Monday, February 6, 2012

പോടുവീണ മരവും കൊമ്പും ഇലയും സമൂഹത്തിന് ഭീഷണിയായി നില്‍ക്കുന്നു.


പരിവര്‍ത്തനങ്ങള്‍ മാര്‍ക്‌സിസത്തിന്റെ മുഖമുദ്രയാണ്. കാലദേശങ്ങള്‍ക്കനുസൃതമായി വരുത്തുന്ന പരിഷ്‌ക്കാരങ്ങളോടെ ജനങ്ങളോട് സംവദിക്കാന്‍ മാര്‍ക്‌സിസത്തിന്റെ പ്രയോക്താക്കള്‍ എന്നും ശ്രദ്ധിച്ചിരുന്നു. തങ്ങളുടെ ചുറ്റുപാടുകള്‍ സ്വാധീനിച്ച കാഴ്ചപ്പാടുകളുമായി ദാസ്‌ക്യാപിറ്റല്‍ എന്ന ഗ്രന്ഥം രചിക്കുമ്പോള്‍ കാറല്‍മാക്‌സും എംഗല്‍സും വരച്ചിടാന്‍ ശ്രമിച്ചത് സമ്പത്തിന്റെ കേന്ദ്രീകരണത്തിനെതിരായ തത്വസംഹിതയായിരുന്നു. നീതിനിഷേധിക്കപ്പെടുന്നതിലൂടെയും അദ്ധ്വാനത്തിനനുസൃതമായ വേതനം ലഭ്യമാകാതിരുന്നതിലൂടെയും അസ്വസ്ഥരായ ലോകമെമ്പാടുമുള്ള പണിയാളുകളാണ് ആദ്യം ഈ തത്വസംഹിതയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടത്. മുതലാളിത്തത്തിനെതിരായ സാമ്പത്തിക ശാസ്ത്രം എന്നതിലുപരി അത് അടിച്ചമര്‍ത്തപ്പെട്ടവരുടെയും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് വലിച്ചെറിയപ്പെട്ടവരുടേയും പ്രത്യയശാസ്ത്രമായി വളരുകയായിരുന്നു. 1917ല്‍ റഷ്യയില്‍ ഉണ്ടായ വിപ്ലവം ലോകമെമ്പാടുമുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രതീക്ഷകള്‍ക്ക് അഗ്നി പകര്‍ന്നു. വിവിധ രൂപങ്ങളില്‍ നിലനിന്നിരുന്ന ഭരണകൂടങ്ങള്‍ കടപുഴകിവീണു. വന്‍ പ്രതീക്ഷകളോടെ അഖിലലോക തൊഴിലാളി വര്‍ഗ്ഗഭരണമെന്ന ആശയം ഉണര്‍ത്തെണീറ്റു.
 
കേരളത്തിനും പ്രതിധ്വനികള്‍ ഉണ്ടായി. ദാസ്‌ക്യാപിറ്റല്‍ എന്നോ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമെന്നോ തികച്ചൊന്നുച്ചരിക്കാന്‍ പോലും കഴിവില്ലാതിരുന്ന നിരക്ഷരകുക്ഷികളായ ദരിദ്രനാരായണന്‍മാര്‍ ചെങ്കൊടി മുറുകെപിടിച്ച് കമ്മ്യൂണിസം ചൂണ്ടിയ രാഷ്ട്രീയ മാര്‍ഗ്ഗം സ്വീകരിച്ചു. കുട്ടനാട്ടിലെയും പാലക്കാട്ടെയും വയലേലകളില്‍, തൃശ്ശൂരിലെ കോള്‍നിലങ്ങളില്‍ മലമടക്കുകളിലെ വന്‍കിടത്തോട്ടങ്ങളില്‍ പടയോട്ടങ്ങളുടെ അനുഭവങ്ങള്‍ കരുത്തുപകര്‍ന്ന മലബാര്‍ മേഖലയില്‍ അടിമകളെപോലെ പണിയെടുത്തിരുന്ന കര്‍ഷക തൊഴിലാളികള്‍ അവരുടെ ജീവിതത്തിന്റെ പ്രതീക്ഷയായി  രക്തവര്‍ണ്ണ പതാകകളെ സ്വീകരിച്ചു. ജന്‍മിത്വവും അനാചാരങ്ങളും സാമൂഹിക തിന്മകളും നിറഞ്ഞ കേരളത്തില്‍ മിണ്ടാന്‍ അവകാശം ഇല്ലാത്തവന്റെ ശബ്ദമായി കേള്‍വി നിഷേധിക്കപ്പെട്ടവന്റെ കാതുകളായും ചിന്താശേഷി മുരടിപ്പിച്ചവന്റെ മനസ്സായും പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്തവന്റെ തലച്ചോറായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പി.കൃഷ്ണപിള്ള, ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്, എ.കെ.ജി., തുടങ്ങിയ നേതാക്കളുടെ വ്യക്തിശുദ്ധി പ്രത്യയശാസ്ത്ര മഹിമയേക്കാള്‍ ജനങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചു.
 
പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്ക് മുകളിലായി ജനമനസ്സുകളുടെ തുടിപ്പിന്റെ വികാരവും സമൂഹനന്മയും പാര്‍ട്ടി അച്ചടക്കവും മുറുകെ പിടിച്ചുകൊണ്ട് കേരളത്തിലെ ഗ്രാമമനസ്സുകളില്‍ തൊഴില്‍ശാലകളില്‍ പണിയിടങ്ങളില്‍ ഒക്കെ ഒരാവേശവും പുത്തന്‍ പ്രതീക്ഷകളുടെ പ്രഭാവവുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം വ്യാപിക്കാന്‍ തുടങ്ങി. ലോകത്തിലാദ്യമായി ബാലറ്റിലൂടെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ജനങ്ങളെ ഭരിക്കാന്‍ നിയോഗിക്കപ്പെട്ടതും കേരളത്തിലാണ്. ആ മന്ത്രിസഭ അധികാരത്തിലേറുന്നതിനായി ഒപ്പംനിന്നവന്‍ ബഹുഭൂരിപക്ഷത്തിനും പ്രത്യയശാസ്ത്രപരമായ അടിത്തറയുള്ളവരായിരുന്നില്ല. നിലവിലുണ്ടായിരുന്ന ജീവിതചസാഹചര്യങ്ങളില്‍ തങ്ങളെ എത്തിച്ച പലരോടുമുള്ള പ്രതിഷേധത്തിന്റെ കനലുകളില്‍ നിന്നായിരുന്നു അവര്‍ ആവേശപൂര്‍വ്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വാരിപുല്‍കിയത്. അതിനുശേഷം ഏറെനാള്‍ കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിന്നീട് രൂപാന്തരപ്പെട്ട സി.പി.എമ്മും സി.പി.ഐ.യും നിര്‍ണ്ണായക പങ്കാണ് വഹിച്ചതെന്ന വസ്തുത നിഷേധിക്കാനാവില്ല.
 
ഇപ്പോഴെന്താണ് സിപിഎം എന്ന പാര്‍ട്ടിക്ക് സംഭവിച്ചിട്ടുള്ളത്? പരിശോധിക്കപ്പെടേണ്ട വസ്തുതയാണ്. പിണറായി വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം സമ്മേളനത്തിനുശേഷം പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്കും സാമ്പത്തിക സ്വാംശികരണത്തിനും ഉള്ള അപകടകരമായ പ്രവണതകള്‍ പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയമാന്യതയ്ക്കും മുകളില്‍ സ്ഥാനം പിടിച്ചതോടെയാണ് ആ പാര്‍ട്ടി തകര്‍ച്ചയെ നേരിടാന്‍ തുടങ്ങിയത്. ജനാധിപത്യ പാര്‍ട്ടികള്‍ക്കുള്ളില്‍ ഗ്രൂപ്പുകളും ചേരിപോരുകളും സാധാരണമാണെങ്കിലും കേഡര്‍ സംവിധാനത്തിന്റെ പുറംതോട് പൊട്ടിച്ച് പുറത്തുവന്ന വിഭാഗീയത അക്ഷരാര്‍ത്ഥത്തില്‍ സിപിഎമ്മിനെ തകര്‍ത്തുകളഞ്ഞു എന്ന് നിസംശയം പറയാം.
 
അധികാര ദുര്‍മോഹത്തിന്റെയും സാമ്പത്തിക സമാഹരണത്തിന്റെയും കമ്മ്യൂണിസ്റ്റ് വിരുദ്ധജീവിതത്തിന്റെയും മാര്‍ഗ്ഗം സ്വീകരിച്ചവരും കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ മുറുകെപിടിച്ച് നിസ്വാര്‍ത്ഥ പൊതുജീവിതം നയിക്കുന്നവരും തമ്മിലുള്ള പോരാട്ടമായാണ് സിപിഎമ്മിനുള്ളിലെ വിഭാഗിയതയെന്ന് വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇന്ന് അങ്ങനെയാര്‍ക്കും പറയാന്‍ ആകുമെന്ന് തോന്നുന്നില്ല. അധികാരവും പദവികളും നഷ്ടപ്പെടാതിരിക്കാനും അധികാരവും പദവികളും വെട്ടിപിടിക്കാനും പാര്‍ട്ടിക്കുള്ളില്‍ നടന്ന കിടമത്സരമായി മാത്രമേ കേരളത്തിലെ സിപിഎം വിഭാഗീയതയെ വിലയിരുത്താനാകൂ. രണ്ടു ചേരികളിലായി അണിച്ചേര്‍ന്നവരുടേയും ആ വിഭാഗങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നവരുടേയും അഴിമതികളും സ്വജനപക്ഷപാതവും ബന്ധുകേന്ദ്രീകൃത ധനസമ്പാദനവും ഒക്കെ ആ യാഥാര്‍ത്ഥ്യമാണ് വിളിച്ചുപറയുന്നത്.
 
