Friday, September 30, 2011

സി പി എം മറന്നോ കണ്ണൂര്‍ ജയിലില്‍ കണ്ടെത്തിയ മൊബൈല്‍ഫോണ്‍ ശേഖരം?


കണ്ണൂര്‍: ജയിലിനകത്ത് യഥേഷ്ടം മൊബൈല്‍ ഫോണുകളുപയോഗിക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സി പി എം തടവുകാര്‍ക്ക് സകലസംരക്ഷണവും നല്‍കിയവരാണ് ഇപ്പോള്‍ ആര്‍ ബാലകൃഷ്ണപിള്ള സംഭവം വിവാദമാക്കി 'നല്ലപിള്ള' ചമയുന്നത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ള
ചാനല്‍റിപ്പോര്‍ട്ടറുമായി ഫോണില്‍ സംസാരിച്ചത് സി പി എം നേതാക്കള്‍ക്ക് മഹാ അപരാധമാണു പോലും. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മൊബൈല്‍ ഫോണെന്നല്ല പുറത്തു പറയാന്‍ കൊള്ളാത്ത സകല സൗകര്യങ്ങളും ഭരണത്തിന്റെ തണലില്‍ എത്തിച്ചു കൊടുത്ത നേതാക്കളാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഫോണുപയോഗിച്ചതിന്റെ പേരില്‍ ബാലകൃഷ്ണപിള്ളക്കെതിരേ ചന്ദ്രഹാസമുയര്‍ത്തുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി പി എം തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ ജയില്‍വകുപ്പു തന്നെ ശാസ്ത്രീയമായ സംവിധാനങ്ങളേര്‍പ്പെടുത്തിയത് ഇടതുഭരണകാലത്ത് വാര്‍ത്തകളിലിടം നേടിയതാണ്. സി പി എം തടവുകാരുടെ പക്കല്‍ നിന്ന് ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ജയിലുദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണി ഉയരും. പല തവണ ജയിലുദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം വരെ ഇവിടെയുണ്ടായി. പിന്നീടാണ് മൊബൈല്‍ ജാമര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്ഥാപിച്ചത്. എന്നാല്‍ ഇതിനേയും തകര്‍ത്ത് നിര്‍ബാധം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന സി പി എം തടവുകാരെ പിന്തുണക്കുന്നവരാണ് ബാലകൃഷ്ണപിളളയുടെ കാര്യത്തില്‍ ആദര്‍ശപ്രസംഗം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16നായിരുന്നു രണ്ട് തടവുകാരുടെ ജയില്‍ചാട്ടത്തെ തുടര്‍ന്ന് എഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ ജയിലില്‍ റെയ്ഡ് നടന്നത്.
 
കുറുവടികള്‍, അറ്റം കൂര്‍പ്പിച്ച ഇരുമ്പുവടികള്‍ എന്നിവ വലിയ തോതില്‍ കണ്ടെത്തിയെങ്കിലും പിടിച്ചെടുത്ത സാധനങ്ങളുടെ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെക്കാനാണ് അന്ന് അധികൃതര്‍ക്കു മേല്‍ സമ്മര്‍ദ്ദമുണ്ടായത്. റെയ്ഡില്‍ കണ്ടെടുത്തതായി പറഞ്ഞ് ആറു മൊബൈല്‍ഫോണുകള്‍, 27 ചാര്‍ജറുകള്‍, യഥേഷ്ടം കറിക്കത്തികള്‍, 3519 രൂപ എന്നിവ അധികൃതര്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.  മൊത്തം നാലു ലോഡ് സാധനങ്ങള്‍ കണ്ടെത്തിയെന്നാണ് എ ഡിജിപി  വിശദീകരിച്ചത്. ലഹരിമരുന്നും റെയ്ഡില്‍ കണ്ടെടുത്തിരുന്നു.  2007 ല്‍ അന്നത്തെ ജയില്‍ ഡിജിപി എം.ജി.എ. രാമന്റെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ ഭക്ഷണപാത്രങ്ങളില്‍ നിന്നു മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും കണ്ടെടുത്തിരുന്നു. വിചാരണ തടവുകാരെ പാര്‍പ്പിച്ച രണ്ട്, പത്ത് ബ്ലോക്കുകള്‍ ഒഴികെയുള്ള മറ്റ് ഏഴ് ബ്ലോക്കുകളിലാണ് അന്ന് പരിശോധന നടത്തിയത്. 600 രൂപ, 30 മൊബൈല്‍ ചാര്‍ജറുകള്‍, 10മൊബൈല്‍ ഫോണുകള്‍, ഏഴ് പോക്കറ്റ് റേഡിയോകള്‍, രണ്ട് ടേപ്പ് റിക്കോര്‍ഡറുകള്‍ എന്നിവ അന്ന് പിടിച്ചെടുത്തിരുന്നു. പാത്രങ്ങളില്‍  ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും അന്ന് കണ്ടെടുത്തത്. സംഘം പരിശോധിക്കുന്നതിനിടെ ജയില്‍ ആശുപത്രിക്കകത്ത് മൂന്നിടങ്ങളില്‍ സ്റ്റൗ അടുപ്പില്‍ ഓംലറ്റ് തയാറാക്കുന്നതായി അന്ന് കണ്ടെത്തിയതും വാര്‍ത്തയായിരുന്നു.
 
കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളിലൊന്നായ അമ്മു അമ്മ- ശിഹാബ് വധക്കേസിലെ സി പി എം കാരായ പ്രതികള്‍ ജയിലര്‍മാര്‍ നിശ്ചയിക്കുന്ന  ഡ്യൂട്ടി ചെയ്യാതെ അവര്‍ക്ക് തോന്നുന്ന ജോലി മറ്റുള്ളവരെ ഭീഷണിപ്പെടുത്തി നേടിയെടുക്കുന്ന സംഭവം പുറത്തുവന്നത് അടുത്തിടെയാണ്. പാചക സ്ഥലത്താണ് ഇവര്‍ സ്ഥിരമായി ജോലിയെടുക്കുന്നത്. കൂടുതല്‍ കാഠിന്യമുള്ള ജോലി  ഇവര്‍ക്ക് നിശ്ചയിച്ചാല്‍ അതു ചെയ്യാന്‍ കൂട്ടാക്കാറില്ല. കണ്ണൂര്‍ ജയിലില്‍ കുപ്രസിദ്ധി കേട്ടതാണ് സി പി എം തടവുകാരെ പാര്‍പ്പിക്കുന്ന പത്താം ബ്ലോക്ക്.  ഇവിടെ പരിശോധന നടത്താന്‍ പോലും സി പി എം തടവുകാര്‍ ഉദ്യോഗസ്ഥരെ അനുവദിക്കാറില്ല. മാസങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ ജയിലില്‍ സര്‍വസന്നാഹങ്ങളോടും കൂടി നടന്ന റെയ്ഡില്‍ തടവുകാരില്‍ നിന്ന് പിടിച്ചെടുത്ത നൂറു കണക്കിന് മൊബൈല്‍ഫോണുകള്‍ ജയിലുദ്യോഗസ്ഥര്‍ തന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതാണ്. സി പി എം തടവുകാര്‍ക്ക് ജയിലില്‍ മൊബൈല്‍ ഫോണുപയോഗിക്കാം, ഇഷ്ടപ്പെട്ട ഭക്ഷണം പുറത്തു നിന്നുമെത്തിക്കാം, ഇഷ്ടമുള്ള ജോലി ചെയ്യാം- ഇതിനെല്ലാം സി പി എം നേതാക്കളുടെ പരിപൂര്‍ണ പിന്തുണയുണ്ട്. ജയിലില്‍ സി പി എമ്മുകാര്‍ക്ക് ഒരു നിയമം, മറ്റുള്ളവര്‍ക്കെല്ലാം വേറൊരു നിയമം എന്ന സി പി എം നിലപാടിലെ പരിഹാസ്യതയാണ് ബാലകൃഷ്ണപിള്ള വിവാദത്തില്‍ മറനീക്കി പുറത്തു വരുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.