Thursday, February 2, 2012

മതങ്ങളെ എങ്ങനെ കൂട്ടുപിടിക്കാം സി.പി.എമ്മിലെ ഇന്നത്തെ ചിന്താവിഷയം.


കേരളം മൂന്ന് പ്രബലമതങ്ങളുടെ നാടാണ്. മൂന്നു മതങ്ങളും രാഷ്ട്രീയത്തിലും ഭരണത്തിലും സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നു. ഈ മതങ്ങളെ എങ്ങനെ കൂട്ടുപിടിക്കാമെന്നാണ് സി.പി.എമ്മിലെ ഇന്നത്തെ ചിന്താവിഷയം. അതിന് ലഭിച്ച പിന്തുണയാവാം ക്രിസ്തുവും കാരാട്ടും ഒന്നുതന്നെ എന്ന എം.വി ജയരാജന്റെ കണ്ടെത്തല്‍.

പാവങ്ങളുടെ മോചനത്തിനായി സംഘടിതമായ പ്രതിഷേധങ്ങളും പോരാട്ടങ്ങളുമാണ് ആദ്യകാലത്ത് ക്രൈസ്തവര്‍ നടത്തിയത്. അത് ഇന്ന് സി.പി.എം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് തുല്യമാണ്. പാവങ്ങളുടെ മോചനത്തിനായി പോരാടിയ യേശുദേവന്റെ സ്ഥാനത്താണ് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.'' ഇത് സി.പി.എം നേതാവ് എം.വി.ജയരാജന്റെ പ്രസ്താവനാ രീതിയിലുള്ള ശുംഭത്തരമാണ്. അദ്ദേഹം ഇടക്കിടെ ഇങ്ങനെയുള്ള പ്രസ്താവനകളിറക്കും. ന്യായാധിപന്മാര്‍ ജയരാജന് ശുംഭന്മാരാണ്. അദ്ദേഹത്തിന്റെ ഇത്തരം അഭിപ്രായങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിയുടെ ശക്തമായ പിന്തുണയുമുണ്ട്. കോടതിവിധി തങ്ങള്‍ക്കനുകൂലമാവുമ്പോള്‍ ജുഡീഷ്യറി പരിപാവനവും തങ്ങള്‍ക്കെതിരാവുമ്പോള്‍ ശുംഭത്തരവുമാണെന്ന കമ്യൂണിസ്റ്റുകാരുടെ സമീപനം കേരളത്തിനു സുപരിചിതമാണല്ലോ. വിവാദങ്ങളിറക്കി വിടുന്ന പ്രസ്താവനകളിറക്കി മാധ്യമങ്ങളിലൂടെ ജനങ്ങളുടെ മനസ്സില്‍ സ്ഥാനംപിടിക്കാനുള്ള ഒരു സൂത്രം മാത്രമാണിത്. ഇതാണ് കമ്യൂണിസ്റ്റുകാരുടെ ഇപ്പോഴത്തെ വിപ്ലവ പ്രവര്‍ത്തനങ്ങള്‍. മാധ്യമങ്ങളുടെ കൈകളിലെ കളിപ്പാട്ടങ്ങളാണിവരെന്ന് ഇവരോര്‍ക്കുന്നില്ല.
 
