Thursday, December 1, 2011

സി.പി.എം നയത്തിലെ വിള്ളലും ചോര്‍ച്ചയും


മുല്ലപ്പെരിയാര്‍ തര്‍ക്കപ്രശ്‌നത്തില്‍ സി.പി.എം പോളിറ്റ് ബ്യൂറോ ഉരുണ്ടുകളിക്കുന്നു. കാലഹരണപ്പെട്ട പഴയ ഡാം തകര്‍ത്ത് പകരം പുതിയ അണക്കെട്ട് നിര്‍മ്മിക്കണം എന്ന് കേരളത്തിലെ സി.പി.എം നേതൃത്വം വാദിക്കുമ്പോള്‍ പി.ബി ഇക്കാര്യത്തില്‍ ക്രൂരമായ നിസ്സംഗതയും മൗനവും പുലര്‍ത്തുന്നു എന്നകാര്യം ശ്രദ്ധിക്കേണ്ടതാണ്.
ഡല്‍ഹിയില്‍ ഇന്നലെ പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം സി.പി.എം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് ഇങ്ങനെ പറയുന്നു: 'മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കണം. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കുള്ള ആശങ്കയകറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ഇരുസംസ്ഥാനങ്ങളുമായി കേന്ദ്രം കൂടിയാലോചന നടത്തി പ്രശ്‌നം പരിഹരിക്കണം'. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ 'പുതിയ അണക്കെട്ട് മാത്രം പോംവഴി' എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയതൊന്നും സി.പി.എമ്മിന്റെ അഭിപ്രായമല്ല. 1979ല്‍ ജലകമ്മീഷന്‍ ശുപാര്‍ശ ചെയ്തതും 2007ല്‍ ഇടതുസര്‍ക്കാര്‍ തീരുമാനിച്ച് നടപടികള്‍ ആരംഭിച്ചതും മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായിരുന്നു.
 
അച്യുതാനന്ദന്റെ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: 'അണക്കെട്ട് പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാന്‍ സമയമില്ല, അതുകൊണ്ട് ജലനിരപ്പ് 136ല്‍ നിന്ന് 120 അടിയായി കുറയ്ക്കുകയാണ് അടിയന്തര ആവശ്യം'. ജനങ്ങളില്‍നിന്ന് വേണ്ടിവന്നാല്‍ പിരിവെടുത്ത് പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന് വീമ്പിളക്കിയ പ്രതിപക്ഷനേതാവിന്റെ പാര്‍ട്ടി നേതൃത്വം അക്കാര്യത്തില്‍ അര്‍ത്ഥഗര്‍ഭമായി മൗനം പാലിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങള്‍ ജീവഭീതിയില്‍ കഴിയുമ്പോള്‍ തമിഴ്‌നാടിന്റെ വെള്ളംകുടി മുട്ടിക്കരുതെന്നാണ് സി.പി.എം നേതൃത്വത്തിന് കേന്ദ്രസര്‍ക്കാരിനോട് ഉപദേശിക്കാനുള്ളത്. തമിഴ്‌നാടിന് കൃഷിക്ക് ജലസേചനം നടത്താന്‍ വേണ്ടത്ര വെള്ളം ഉറപ്പുവരുത്തണമെന്ന് ഇന്നലെ ഡല്‍ഹിയില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സി.പി.എം എടുത്തുപറയുന്നുണ്ട്.

തുടര്‍ ഭൂചലനങ്ങളിലൂടെ ഇടുക്കിയിലെ ജനങ്ങളെയാകെ അമ്പരപ്പിക്കുകയും മധ്യകേരളത്തിലെ നാല് ജില്ലകളിലെ അറുപത് ലക്ഷം ജനങ്ങളെ ആശങ്കയില്‍ തള്ളിവിടുകയും ചെയ്ത ഗുരുതരമായ ഒരു വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാണ് സി.പി.എം നേതൃത്വം അന്വേഷിക്കുന്നതെന്ന് തോന്നുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള സി.പി.എമ്മിന്റെ ലോക്‌സഭാംഗം നടരാജന്റെ പ്രസ്താവനയും പി.ബിയുടെ നിലപാടും കൂട്ടിവായിക്കുമ്പോള്‍ ഇക്കാര്യം കൂടുതല്‍ സ്പഷ്ടമാകുന്നുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് പി.ആര്‍ നടരാജന്‍ എം.പി കഴിഞ്ഞദിവസം പ്രസ്താവിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കേരളം അതിനുശേഷം ഡാം സുരക്ഷാനിയമം പാസാക്കി. അതിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍  പ്രശ്‌നപരിഹാരത്തിന് ഉന്നതാധികാര സമിതിയെ നിയോഗിക്കുകയാണ് കോടതി ചെയ്തത്. അക്കാര്യം മറച്ചുവെച്ച് പഴയ കോടതി ഉത്തരവ് നടപ്പാക്കണമെന്ന തമിഴ്‌നാടിന്റെ സ്ഥാപിത താല്‍പര്യത്തില്‍ ഊന്നിനിന്ന് പ്രസ്താവനയിറക്കിയ നടരാജന്റെ വികാരമാണ് പി.ബി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
 
പാരിസ്ഥിതിക വിഷയത്തിലും അണക്കെട്ട് നിര്‍മ്മാണത്തിലും മറ്റും ആഗോളനയം ഉണ്ടെന്ന് അവകാശപ്പെടുന്ന സി.പി.എം കേരളത്തിലും തമിഴ്‌നാട്ടിലും അവസരവാദ സമീപനങ്ങളിലൂടെ ജനങ്ങളെ പറ്റിക്കുകയാണെന്ന് വ്യക്തമാകുന്നു. ഇരുസംസ്ഥാനങ്ങളും പ്രശ്‌നം രമ്യമായിതീര്‍ക്കണമെന്നും കോടതി നടപടികള്‍ വേഗത്തിലാക്കണമെന്നും ആവര്‍ത്തിക്കുന്ന പി.ബി കേരളത്തിലെ പ്രതിപക്ഷനേതാവ് അടക്കമുള്ള സി.പി.എം നേതാക്കള്‍ പുതിയ അണക്കെട്ട് നിര്‍മാണത്തിനുവേണ്ടി വാദിക്കുന്നകാര്യം അറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സി.പി.എമ്മിന്റെ നയമെന്ത്? സഹ്യപര്‍വ്വതത്തിന് അപ്പുറവും ഇപ്പുറവും തരംപോലെ നിറംമാറ്റി ജനങ്ങളെ പറ്റിക്കുന്ന പാഷാണം വര്‍ക്കിയുടെ സമീപനമാണിത്. 
കോളനിവാഴ്ചക്കാലത്തെ അയുക്തികമായ ആയിരംകൊല്ലകരാര്‍ സ്വതന്ത്ര ഇന്ത്യയില്‍ സ്വാഭാവികമായി കാലഹരണപ്പെടേണ്ടതായിരുന്നു. എന്നാല്‍ അതിന് പുതുജീവന്‍ നല്‍കി കരാര്‍ പുതുക്കിക്കൊടുത്തത് ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടമായിരുന്നു എന്നകാര്യം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്

No comments:

Post a Comment

Note: Only a member of this blog may post a comment.