Wednesday, November 2, 2011

സ്വജനപക്ഷപാതത്തിന് 'സഹകരണം' എന്ന പേര്


ജനങ്ങളെ സഹകരിപ്പിച്ച് അവരുടെ സാമ്പത്തിക അതിജീവനത്തിന് ഉതകിയിരുന്ന നമ്മുടെ പ്രാഥമിക സഹകരണ ബാങ്കുകള്‍ ഇന്ന് പാര്‍ട്ടി വളര്‍ത്തുന്നതിനുള്ള ധനപരമായ കുറുക്കുവഴിയായിരിക്കുന്നു.
ലോണ്‍ മുതല്‍ ഉദ്യോഗം വരെ പാര്‍ട്ടി അഴിമതിയാണ് സഹകരണ ബാങ്കുകളില്‍. കള്ളവോട്ടിന്റെ കുത്തക ഐഡന്റിറ്റിയുമായി നമ്മുടെ സഹകരണ ബാങ്കുകള്‍ പകല്‍ക്കൊള്ളപോലെ ജനങ്ങളെ പല്ലിളിച്ചുകാട്ടുകയാണ്. ഭാര്യയ്ക്ക് ജോലി കൊടുത്ത ഭര്‍ത്താവ് സെക്രട്ടറി മുതല്‍ പുത്രിയ്ക്ക് ജോലി സമ്പാദിച്ച മന്ത്രി ഗുരുവരന്മാര്‍ വരെ നമ്മുടെ സഹകരണ ബാങ്കിന്റെ സ്‌ട്രോംഗ്‌റൂം കരളുകയാണ്.
പാര്‍ട്ടിക്കാര്‍ക്ക് ജോലി നല്കാന്‍ ശാഖകള്‍ സ്ഥാപിച്ച് രസിക്കുന്നതാണ് പുതിയ സഹകരണവിനോദം. ജോലി നല്കല്‍ പി.എസ്.സിയെ ഏല്പിച്ചെങ്കിലും ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് നിയമനത്തില്‍ പിടിച്ചാണ് അഴിമതി ഉദ്യോഗങ്ങള്‍ പാര്‍ട്ടി കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. നമ്മുടെ സഹകരണ ബാങ്കുകളെക്കുറിച്ച് ധവളപത്രം ഇറക്കാന്‍ ഈ ബാങ്കുകളെ രാഷ്ട്രീയ വ്യാപാര വ്യവസായികളില്‍ നിന്നും രക്ഷിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി ഉണ്ടാകേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ചിറക്കരത്താഴം ബാങ്കുപോലെ ഇവ ചിലരുടെ പള്ളകളില്‍ അന്ത്യവിശ്രമംകൊള്ളും സമീപഭാവിയില്‍.
 
നമ്മുടെ സഹകരണ ബാങ്കുകള്‍ ബഹുഭൂരിപക്ഷവും ഇടതുമുന്നണിയുടെ പോക്കറ്റിലാണ്. ഇത് ജനങ്ങള്‍ വിശ്വാസം കൊണ്ടോ സ്‌നേഹം കൊണ്ടോ ഇടതുമുന്നണിയ്ക്ക് കൊണ്ടു കൊടുത്തതല്ല. വ്യാജ ഐഡന്റിറ്റി കാര്‍ഡിലൂടെ കുട്ടി സഖാക്കള്‍ വഞ്ചനാപരമായി പിടിച്ചെടുത്തതാണ്. അഞ്ചും ആറും ബാങ്കില്‍ അംഗത്വമുള്ള സഹകരണ വിരുതന്മാര്‍ ഈരംഗത്തുണ്ട്. അവര്‍ പ്രദേശത്ത് എവിടെയും ഒന്നിച്ച് വോട്ട് ചെയ്ത് ബാങ്കുകള്‍ പിടിച്ചെടുക്കുന്നു. ഇത്തരം ആയിരത്തി അഞ്ഞൂറില്‍പരം ഐഡന്റിറ്റി കാര്‍ഡ് സൂക്ഷിക്കുന്ന ബാങ്ക് സെക്രട്ടറി സഖാക്കളെ ഈ ലേഖകന് നേരിട്ടറിയാം. അതിനാല്‍ സഹകരണ ജനാധിപത്യം പുലരാന്‍ ഒരാള്‍ക്ക് ഒരു സഹകരണ ബാങ്കില്‍ മാത്രം അംഗത്വം എന്ന നിലവരണം. അതിന് നിയമ നിര്‍മ്മാണം ഉണ്ടാകണം.
ലോണ്‍ അനുവദിക്കുന്നതിലും സഹകരണ ബാങ്കുകളില്‍ രാഷ്ട്രീയ പരിഗണനയും ആശ്രിതസ്വഭാവവുമുണ്ട്. ഇത് ജനങ്ങളുടെ സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശത്തില്‍ കൈകടത്തലാണ്, ഇതൊരു ദുസ്വാധീനമാണ്. സ്വതന്ത്രമായി ലോണ്‍ എടുക്കാനുള്ള അവകാശത്തെ അതിക്രമിക്കുന്നവരെ കണ്ടുപിടിച്ച് നടപടി എടുക്കാന്‍ സര്‍ക്കാര്‍ പ്രത്യേക വിജിലന്‍സ് സമ്പ്രദായം കൊണ്ടുവരണം. ഇത് പൊലീസിന്റെ ഭാഗമാകണം. ആറ് മാസത്തിനുള്ളില്‍ നടപടിയും ഉണ്ടാകണം.
 
