Thursday, September 15, 2011

രാജേഷിന്റെ മുനയും വ്യാഖ്യാന വാരിക്കുന്തങ്ങളും


മുനവെച്ച പരാമര്‍ശമെന്ന് പറയാറുണ്ട്. സാധാരണ പ്രാസംഗികര്‍ പലരെയും വിമര്‍ശിക്കാന്‍ നേരിട്ടല്ലാതെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തും. വിവേക ശീലമുള്ളവര്‍ അതുള്‍ക്കൊള്ളും. അതിനെ വ്യാഖ്യാനിക്കും.
ഇതു പറയാന്‍ കാരണം ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് എം ബി രാജേഷ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടത്തിയ പ്രസംഗമാണ്. രാജേഷിന്റെ പ്രസംഗം സഖാവ് വി എസ് അച്യുതാനന്ദനെ കളിയാക്കിയിട്ടാണെന്ന് കേട്ട ഡി വൈ എഫ് ഐ സഖാക്കള്‍ക്കെല്ലാം അറിയാം. കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപിള്ളക്കുമെതിരെ അല്‍പ്പം എരിവും പുളിയും ചേര്‍ത്ത് പ്രസംഗിച്ചു നടന്നാല്‍ എളുപ്പം കയ്യടി കിട്ടുമെന്നും ഇത് അധ്വാനമില്ലാത്ത പണിയാണെന്നും രാജേഷ് പറഞ്ഞു. ബുദ്ധിയുള്ളവര്‍ ഏതു രീതിയിലാണ് രാജേഷേ ചിന്തിക്കേണ്ടത്? കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപിള്ളക്കുമെതിരെ നിരന്തരം പ്രസംഗിച്ചു നടക്കുന്ന ഒരാളെ മാത്രമേ കേരളത്തില്‍ എല്ലാവര്‍ക്കും അറിയുള്ളു. അത് അച്യുതാനന്ദനാണ്. കഴിഞ്ഞയാഴ്ച ഇ പി ജയരാജന്റെ മകന്റെ വിവാഹത്തിന് കണ്ണൂരില്‍ വന്നപ്പോഴും  വി എസ് വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞത് കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപിള്ളയ്ക്കുമെതിരായ കാര്യങ്ങളായിരുന്നു.
 
വി.എസ് ഏതു പൊതുയോഗത്തിലും കൈയടി കിട്ടാന്‍ കുഞ്ഞാലിക്കുട്ടിയുടെ കാര്യവും പിള്ളയുടെ കാര്യവും പറയും. ഇത് മാതൃകയാക്കരുതെന്ന അഭ്യര്‍ത്ഥന കണ്ണൂരിലെ ഡി വൈ എഫ് ഐ സഖാക്കള്‍ക്ക് മുന്നില്‍ രാജേഷ് നടത്തി. അത്രമാത്രം.
 പിണറായി വിജയന്റെ തട്ടകത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്യുമ്പോള്‍ ഇതിലും കൂടുതല്‍ രാജേഷ് പറയേണ്ടതായിരുന്നു. എന്നാലും  മിതത്വം പാലിച്ചു. വി.എസിനെ വല്ലാതങ്ങ് പറഞ്ഞില്ല. ചെറുതായൊന്നു കളിയാക്കി.
പ്രസംഗം കേട്ട മന്ദബുദ്ധികളല്ലാത്തവരെല്ലാം രാജേഷിന്റെ മുനവെച്ച പരാമര്‍ശം ആര്‍ക്കെതിരെയെന്ന് കൃത്യമായി വ്യാഖ്യാനിച്ചു. ഇക്കാര്യം ചാനലുകളില്‍ വളരെ പ്രാധാന്യത്തോടെ നല്‍കുകയും ചെയ്തു. പാര്‍ട്ടി മുഖപത്രത്തിനും പാര്‍ട്ടി ചാനലിനും അധികം ബുദ്ധി ഉപയോഗിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് അവര്‍ അതിന്റെ വ്യാഖ്യാനം അന്വേഷിച്ചുമില്ല. അന്വേഷിച്ചാല്‍ അവര്‍ക്കും മറിച്ചൊരു വിശകലനം നടത്താന്‍ സാധിക്കില്ലെന്ന കാര്യം വേറെ. പറയാന്‍ പറഞ്ഞു. ചാനലില്‍ വാര്‍ത്ത വന്നപ്പോള്‍ പതിവുപോലെ ഡിവൈഎഫ്‌ഐ നേതാവ് അടവു മാറ്റി. സ്ഥിരം വാചകമെടുത്തങ്ങ് പ്രയോഗിച്ചു. വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന്. മാധ്യമ ഗുണ്ടായിസം തുടങ്ങിയ പുതിയ ലേബലുകള്‍ കൂടെ. തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് പറയുന്ന എം ബി രാജേഷ് അതിന്റെ ശരിയായ വ്യാഖ്യാനമെന്താണെന്ന് ദേശാഭിമാനിയിലെങ്കിലും അച്ചടിച്ചു വരുത്തേണ്ടതല്ലേ. കുഞ്ഞാലിക്കുട്ടിയെയും ബാലകൃഷ്ണപിള്ളയെയും കുറിച്ച് പ്രസംഗിക്കുന്നതിനെ ഒരുദാഹരണമായി പറഞ്ഞുവെന്ന് രാജേഷ് പിന്നീട് ലളിതവല്‍ക്കരിച്ച് വിശദീകരിച്ചു.
 
