Wednesday, November 30, 2011

രാഷ്ട്രീയ ലക്ഷ്യങ്ങളുമായി പ്രതിപക്ഷനേതാവ് മുല്ലപ്പെരിയാറില്‍


അഞ്ച് ജില്ലകളിലെ ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പ് ലാക്കാക്കി പതിവ് പരിപാടിയുമായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മുല്ലപ്പെരിയാറില്‍ എത്തി. ഒപ്പം സ്ഥിരം കക്ഷികളായ ചില മാധ്യമ സംഘവും ഉണ്ടായിരുന്നു.
മുല്ലപ്പെരിയാറില്‍ എത്തിയ ഉടന്‍ ചൂടന്‍ പ്രഖ്യാപനവും പ്രതിപക്ഷനേതാവ് നടത്തി. കോടതിയും സര്‍ക്കാരും അനുവദിച്ചാല്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ ഇടതുപക്ഷം തയ്യാറാണെന്നാണ് അച്യുതാനന്ദന്‍ മുല്ലപ്പെരിയാറില്‍ പൊട്ടിച്ച വെടി. ഇതിനുള്ള പണം കണ്ടെത്താന്‍ എല്‍.ഡി.എഫിന് കഴിയും. അനുമതി കിട്ടിയാല്‍ ജനങ്ങളില്‍ നിന്ന് പണം സമ്പാദിക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും പ്രഖ്യാപിച്ചാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്. എന്ത് സമരമാണെങ്കിലും പിരിവാണ് പ്രധാനമെന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷനേതാവിന്റെ പ്രഖ്യാപനം കേട്ട് ജനങ്ങള്‍ ക്ഷുഭിതരായിരിക്കുകയാണ്. അഞ്ച് വര്‍ഷം ഭരിച്ചിട്ടും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത പ്രതിപക്ഷ നേതാവ് ഇപ്പോള്‍ ഡാം നിര്‍മ്മിക്കാമെന്ന പ്രഖ്യാപനം നടത്തിയത് മാധ്യമ പ്രശസ്തിക്കുവേണ്ടിയാണെന്ന് പകല്‍ പോലെ വ്യക്തമാണ്. മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഒരു കാര്യവും ചെയ്യുവാന്‍ സാധിക്കാത്ത അച്യുതാനന്ദന്‍ അതിജീവനത്തിനുവേണ്ടി പോരാടുന്ന ജനതയെ കൊഞ്ഞണം കുത്തുന്നതിന് തുല്യമാണ് ഇന്നലത്തെ പ്രസ്താവനയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
 
കേരളം ഭരിച്ച കാലഘട്ടത്തില്‍ മുല്ലപ്പെരിയാറിനെ കുറിച്ച് മൗനം പാലിക്കുകയും ഇപ്പോള്‍ നാട്ടുകാര്‍ പിരിവ് എടുത്ത് തരികയാണെങ്കില്‍ ഡാം നിര്‍മ്മിക്കാമെന്ന് പറയുന്നത് ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. മറ്റൊരു പ്രഖ്യാപനവും കൂടി നടത്തിയാണ് പ്രതിപക്ഷനേതാവ് ഹൈറേഞ്ച് വിട്ടത്. ഡിസംബര്‍ ഏഴിന് ചപ്പാത്തില്‍ സത്യാഗ്രഹം ഇരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പശുവും ചത്തു മോരിലെ പുളിയും പോയി എന്നപോലെയാണ് പ്രതിപക്ഷ നേതാവിന്റെ സമര പ്രഖ്യാപനവുമെന്ന് മുല്ലപ്പെരിയാറിലെ ജനങ്ങള്‍ പരിഹസിച്ചു. ഇതേസമയം ഇടത്പക്ഷം ഡാം കെട്ടാമെന്ന തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുറന്നടിച്ചു. അച്യുതാനന്ദന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് വൈക്കം വിശ്വന്‍ പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തെ തള്ളിപ്പറഞ്ഞത്. മുമ്പ് മൂന്നാര്‍ വിഷയം ഉണ്ടായപ്പോഴും പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി ഒറ്റയാന്‍ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തി അപമാനിതനാകേണ്ടി വന്ന അച്യുതാനന്ദന് മുല്ലപ്പെരിയാറിലും പാര്‍ട്ടി പിന്തുണ ലഭിക്കില്ലെന്ന് ഇതോടെ വ്യക്തമായി. മൂന്നാര്‍ ദൗത്യത്തില്‍ അച്യുതാനന്ദനെ വിരട്ടിയോടിച്ച സി.പി.എം. ഇടുക്കി ജില്ലാനേതൃത്വം മുല്ലപ്പെരിയാര്‍ വിഷയത്തിലും അച്യുതാനന്ദന്റെ നിലപാടുകളോട് കടകവിരുദ്ധമായാണ് നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.