Saturday, September 3, 2011

പ്രവാസ ലോകത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറച്ചാര്‍ത്ത്


പ്രവാസികളുടെ ചിരകാല അഭിലാഷമായ നോര്‍ക്ക സെന്റര്‍ ഇന്നലെ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ പ്രവാസികളുടെ ക്ഷേമം വാക്കിലല്ല, പ്രവൃത്തിയിലാണെന്ന് നോര്‍ക്കയുടെ ചുമതലവഹിക്കുന്ന മന്ത്രി കെ.സി ജോസഫ് തെളിയിച്ചുകഴിഞ്ഞു.

പ്രവാസി ക്ഷേമത്തിന് മുന്തിയ പരിഗണന നല്‍കുന്ന പദ്ധതികളുമായി യു.ഡി.എഫ് സര്‍ക്കാര്‍ അതിവേഗം പായുമ്പോള്‍ പ്രവാസലോകത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറച്ചാര്‍ത്ത് അണിയിക്കാനുള്ള നിയോഗം ഏറ്റെടുത്തിരിക്കുന്ന നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി ജോസഫിന് വിശ്രമമില്ല. പ്രവാസികളുടെ ചിരകാല അഭിലാഷമായ നോര്‍ക്ക സെന്റര്‍ ഇന്നലെ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ പ്രവാസികളുടെ ക്ഷേമം വാക്കിലല്ല, പ്രവൃത്തിയിലാണെന്ന് നോര്‍ക്കയുടെ ചുമതലവഹിക്കുന്ന മന്ത്രി കെ.സി ജോസഫ് തെളിയിച്ചുകഴിഞ്ഞു. അധികാരത്തിലേറി കേവലം മൂന്നുമാസം മാത്രം പിന്നിടുമ്പോള്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്വന്തം കെട്ടിടത്തിലേക്ക് നോര്‍ക്കയുടെ പ്രവര്‍ത്തനം മാറിക്കഴിഞ്ഞു. തൈക്കാട് 33 സെന്റിലാണ് ഏഴുനിലകളുള്ള പുതിയ കെട്ടിടം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2005-ല്‍ ഉമ്മന്‍ചാണ്ടിയാണ് ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. എട്ടുകോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച നോര്‍ക്കാ സെന്ററിന്റെ ഒന്നാംനിലയില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രവും രണ്ടാംനിലയില്‍ പ്രവാസിക്ഷേമനിധി ബോര്‍ഡ് ഓഫീസും നോര്‍ക്കാ-റൂട്ട്‌സ് കാള്‍സെന്ററുമാണ് പ്രവര്‍ത്തിക്കുന്നത്.
 
ഹെഡ് ഓഫീസ് മൂന്നും നാലും നിലകളിലാണ്. അഞ്ചാം നിലയില്‍ കേന്ദ്രഗവണ്‍മെന്റ് പ്രൊട്ടക്ടര്‍ ആന്റ് എമിഗ്രന്‍സ് ഓഫീസും നോര്‍ക്ക ബിസിനസ് സെന്ററുമുണ്ട്. ആറാം നിലയില്‍ 250-ഓളം പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം വേറെയും. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി സംഘടനാ പ്രതിനിധികളടക്കം ആയിരങ്ങളെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതും നോര്‍ക്കയുടെ തൊപ്പിയിലെ പൊന്‍തൂവലായി. പ്രവാസികളുടെ ദൈനംദിന ജീവിതത്തെയും അവരുടെ സാമൂഹ്യവും സാമ്പത്തികവുമായ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും പഠന വിധേയമാക്കിയ ശേഷമാണ് കെ.സി ഈ ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. പ്രവാസലോകത്തിന്റെ ആശങ്കകളെ കേരളത്തിന്റെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് എങ്ങനെ നേരിടാമെന്ന അന്വേഷണത്തിലാണ് നോര്‍ക്കയുടെ ചുമതല വഹിക്കുന്ന മന്ത്രി. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത് ഉള്‍ക്കൊണ്ട് വളരെ വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്. വര്‍ഷങ്ങളായി നാം കാത്തിരിക്കുന്നതെന്തോ അതെല്ലാം യാഥാര്‍ത്ഥ്യമാകാന്‍ കാലമായെന്ന ശുഭസൂചനയാണ് ഈ മന്ത്രി പകര്‍ന്നുതരുന്നത്. ആശാവഹമായ പദ്ധതികള്‍ അണിയറയില്‍ പുരോഗമിക്കുന്നു. വിദേശത്തെ മലയാളിയുടെ മനസറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിവും കര്‍മ മേഖലകളിലെ ചരിചയസമ്പത്തും കൂട്ടിയിണക്കുകയാണ് മന്ത്രി. പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടായാല്‍ അത് വൈകാതെ നടപ്പിലാക്കുന്നതിനായിരിക്കും താന്‍ ശ്രമിക്കുകയെന്ന് മന്ത്രി കെ.സി ജോസഫ് ഉറപ്പിച്ചു പറയുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രവാസികള്‍ക്കായി നടപ്പിലാക്കിയ പ്രധാന പ്രവര്‍ത്തനങ്ങള്‍?
 
