ്റു പ്രധാന പ്രയോജനങ്ങള്‍ താഴെപ്പറയുന്നു.
 
1. ഇന്ധനക്ഷമത വര്‍ദ്ധിക്കുന്നതു വഴി ചരക്കുകടത്തുന്നതിനുള്ള ചെലവില്‍ ഗണ്യമായി കുറവു വരുത്തുവാനാകും. 
2. മലിനീകരണം പരമാവധി നിയിന്ത്രിച്ച് പരിസ്ഥിതി സൗഹൃദ അന്തരീക്ഷം 
ഒരുക്കുവാനാകും. 
3. ചരക്കു ഗതാഗതത്തില്‍ വലിയ പങ്ക് ജലപാതവഴി കൈകാര്യം ചെയ്യുന്നതോടെ റോഡുകളിലെ തിരക്കു കുറയ്ക്കുവാന്‍ സാധിക്കും. 
4. തീ പിടിക്കാന്‍ സാദ്ധ്യതയുള്ള ഉല്‍പ്പന്നങ്ങളും രാസവസ്തുക്കളും കടല്‍ മാര്‍ഗ്ഗം കടത്തുക വഴി അപകടങ്ങള്‍ ഒഴിവാകും 
5. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് ഈ ജലപാത വഴി ചരക്കുകള്‍ എത്തുന്നതോടെ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാകുകയും അതുവഴി ജനങ്ങളുടെ ജീവിത ചെലവില്‍ കുറവു വരുത്തുവാനും സാധിക്കും.
തുറമുഖങ്ങളുടെ സമയ ബന്ധിതമായ വികസനത്തിന്റെ ആവശ്യകതയെക്കുറിച്ച് സര്‍ക്കാരിന് തികഞ്ഞ ബോധ്യമുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികള്‍ മൂലം സ്വകാര്യമേഖലയെക്കൂടി ഈ യത്‌നത്തില്‍ പങ്കാളികളാക്കുവാന്‍ നിശ്ചയിക്കുകയായിരുന്നു.
ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ലഭ്യമായ വിഭവങ്ങള്‍ ഈ സര്‍ക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തും. കേരളത്തിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള തുറമുഖങ്ങള്‍ എല്ലാം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ തുറമുഖവുമായി ബന്ധപ്പെട്ട് ഒട്ടനവധി തൊഴിലവസരങ്ങള്‍ ലഭ്യമാകും. തുറമുഖങ്ങളുടെ വികസനത്തിന് ഇത് വഴി തുറക്കും. തദ്വാരാ വ്യാപാര-വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ വന്‍ മുന്നേറ്റം ഉണ്ടാകും.
കേരളത്തിന്റെ സമഗ്ര വികസനത്തിന് നാഴികക്കല്ലാകുന്ന കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതി അതിവേഗം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.