Monday, November 7, 2011

ആ വിഐപി കോടിയേരി തന്നെയോ?


കോട്ടയം: കേരളത്തിലെ ഏറ്റവും കുപ്രിസിദ്ധനായ ആ വി.ഐ.പി കോടിയേരിയാണോ? രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന സംശയമായി വളരുകയാണ് ഈ സംശയം. കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍ പീഡനക്കേസ് വിവാദമായതോടെ ആ വി.ഐ.പി ആരെന്ന ചോദ്യവും ബലപ്പെട്ടിരുന്നു. എന്നാല്‍ പീഡനത്തിനിരയായി മരിച്ച ശാരിയുടെ പിതാവ് കഴിഞ്ഞദിവസം നടത്തിയ ഒരു വെളിപ്പെടുത്തലുകളെ വി.ഐ.പി വിവാദവുമായി കൂട്ടിവായിക്കുമ്പോള്‍ ചിത്രങ്ങള്‍ തെളിയുകയാണ്. മകള്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ആസ്പത്രിയില്‍ സന്ദര്‍ശിച്ചവരുടെ കൂട്ടത്തില്‍ സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നെന്ന് കിളിരൂര്‍ പീഡനത്തിനിരയായ ശാരിയുടെ അച്ഛന്‍ എന്‍.സുരേന്ദ്രന്‍ പറയുന്നത്.

തിരുവനന്തപുരത്ത് സി.ബി.ഐ. കോടതിയില്‍ കിളിരൂര്‍ കേസിന്റെ വിചാരണ നടക്കുകയാണ്. കോടിയേരി ആസ്പത്രിയില്‍ ശാരിയെ സന്ദര്‍ശിച്ചിരുന്നെങ്കിലും വിചാരണാവേളയില്‍ ശാരിയെ ചികിത്സിച്ച ഡോ. ശങ്കര്‍, അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. കോടിയേരിയുടെ പേര് ഒഴിവാക്കിയത് മനഃപൂര്‍വമാണോയെന്ന് അറിയില്ലെന്നും ശാരിയുടെ അച്ഛന്‍ പറഞ്ഞു. ശാരിയെ ആസ്പത്രിയില്‍ സന്ദര്‍ശിച്ച വി.എസ്. അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും പേരുകള്‍ കോടതിയില്‍ പറഞ്ഞ ഡോക്ടര്‍, എന്തുകൊണ്ടാണ് കോടിയേരിയെ ഒഴിവാക്കിയതെന്ന് അറിയില്ലെന്നും സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കേസില്‍ മൊഴികളിലെ വൈരുദ്ധ്യത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാമൂഹികപ്രവര്‍ത്തക കെ.അജിതയും മറ്റും ആസ്പത്രിയിലെത്തിയെങ്കിലും ശാരിയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ശാരിയുടെ മരണകാരണം എന്താണെന്നതിനെക്കുറിച്ച് ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നും ഇതിനായി പുനരന്വേഷണം ആവശ്യമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ആസ്പത്രിയില്‍ ശാരിയെ സന്ദര്‍ശിച്ച വി.ഐ.പി.കളെക്കുറിച്ച് വി.എസ്സിനും ഡോ.ശങ്കറിനും അറിയാം. ഇതും പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. ശാരിയെ തീവ്രപരിചരണ വിഭാഗത്തില്‍ വി.ഐ.പി. സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് പിണറായി വിജയന്‍ ചര്‍ച്ച ചെയ്തതായി പീഡനത്തിനിരയായി മരിച്ച ശാരിയെ ചികിത്സിച്ചിരുന്ന ഡോ. ശങ്കരന്‍ മൊഴിനല്‍കിയതിനു തൊട്ടുപിന്നാലെയാണ് സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍. കോട്ടയം മാതാ ആശുപത്രിയില്‍ ശാരിയെ ചികിത്സിച്ച ഇദ്ദേഹം ശനിയാഴ്ച സി.ബി.ഐ. കോടതിയിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ആശുപത്രി സന്ദര്‍ശിച്ച പിണറായി വിജയന്‍ ആ സമയം അവിടെയില്ലായിരുന്ന തന്നെ അധികൃതരെ കൊണ്ട് വിളിച്ചുവരുത്തിയാണ് വിഷയം ചര്‍ച്ച ചെയ്തതെന്ന് ഡോ. ശങ്കരന്‍ പറഞ്ഞു. എന്നാല്‍, ചര്‍ച്ചയുടെ വിശദാംശം ഡോക്ടര്‍ കോടതിയില്‍ വെളിപ്പെടുത്തിയില്ല. തീവ്രപരിചരണ വിഭാഗത്തില്‍ സന്ദര്‍ശകരെ ഒഴിവാക്കേണ്ടതാണെന്ന് താന്‍ പറഞ്ഞതായും ഡോക്ടര്‍ അറിയിച്ചു. പ്രതിപക്ഷനേതാവായ വി.എസ്. അച്യുതാനന്ദന്‍ ശാരിയെ സന്ദര്‍ശിച്ചപ്പോള്‍ താനും അനുഗമിച്ചിരുന്നു. എന്നാല്‍, ശാരി അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. വി.എസിനെ പരിചയപ്പെടുത്തിയപ്പോള്‍ ഒരു ചെറിയ ചിരി മാത്രമായിരുന്നു ശാരിയുടെ പ്രതികരണം. വനിതാ കമ്മീഷന്‍ അംഗമായിരുന്ന മീനാക്ഷി തമ്പാന്‍, പി.കെ.ശ്രീമതി, അന്വേഷി പ്രസിഡന്റ് അജിത എന്നിവരും ശാരിയെ സന്ദര്‍ശിച്ചിരുന്നു. ശാരിയുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ സന്ദര്‍ശകരെ വിലക്കണമെന്ന് താന്‍ നിര്‍ദേശിച്ചിരുന്നു.

