പശ്ചിമബംഗാളില്‍ ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് വിവാദ ഭൂമിയിടപാടില്‍ മമതാ ബാനര്‍ജി സര്‍ക്കാരിന്
അനുകൂലമായി കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവുണ്ടായിരിക്കുന്നു. സിംഗൂരിലെ പാവപ്പെട്ട കൃഷിക്കാരില്‍ നിന്ന് മുന്‍ ഇടതുസര്‍ക്കാര്‍ ഏറ്റെടുത്ത് ടാറ്റാ കമ്പനിക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്ത ഭൂമി അതിന്റെ ഉടമകള്‍ക്കുതന്നെ തിരിച്ചുകൊടുക്കാനാണ് ഉത്തരവ്.
'സിംഗൂര്‍ ഭൂമി വികസനവും പുനരധിവാസ നിയമവും' പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കഴിഞ്ഞ ജൂണ്‍ മാസം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പാട്ടവ്യവസ്ഥകള്‍ റദ്ദാക്കി ടാറ്റാ കമ്പനിക്ക് സര്‍ക്കാര്‍, ഭൂമി ഒഴിയാന്‍ നോട്ടീസും നല്‍കി. എന്നാല്‍ കമ്പനി അതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. നാനോ കാര്‍ നിര്‍മ്മാണ ഫാക്ടറിക്കുവേണ്ടി 2007ലാണ് സിംഗൂരിലെ കൃഷിഭൂമി വിട്ടുകൊടുത്തുകൊണ്ട് ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. കര്‍ഷകരില്‍ നിന്ന് വന്‍ പ്രതിഷേധവും പ്രക്ഷോഭവും ക്ഷണിച്ചുവരുത്തിയ ആ സംഭവത്തിന് ദേശീയശ്രദ്ധ കൈവന്നത് നന്ദിഗ്രാമിലെ സമാന സംഭവത്തോടുകൂടിയായിരുന്നു. തലമുറകളായി ബംഗാളിലെ ഗ്രാമീണര്‍ കൃഷിനടത്തിപ്പോന്ന ഭൂമി വ്യവസായ ആവശ്യത്തിനെന്നപേരില്‍ ബലം പ്രയോഗിച്ച് ഏറ്റെടുക്കുന്നത് വന്‍ എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും മൂന്ന് ദശാബ്ദത്തിലേറെയായി സംസ്ഥാനത്ത് തുടര്‍ഭരണം നടത്തിവരുന്ന ഇടതുസര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. വിദേശ രാസവ്യവസായ സ്ഥാപനത്തിനുവേണ്ടിയായിരുന്നു നന്ദിഗ്രാമിലെ ഭൂമി വിട്ടുകൊടുത്തത്. ഇതിനെതിരെ സമരം ചെയ്ത ഭൂഉടമകളായ കൃഷിക്കാരെ തല്ലിയൊതുക്കാനും അവരുടെ അവകാശ സമരത്തെ അവഗണിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
പൊലീസ് വെടിവെപ്പില്‍ നന്ദിഗ്രാമില്‍ 14 പാവപ്പെട്ട കര്‍ഷകര്‍ 2007 മാര്‍ച്ച് പതിനാലാം തീയതി കൊല്ലപ്പെട്ടു. ദാരുണമായ ഈ സംഭവത്തെ തുടര്‍ന്ന് സമാന സ്വഭാവത്തോടെ കര്‍ഷകര്‍ സംഘടിതരായി സമരം ചെയ്യുന്ന സിംഗൂരിലെ കൃഷിക്കാര്‍ക്ക് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും രംഗത്തുവന്നു. നന്ദിഗ്രാമിലെ ദുരനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പിന്‍വാങ്ങാന്‍ ഇടതുസര്‍ക്കാര്‍ തുനിഞ്ഞില്ല. സി.പി.