കൊച്ചി: ഇടതുഭരണകാലത്ത് തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കാന്‍ ആര്‍.എസ്.എസുമായി സി.പി എം നേതാക്കള്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയെന്ന ആരോപണം പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ചൂടേറിയ ചര്‍ച്ചാവിഷയമാകും. ആര്‍.ബാലകൃഷ്ണപിള്ളയുടെ ജയില്‍മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് സിപിഎം-ആര്‍.എസ്.എസ് ബന്ധം മറനീക്കി പുറത്തുവന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് സിപിഎം-ആര്‍.എസ്.എസ് രഹസ്യധാരണ പുറംലോകത്തെ അറിയിച്ചത്. ആര്‍എസ്എസ് തടവുകാരായ അശോകനും ഫല്‍ഗുനനുമാണ് ചര്‍ച്ചയെത്തുടര്‍ന്ന് മോചിതരായത്.
സിപിഎം പ്രവര്‍ത്തകനായ രവീന്ദ്രനെ ജയിലില്‍ തല്ലിക്കൊന്ന കേസില്‍ പ്രതികളായിട്ടും ഇവരെ ഡിജിപി ശുപാര്‍ശ ചെയ്യാതെ തന്നെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കും മുന്‍പ് വിട്ടയയ്ക്കുകയായിരുന്നു. ജയകൃഷ്ണന്റെ മാതാവ് കൗസല്യ ഹൈക്കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിക്കാന്‍ വേണ്ടിയാണ് ഇതു ചെയ്തത് എന്ന സൂചനയാണു സഭയില്‍ മുഖ്യമന്ത്രി നല്‍കിയത്. രവീന്ദ്രനെ കൊലപ്പെടുത്തിയതിനെതിരെയുള്ള കേസ് ഇപ്പോഴും നടക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ രവീന്ദ്രന്റെ കുടുംബത്തിനു പത്തുലക്ഷം രൂപ നല്‍കിയിരുന്നു. അഴിമതിക്കേസില്‍പ്പെട്ട ചെല്ലപ്പന്‍, സേവ്യര്‍ എന്നിവരെയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജയിലില്‍ നിന്നു വിട്ടയച്ചതെന്നു മുഖ്യമന്ത്രി സഭയില്‍ പിന്നീട് വിശദീകരിച്ചു.
യുവമോര്‍ച്ച നേതാവായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി അച്ചാരമ്പത്ത് പ്രദീപന്റെ ശിക്ഷാ ഇളവ് നടപ്പിലാക്കായിരുന്നു ചര്‍ച്ച. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനടക്കം പങ്കെടുത്തിരുന്നതായി സൂചനയുണ്ട്. പ്രദീപനെ ശിക്ഷാ ഇളവു നല്‍കി വിട്ടയക്കുന്നതിനെ ബി ജെ പി എതിര്‍ക്കരുതെന്ന ആവശ്യമാണ് സി.പി എം നേതാക്കള്‍ മുന്നോട്ടു വെച്ചത്. ഇതിന് പ്രത്യുപകാരമായി ബി ജെ പി നേതൃത്വത്തിനു മുമ്പാകെ സി പി എം ഓഫറുകള്‍ നിരത്തി. ജയിലില്‍ കഴിയുന്ന ബി ജെ പിആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കും ശിക്ഷാ ഇളവു നല്‍കി വിട്ടയക്കാമെന്നായിരുന്നു ഓഫര്‍. പ്രദീപനെ വിട്ടയക്കുന്നതിനെതിരേ ജയകൃഷ്ണന്‍ മാസ്റ്ററുടെ മാതാവ് ടി കെ കൗസല്യ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്ന് സി പി എം ആവശ്യപ്പെട്ടു.
കൗസല്യ ഹരജി നല്‍കിയത് ബി ജെ പി നേതാവ് അഡ്വ പി എസ് ശ്രീധരന്‍ പിള്ള മുഖേനയായിരുന്നു. സി പി എം ആര്‍ എസ് എസ് ധാരണ പ്രകാരം ശ്രീധരന്‍പിള്ള ഹരജിഭാഗത്തു നിന്ന് പിന്മാറി മറ്റൊരു അഭിഭാഷകനെ ഏല്‍പ്പിച്ച ശേഷം പരാതി പിന്‍വലിപ്പിച്ചു. ഇങ്ങനെയാണ് പ്രദീപന്റെ മോചനത്തിന് വഴിതെളിഞ്ഞത്. പ്രദീപന്റെ മോചനത്തിനു പകരം ശിക്ഷാ ഇളവു നല്‍കി വിട്ടയച്ച് ബി ജെ പി തടവുകാരില്‍ കണ്ണൂര്‍ ജയിലില്‍ വെച്ച് 2004 ഏപ്രില്‍ ആറിന് നാദാപുരം സ്വദേശിയായ സി പി എം തടവുകാരന്‍ കെ പി രവീന്ദ്രനെ (40) കൊലപ്പെടുത്തിയ കേസിലെ പ്രതി ഫല്‍ഗുനനും ഉള്‍പ്പെട്ടിരുന്നു. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കെസിലെ ഒന്നാം പ്രതി പ്രദീപന് ശിക്ഷാ ഇളവു നല്‍കി വിട്ടയച്ച സംഭവം ബി ജെ പി ആര്‍ എസ് എസ് അണികളെ ഏറെ ക്ഷുഭിതരാക്കിയതാണ്.