പ്രസവത്തിനുശേഷം ഗര്‍ഭപാത്രത്തില്‍ അണുബാധയേറ്റ നിലയിലാണ് ശാരിയെ മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാരിക്ക് വന്‍കുടലില്‍ തടസ്സമുള്ളതായി അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തി 32 സെന്റിമീറ്ററോളം നീളത്തില്‍ കുടല്‍ നീക്കം ചെയ്ത് പരിശോധനയ്ക്കയച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആരോഗ്യം മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളാവുകയായിരുന്നു. ശാരിക്ക് ഇടവിട്ട് പനി വരുന്നതിനൊപ്പം മഞ്ഞപ്പിത്തവും സന്നിപാത ജ്വരവും പിടിപ്പെട്ടു. പിന്നീട് ഒക്ടോബര്‍ 27നും 29നും മെഡിക്കല്‍സംഘം പരിശോധന നടത്തി. മൂന്നാംതവണ സംഘം പരിശോധന നടത്തിയപ്പോള്‍ ഒരംഗം ശാരിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്തു. ഒക്ടോബര്‍ 30ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗ്യാസ്‌ട്രോ എന്റോളജി വിഭാഗം ഡോക്ടര്‍ പരിശോധന നടത്തിയശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ശാരിയെ മാറ്റാന്‍ നിര്‍ദേശം നല്‍കി.

