Tuesday, November 29, 2011

സിപിഎം സമ്മേളനവേദിയില്‍ നിന്നും ചോരയില്‍ മുക്കിയ വിപ്ലവകഥകള്‍


ഗ്രൂപ്പുയുദ്ധംപാരമ്യതയിലെത്തിയതോടെ കേരളത്തിലെ സിപിഎം സമ്മേളനവേദി സംഘടനവേദികളായി മാറുന്നു. ചോരയില്‍ മുക്കിയ വിപ്ലവകഥളില്‍ ആദ്യത്തേത് കാലടി അയ്യമ്പുഴ ലോക്കല്‍ സമ്മേളനവേദിയില്‍ നിന്നാണ്. സമ്മേളനം പുരോഗമിക്കവേ മാരകായുധങ്ങളുമായി എത്തിയ നാലുപേര്‍ വിഎസ് പക്ഷക്കാരനായ സമ്മേളന പ്രതിനിധിയെ മാരകമായി ആക്രമിച്ചു പരിക്കേല്പിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ 15ാം ബ്ലോക്ക് എ ആന്‍ഡ് എഫ് ബ്രാഞ്ച് സെക്രട്ടറി കെ.എന്‍. ഷിബു (42) വിന് നേരെയായിരുന്നു ആക്രമണം. തലയ്ക്കും നെറ്റിക്കും കണ്ണിനും പരിക്കേറ്റ ഷിബുവിനെ അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് സമ്മേളനം മാറ്റിവെച്ചിരിക്കുകയാണ്.

മുന്‍പ് പിണറായി പക്ഷത്തായിരുന്ന ഷിബു അടുത്തയിടെയാണ് വിഎസ് പക്ഷത്തേക്ക് ചുവടുമാറിയത്. ബ്രാഞ്ച് സമ്മേളനത്തില്‍ ഇരുപക്ഷവും ഒപ്പം എത്തിയതിനെത്തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് ഷിബു സെക്രട്ടറിയായത്. ഇതിനെതിരെ പിണറായി പക്ഷം ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് മെംബറായിരുന്ന ഷിബുവിനെ രണ്ടുമാസം മുന്‍പ് സ്ഥാനത്തുനിന്ന് പുറത്താക്കുകയും ചെയ്തു. പിണറായി പക്ഷത്തിനെതിരെ ഷിബുവും ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. യൂണിയന്‍ ഓഫീസ് പരിസരത്തെ റബ്ബറിന്റെ ആദായം തിരിമറി നടത്തിയെന്നതായിരുന്നു പരാതി. രണ്ടു പരാതികളും സമ്മേളനം ചര്‍ച്ച ചെയ്യാനിരിക്കുകയായിരുന്നു.

കടുത്ത വിഭാഗീയതയെത്തുടര്‍ന്ന് മാറ്റിവച്ച സമ്മേളനമാണ് തിങ്കളാഴ്ച വീണ്ടും അലങ്കോലമായത്. ആദ്യ സമ്മേളനംതന്നെ സംഘര്‍ഷ സ്ഥിതിയിലേക്ക് നീങ്ങിയപ്പോള്‍ തര്‍ക്കവിഷയങ്ങള്‍ സമ്മേളനശേഷം ചര്‍ച്ചചെയ്താല്‍ മതിയെന്ന് തീരുമാനമെടുത്തിരുന്നു. പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ഓഫീസായിരുന്നു തിങ്കളാഴ്ച സമ്മേളനവേദി. പ്രതിനിധികള്‍ രജിസ്‌ട്രേഷന് തയ്യാറെടുക്കുമ്പോഴായിരുന്നു ഷിബുവിനു നേരെ ആക്രമണം. സമ്മേളന പ്രതിനിധികളല്ലാത്തവര്‍ സമ്മേളനവേദിയിലേക്ക് വരാന്‍ പാടില്ലാത്തതാണ്. എന്നാല്‍, ആക്രമണം നടത്തിയവര്‍ പുറമേ നിന്നുള്ളവരാണ്. ഷിബുവിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍തന്നെ ആശുപത്രിയിലെത്തിച്ചു.