ഇതിനു ബി ജെ പി നല്‍കിയ വിശദീകരണം വളരെ വിചിത്രമായിരുന്നു. ഒരു പ്രദീപനെ മോചിപ്പിച്ചതു കൊണ്ട് നമ്മുടെ അമ്പതു പേരുടെയെങ്കിലും മോചനം സാധ്യമായെന്നായിരുന്നു ബി ജെ പിആര്‍ എസ് എസ് നേതാക്കളുടെ പ്രതികരണം. നമ്മുടെ അമ്പതു കുടുംബങ്ങള്‍ക്ക് സന്തോഷം പകരുന്ന തീരുമാനം ഇതിലൂടെയുണ്ടായെന്നും അണികളോട് വിശദീകരിച്ചു. പിന്നീട് പി എസ് ശ്രീധരന്‍പിള്ളയോട് ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ വ്യക്തിപരമായ കാരണങ്ങളാലാണ് ഹര്‍ജിയില്‍ നിന്ന് താന്‍ പിന്മാറിയതെന്നായിരുന്നു പിള്ളയുടെ പ്രതികരണം.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെകാലത്തു സിപിഎം- ആര്‍എസ്എസ് രഹസ്യ ധാരണ ഉണ്ടാക്കി ആര്‍എസ്എസുകാരനായ കൊലക്കേസ് പ്രതിയെ അനര്‍ഹ ശിക്ഷായിളവു നല്‍കി വിട്ടയച്ചുവെന്നു നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തിയതാണ് പുതിയ വിവാദത്തിനു തുടക്കമിട്ടത്. കൊലക്കേസിനു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഇയാള്‍ ജയിലില്‍ വച്ച് ഒരു സിപിഎംകാരനെ വീണ്ടും കൊലപ്പെടുത്തിയിരുന്നു. ഇങ്ങനെ ഒരാളെ വിട്ടയച്ചത് എന്തിനെന്ന ചോദ്യത്തിനു മറുപടി നല്‍കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ആരോപണം അതിശക്തമായി നിഷേധിക്കുന്നുവെന്നു മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതു തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. അതിനു തയാറാണെന്നും മുഴുവന്‍ രേഖകളും തന്റെ പക്കല്‍ ഉണ്ടെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ വിട്ടയച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണു പുതിയ വിവാദത്തിനു വഴിതുറന്നത്. മുഖ്യമന്ത്രിയും കോടിയേരിയും തമ്മില്‍ അതിരൂക്ഷ വാദപ്രതിവാദം നടന്നു. ജയകൃഷ്ണന്‍ വധക്കേസിലെ പ്രതികളായ സിപിഎമ്മുകാരെ രക്ഷിക്കാന്‍ വേണ്ടിയാണ് ആര്‍എസ്എസുമായി ഗൂഢാലോചന നടത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇവരെ വിട്ടയയ്ക്കാന്‍ ആലോചിച്ചപ്പോള്‍ ജയകൃഷ്ണന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ആര്‍എസ്എസുമായി ഒത്തുതീര്‍പ്പുണ്ടാക്കി. പകരം രണ്ട് ആര്‍എസ്എസുകാരെ വിടാനായിരുന്നു ധാരണ. ജയിലിനുള്ളില്‍ മറ്റൊരാളെ തല്ലിക്കൊല്ലുന്നതു സംസ്ഥാനത്തു തന്നെ ആദ്യമാണ്. ഇയാളെ വിട്ടയച്ചതു നിഷേധിക്കാന്‍ പറ്റുമോ? മുഖ്യമന്ത്രി ചോദിച്ചു. കേരളപ്പിറവി ദിനത്തില്‍ പിള്ളയെ എന്തുകൊണ്ടു വിട്ടയച്ചു എന്നു ചോദിച്ചവര്‍ തന്നെ കേരളപ്പിറവിയുടെ പേരില്‍ ആറു മാസം കഴിഞ്ഞു ജീവപര്യന്തം തടവുകാര്‍ക്കു രണ്ടു കൊല്ലത്തെ ശിക്ഷായിളവു നല്‍കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. ചിലരെ വിടാതിരിക്കാനും ചിലരെ വിടാനും വേണ്ടിയാണ് ഇങ്ങനെ സമയം ക്രമീകരിച്ചത്.