പിറ്റേദിവസം രാവിലെ എ.ഡി.എം. ശാരിയുടെ അച്ഛനമ്മമാരുമായി ചര്‍ച്ച നടത്തി മെഡിക്കല്‍കോളേജിലേക്ക് മാറ്റിയതായും ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. കിളിരൂര്‍ കേസില്‍ മുന്‍മന്ത്രിസഭയിലെ രണ്ടംഗങ്ങളുടെ പുത്രന്മാര്‍ക്കു ബന്ധമുണ്ടെന്നു സംഭവം നടക്കുമ്പോള്‍ പ്രതിപക്ഷനേതാവായിരുന്ന വി.എസ് ആരോപിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയായതോടെ ഈ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ വി.എസ് തയ്യാറായില്ല. കേസിലെ വിചാരണ കഴിഞ്ഞ 24 നാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ ആരംഭിച്ചത്. കൊച്ചി കോടതി പരിഗണിച്ചിരുന്ന കേസ് തിരുവനന്തപുരത്ത് സിബിഐ കോടതി നിലവില്‍ വന്നതോടെയാണ് മാറ്റിയത്.

ടി.വി. സീരിയല്‍ നിര്‍മാണവുമായി ബന്ധപ്പെട്ടിരുന്ന ലതാ നായര്‍ ഉള്‍പ്പെടെ ഒമ്പത് പ്രതികള്‍ കേസിലുണ്ട്. ശാരി എന്ന പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. പ്രതികളെ ശാരിയുമായി ബന്ധപ്പെടുത്തിയത് ലതാ നായരാണ്. 70ഓളം സാക്ഷികള്‍ സിബിഐയുടെ ഭാഗത്തുനിന്നുണ്ട്. ഡോ. കെ.പി.സതീശനാണ് സിബിഐയുടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ സിബിഐയുടെ ഭാഗത്തുനിന്നുള്ള സാക്ഷിയാക്കിയിരുന്നു. എന്നാല്‍ പിന്നീട് പട്ടികയില്‍നിന്ന് ഒഴിവാക്കി. കിളിരൂര്‍ കേസിനോടനുബന്ധിച്ചാണ് കവിയൂര്‍ കൂട്ട ആത്മഹത്യ കേസും സിബിഐ അന്വേഷിച്ചത്. ലതാ നായരെ പ്രതിയാക്കി ഈ കേസില്‍ കുറ്റപത്രം നല്‍കിയെങ്കിലും പിന്നീട് കോടതി ഉത്തരവ് പ്രകാരം ഇപ്പോള്‍ കൂടുതല്‍ അന്വേഷണം നടക്കുന്നു. കിളിരൂര്‍ കേസിലെ ഇര മരിച്ച് ഏഴുവര്‍ഷങ്ങള്‍ക്കുശേഷമാണ് വിചാരണ ആരംഭിച്ചിരിക്കുന്നത്. 2004 നവംബര്‍ 13ാം തീയതി രാത്രി ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് ശാരി മരിച്ചത്.

സീരിയല്‍ നടിയാക്കാമെന്ന് പ്രലോഭിപ്പിച്ചാണ് മാതൃസഹോദരി ഉള്‍പ്പെടെയുള്ളവര്‍ ശാരിയെ ഉന്നതന്മാര്‍ക്ക് കാഴ്ചവച്ചത്. പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ ശാരി 2004 ഓഗസ്റ്റിലെ സ്വാതന്ത്ര്യദിനത്തില്‍ വരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. മൂന്ന് മാസത്തോളം കടുത്ത ശാരീരിക പ്രശ്‌നങ്ങളനു ഭവിച്ച് വേദനതിന്ന് ഇഞ്ചിഞ്ചായാണ് ശാരി മരിച്ചത. ശാരിയുടെ മാതൃസഹോദരി കിളിരൂര്‍ ചെറിയകാരക്കാട്ട് ഓമനയാണ് കേസിലെ ഒന്നാംപ്രതി. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ചേര്‍ത്തല കൊക്കോതമംഗലം സ്വദേശി പ്രവീണ്‍ രണ്ടാം പ്രതിയും പത്തനംതിട്ട സ്വദേശി ലത നായര്‍ മൂന്നാംപ്രതിയുമാണ്. പെണ്‍കുട്ടിയുടെ ബന്ധു മറിയപ്പള്ളി സ്വദേശി കൊച്ചുമോനെന്ന ബിനു, കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മാരായ മനോജ്, പ്രശാന്ത് എന്നിവരാണ് മറ്റ് പ്രതികള്‍. ലതാനായരാണ് ശാരിയെ ഉന്നതന്മാര്‍ക്ക് കാഴ്ചവച്ചത്. യാത്രകളില്‍ ഓമന ക്കുട്ടിയും അനുഗമിച്ചിരുന്നു.

