ഉമ്മന്‍ ചാണ്ടിക്കെതിരെ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി പ്രിന്റര്‍ ആന്‍ഡ് പബ്ളിഷര്‍ പി. കരുണാകരന്‍, ചീഫ് എഡിറ്റര്‍ വി.എസ്. അച്യുതാനന്ദന്‍ എന്നിവരെ ശിക്ഷിച്ച തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സബ്ബ് കോടതിയുടെ വിധി ജില്ലാ കോടതി ശരിവച്ചു. ഉമ്മന്‍ ചാണ്ടിക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷത്തി പതിനായിരം രൂപയും അതിന്റെ പലിശയും ഇവരോടു നല്കാന്‍ തിരുവനന്തപുരം ജില്ലാ കോടതി ജഡ്ജി ജയചന്ദ്രന്‍ ഉത്തരവായി.
കേസിലെ രണ്ടാം പ്രതി പിണറായി വിജയനെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി. പി. കരുണാകരന്‍ ഒന്നാം പ്രതിയും വി.എസ് അച്യുതാനന്ദന്‍ മൂന്നാം പ്രതിയുമാണ്. നാലും അഞ്ചും പ്രതികളായ കേരള പൌള്‍ട്രി ഗ്രോവേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയും ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
30.12.2001 ല്‍ ദേശാഭിമാനി പത്രത്തില്‍ 'കോഴിക്കോഴ ഉമ്മന്‍ചാണ്ടിക്കും പങ്ക്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് മാനനഷ്ടക്കേസിന് ആധാരം. ഉമ്മന്‍ ചാണ്ടിയുടെ കളര്‍ഫോട്ടോ സഹിതമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് അഡ്വ. എ. സന്തോഷ് കുമാര്‍ മുഖേന കേസ് ഫയല്‍ ചെയ്തു. പി. കരുണാകരന്‍, പിണറായി വിജയന്‍, വി.എസ്. അച്യുതാനന്ദന്‍, കേരള പൌള്‍ട്രി ഗ്രോവേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പ്രതിയാക്കിയാണു കേസ് ഫയല്‍ ചെയ്തത്.
2007 ഡിസംബര്‍ 12 ന് അഞ്ചു പ്രതികളും കുറ്റക്കാരാണെന്നു സബ് കോടതി വിധിച്ചു. 1,10,000 രൂപയും പലിശയും പ്രതികളില്‍ നിന്ന് ഈടാക്കാനായിരുന്നു വിധി. ഇതിനെതിരെ നല്കിയ അപ്പീലിലാണ് ഇപ്പോള്‍ വിധി ശരിവച്ചിരിക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ. ശങ്കരനാരായണന്‍ ധനകാര്യ മന്ത്രി ആയിരിക്കുമ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കോഴി ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് അനുവദിച്ചിരുന്നു. അന്ന് ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് കണ്‍വീനറായിരുന്നു.
തമിഴ്നാട്ടില്‍ നിന്നുള്ള കോഴിക്കമ്പനികളുടെ പ്രതിനിധികളും നികുതിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിനെ തുടര്‍ന്നാണ് അന്യസംസ്ഥാന കോഴികമ്പനികള്‍ക്ക് നികുതി ഇളവ് അനുവദിച്ചത് എന്ന ആരോപണമാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. ഇതുമൂലം സംസ്ഥാനത്തിന് 51.8 കോടിരൂപയുടെ നഷ്ടമുണ്ടായെന്നും പത്തുകോടി രൂപ കോഴ വാങ്ങിയെന്നും ആരോപിച്ചിരുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.