ഉദ്യോഗനിയമനങ്ങള്‍ പാര്‍ട്ടികാര്‍ക്ക് കുത്തകയാണ് അവരുടെ മക്കള്‍, ഭാര്യമാര്‍, പെങ്ങന്മാര്‍, സഹോദരങ്ങള്‍ എന്നിവര്‍ക്കാണ് ഇതിന്റെ അഴിമതി അവകാശം. കണക്ക് കൂട്ടാനും കുറക്കാനും വരെ കഴിയാത്ത ഇത്തരം ഭാരങ്ങള്‍ ലോണ്‍ എടുക്കുന്നവര്‍ക്ക് ഒരു ഭീഷണിയാണ്. അതൊഴിവാക്കാന്‍ സംസ്ഥാന അടിസ്ഥാനത്തില്‍ ഒരു സര്‍വ്വീസ് യോഗ്യതാ പരീക്ഷവച്ചാല്‍ ദുസ്വാധീന നിയമനങ്ങളില്‍ ബഹുഭൂരിപക്ഷവും പുറത്ത് പോകും.ലാഭമുള്ള ബാങ്കുകള്‍ മാത്രം ശാഖകള്‍ സ്ഥാപിച്ചാല്‍ മതിയെന്ന നിയമം കൊണ്ടുവരണം. ശാഖകള്‍ തമ്മില്‍ കുറഞ്ഞത് അഞ്ച് കിലോ മീറ്റര്‍ അകലം ഉണ്ടായിരിക്കണം. അല്ലാതുള്ള ദുര്‍വ്യയശാഖകള്‍ ഒഴിവാക്കണം. സഹകരണ മേഖലയില്‍ ആയിരം പേരെങ്കിലും അംഗത്വമെടുത്താല്‍ പുതിയ ബാങ്കുകള്‍ തുടങ്ങാന്‍ അനുവദിക്കണം. രണ്ട് ടേണില്‍ കൂടുതല്‍ ഒരാള്‍ ഡയറക്ടര്‍ ബോഡ് അംഗമോ പ്രസിഡന്റോ ആകരുത്. ഉദ്യോഗങ്ങള്‍ മുഴുവനായിതന്നെ പിഎസ്‌സിയ്ക്ക് വിടണം.അഴിമതി ഒഴിവാക്കാന്‍ സഹകരണ ബാങ്ക് അംഗത്വവും അക്കൗണ്ടും രണ്ടായി പരിഗണിക്കണം. സംസ്ഥാന അടിസ്ഥാനത്തില്‍ അംഗത്വ സര്‍വ്വേ നടത്തി ഒന്നിലധികം ബാങ്കില്‍ അംഗത്വമുള്ളവരെ ഒരംഗത്വത്തില്‍ കൊണ്ടുവരണം. ജില്ല സഹകരണ ബാങ്ക് ശാഖകള്‍ പരിമിതപ്പെടുത്തണം. ഒരു കേന്ദ്രത്തില്‍ ഒരു സഹകരണ ബാങ്ക് എന്ന തത്വമുണ്ടാക്കണം.
സംസ്ഥാന, ജില്ല സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ പ്രശസ്തരായ സഹകാരികളെയും സമൂഹ്യ- ഉദ്യോഗപ്രമുഖരെയും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ചട്ടം ഉണ്ടാക്കണം. ബാങ്കുകളില്‍ നിന്നും കക്ഷി രാഷ്ട്രീയം ഒഴിവാക്കാനും കുറയ്ക്കാനും എല്ലാ സഹകരണ ബാങ്കുകളിലേയ്ക്കും ഗവണ്‍മെന്റ് നോമിനികളെ കൂടി ഉള്‍പ്പെടുത്തണം.
 
അങ്ങനെ സഹകരണ ബാങ്കിങ് മേഖല രാഷ്ട്രീയമുക്തമായ ജനസേവന മേഖലയാക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാക്കി ജീവനക്കാരുടെ എണ്ണം കുറയ്ക്കണം, ബാങ്കിംഗ് കൃത്യയുള്ളതാക്കാനും കഴിയണം. അനധികൃത നിയമനങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ പിരിച്ചുവിടണം. ഇങ്ങനെ സഹകരണ ബാങ്കിങ് മേഖലയെയും മറ്റു സഹകരണ മേഖലകളെയും ജനാധിപത്യവത്ക്കരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ എടുക്കണം. എ.കെ.ജി ആശുപത്രി മുതല്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം വരെ പിടിച്ചെടുത്ത് പാല് കുടിക്കുന്ന പൂച്ചകളെ ചെവിയ്ക്ക് പിടിച്ച് ജനാധിപത്യം പഠിപ്പിച്ചില്ലെങ്കില്‍ സഹകരണ വകുപ്പ് തന്നെ പാര്‍ട്ടിക്കാരുടേതാകും.

No comments:

Post a Comment

Note: Only a member of this blog may post a comment.