സംസ്ഥാന സമ്മേളനത്തിലെത്തിനില്‍ക്കുമ്പോള്‍ നഷ്ടപ്പെടുന്ന അടിത്തറ ഉറപ്പിച്ചുനിര്‍ത്താന്‍ സിപിഎം നടത്തുന്ന അപകടകരമായ രാഷ്ട്രീയം ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്. സമ്മേളനത്തിന്റെ വിജയത്തിനായി കോടികള്‍ മുടക്കിക്കൊണ്ടുള്ള പ്രചാരണവേലകള്‍ ഇവന്റ് മാനേജുമെന്റ് ഗ്രൂപ്പുകളുടെ പ്രൊഫഷണലിസത്തിന്റെ പിന്‍ബലത്തില്‍ അരങ്ങുകൊഴുക്കുകയാണ്. കൊഴിഞ്ഞു പോകുന്ന അണികളെ പാര്‍ട്ടിക്കകത്ത് പിടിച്ച് നിര്‍ത്താനുള്ള വിലകുറഞ്ഞ തന്ത്രങ്ങള്‍ ഏറെ ആശങ്കയുര്‍ത്തുന്നു. സമ്മേളനത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തില്‍ ശ്രീയേശുനാഥന്റെ ചിത്രം ഉപയോഗിച്ചതിന് പിണറായി വിജയന്‍ നല്‍കിയ ന്യായീകരണം കേരളത്തിലെ വിശ്വാസിസമൂഹം അവജ്ഞയോടെയാണ് തള്ളികളഞ്ഞത്. ഭൗതീകവാദം മുഖമുദ്രയാക്കിയ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകമെമ്പാടുമുള്ള കോടികണക്കിന് ഈശ്വാരവിശ്വാസികളുടെ ആധ്യാത്മിക വഴിത്താരയിലെ വിളക്കായ ശ്രീയേശുനാഥനെ സമ്മേളനവിജയത്തിനായി ഉപയോഗിക്കുന്നതിനെ എന്ത് വൈരുദ്ധ്യാധിഷ്ഠിത പരിവേഷം നല്‍കി ന്യായീകരിച്ചാലും മുഖവിലക്കെടുക്കാനാവില്ല.
 
ഇതിനുശേഷവും സിപിഎം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ആ പാര്‍ട്ടിയുടെ തകര്‍ച്ച ശരിക്കും വിളിച്ചറിയിക്കുന്നത്. പരമ്പാരാഗതമായി തങ്ങള്‍ക്കൊപ്പം നിന്നിരുന്ന ജനവിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും വന്‍തോതില്‍ കൊഴിഞ്ഞുപോകുന്നുവെന്ന യാഥാര്‍ത്ഥ്യം സിപിഎം നേതൃത്വത്തെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. കേരളം പോലെ വിശ്വാസിസമൂഹത്തിന് മഹാഭൂരിപക്ഷമുള്ള ഒരു പ്രദേശത്തുനിന്നും ഈശ്വര നിഷേധവും മതവിദ്വേഷവും പുരോഹിത നിന്ദയും മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയിലേക്ക് അത്രവേഗമൊന്നും ആള്‍ക്കാര്‍ കൂട്ടമായി എത്തില്ല. അപ്പോള്‍ നഷ്ടപ്പെടുന്ന രാഷ്ട്രീയ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ എന്തുചെയ്യണം.? തീവ്രവാദത്തെക്കാള്‍ ‘യാനകമായ കാര്യമാണ് സിപിഎം അതിനുവേണ്ടി തിരഞ്ഞെടുത്തത്. വര്‍ഗ്ഗീയത ഇളക്കിവിടുക!!! വര്‍ഗ്ഗീയത ഇളക്കിവിട്ട് തങ്ങള്‍ക്കൊപ്പം നിലനിന്നിരുന്ന പരമ്പരാഗത വിഭാഗങ്ങളെ തങ്ങളോട് തന്നെ ചേര്‍ത്തുനിര്‍ത്തുക ഈ തീക്കളിക്കാണ് ഫാസിസ്റ്റ് ബുദ്ധികേന്ദ്രങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന്റെ തെളിവാണ് തിരുവത്താഴ ചിത്രം വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കും വിധം ചിത്രീകരിച്ചത്. തിരുവനന്തപുരത്ത് സിപിഎം സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചത്. ചോരമണക്കുന്ന വഴികളിലൂടെ പാപക്കറപുരണ്ട കരങ്ങളുമായി വിശുദ്ധി ഇല്ലാത്ത പ്രവര്‍ത്തനങ്ങളുമായി പോകുന്നവര്‍ക്ക് ശ്രീയേശുനാഥന്റെയോ മുഹമ്മദ് നബിയുടെയോ ശ്രീരാമദേവന്റെയോ പേര് ഉച്ചരിക്കാനുള്ള യോഗ്യതപോലും ഇല്ലെന്ന് നവഫാസിസ്റ്റ് വിപ്ലവകാരികള്‍ എന്നാണാവോ മനസ്സിലാക്കുക? കേരളീയ സമൂഹം ഇവരെയും ഇവരുടെ ജീര്‍ണ്ണതകളും തിരിച്ചറിഞ്ഞു കഴിഞ്ഞു. 

No comments:

Post a Comment

Note: Only a member of this blog may post a comment.