Friday, December 16, 2011

വിഭാഗീയത കത്തിക്കാളുന്നുവെന്ന് സി.പി.എം


തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതക്ക് ഒട്ടും അയവുവന്നിട്ടില്ലെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തല്‍.
ഇന്നലെ ആരംഭിച്ച ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കഴിഞ്ഞ ബ്രാഞ്ച്-ലോക്കല്‍-ഏരിയാ സമ്മേളനങ്ങളിലെ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടി പരാമര്‍ശം നടത്തിയിരിക്കുന്നത്. ചാല ഏരിയാ സമ്മേളനം വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിവാദമായതും ഒടുവില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കേണ്ടിവന്നതും റിപ്പോര്‍ട്ടിലുണ്ട്. വിഭാഗീയത ഇല്ലാതെ നിലനില്‍ക്കാനാവില്ലെന്ന ധാരണയാണ് ചില നേതാക്കള്‍ക്ക്. കഴിഞ്ഞ സമ്മേളന കാലയളവില്‍ വിഭാഗീയത ഒരളവുവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു.  ജില്ലാകമ്മിറ്റിയുടെ നിലപാടുകള്‍ നിഷ്പക്ഷമായിരുന്നു. പക്ഷെ വിഭാഗീയത വീണ്ടും വര്‍ധിതവീര്യത്തോടെ പ്രകടമാകുന്നുവെന്നാണ് റിപ്പോര്‍ട്ടിന്റെ കാതല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ പരാജയം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
 
മുന്നണി സ്ഥാനാര്‍ത്ഥികള്‍ ജയിക്കണമെന്ന ബോധത്തോടെയല്ല പ്രവര്‍ത്തകര്‍ പ്രചാരണ രംഗത്ത് ഇറങ്ങിയത്. കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത്രമേല്‍ പരാജയം ഉണ്ടാകേണ്ടതില്ലായിരുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ് വര്‍ക്കല മണ്ഡലം. പക്ഷെ അവിടെ തുടര്‍ച്ചയായി എതിര്‍സ്ഥാനാര്‍ത്ഥി ജയിച്ചുവരുന്നു. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കണം. സംഘടനാ വീഴ്ചയുണ്ടോയെന്ന് വിശദമായ പരിശോധനയാണ് വേണ്ടത്. പാറശാലയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കുള്ളിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടായെന്നാണ് ആക്ഷേപം. കഴക്കൂട്ടം, കാട്ടാക്കട, നെടുമങ്ങാട് മണ്ഡലങ്ങളില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നു. ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ശക്തമായിരുന്നില്ല. നേമത്ത് വി. ശിവന്‍കുട്ടിക്കെതിരെ മുന്നണിയിലെ ചിലരെങ്കിലും നിലകൊണ്ടു. നേമത്ത് മുന്നണി സ്ഥാനാര്‍ത്ഥിക്ക് ഭൂരിപക്ഷം കുറഞ്ഞത് ഇക്കാരണത്താലാണ്. ഇക്കാര്യങ്ങളെല്ലാം പാര്‍ട്ടി വിശദമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
 
സി.പി.ഐക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തനം ദുര്‍ബലമായിരുന്നു. മുന്നണി സംവിധാനം ഐക്യത്തോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ തിരുവനന്തപുരം സീറ്റ് മുന്നണിക്ക് ലഭിക്കുമായിരുന്നുവെന്ന പരാമര്‍ശം സി.പി.ഐക്കെതിരെയുള്ള ഒളിയമ്പാണ്. കഴിഞ്ഞ നാലുവര്‍ഷക്കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. അതേസമയം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന ആദ്യ ജില്ലാ സമ്മേളനത്തില്‍ തന്നെ വി.എസ് അച്യുതാനന്ദന്‍, പാര്‍ട്ടി സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് സ്വന്തം അണികള്‍ക്ക് പരോക്ഷമായ ആഹ്വാനം നല്‍കിക്കഴിഞ്ഞു. ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് വി.എസ് നടത്തിയ പ്രസംഗത്തില്‍ പി.ബിക്കെതിരെ പോലും പരോക്ഷ വിമര്‍ശനമുണ്ടായി.
 
നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കണമെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഉത്സാഹപൂര്‍ണ്ണമായ പ്രവര്‍ത്തനം നടത്താത്തത് കൊണ്ടാണോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ പരാജയം നേരിട്ടതെന്ന് അന്വേഷിക്കണമെന്നാണ് വി.എസ് പറഞ്ഞത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പോളിറ്റ്ബ്യൂറോയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വി.എസ് പ്രസംഗത്തില്‍ പരോക്ഷമായി സൂചിപ്പിച്ചു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പാര്‍ട്ടിക്ക് ബാധ്യതയുണ്ടെന്ന വി.എസിന്റെ പ്രസ്താവന, പി.ബി നിലപാടല്ല തന്റേതെന്ന വ്യക്തമായ സൂചനയാണ്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എം.എ ബേബി, പി.കരുണാകരന്‍, എ.വിജയരാഘവന്‍, ആനത്തലവട്ടം ആനന്ദന്‍, എം.വി ഗോവിന്ദന്‍മാസ്റ്റര്‍, ഇ.പി ജയരാജന്‍  തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് വി.എസ് മുനവെച്ച പരാമര്‍ശങ്ങള്‍ നടത്തിയതെന്നതും ശ്രദ്ധേയമാണ്.
 
പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായുള്ള ആദ്യ രണ്ടുജില്ലാ സമ്മേളനങ്ങളിലൊന്നാണ് തിരുവനന്തപുരത്ത് ഇന്നലെ ആരംഭിച്ചത്. ഏ.കെ.ജിഹാളില്‍ നടക്കുന്ന സമ്മേളനം 17-ന് അവസാനിക്കും. ജില്ലയിലെ 2040 ബ്രാഞ്ച് സമ്മേളനങ്ങള്‍, 156 ലോക്കല്‍ സമ്മേളനങ്ങള്‍, 18 ഏരിയാ സമ്മേളനങ്ങള്‍ എന്നിവയ്ക്ക് ശേഷമാണ് ജില്ലാസമ്മേളനം ആരംഭിച്ചത്. ഫെബ്രുവരി ഏഴുമുതല്‍ പത്തുവരെ തിരുവനന്തപുരത്ത് തന്നെയാണ് സംസ്ഥാന സമ്മേളനവും നടക്കുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.