വിഎസ് പക്ഷത്തിനു മേല്‍ക്കോയ്മയുള്ള കമ്മിറ്റിയാണ് അയ്യമ്പുഴ. കാലടി ഏരിയാ സമ്മേളനം രണ്ടുമുതല്‍ അഞ്ചുവരെ കാലടിയില്‍ നടക്കാനിരിക്കുകയാണ്. അതിനുള്ളില്‍ അയ്യമ്പുഴ സമ്മേളനം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കേന്ദ്രകമ്മിറ്റി അംഗം എം.സി. ജോസഫൈന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ.എന്‍. സുധാകരന്‍, എസ്. ശര്‍മ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. പ്രാദേശികമായ കിടമത്സരങ്ങള്‍ അരങ്ങുതകര്‍ത്ത ബ്രാഞ്ച് സമ്മേളനങ്ങള്‍ പിന്നിട്ടശേഷം സമ്മേളനങ്ങള്‍ ലോക്കല്‍ഏരിയാ തലങ്ങളിലെത്തിയ ഘട്ടത്തിലാണ് പതിവില്ലാത്ത സംഭവങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

രണ്ടുദിവസം മുമ്പ് നടന്ന ആലപ്പുഴയിലെ പുളിങ്കുന്ന് ലോക്കല്‍ സമ്മേളനത്തില്‍ ഒരുവിഭാഗം പ്രതിനിധികള്‍ ഉപരിഘടകങ്ങളില്‍ നിന്നുമെത്തിയ നിരീക്ഷകരോട് തട്ടിക്കയറുകയും സമ്മേളന ഹാളിലെ കസേരകള്‍ മറിച്ചിടുകയും ചെയ്തിരുന്നു. ഇതിനൊടുവില്‍ പ്രതിഷേധക്കാര്‍ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോക്കും നടത്തി. സി.പി.എം. സമ്മേളനങ്ങളില്‍ മത്സരവും വോട്ടെടുപ്പും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാധാരണമാണെങ്കിലും ഇറങ്ങിപ്പോക്കും കൈയാങ്കളിയും ഇതുവരെ അരങ്ങേറിയിരുന്നില്ല. കഴിഞ്ഞ കോട്ടയം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലുണ്ടായ കശപിശയായിരുന്നു എടുത്തുപറയാവുന്ന ഒന്ന്. കഴിഞ്ഞദിവസം നടന്ന ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഏരിയാ സമ്മേളനം പിണറായി പക്ഷത്തെ രണ്ടുപ്രമുഖ നേതാക്കളായ മുന്‍മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗങ്ങളുടെ ബലപരീക്ഷണമായി മാറി. ഇതില്‍ ജി. സുധാകരന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിനായി വിജയം. മത്സരിച്ച ആറ് സുധാകരന്‍ പക്ഷക്കാരും വിജയിച്ചതോടെ ഏരിയാകമ്മിറ്റിയും അവരുടെ നിയന്ത്രണത്തിലായി.

ഞായറാഴ്ച നടന്ന കാസര്‍കോട് ജില്ലയിലെ എളേരി ഏരിയാ സമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ. ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും സി.പി.എം. നേതൃത്വം ഒഴിവാക്കിയ ആള്‍ മത്സരിച്ച് പാര്‍ട്ടി ഏരിയാസെക്രട്ടറിയാകുന്ന കാഴ്ചയാണ് സംഭവിച്ചത്. ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാസെക്രട്ടറിയായ സാബു എബ്രഹാമാണ് സി.പി.എം. ഏരിയാസെക്രട്ടറിപദത്തിലെത്തിയിരിക്കുന്നത്. വി.വി. രമേശന്‍ പ്രശ്‌നത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം വകവെക്കാതെ പ്രവര്‍ത്തിച്ചയാളാണ് സാബു. രമേശനെ ഡി.വൈ.എഫ്.ഐ.യില്‍ നിന്ന് പുറത്താക്കാന്‍ മുന്‍നിരയില്‍ നിന്നു. അതിന്റെ പകതീര്‍ക്കലെന്നോണം കാസര്‍കോട് ഡി.വൈ.എഫ്.ഐ.യുടെ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് സാബുവിനെ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയായിരുന്നു. ജില്ലാ സെക്രട്ടറിയായി തുടര്‍ന്നാല്‍ ആ നിലയില്‍ സി.പി.എം. ജില്ലാകമ്മിറ്റിയിലും സാബുവിന്റെ സാന്നിധ്യം ഉണ്ടാകുമായിരുന്നു. അതും ഒഴിവാക്കുകയായിരുന്നു നേതൃത്വത്തിന്റെ ലക്ഷ്യം. എന്നാല്‍ ഏരിയാ സെക്രട്ടറി എന്ന നിലയില്‍ വീണ്ടും സാബു ജില്ലാകമ്മിറ്റിയില്‍ എത്താനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്.

