Thursday, November 3, 2011

ഡി.വൈ.എഫ്.ഐ സംഘം പത്ത് കിലോ കഞ്ചാവുമായി പിടിയില്‍


നെടുങ്കണ്ടം: സി.പി.എം. ലോക്കല്‍ കമ്മറ്റിയംഗവും പാമ്പാടുംപാറ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ പുളിമൂട്ടില്‍ നാസര്‍ (37) ഒറ്റപ്പാലം സ്വദേശികളും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുമായ എ.കെ. ഹമീദ് (27), ഷബീര്‍ അലി (27) എന്നിവരെ പത്ത് കിലോ കഞ്ചാവുമായി നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു.
കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെ.എല്‍. 53 ബി 5220 ആള്‍ട്ടോ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. നെടുങ്കണ്ടം എസ്.ഐ. ജി. കെ. മുരളീധരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. നിര്‍ത്താതെ പോയ വാഹനം പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. മഞ്ഞപ്പാറ ക്രിസ്ത്യന്‍ ദേവാലയത്തിന് സമീപം വാഹനം നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ഇവരെ പിടികൂടുകയായിരുന്നു. മഞ്ഞപ്പാറയ്ക്ക് സമീപം ചിന്നാറില്‍ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്നും ഇത് പാലാക്കാട്ടേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമമായിരുന്നുവെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. വിപണിയില്‍ 12 ലക്ഷം രൂപയില്‍ അധികം വില വരുന്ന കഞ്ചാവാണ് പോലീസ് കണ്ടെത്തിയത്. ഇവര്‍ക്ക് വന്‍ കഞ്ചാവ് ലോബിയുമായുള്ള ബന്ധം തള്ളിക്കളയാനാവില്ലായെന്നും ഇതേകുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഇതിനിടെ പ്രതികളെ സംരക്ഷിക്കുന്നതിന് സി.പി.എം. നേതാക്കള്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്. കേസിന്റെ തുടരന്വേഷണം കട്ടപ്പന ഡി.വൈ.എസ്.പി. കെ.എം. ജിജിമോന്‍, സി.ഐ. റെജി എം. കുന്നിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കും. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നെടുങ്കണ്ടം എസ്.ഐ. ജി.കെ. മുരളിധരന്‍, എ.എസ്.ഐ. കെ. കെ. ജോര്‍ജ്ജ്, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ എം.എ. സിബി, സോമനാഥന്‍, വിനോദ്, സി.പി.ഒ.മാരായ അബ്ബാസ്, റോയി എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

No comments:

Post a Comment

Note: Only a member of this blog may post a comment.