ഇങ്ങനെ പ്രസംഗിച്ച് കയ്യടി നേടുന്ന ഒരേയൊരു നേതാവിനെ മാത്രം മനസില്‍ വെച്ചായിരുന്നു രാജേഷിന്റെ പ്രയോഗങ്ങള്‍. രാജേഷ് പ്രസംഗിക്കുമ്പോള്‍ ഇനിയെങ്കിലും ശ്രദ്ധിക്കുക. വ്യാഖ്യാനങ്ങളും ദുര്‍വ്യാഖ്യാനങ്ങളും ഉണ്ടാകുന്നതൊഴിവാക്കാന്‍ കാര്യങ്ങൡനി വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍ മതി. അധികം ഉദാഹരണങ്ങള്‍ വേണ്ട. ഉദാഹരണം പറഞ്ഞാല്‍ ഉത്തരവാദിയെ വ്യാഖ്യാനിച്ച് കണ്ടെത്തേണ്ടി വരും.
 
കണക്കുതീര്‍ക്കാനൊരു സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍
ശശി വാഴാത്തിടത്ത് അജിത്തും വാഴില്ല. ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സഖാവ് പി ശശിയുടെ ആശീര്‍വാദത്തോടെ അവരോധിക്കപ്പെട്ടയാളാണ് അജിത്ത് കുമാര്‍. ശശിയുടെ വീട്ടില്‍ പുഴമീന്‍ എത്തിച്ചുകൊടുത്താണ് അജിത്ത് കുമാര്‍ കാര്യം നേടാറുള്ളതെന്ന് പഴയ സഖാവ് അബ്ദുള്ളക്കുട്ടി തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. അജിത്തിന്റെ ഭാര്യയോട് സഭ്യേതരമായി പെരുമാറിയതിന്റെ പേരില്‍ ശശി സഖാവിനെതിരെ അജിത്ത് കടപ്പാടുകളെല്ലാം മറന്ന് പരാതി നല്‍കി. സംസ്ഥാനത്താകെ അതൊരു കൊടുങ്കാറ്റായി. പിണറായിയുടെ വിശ്വസ്തനായ പി ശശി അനന്തരം പാര്‍ട്ടിയില്‍ ഒന്നുമല്ലാതായി. അന്നേ ഔദ്യോഗിക പക്ഷം വെട്ടാന്‍  കുറിച്ചുവെച്ച പേരായിരുന്നു അജിത്തിന്റേത്. കാലാവധിയെത്തും മുമ്പേ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടി. പ്രായപരിധിയുടെ പേരിലാണത്രെ തിടുക്കപ്പെട്ടുള്ള ആ ഒഴിവാക്കല്‍. പ്രായം മധ്യവയസിലെത്തിയ ശ്രീരാമകൃഷ്ണന്‍ നയിക്കുന്ന ഡിവൈഎഫ്‌ഐ പ്രസ്ഥാനത്തിനാണോ ഈ കൃത്യനിഷ്ഠത?
സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുകളിലൂടെ ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ അതിനൊരു ഗുണമുണ്ട്. പാര്‍ട്ടി നേതൃത്വത്തിന് വിശ്വസ്തരെ പ്രതിഷ്ഠിക്കാനുള്ള അവസരമാണ് ഇത്തരം കണ്‍വെന്‍ഷനുകള്‍. ഔദ്യോഗിക പക്ഷം അവര്‍ക്ക് വളരെ വിശ്വസ്തരായ ഷംസീറിനെയും അഡ്വ. സന്തോഷ്‌കുമാറിനെയും ഡിവൈഎഫ്‌ഐയുടെ ജില്ലാ പ്രസിഡണ്ടും സെക്രട്ടറിയുമാക്കി. ഷംസീറിനെയൊക്കെ നേതൃനിരയില്‍ സുരക്ഷിതമാക്കാന്‍ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനല്ലാതെ വഴിയില്ലെന്ന് സകലസഖാക്കള്‍ക്കുമറിയാം. തെരഞ്ഞെടുപ്പായാല്‍ എങ്ങനെ മാനസപുത്രന്മാര്‍ സംഘടനയുടെ അമരത്തു വരും. അല്ലേ.

No comments:

Post a Comment

Note: Only a member of this blog may post a comment.