കാലടി ഉള്‍പ്പെടെ എറണാകുളത്ത് സംഘര്‍ഷമാണെങ്കില്‍ ഇടുക്കിയില്‍ സ്ഥിതി മറ്റൊരു തരത്തിലാണ് ആശങ്കയുയര്‍ത്തുന്നത്. വിഭാഗീയത നിയന്ത്രിക്കാന്‍ ജില്ലയിലെ ഉന്നത നേതാക്കളെ നിയോഗിച്ചാണ് തൊടുപുഴ മേഖലയിലെ മൂന്ന് ഏരിയാ കമ്മിറ്റികള്‍ ഔദ്യോഗിക പക്ഷത്തുതന്നെ നിലനിര്‍ത്തുന്നതിനു സാഹചര്യമൊരുക്കിയതെന്നു വിലയിരുത്തല്‍. പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ ആരോപണ വിധേയനായ നേതാവിനെക്കുറിച്ച് ഏരിയാ സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനമുണ്ടായിരുന്നു.ചീട്ടുകളി വിവാദത്തില്‍ ഉള്‍പ്പെട്ടു പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയ നേതാവിനെ പുറത്താക്കണമെന്നു പലരും ആവശ്യപ്പെട്ടു. പെരുമാറ്റദൂഷ്യ പരാതി പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ഏറെ അപമാനം വരുത്തിയെന്ന് ഔദ്യോഗിക പക്ഷത്തെതന്നെ ചില നേതാക്കള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്നു മൂലമററം ഏരിയാ കമ്മിറ്റി നിലനിര്‍ത്തുന്നതിന് സിപിഎം സംസ്ഥാനകമ്മിറ്റി അംഗം കെ.കെ. ജയചന്ദ്രനെയാണ് പാര്‍ട്ടി നിയോഗിച്ചത്. പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്നു തീരുമാനമെടുത്ത മുന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.എം. മാനുവല്‍, മുന്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി എം.സി. മാത്യു എന്നിവരുടെ തട്ടകമായ തൊടുപുഴയില്‍ അടിയൊഴുക്കുകള്‍ ഉണ്ടാകാതിരിക്കുന്നതിനു പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. മണി നേരിട്ടെത്തിയാണു സമ്മേളനം നിയന്ത്രിച്ചത്.

