Saturday, November 26, 2011

സി.പി.എം നേതൃത്വത്തെ വെല്ലുവിളിച്ച് വി.എസ്


ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുമായി വീണ്ടും കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: പാര്‍ട്ടി വിലക്കുണ്ടായിട്ടും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുമായി പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ വീണ്ടും കൂടിക്കാഴ്ച നടത്തി.
വ്യാഴാഴ്ച രാത്രി പത്തരയോടെ കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ വെച്ചായിരുന്നു അതീവരഹസ്യമായുള്ള കൂടിക്കാഴ്ച. ബര്‍ലിനുമായി സൗഹൃദകൂടിക്കാഴ്ചയാണ് നടത്തിയതെന്നും കാപ്പി കുടിച്ച് പിരിയുകയായിരുന്നെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും അഭിവാദ്യം ചെയ്ത് മടങ്ങുകയാണുണ്ടായതെന്നുമാണ് വി.എസ് അറിയിച്ചിരിക്കുന്നത്.
ഇന്നലെ കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണപരിപാടിക്ക് കൂത്തുപറമ്പില്‍ പോകേണ്ടതിനാല്‍ വ്യാഴാഴ്ച യാത്രാമധ്യേ കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് വി.എസ് തങ്ങിയത്. അതിനിടയിലാണ് ഇരുവരും കണ്ടുമുട്ടിയത്. ബര്‍ലിന്‍ വ്യാഴാഴ്ച രാത്രിയില്‍ തന്നെ കണ്ണൂരിലേക്ക് മടങ്ങുകയും ചെയ്തു. വി.എസുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും യാദൃശ്ചികമായി കണ്ടുമുട്ടിയതാണെന്നുമാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞത്. 'താന്‍ തന്റെ ബന്ധുവിനെ യാത്രയാക്കാന്‍ വ്യാഴാഴ്ച കോഴിക്കോട് വിമാനത്താവളത്തില്‍ പോയി തിരികെ വരുന്ന വഴി ഗസ്റ്റ്ഹൗസിനു പിന്നിലുള്ള മരുമകന്റെ വീട്ടില്‍ പോയിരുന്നു. ചെന്നപ്പോള്‍ ആ വീട്ടില്‍ ആരുമില്ലായിരുന്നു. സമയം രാത്രി എട്ടരയായതിനാല്‍ ഒരു ചായ കുടിക്കാനായി ഗസ്റ്റ്ഹൗസില്‍ കയറി. ചായ കുടിച്ചു പുറത്തിറങ്ങുമ്പോഴാണ് വി.എസിന്റെ പി.എ ആയ സുരേഷ് കാറില്‍ നിന്ന് ഇറങ്ങുന്നത് കണ്ടത്. പിന്നാലെ കാറില്‍ നിന്ന് വി.എസ് ഇറങ്ങി. പിന്നീട് ഞങ്ങള്‍ രണ്ടുപേരും പരസ്പരം കൈ പിടിച്ചുകുലുക്കി. അല്‍പ്പനേരം ഇരുന്ന് സംസാരിച്ചതല്ലാതെ കൂടിക്കാഴ്ചയെന്ന് പറയാനൊന്നുമില്ല' എന്നിങ്ങനെയായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
 
സി.പി.എം നേതൃത്വത്തിന്റെ കര്‍ശന വിലക്കിന് പുല്ലുവില കല്പിച്ച് വി.എസ് ഇതിന് മുമ്പ് അച്ചടക്കനടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ഭക്ഷണം കഴിക്കരുതെന്ന് പാര്‍ട്ടി വിലക്കിയപ്പോള്‍ 'ഇളനീര്‍' കുടിച്ച് നേതൃത്വത്തെ അപഹസിക്കുകയാണ് അന്ന് വി.എസ് ചെയ്തിരുന്നത്. വി.എസിന്റെ സന്ദര്‍ശനത്തിന് ശേഷം ബര്‍ലിനെ രൂക്ഷമമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വദേശമായ നാറാത്ത് സി.പി.എം പൊതുയോഗം നടത്തുകയും ചെയ്തിരുന്നു. തന്റെ ആത്മകഥയുടെ രണ്ടാം ഘട്ടമെന്ന നിലയില്‍ ഒരു വാരികയില്‍ സി.പി.എമ്മിനെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖന പരമ്പര ആരംഭിച്ചാണ് ബര്‍ലിന്‍ അതിനെതിരെ പ്രതികരിച്ചത്. തുടര്‍ന്ന് ബര്‍ലിന്‍ വിഷയത്തില്‍ കൂടുതല്‍ കടുത്ത നിലപാടാണ് ഔദ്യോഗിക നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അതിനിടെയാണ് രണ്ടാമതും വി.എസ്-ബര്‍ലിന്‍ കൂടിക്കാഴ്ച നടന്നിരിക്കുന്നത്. ബര്‍ലിന്റെ വസതിയ്ക്ക് പകരം ഗവ. ഗസ്റ്റ്ഹൗസാണ് കൂടിക്കാഴ്ചയ്ക്ക് വേദിയായത്. ബര്‍ലിന്റെ ആതിഥേയത്വത്തില്‍ ഇളനീര്‍ മാത്രം കുടിച്ചതിന്റെ 'പിണക്കം' മാറ്റാന്‍ ബര്‍ലിനൊപ്പം കാപ്പി കുടിച്ച് ആതിഥേയന്റെ റോള്‍ നിര്‍വ്വഹിക്കുകയാണ് വി.എസ് ചെയ്തിരിക്കുന്നത്. യാദൃശ്ചികമായാണ് കൂടിക്കാഴ്ച നടന്നതെന്നാണ് വി.എസിന്റെ വിശദീകരണമെങ്കിലും സംഗതി അതല്ലെന്ന് പകല്‍ പോലെ വ്യക്തമാണ്.
 
അരമണിക്കൂറോളം നീണ്ട കുടിക്കാഴ്ചയില്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ വി.എസ് പക്ഷക്കാരെ വെട്ടിനിരത്തുന്നത് സംബന്ധിച്ചും മറ്റും വിഷയമായെന്നാണ് അറിവ്. കണ്ണൂരില്‍ വി.എസ് ബെര്‍ലിനെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് നടന്ന വാക് പോരിനൊടുവില്‍ ബെര്‍ലിനും പി. ജയരാജനും തമ്മിലുള്ള കേസ് കോടതിയിലാണെന്നിരിക്കെ അതുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടന്നെന്നാണ് വിവരം. വടക്കന്‍ മേഖലകളില്‍ നടന്ന ഏരിയാ സമ്മേളനങ്ങളില്‍ വി.എസ് പക്ഷത്തിനെതിരെ ഔദ്യോഗിക പക്ഷം നടത്തുന്ന വെട്ടിനിരത്തല്‍ നടപടികളിലുള്ള പ്രതിഷേധം പങ്കുവെക്കാനും തുടര്‍ നടപടികള്‍ ആലോചിക്കാനുമാണ് ഇരുവരും കൂടിക്കണ്ടതെന്നാണ് പിണറായിപക്ഷം ഭയക്കുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.