കേരളത്തിലെ ഏറ്റവും പുതിയ വോട്ടര്‍മാര്‍ രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും വാഗ്ദാനങ്ങളിലും മയങ്ങി വീഴുന്നവരല്ല എന്ന യാഥാര്‍ത്ഥ്യമാണ് നമ്മുടെ നേതാക്കളെ ഓര്‍മ്മിപ്പിക്കാനുള്ളത്; പ്രത്യേകിച്ചും കമ്യൂണിസ്റ്റ് നേതാക്കളെ. ജനങ്ങള്‍ നേതാക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നത് അറിവും കര്‍മശേഷിയും ആത്മാര്‍ത്ഥതയും സത്യസന്ധതയും നവീന വീക്ഷണവുമാണ്.
ഇവിടെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ. ''നവീനവീക്ഷണമില്ലാത്ത ഒരു രാജ്യം അധഃപതിക്കുന്നു. ചൈതന്യം നഷ്ടപ്പെട്ട് നശിക്കുന്നു. രാജ്യം വെറുതെ നിലനില്‍ക്കുകയല്ല വേണ്ടത്. ജീവിതത്തെ സമ്പൂര്‍ണമാക്കാനുള്ള അഭിവൃദ്ധിയെ ലക്ഷ്യം വെക്കണം. ഭൗതികമായി മാത്രമല്ല സാംസ്‌കാരികമായും നവീനമാകണം. ഇങ്ങനെ നവീനമാകുന്നതിനു വേണ്ടി ഇന്ത്യയ്ക്ക് ലോകത്തുനിന്ന് ഒട്ടേറെ പഠിക്കാനുമുണ്ട്.'' നെഹ്‌റുവിന്റെ ഈ സങ്കല്‍പത്തിലേക്ക് നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളും രാഷ്ട്രീയവും മനസ്സു ചേര്‍ത്തുവെക്കുന്നില്ല. അവര്‍ ജനാധിപത്യത്തിന്റെ മേല്‍വിലാസമുപയോഗിച്ച് അഴിമതിയിലേക്കും വര്‍ഗീയതയിലേക്കും തിരിഞ്ഞു നടക്കുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ജനപ്രതിനിധികള്‍ക്കും മാര്‍ക്‌സിസത്തിന്റെയും ഗാന്ധിസത്തിന്റെയുമൊക്കെ നന്മകള്‍ അന്യമായിക്കൊണ്ടിരിക്കുകയാണ്.
 
എല്ലാ രാഷ്ട്രീയ ദര്‍ശനങ്ങളില്‍നിന്നും മതങ്ങളില്‍ നിന്നും നന്മ പറന്നുപോകുന്നു. കമ്യൂണിസത്തില്‍ നിന്ന് മാര്‍ക്‌സും എംഗല്‍സുമൊക്കെ എങ്ങോ എന്നോ പറന്നുപോയി. ഇതൊന്നുമറിയുന്ന ഒരാളല്ല കണ്ണൂരില്‍ നിന്നുള്ള മാര്‍ക്‌സിസ്റ്റ് നേതാവായ എം.വി.ജയരാജന്‍. കാള്‍മാര്‍ക്‌സും എംഗല്‍സും മുന്നോട്ടുവച്ച കമ്യൂണിസത്തിന്റെ സ്വപ്‌നങ്ങളെക്കുറിച്ചൊന്നും ജയരാജനോടു സംസാരിച്ചിട്ടു കാര്യമില്ല. ആ സ്വപ്‌നങ്ങളെല്ലാം 'കൊഴിഞ്ഞുപോയി' എന്നു പറഞ്ഞാല്‍ ജയരാജനു മനസ്സിലാവില്ല. ജയരാജന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുകയും ചിലപ്പോള്‍ തടവറയില്‍ കിടക്കുകയുമൊക്കെ ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്തിനുവേണ്ടിയുള്ളതാണെന്ന് സാക്ഷാല്‍ കാള്‍മാര്‍ക്‌സിനുപോലും പറയാന്‍ കഴിയില്ല. ജയരാജന്റെ പാര്‍ട്ടിയുടെ പേരിന്റെ ബ്രാക്കറ്റിലാണ് കാള്‍ മാര്‍ക്‌സിന്റെ പേര്. അത് എന്തുകൊണ്ടാണങ്ങനെയെന്ന് മാര്‍ക്‌സ് ജയരാജനോടു ചോദിച്ചാല്‍, ജയരാജന്‍ എന്തുത്തരമാണ് മാര്‍ക്‌സിനോടു പറയുക!
 
ലോകത്തുനിന്ന് കമ്യൂണിസം പൊളിഞ്ഞുവീഴാറാവുമ്പോള്‍ കണ്ണൂരില്‍ നിന്നു മാര്‍ക്‌സിസ്റ്റു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കിളിര്‍ത്തുവന്ന പാഴ്‌ച്ചെടിയാണ് എം.വി ജയരാജന്‍. നേതാവ് എന്ന സ്ഥാനം ജയരാജനെ സംബന്ധിച്ചിടത്തോളം സാമാന്യം ഭേദപ്പെട്ട ഒരു തൊഴിലാണ്. ഈ തൊഴില്‍ സംരക്ഷിക്കാന്‍ വേണ്ടി അദ്ദേഹം ഏതു പ്രസ്താവനകളും നടത്തിയെന്നു വരും. ക്രിസ്തുവാണ് പ്രകാശ് കാരാട്ടെന്നു പറയും. കാള്‍മാര്‍ക്‌സാണ് ഇ.എം.എസ് എന്നും ലെനിനാണ് നായനാരെന്നും ടിറ്റോയാണ് പിണറായിയെന്നും ട്രോട്‌സ്‌കിയാണ് അച്യുതാനന്ദനെന്നും റോസാ ലക്‌സം ബര്‍ഗാണ് വൃന്ദാ കാരാട്ടെന്നുമൊക്കെ ഭാവിയില്‍ ജയരാജന്‍ പറഞ്ഞുകൂടെന്നില്ല. 'ക്രിസ്തുവും പ്രകാശ് കാരാട്ടും' എന്നപേരില്‍ ഒരു പുസ്തകമെഴുതിയെന്നും വരും.
 