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍കൊണ്ടും സാമ്പത്തിക ക്രമക്കേടുകള്‍കൊണ്ടും വിവാദത്തിലായ കരിമണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ സമ്മേളനം നിയന്ത്രിക്കുന്നതിന് ഔദ്യോഗിക പക്ഷത്തെ വിശ്വസ്തന്‍മാരിലൊരാളായ പി.എന്‍. വിജയനെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. വനിതാ നേതാവ് ഏരിയാ സെക്രട്ടറിക്കെതിരെ നല്‍കിയ പെരുമാറ്റദൂഷ്യ പരാതിയാണ് മൂന്ന് ഏരിയാ സമ്മേളനങ്ങളിലും സംഘടനാ ചര്‍ച്ചകളില്‍ പ്രതിഫലിച്ചത്. ഔദ്യോഗിക പക്ഷത്തുനിന്നുള്ളവരും ഇക്കാര്യത്തില്‍ എതിര്‍പക്ഷത്തോട് യോജിച്ചത് ചര്‍ച്ചകള്‍ സങ്കീര്‍ണമാക്കി. വിഎസ് പക്ഷം പിടിമുറുക്കുന്ന കരിമണ്ണൂര്‍ ഏരിയാ കമ്മിറ്റിയില്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശക്തമായ മല്‍സരമാണ് നടന്നത്. വിഎസ് പക്ഷത്തിനുവേണ്ടി മല്‍സരിച്ചയാള്‍ 52 വോട്ടുകള്‍ നേടിയത് ഔദ്യോഗികപക്ഷത്തെ ഞെട്ടിച്ചു. മൂലമറ്റം ഏരിയാ കമ്മിറ്റിയിലും ചൂടുപിടിച്ച ചര്‍ച്ചകളാണ് നടന്നത്. നിലവിലെ ഏരിയാ സെക്രട്ടറിക്കെതിരെ ചിലര്‍ മല്‍സരത്തിന് തയാറായെങ്കിലും നേതൃത്വം ഇടപെട്ട് മല്‍സരം ഒഴിവാക്കുകയായിരുന്നു. തൊടുപുഴ ഏരിയാ കമ്മിറ്റിയില്‍ മല്‍സരം ഉണ്ടായില്ലങ്കിലും പെരുമാറ്റദൂഷ്യ പരാതിയിന്‍മേല്‍ ആരോപണ വിധേയനെ രക്ഷിച്ച ജില്ലാനേതൃത്വത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് അംഗങ്ങള്‍ പ്രകടിപ്പിച്ചത്. ഇങ്ങനെപോയാല്‍ പാര്‍ട്ടിയിലേക്ക് വനിതകള്‍ക്കു കടന്നുവരാനാകില്ലെന്നുമാത്രമല്ല, നിലവിലുള്ള അംഗങ്ങള്‍പോലുംനിശബ്ദരാകേണ്ട സ്ഥിതിവിശേഷമാണുള്ളതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത വനിതാ അംഗങ്ങള്‍ കുറ്റപ്പെടുത്തുകയും ചെയ്തു.

പാലക്കാടും സ്ഥിതി വ്യത്യസ്ഥമല്ല. ജില്ലയില്‍ വി.എസ് പക്ഷത്തിന്റെ പ്രധാന ശക്തികേന്ദ്രമായ പാലക്കാട് ഏരിയ സമ്മേളനത്തിന് തുടക്കമായി.എസിയില്‍ നിലവിലുള്ള അവസ്ഥക്ക് മാറ്റം വരുന്ന സാഹചര്യമില്ലെന്നാണ് നേതൃത്വം അവകാശപ്പെടുന്നതെങ്കിലും ലോക്കല്‍ കമ്മിറ്റികളിലെ ബലാബലത്തിലുണ്ടായ മാറ്റങ്ങള്‍ ഗ്രൂപ്പില്‍ അസ്വസ്ഥതയ്ക്ക് കാരണമായിട്ടുണ്ട്. കോട്ടക്ക് ഇളക്കം തട്ടാതിരിക്കാന്‍ വിഎസ് തന്നെ നേരിട്ട് എത്തുന്നുവന്ന പ്രത്യേകതയും സമ്മേളനത്തിലുണ്ട്. പാര്‍ട്ടി ഏകീകരണമെന്ന സംസ്ഥാനഘടകത്തിന്റെ നിര്‍ദ്ദേശം ഏറ്റവും നന്നായി നടപ്പാക്കിയത് പാലക്കാട് എസിയിലാണ് എന്നു പറയുന്നുണ്ടെങ്കിലും ജില്ലയിലുണ്ടായ രൂക്ഷമായ വിഭാഗീയതക്ക് ഇരയാകേണ്ടിവന്നവരുടെ നിലപാടുകള്‍ സമ്മേളനത്തില്‍ നിര്‍ണായകമാകും.

No comments:

Post a Comment

Note: Only a member of this blog may post a comment.