- സര്‍ക്കാരിന് പ്രവാസികളോട്, പ്രത്യേകിച്ച് ഗള്‍ഫ് മലയാളികളോടുള്ള സമീപനം തികച്ചും നേര്‍വഴിക്കാണ്. ആദ്യം തന്നെ നോര്‍ക്ക ബോര്‍ഡ് പുനസംഘടിപ്പിക്കാനുള്ള തീരുമാനമാണ് ഞങ്ങള്‍ സ്വീകരിച്ചത്. നോര്‍ക്ക പ്രവാസികളുടെ എല്ലാവിധ പ്രശ്‌നങ്ങളിലും ഇടപെടേണ്ട ഒരു സംവിധാനമായി പുരോഗമിക്കേണ്ടതുണ്ട്. അതിന് പ്രായോഗികമായി നിലനില്‍ക്കുന്ന എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പരിഹരിക്കും. ഗള്‍ഫിലുള്ള മുഴുവന്‍ മലയാളികളുടെയും വിവരങ്ങള്‍ ശേഖരിച്ച് അവരുടെ ജീവിത നിലവാരവും നാട്ടിലുള്ള അവരുടെ കുടുംബങ്ങളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് പ്രത്യക്ഷമായി ഗുണം ചെയ്യുന്ന ഏതുതരം വികസനമാണ് താങ്കള്‍ ലക്ഷ്യമിടുന്നത്? ഗള്‍ഫിലെ തൊഴിലിന്റെയും വേതനത്തിന്റെയും അടിസ്ഥാനത്തില്‍ ഇവരെ രണ്ട് കാറ്റഗറിയായി തിരിക്കും. 600, 800 ദര്‍ഹം മാത്രം ശമ്പളം കിട്ടുന്ന സാധാരണക്കാരായ പ്രവാസികളെ ഇത്രകാലവും നാം കണ്ടില്ലെന്ന് നടിച്ചു. ഗള്‍ഫുകാര്‍ എന്ന കാഴ്ചപ്പാടില്‍ നമ്മള്‍ സമ്പന്ന വര്‍ഗത്തെ മാത്രമാണ് അംഗീകരിച്ചിരുന്നത്. ഇതിനൊരു മാറ്റമുണ്ടാകും. ലേബര്‍ ക്യാമ്പുകളില്‍ കഠിനമായ ജോലി ചെയ്ത് ആയുസും ആരോഗ്യവും മരുഭൂമിയില്‍ ഹോമിക്കുന്ന ഇത്തരക്കാരുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കും.
 
തീര്‍ച്ചായായും ഒരു പുനരധിവാസ പാക്കേജുതന്നെയാണ് ലക്ഷ്യമിടുന്നത്. ഇതേക്കുറിച്ച് പഠിക്കാന്‍ വിവിധ പ്രവാസികളുടെ ഒരു സമിതിക്ക് രൂപം നല്‍കും. ഗള്‍ഫില്‍ ഇവര്‍ ചൂഷണത്തിന് ഇരയാകാതെ നോക്കുകയും തിരിച്ച് നാട്ടിലെത്തുമ്പോള്‍ അതത് മേഖലകളില്‍ തൊഴിലോ ഏതെങ്കിലും വരുമാന മാര്‍ഗമോ ഉറപ്പുവരുത്തുന്നതായിരിക്കും ഈ പാക്കേജ്. പ്രത്യക്ഷമായി തന്നെ പ്രയോജനം ലഭിക്കുന്നതായിരിക്കും ഈ പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെ പരിമിതമായ സാമ്പത്തിക സ്ഥിതിയില്‍ ഇതെല്ലാം നടപ്പിലാക്കാന്‍ കഴിയുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിലെ വിവിധ മേഖലകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഉദാരമായ സമീപനം ഇക്കാര്യത്തിലും പ്രയോജനപ്പെടുത്തും.മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗള്‍ഫിലെ തൊഴില്‍ മേഖലകള്‍ കടുത്ത പ്രതിസന്ധിയിലാണ് എന്ന റിപ്പോര്‍ട്ടുകളുണ്ട്. പ്രവാസികളുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ? എങ്കില്‍ വലിയൊരു വിഭാഗം മലയാളി സമൂഹത്തെ ഇത് എത്രമാത്രം ബാധിക്കും?- തീര്‍ച്ചായായും ഗള്‍ഫ് നമുക്ക് തന്നത് തൊഴില്‍ മാത്രമല്ല, നമ്മുടെ സംസ്‌കാരത്തെ പോലും കാലാനുസൃതമായ പുരോഗതിയിലേക്ക് നയിക്കാന്‍ അറബിനാടിന് കഴിഞ്ഞിട്ടുണ്ട്.
 