എം പ്രവര്‍ത്തകര്‍ പൊലീസിനോടൊപ്പം ചേര്‍ന്ന് ആയുധമെടുത്ത് കര്‍ഷകരുടെ മേല്‍ ചാടിവീഴുകയായിരുന്നു. അങ്ങനെ സിംഗൂരിലും നിരവധിപേര്‍ കൊല്ലപ്പെട്ടു. കര്‍ഷക കുടുംബങ്ങളിലെ സാധുസ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. മനുഷ്യ മനഃസാക്ഷിയെ പിടിച്ചുലച്ച ആ സംഭവം ഇടത് ദുര്‍ഭരണത്തിന്റെ ഏറ്റവും ക്രൂരമായ മുഖം ലോകത്തിന് കാണിച്ചുകൊടുത്തു. ബംഗാളിലെ പ്രശസ്തരായ എഴുത്തുകാരും കലാകാരന്‍മാരും ചലച്ചിത്ര പ്രവര്‍ത്തകരും ഇടതുഭരണത്തിനെതിരെ തെരുവിലിറങ്ങി. മഹാശ്വേതാദേവി, അപര്‍ണാസെന്‍, മേധാ പട്കര്‍ എന്നിവര്‍ അവര്‍ക്ക് നേതൃത്വം നല്‍കി രംഗത്തുവന്നു. ആയിടെ പടിഞ്ഞാറേ ബംഗാളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സി.പി.എമ്മിന് ആദ്യമായി ഗ്രാമപ്രദേശങ്ങളില്‍ കനത്ത തിരിച്ചടിയുണ്ടായി. നഗരവാസികള്‍ നേരത്തെ കൈവിട്ട ഇടതുമുന്നണിക്ക് ഗ്രാമീണ ജനങ്ങള്‍ക്കിടയിലും സ്വാധീനം നഷ്ടപ്പെട്ടു. എങ്കിലും തലതിരിഞ്ഞ ഭൂനയം തിരുത്താനോ ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് മനസ്സിലാക്കി പ്രവര്‍ത്തിക്കാനോ സി.പി.എം നേതൃത്വത്തിന് കഴിയാതെപോയി.
ജനങ്ങളുടെ കടുത്ത എതിര്‍പ്പുമൂലം 2008 ഒക്‌ടോബറില്‍ സിംഗൂരില്‍ നിന്ന് ടാറ്റ കമ്പനി കാര്‍ നിര്‍മ്മാണ ഫാക്ടറി ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റി. പക്ഷേ, സര്‍ക്കാര്‍ പാട്ടത്തിനുനല്‍കിയ ഭൂമി തിരിച്ചുനല്‍കാന്‍ കൂട്ടാക്കിയില്ല. 34 വര്‍ഷത്തെ ഇടത് തുടര്‍ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ജനാധിപത്യ കൂട്ടുകക്ഷി ഭരണം ബംഗാളില്‍ അധികാരത്തില്‍ വന്നു. സിംഗൂര്‍, നന്ദിഗ്രാം കൃഷിഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കുമെന്ന വാഗ്ദാനം പാലിക്കാന്‍ പുതിയ സര്‍ക്കാര്‍ നിയമപരമായ നീക്കം ആരംഭിച്ചപ്പോള്‍ ടാറ്റ കമ്പനി അതിനെതിരെ കോടതിയെ സമീപിച്ചു. സിംഗൂരില്‍ 1800 കോടി രൂപ ചെലവഴിച്ചുവെന്നും 440 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും മറ്റുമായിരുന്നു കമ്പനിയുടെ വാദം. പാട്ടത്തിന് നല്‍കപ്പെട്ട ഭൂമി ആ ആവശ്യത്തിന് ഉപയോഗിച്ചില്ലെന്നിരിക്കെ അത് കര്‍ഷകര്‍ക്ക് വിട്ടുകൊടുക്കാതിരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭൂവികസന നിയമം കമ്പനി അംഗീകരിക്കണമെന്നുമാണ് കല്‍ക്കത്ത ഹൈക്കോടതി ഇപ്പോള്‍ ഉത്തരവായിരിക്കുന്നത്. നഷ്ടപരിഹാര പ്രശ്‌നം ഹൂഗ്ലി ജില്ലാകോടതി തീര്‍പ്പുകല്‍പിക്കുമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എമ്മിന്റെ സാമ്പത്തിക-സാമൂഹിക നയവ്യതിയാനങ്ങള്‍ സാധാരണ ജനങ്ങളിലുണ്ടാക്കിയ പ്രതിഷേധത്തിന്റെ ഉജ്ജ്വലമായ പ്രതീകമാണ് സിംഗൂരും നന്ദിഗ്രാമും. അതിന് ഇപ്പോള്‍ നിയമപരമായ പിന്‍ബലവും ലഭിച്ചു
|
Friday, September 30, 2011
സിംഗൂര്‍ വിധിയും സി.പി.എമ്മും
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: Only a member of this blog may post a comment.