കമ്യൂണിസമെന്താണെന്നും, എങ്ങനെ ലോകത്തുനിന്നു കമ്യൂണിസം പൊളിഞ്ഞു വീണുവെന്നും, കമ്യൂണിസ്റ്റാശയങ്ങള്‍ ഇനി മനുഷ്യവംശത്തിന് എന്തായിരിക്കുമെന്നും, ക്രിസ്തുമതം പണ്ടും ഇന്നും കമ്യൂണിസത്തിനെന്താണെന്നും, മതത്തിന് കമ്യൂണിസം എന്തായിരുന്നെന്നും അറിയുന്ന ഒരാളൊന്നുമല്ല എം.വി.ജയരാജന്‍. ജയരാജന് ആവേശവും പ്രചോദനവും നല്‍കുന്നത് മൈക്ക് ആണ്. മൈക്കും കേരളത്തിലെ മാര്‍ക്‌സിസവും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. എം.വി.ജയരാജനെപ്പോലുള്ളവരെ മാര്‍ക്‌സിസ്റ്റുകളാക്കിയത് മാനിഫെസ്റ്റോയല്ല മൈക്ക് ആണെന്നാണ് ഞാന്‍ ഇപ്പറഞ്ഞത്. എന്തുകൊണ്ടെന്നാല്‍: ''മതവിമര്‍ശനമാണ്  എല്ലാ വിമര്‍ശനങ്ങളുടെയും തുടക്കം.'' എന്ന മാര്‍ക്‌സിന്റെ വചനത്തിന്റെ അര്‍ത്ഥം അറിയുന്ന ഒരാളല്ല ജയരാജന്‍. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നതിന്റെ ചരിത്രസാരംപോലും മുത്തപ്പന്റെ നാട്ടിലെ ജയരാജനറിയാന്‍ സാധ്യതയില്ല. പര്‍ശനിക്കടവ് മുത്തപ്പനെ ഇപ്പോഴും ജയരാജന്‍ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പിക്കുന്നില്ല. കണ്ണൂരില്‍ പാര്‍ട്ടിയുണ്ടാക്കാന്‍ സഹായിച്ച ഒരാളെന്നു വിചാരിച്ച് മുത്തപ്പനെ ജയരാജന്‍ മാറ്റിവെക്കുന്നതാവാം. എം.വി.ജയരാജന്റെ കമ്യൂണിസ്റ്റ് സങ്കല്‍പം അപാരം തന്നെ. അല്ലെങ്കിലും കണ്ണൂരിലെ ജയരാജന്മാര്‍ കേരള കമ്യൂണിസത്തിന്റെ തലക്കാവേരികള്‍ തന്നെയാണല്ലോ.
 