അവിടത്തെ ഭരണകൂടം ആര്‍ക്കും ബോധപൂര്‍വം തൊഴില്‍ നിഷേധിക്കുമെന്ന് തോന്നുന്നില്ല. ആഗോള തലത്തില്‍ തന്നെ രൂപംകൊണ്ട ഒരു അനിശ്ചിതത്വത്തിന്റെ കാറ്റ് ഗള്‍ഫിനെയും മന്ദീഭവിപ്പിച്ചു. ഇതിനൊരു മറുപടി എന്തുപറയണമെന്ന് എനിക്കറിയില്ല. പക്ഷേ, ഇത്രകാലവും നമ്മുടെ ജീവിതത്തിന് അര്‍ത്ഥം നല്‍കിയവര്‍ തൊഴില്‍ രഹിതരായി തിരിച്ചെത്തുമ്പോള്‍ അവരെ താങ്ങി നിര്‍ത്തേണ്ട സാമൂഹ്യ ബാധ്യതയെക്കുറിച്ച് നമ്മള്‍ ബോധവാന്മാരായിരിക്കണം. അതാണ് ഞാന്‍ തുടക്കത്തിലേ പറഞ്ഞത്. പരിഹാരം എന്താണെന്ന് കണ്ടെത്തുക മാത്രമല്ല, അത് എത്രയും വേഗം നടപ്പിലാക്കുക എന്നതിനും പ്രാധാന്യം നല്‍കണം. വിദേശ മലയാളികളെ രണ്ടാംനിരക്കാരായി കാണാന്‍ സര്‍ക്കാരിന് കഴിയില്ല. അവരും രാജ്യത്തിന്റെ സ്വത്താണ്. അങ്ങനെയെങ്കില്‍ എവിടെയെല്ലാം എത്ര മലയാളികള്‍ തൊഴില്‍ ഇല്ലാതെയും വരുമാനമില്ലാതെയും മറ്റ് നിയമപരമായ കുരുക്കുകളില്‍ പെട്ടും ദുരിതമനുഭവിക്കുന്നു എന്ന് കണ്ടെത്താന്‍ താങ്കള്‍ ശ്രമിച്ചിട്ടുണ്ടോ?- സര്‍ക്കാര്‍ അതിന് സംവിധാനം ഒരുക്കിക്കഴിഞ്ഞു. ഗള്‍ഫിലെ എല്ലാ മേഖലകളിലും കണ്‍സള്‍ട്ടന്റുമാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ആദ്യമായാണ് ഒരു രാജ്യം അല്ലെങ്കില്‍ ഒരു സംസ്ഥാനം അവരുടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും കണ്‍സള്‍ട്ടസി രൂപീകരിക്കുന്നത്. തുടക്കമെന്ന നിലയില്‍ റിയാദില്‍ ഒരാളെ നിയമിച്ചു കഴിഞ്ഞു.
 
മലയാളികള്‍ കൂടുതലുള്ള റിയാദില്‍ ഇപ്പോള്‍ കണ്‍സള്‍ട്ടന്റിന്റെ സേവനം ക്രിയാത്മകമായി നടക്കുന്നു. ഏതൊരു കേരളീയനും ഇദ്ദേഹത്തെ സമീപിച്ച് ആവശ്യങ്ങള്‍ പറയാം. തികച്ചും സൗജന്യമായി ലഭിക്കുന്ന ഈ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യാം. മറ്റ് സ്ഥലങ്ങളില്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കാനുള്ള നടപടിക്രമങ്ങളിലാണ്. മുമ്പൊക്കെ ഒരു പ്രവാസിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് കേന്ദ്രസര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ശ്രദ്ധയിലെത്താന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. എന്നാലിപ്പോള്‍ അതല്ല സ്ഥിതി. വിദേശമലയാളികളെ സഹായിക്കാന്‍ സര്‍ക്കാര്‍ സദാസന്നദ്ധമാണ്. ഗള്‍ഫിലുള്ള പ്രവാസികളുടെ സംഘടനകളും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ പരിശ്രമം നടത്തുന്നുണ്ട്.കണ്‍സള്‍ട്ടന്റുമാര്‍ സര്‍ക്കാരിനെ ധരിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തുടര്‍ നടപടി ഏതുവിധത്തിലായിരിക്കും?- നോര്‍ക്കയുടെ പ്രവര്‍ത്തനം എത്രത്തോളം ഊര്‍ജിതമാക്കാമോ അതിന്റെ പരമാവധിയായി ഉയര്‍ത്തുകഎന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. എപ്പോഴും പ്രവാസികളുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്ന ഒരു മുഴുവന്‍ സമയ സംവിധാനമായിരിക്കും ഇനിയുണ്ടാകുക. മലയാളികളായ പ്രവാസികളുടെ എല്ലാ പ്രശ്‌നങ്ങളും ഏറ്റെടുക്കാന്‍ ഈ സര്‍ക്കാര്‍ തയാറാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ പ്രവാസികാര്യമന്ത്രി വയലാര്‍ രവിയോട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം പൂര്‍ണമായി ഉറപ്പുതന്ന ചില കാര്യങ്ങളുണ്ട്. അതെല്ലാം വരും മാസങ്ങളില്‍ നടപ്പിലാക്കും. ഒരു പരിധിവരെയെങ്കിലും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം സര്‍ക്കാരിന്റെ അജണ്ടയിലുണ്ട്. ഇത് കര്‍മപഥത്തിലെത്തുന്നതോടെ നിരവധി പുരോഗതിയാണ് നമ്മളെ കാത്തിരിക്കുന്നത്.
 