അതേസമയം ശാരിയോടൊപ്പം ലതാനായര്‍ ഉന്നതന്മാര്‍ക്ക് കാഴ്ചവച്ച കവിയൂര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ കൂട്ടആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല. തിരുവല്ല കവിയൂര്‍ ഹനുമാന്‍സ്വാമി ക്ഷേത്രത്തിനു സമീപം വണ്ടശേരിയില്‍ താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശി എന്‍ നാരായണന്‍ നമ്പൂതിരിയുടെ പുത്രിയാണ് അനഘ (അന്ന് പതിനാല് വയസ്). കിളിരൂര്‍ പീഡനകഥ പുറത്തുവന്നതോടെ തിരുവല്ല ചുമത്രക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന നാരായണന്‍ നമ്പൂതിരി, ഭാര്യ ശോഭന, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവര്‍ 2004 സെപ്തംബര്‍ 27 ന് വിഷംകഴിച്ച് കൂട്ട ആത്മഹത്യ ചെയ്തു. അനഘയെയും ശാരിയെ പീഡിപ്പിച്ച പ്രമുഖര്‍ക്ക് ലതാനായര്‍ കാഴ്ചവച്ചതായി പോലീസ് അന്വേഷണ ത്തില്‍ തെളിഞ്ഞിരുന്നു. കിളിരൂര്‍- കവിയൂര്‍ പീഡനകേസുകളെ രാഷ്ട്രീയ സംഭവങ്ങളാക്കി വികസിപ്പിച്ചെടുത്ത് അധികാരത്തിലെത്തിയ വ്യക്തിയാണ് അച്യുതാനന്ദന്‍. ശാരി കൊല്ലപ്പെടുമ്പോള്‍ യുഡിഎഫ് മന്ത്രിസഭയായിരുന്നു ഭരണത്തില്‍.

അന്ന് സ്ത്രീപീഡകര്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് അച്യുതാനന്ദന്‍ ഈ പ്രശ്‌നങ്ങള്‍ വിവാദങ്ങളാക്കിയത്. രോഗിയായ ശാരിയെ ആശുപത്രിയിലെത്തി ഒരു വിഐപി ഭീഷണിപ്പെടുത്തിയതാണ് കുട്ടിയുടെ സ്ഥിതിവഷളാക്കിയതും മരണത്തിലേക്ക് നയിച്ചതെന്നും ആദ്യം പറഞ്ഞത് അച്യുതാനന്ദനായിരുന്നു. കൂടാതെ അന്നത്തെ യുഡിഎഫ് സര്‍ക്കാരിലെ ഒരു മന്ത്രിയും മുന്‍ മന്ത്രിയും സര്‍വ്വീസിലുള്ള ഡിവൈഎസ്പിയും ഒരു എസ്പിയും ശാരിയെ പീഡിപ്പിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് അച്യുതാനന്ദന്‍ വെളിപ്പെടുത്തിയിരുന്നു. ആഭ്യന്തരമന്ത്രി പദവി 24 മണിക്കൂര്‍ വിട്ടുതന്നാല്‍ ഈ വിഐപികളെ കയ്യാമം വയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷം അധികാരത്തിലിരുന്നിട്ടും ഒന്നുംചെയ്യാനാകാതെ അദ്ദേഹം നിസഹായനാവുകയായിരുന്നു എന്നാണ് യാഥാര്‍ത്ഥ്യം.

No comments:

Post a Comment

Note: Only a member of this blog may post a comment.