2007ലാണ് അഴിമതിക്കേസില്‍പ്പെട്ട ഒരാളെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇളവു നല്‍കി വിട്ടയച്ചത്. ആ പേരുവിവരം താന്‍ സഭയില്‍ വയ്ക്കാം. ഒരു വര്‍ഷത്തെ തടവിനു കിട്ടാവുന്ന പരമാവധി പരോള്‍ 75 ദിവസമാണ് അതില്‍ ഒരു ദിവസം കൂടുതല്‍ പോലും ബാലകൃഷ്ണപിള്ളയ്ക്കു പരോള്‍ നല്‍കിയിട്ടില്ല. എന്നാല്‍ നിങ്ങളുടെ കാലത്ത് എത്രയോ പേര്‍ക്ക് അനര്‍ഹമായി പരോള്‍ നല്‍കി? പിള്ള 69 ദിവസം മാത്രമേ ജയിലില്‍ കിടന്നിട്ടുള്ളുവെന്നാണു പ്രചാരണം. അദ്ദേഹം 91 ദിവസം ജയിലില്‍ കിടന്നിട്ടുണ്ട്. കേരളപ്പിറവിവേളയില്‍ ശുപാര്‍ശ ചെയ്തുവെങ്കിലും ഗവര്‍ണര്‍ ഒപ്പിടാന്‍ താമസിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നായി അപ്പോള്‍ കോടിയേരി. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞാലുടന്‍ ഒപ്പിടുന്ന ഗവര്‍ണറാണ് ഉള്ളത്. പരോള്‍ ചട്ടത്തിനു വിരുദ്ധമായി ആര്‍ക്കും ഇളവു നല്‍കിയിട്ടില്ല. എന്നാല്‍ ബാലകൃഷ്ണപിള്ളയെ ചട്ടവും നിയമവുമൊക്കെ ഭേദഗതി ചെയ്താണു വിട്ടയച്ചത്. അഴിമതിക്കേസില്‍പ്പെട്ട ആരും തങ്ങളുടെകാലത്തു ജയിലില്‍ ഉണ്ടായിരുന്നില്ലെന്നും കോടിയേരി പറഞ്ഞു.
പരോള്‍ നിയമത്തിനു വിരുദ്ധമായി താല്‍പര്യമുള്ള പലര്‍ക്കും ഇളവു നല്‍കി എന്ന ആരോപണം കോടിയേരിക്കു നിഷേധിക്കാന്‍ കഴിയുമോ എന്നായി അപ്പോള്‍ മുഖ്യമന്ത്രി. മുഴുവന്‍ രേഖകളും തന്റെ കൈവശമുണ്ട്. അഴിമതിക്കേസില്‍പ്പെടുന്നതു രാഷ്ട്രീയക്കാര്‍ മാത്രമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. അല്ലാത്ത ഒരാളുടെ കാര്യമാണു താന്‍ പറഞ്ഞത്. ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത് അഴിമതിക്കേസുമായി ബന്ധപ്പെട്ട വകുപ്പില്‍ അല്ല എന്ന നിലയില്‍ മുഖ്യമന്ത്രി പറഞ്ഞതിനു വി.എസ് വിശദീകരണമാവശ്യപ്പെട്ടതിനെത്തുടര്‍ന്നാണു 'പിള്ള പ്രശ്‌നം വീണ്ടും സഭയില്‍ പുകഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ നാണംകെട്ടതാണെന്നു വി.എസ് പറഞ്ഞു. പിള്ള എന്തോ പുണ്യം ചെയ്തുവെന്ന തോന്നലാണ് അത് ഉണ്ടാക്കുന്നത്. പിള്ളയുടെ ശിക്ഷാവാറന്റില്‍ അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അതില്‍ അഴിമതിക്കേസ് എന്ന് ഇല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ചര്‍ച്ച പിന്നീടു കോളിളക്കം സൃഷ്ടിക്കുന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിലേക്കു കടന്നതിനെത്തുടര്‍ന്ന് ഇടപെട്ട വി.എസ് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
No comments:
Post a Comment
Note: Only a member of this blog may post a comment.