പ്രവാസികള്‍ക്ക് ക്ഷേമ പദ്ധതികളെക്കുറിച്ച് താങ്കള്‍ ചുമതലയേറ്റയുടന്‍ പറഞ്ഞിരുന്നു. എന്തായിരിക്കും പദ്ധതികള്‍?
- പദ്ധതികള്‍ എന്തായിരിക്കും എന്ന് പിന്നീട് പറയാം. രണ്ടുതരം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുക. ഒന്ന്: വിദേശ മലയാളികള്‍ തിരിച്ചെത്തുമ്പോള്‍ അവരുടെ വരുമാനം, ശാരീരികവും മാനസികവുമായ അവസ്ഥ, മറ്റ് വിഷയങ്ങള്‍ ഇവ പരിശോധിച്ച ശേഷം അവര്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കല്‍. രണ്ടാമതായി വിദേശ രാജ്യങ്ങളില്‍ പലതരം പ്രശ്‌നങ്ങളില്‍പെട്ട് കഷ്ടതയനുഭവിക്കുന്നവരെ കണ്ടെത്തി അടിന്തിര സഹായം നല്‍കല്‍. ഇവ രണ്ടും പ്രവാസിക്ഷേമം എന്ന സര്‍ക്കാരിന്റെ പദ്ധതി മാത്രമായിരിക്കും.കേരളത്തിന് പ്രവാസികള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ സംസ്ഥാനത്തിന്റെ വികസനത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?- വികസനത്തിന്റെ കാതലായ ഭാഗം പ്രവാസികളുടെ സംഭാവന തന്നെയാണെന്ന് ഞാന്‍ പറയും. എന്നാല്‍ കുറച്ചുകൂടി പുരോഗതിയിലേക്ക് പോകാന്‍ കഴിയുമായിരുന്നില്ലേ എന്ന് സംശയമുണ്ട്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിപ്പെടുത്താന്‍ എമര്‍ജിന്‍ കേരള എന്ന പേരില്‍ ബ്രാന്‍ഡില്‍ മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയുണ്ട്. ഡിസംബറില്‍ തിരുവനന്തപുരത്ത് ചേരുന്ന പ്രവാസി സംഗമത്തില്‍ കേരളത്തിലെ വ്യവസായ- ഐ.ടി വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യും. പ്രവാസികളുടെ നിക്ഷേപം കൂടുതല്‍ പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള ഏത് വ്യവസായത്തെയും പ്രോത്സാഹിപ്പിക്കും. പ്രവാസികളുടെ നിക്ഷേപവും വ്യവസായങ്ങളും വിഷയമാക്കി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്.
 
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യൂറോപ്യന്‍- അമേരിക്കന്‍ കുടിയേറ്റത്തെ വ്യക്തിപരമായി എങ്ങനെ വിലയിരുത്തുന്നു.?
- ഗള്‍ഫ് ഒരു പൊതു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംവിധാനമാണ്. യൂറോപ്യന്‍- അമേരിക്കന്‍ കുടിയേറ്റങ്ങള്‍ വര്‍ധിക്കുന്നത് മലയാളികളുടെ തൊഴില്‍ സാധ്യതകളെ സ്വാഭാവികമായും ബാധിക്കും. ഇക്കാര്യം പ്ലാനിംഗ് ബോര്‍ഡുമായി ചര്‍ച്ച ചെയ്യാം. എന്നാല്‍ ഇതിന് പരിഹാരം കാണേണ്ടത് ഗള്‍ഫ് രാജ്യങ്ങളല്ല- യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമാണ്

No comments:

Post a Comment

Note: Only a member of this blog may post a comment.