എം.വി.ജയരാജനെപ്പോലുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ അന്ധവിശ്വാസങ്ങളുടെ അടിമകളാണ്. ഇവര്‍ അന്ധവിശ്വാസവും അജ്ഞതയും, രാഷ്ട്രീയദര്‍ശനവും വിപ്ലവദര്‍ശനവും സാമൂഹ്യദര്‍ശനവുമായി കൊണ്ടു നടക്കുന്നു. ബഹുജനങ്ങളുടെ രാഷ്ട്രീയ വിദ്യാഭ്യാസം കമ്യൂണിസ്റ്റുകാരുടെ കുത്തകക്കച്ചവടമാണെന്ന അജ്ഞതയും അഹങ്കാരവുമാണ് സി.പി.എമ്മിലെ ജയരാജന്മാരുടെ ശക്തി.മതവിമര്‍ശനമാണ് എല്ലാ വിമര്‍ശനങ്ങളുടെയും തുടക്കം എന്നു പറഞ്ഞ കാള്‍ മാര്‍ക്‌സിനെ കമ്യൂണിസം മറികടന്നു. കമ്യൂണിസവും ഒരു മതമായിത്തീര്‍ന്നു. സ്റ്റേറ്റ് മതമായി അരനൂറ്റാണ്ടിലധികം വിരാജിച്ച് കമ്യൂണിസം ഇരുപതാം നൂറ്റാണ്ടില്‍ത്തന്നെ ഭരണതലത്തില്‍ അവസാനിച്ചു. മതം മനുഷ്യരെ മയക്കുന്ന കറുപ്പാണെന്ന് മതവും കമ്യൂണിസവും ഒരുപോലെ ഇപ്പോള്‍ വിശ്വസിക്കുന്നില്ല. സ്റ്റേറ്റ് മതമായി രാജ്യം ഭരിച്ച കമ്യൂണിസം കത്തോലിക്കാ മതവുമായി അടുക്കുകയായിരുന്നു. ഈ അടുപ്പം ഒരു യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു. അങ്ങനെ കത്തോലിക്കാ മതവും കമ്യൂണിസവുമായുള്ള വൈരുദ്ധ്യം അകലുകയായിരുന്നു. കേരളത്തിലും മതവും കമ്യൂണിസവുമായുള്ള വൈരുദ്ധ്യം അകലുകയാണ്. സി.പി.എം നാടിന്റെ ഭരണം കൈവശമാക്കാന്‍ ഏതൊക്കെ മതങ്ങളെയും ജാതികളെയും കിട്ടുമെന്നാണ് നോക്കുന്നത്. മതങ്ങളും ജാതികളും ഭരണത്തെ എങ്ങനെ സ്വാധീനിക്കണമെന്നാണ് നോക്കുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രം, കൊന്തയും കുരിശും തേടി നടക്കുന്ന ഒരു വികട കവിതയുണ്ട് കേരള രാഷ്ട്രീയത്തില്‍.
 
കേരളം മൂന്ന് പ്രബലമതങ്ങളുടെ ഒരു നാടാണ്. മൂന്നുമതങ്ങളും രാഷ്ട്രീയത്തിലും ഭരണത്തിലും സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ഈ മതങ്ങളെ എങ്ങനെ കൂട്ടുപിടിക്കാമെന്ന ആലോചനകളാണ് എം.വി.ജയരാജന്റെ പാര്‍ട്ടിയിലെ ഇന്നത്തെ ഏറ്റവും വലിയ ആലോചന. ഈ ആലോചനയ്ക്ക് ലഭിച്ച ശുംഭത്തരം നിറഞ്ഞ പിന്തുണയാവാം യേശുക്രിസ്തുവും പ്രകാശ് കാരാട്ടും ഒന്നുതന്നെ എന്ന എം.വി.ജയരാജന്റെ കണ്ടെത്തല്‍. ഇ.എം.എസ്സിനെക്കുറിച്ച് കേരളത്തിലെ സി.പി.എമ്മിന്റെ വലിയൊരു നേതാവ് കുറച്ചു മുമ്പ് പറയുകയുണ്ടായി ഇ.എം.എസ് സി.പി.എമ്മിന്റെ അച്ഛനാണെന്ന്. സി.പി.എമ്മിലെ ജയരാജന്മാര്‍ ഇനി എന്തൊക്കെയായിരിക്കും പറയുകയെന്നാര്‍ക്കറിയാം. ഇവിടെ നിന്നെങ്ങോട്ടായിരിക്കും ഇനി സി.പി.എമ്മിന്റെ യാത്ര. എം.വി.ജയരാജനുണ്ടായ ഒരു ബോധോദയത്തിലൂടെ കാരാട്ട് ഇക്കാലത്തെ ക്രിസ്തുവാണ് എന്ന സത്യം പുറത്തുവന്നിരിക്കുന്നു. ജയരാജന്റെ തലയില്‍ ഈയിടെയെങ്ങാന്‍ തേങ്ങ വീണു കാണണം. ഇനിയും പല സി.പി.എം നേതാക്കളുടെയും തലയില്‍ തേങ്ങ വീണ് ഇത്തരം വെളിപാടുകള്‍ ഒരുപാട് പുറത്തുവരും.

No comments:

Post a Comment

Note: Only a member of this blog may post a comment.