Saturday, September 3, 2011

ബര്‍ലിന്‍ മുതല്‍ അമേരിക്ക വരെ: സി പി എം സമ്മേളനങ്ങള്‍ പൊടിപാറും


കോഴിക്കോട്: പടി കടന്നെത്തുന്ന പാര്‍ട്ടി സമ്മേളനങ്ങളുടെ പതാക ഉയരുന്നതിനൊപ്പം സി പി എമ്മില്‍ അടിയുടെ പൊടിപൂരത്തിന് തുടക്കമായി. മുമ്പെങ്ങുമില്ലാത്തവിധമാണ് സി പി എമ്മിനകത്ത് ചേരിപ്പോര് രൂക്ഷമായിരിക്കുന്നത്.
പലയിടത്തും സമ്മേളനങ്ങള്‍ തുറന്ന യുദ്ധമായി മാറുമെന്നാണ് സൂചനകള്‍. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി ബ്രാഞ്ച് മുതല്‍ പ്രാദേശികതല യോഗങ്ങളില്‍ വിഭാഗീയത പൂര്‍വ്വാധികം ശക്തിയോടെ തലയെടുക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ പിന്നോട്ടുപോയ വിഭാഗീയത വി എസ്-ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സന്ദര്‍ശനത്തോടെ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. ഇതിന് തെളിവാണ് വി എസ് അനുകൂലികളുടെ ബ്രാഞ്ച് കമ്മിറ്റികളില്‍ പാര്‍ട്ടി മിനുട്‌സില്‍ വി എസ്-കുഞ്ഞനന്തന്‍ നായര്‍ സന്ദര്‍ശനത്തില്‍ യാതൊരു തെറ്റുമില്ലെന്ന് പ്രമേയം പാസ്സാക്കി രേഖപ്പെടുത്തുന്നത്. ഇതില്‍ ഔദ്യോഗികപക്ഷത്തിന് ആധിപത്യമുള്ള മേല്‍ക്കമ്മിറ്റികള്‍ പരിഭ്രാന്തിയിലാണ്. ഇതേസമയം വി എസിന്റെ വീട്ടില്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത് ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് വി എസ് അനുകൂലികളില്‍ ആവേശം പകര്‍ന്നിട്ടുമുണ്ട്.
 
ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീടിന് സമീപം നാറാട് നടത്തിയ പൊതുയോഗത്തില്‍ ഏതുവലിയ അനന്തന്‍ വന്നാലും പാര്‍ട്ടിയെ തകര്‍ക്കാനാവില്ലെന്ന് പി ജയരാജന്റെ പ്രസ്താവന വി എസിനെ ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണെന്നും അദ്ദേഹത്തെ അപമാനിക്കാന്‍ വേണ്ടിയാണ് പൊതുയോഗം നടത്തിയതെന്നും വി എസ് അനുകൂലികള്‍ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും യാതൊരു മടിയുമില്ലാതെ ഉയര്‍ത്തിപ്പിടിച്ച വലിയ അനന്തന്‍തന്നെയാണ് വി എസ് എന്നും പിണറായിപക്ഷം ഓര്‍ക്കുന്നത് നന്നെന്നാണ് വി എസ് അനുകൂലികളുടെ സ്വരം. ഇതേസമയം പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് ചില പ്രത്യേക കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്ത് വി എസ് അനുകൂലികളെ പ്രതിഷ്ഠിച്ച് കമ്മിറ്റികള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഔദ്യോഗിക വിഭാഗം സജീവമായി നടത്തുന്നത്. അത്തരം നീക്കങ്ങള്‍ക്ക് പിണറായി അനുകൂലികള്‍ പ്രാദേശിക തലങ്ങളിലും ചൂണ്ടയെറിഞ്ഞിരിക്കയാണിപ്പോള്‍.കാലത്തിനൊത്ത് മാറാന്‍ കഴിയാത്ത വരട്ടുവാദികളാണ് പാര്‍ട്ടിയിലെ വിമതന്മാരെന്ന് ഔദ്യോഗികപക്ഷം സ്വകാര്യമായി പ്രചരിപ്പിക്കുന്നു. പാര്‍ട്ടിയില്‍ പിണറായിയും വി എസും വ്യംഗഭാഷയില്‍ പരസ്പരം കുറ്റപ്പെടുത്തലുകളും നയവൈകല്യങ്ങളുടെ പേരില്‍ വിളിച്ചു കൂവലും മൂര്‍ച്ഛിച്ചതോടെ നേതാക്കളും പക്ഷംപിടിച്ച് വാക്ക് യുദ്ധം നടത്തുന്ന പ്രവര്‍ത്തകര്‍ രണ്ടുചേരിയിലായാരിക്കുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കാനിരിക്കുന്ന പ്രാദേശിക തല സമ്മേളനങ്ങള്‍ ലക്ഷ്യമാക്കിയാണ് ഗ്രൂപ്പ് യോഗങ്ങള്‍ ശക്തമായി അരങ്ങേറുന്നത്.
 
താഴെതട്ടില്‍നിന്നു തന്നെ നേതൃത്വം പിടിച്ചെടുക്കാനുള്ള കരുത്താര്‍ജ്ജിക്കുകയാണ് പരസ്പരം അറിഞ്ഞും അറിയാതെയും നടത്തുന്ന ഗ്രൂപ്പ് യോഗങ്ങളുടെ ഉദ്ദേശ്യം. ചേരിതിരിഞ്ഞുള്ള രഹസ്യയോഗങ്ങള്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സജീവമാണ്. പ്രധാനമായും കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ഗ്രൂപ്പ് യോഗങ്ങള്‍ സജീവാണ്. നേതാക്കളുടെ അഴിമതികളും സ്വഭാവദൂഷ്യ ആരോപണങ്ങള്‍ തുടങ്ങിയവും ബംഗാള്‍-കേരളം നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയുടെ കാര്യകാരണങ്ങളും പ്രാദേശികതലയോഗങ്ങളില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളാണ്. ഏറ്റവും ഒടുവിലായി പാര്‍ട്ടി നേതാക്കളെക്കുറിച്ച് വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളും ഡമോക്ലസിന്റെ വാളുപോലെ സി പി എമ്മിന്റെ മേല്‍ വീണിരിക്കുകയാണ്. പാര്‍ട്ടി നയത്തിന് വിരുദ്ധമായി സെക്രട്ടറി പിണറായിയും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മുന്‍മന്ത്രിമാരായ തോമസ് ഐസകും, എം എ ബേബിയും മൂലധനനിക്ഷേപത്തിനായി അമേരിക്കന്‍ പ്രതിനിധികളെ കണ്ട് സംസാരിച്ചെന്നാണ് വിക്കിലീക്‌സ് രേഖകള്‍ വ്യക്തമാക്കുന്നത്. സംഭവം പുറത്തായതോടെ പാര്‍ട്ടിയെ പിടിച്ചുലച്ചിരിക്കയാണ്. ആസന്നമായ പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രശ്‌നം വിവാദമാകുമെന്നും സി പി എമ്മിന്റെ അടിത്തറ തന്നെ തകരുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ വലിയൊരു കലാപത്തിന് തിരികൊളുത്തുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്

No comments:

Post a Comment

Note: Only a member of this blog may post a comment.