Saturday, September 24, 2011

ദേശാഭിമാനിയില്‍ 'ജാഗ്രതക്കുറവ്' അയോഗ്യതയല്ല; ജയരാജന്മാര്‍ക്കും


കര്‍ഷകസംഘം ഓഫീസ് സെക്രട്ടറി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ.പി പദ്മനാഭനെതിരെ
'ജാഗ്രതക്കുറവി'ന്റെ പേരില്‍ അച്ചടക്ക നടപടിയെടുത്ത സി.പി.എം ഇതേ രീതിയില്‍ ജാഗ്രതക്കുറവു കാണിച്ച ഒരുപിടി നേതാക്കളെ ഇതിനു മുമ്പ് സംരക്ഷിച്ചു.ദേശാഭിമാനിയില്‍ നടന്ന നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ ജാഗ്രതക്കുറവു കാണിച്ച സി.പി.എം നേതാക്കളായ ഇ.പി ജയരാജന്‍, പി ജയരാജന്‍, വി.വി ദക്ഷിണാമൂര്‍ത്തി, എം സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേ നടപടിയെടുക്കാത്ത പാര്‍ട്ടിയാണ് സമാനസ്വഭാവമുള്ള സംഭവത്തില്‍ സി.കെ.പിയെ ബലിയാടാക്കിയത്. ലോട്ടറിരാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് കോടികള്‍ വാങ്ങിച്ച സംഭവത്തില്‍ ഇ.പി ജയരാജനു മേല്‍ പാര്‍ട്ടി ജാഗ്രതക്കുറവ് ആരോപിച്ചിരുന്നു.ജയരാജനെ തല്‍ക്കാലം ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് മാറ്റിയതല്ലാതെ പാര്‍ട്ടിയില്‍ തരംതാഴ്ത്തിയില്ല. ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് പിന്നീട് തിരികെ കൊണ്ടുവരികയും ചെയ്തു.
നിലവില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജന്‍ ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് മാനേജരായിരിക്കേ ദേശാഭിമാനിയിലെ സര്‍ക്കുലേഷന്‍ ചുമതലയുള്ള യു. കെ. സജീവന്‍ എന്നയാള്‍ രണ്ടരലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. ദേശാഭിമാനിയില്‍ കാഷ്യറായിരുന്ന ഇയാളുടെ ഭാര്യ ജെസിയുടെ ഒത്താശയോടെയായിരുന്നു തിരിമറിയെന്നും അന്വേഷണത്തില്‍ ബോധ്യപ്പെടുകയുണ്ടായി. ദേശാഭിമാനിയില്‍ നടന്ന ഈ തട്ടിപ്പിന്റെ പേരില്‍ പി ജയരാജനെതിരേ നടപടിയുണ്ടായില്ലെന്നു മാത്രമല്ല തട്ടിപ്പു നടത്തിയ ജീവനക്കാരന് ഗള്‍ഫിലേക്ക് പോകാനുള്ള സഹായം പാര്‍ട്ടി നേതാക്കള്‍ തന്നെ ചെയ്തുകൊടുക്കുകയുമുണ്ടായി.ദേശാഭിമാനിയില്‍ സമാനരീതിയില്‍ തട്ടിപ്പുകള്‍ വേറെയും നടന്നു. കണ്ണൂര്‍ യൂണിറ്റില്‍ സര്‍ക്കുലേഷന്‍ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ദേശാഭിമാനി ലോക്കല്‍ സെക്രട്ടറി കൂടിയായ നീലേശ്വരം ബങ്കളം സ്വദേശി കുഞ്ഞിക്കണ്ണന്‍ ആറു ലക്ഷത്തിലധികം രൂപയുടെ വെട്ടിപ്പാണ് നടത്തിയത്. ദേശാഭിമാനി ജീവനക്കാരുടെ വെല്‍ഫയര്‍ സൊസൈറ്റിയിലെ പണവും പാര്‍ട്ടിക്ക് ലെവിയായി അടച്ച ഒന്നരലക്ഷത്തോളം രൂപയുമാണ് തിരിമറി നടത്തിയത്. അന്ന് ജാഗ്രതക്കുറവ് കാണിച്ചതിന്റെ പേരില്‍ യൂണിറ്റ് മാനേജര്‍ എം സുരേന്ദ്രന്റെ പേരില്‍ പാര്‍ട്ടി നടപടി വന്നിട്ടില്ല. കുഞ്ഞിക്കണ്ണനെ കോഴിക്കോടേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. ഇയാള്‍ പിന്നീട് ജോലി രാജിവെച്ച് ഗള്‍ഫിലേക്കു പോയി. പിന്നീടാണ് ദേശാഭിമാനിയിലെ ബാധ്യതകള്‍ തീര്‍ത്തത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ദേശാഭിമാനിയില്‍ കോഴിക്കോട് സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന കരിവെള്ളൂര്‍ പെരളത്തെ സുകുമാരന്‍ എട്ടു ലക്ഷത്തിലധികം രൂപ തട്ടിയ സംഭവത്തിലും മാനേജരായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തിക്കെതിരേ ജാഗ്രതക്കുറവിന്റെ പേരില്‍ നടപടി വന്നിട്ടില്ല. തട്ടിപ്പു നടത്തിയയാളുടെ മകന് ദേശാഭിമാനിയില്‍ തന്നെ കണ്ണൂരിലെ പാര്‍ട്ടി ഘടകത്തിന്റെ എതിര്‍പ്പ് മറികടന്ന് ജോലി നല്‍കുകയുമുണ്ടായി. കണ്ണൂരിലെ എ.കെ.ജി ആശുപത്രിയില്‍ നടന്ന കോടികളുടെ വെട്ടിപ്പിലും കാസര്‍ഗോട്ട് സഹകരണ സ്ഥാപനങ്ങളുടെ പണം തിരിമറി നടത്തി ഇപ്പോഴും വെട്ടിപ്പു നടത്തിക്കൊണ്ടിരിക്കുന്ന സംഭവത്തിലുമൊന്നും നടപടിയെടുക്കാതെ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. കാസര്‍ഗോട്ട് മുന്‍ എം.എല്‍.എ കൂടിയായ നേതാവിനെതിരേ സാമ്പത്തികവും അല്ലാത്തതുമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അതൊന്നും ഈ പാര്‍ട്ടിക്ക് പ്രശ്‌നമേയല്ല. സി.കെ.പി പദ്മനാഭനെ പോലുള്ള സി.പി.എമ്മിലെ വംശനാശം നേരിടുന്ന ജനകീയ നേതാക്കളെ പാര്‍ട്ടിസമ്മേളനമാകുമ്പോഴേക്കും ഇല്ലാതാക്കുകയെന്ന അജണ്ടയാണ് നടപ്പിലായിക്കൊണ്ടിരിക്കുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.