Wednesday, November 30, 2011

അച്യുതാനന്ദന്റെ മറവി, ജയലളിതയുടെ അഹങ്കാരം


പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. ഈ സമ്മേളന കാലാവധി ഇനി പതിനാല് ദിവസം കൂടിയേ ഉള്ളൂ. പിന്നിട്ട മൂന്നിലൊന്ന് ദിവസങ്ങള്‍ ഒച്ചപ്പാടും ബഹളവുമായി അവസാനിച്ചു.
ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം വരുന്നതിനെച്ചൊല്ലിയുള്ള ബഹളത്തിലാണ് സഭ തുടര്‍ച്ചയായി സ്തംഭിച്ചത്. അതിനിടെ രാജ്യത്തെ ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ പലതും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയാതെപോയി. ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപ പ്രശ്‌നം ചെറിയകാര്യമല്ല. അതേച്ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. എന്നാല്‍ അതുമാത്രമാണോ ഏഴുദിവസം സഭ സ്തംഭിക്കുന്ന തരത്തില്‍ ഒച്ചപ്പാടുയര്‍ത്തി കൈകാര്യം ചെയ്യേണ്ട വിഷയം? മുല്ലപ്പെരിയാര്‍ പ്രശ്‌നം അതുപോലെയോ അതിനേക്കാളോ വലിയ വിഷയമാണ്. അതേക്കുറിച്ച് സഭാ നടപടികള്‍ നിര്‍ത്തിവെച്ച്  ചര്‍ച്ചചെയ്യാന്‍ കേരളത്തില്‍ നിന്നുള്ള ഒരു എം.പി കഴിഞ്ഞ മൂന്നുദിവസമായി നോട്ടീസ് നല്‍കി കാത്തിരിക്കുന്നു. കേരളവും തമിഴ്‌നാടും തമ്മില്‍ തീര്‍ക്കേണ്ട ഒരു നദീജല തര്‍ക്കമല്ല മുല്ലപ്പെരിയാര്‍ പ്രശ്‌നം. പതിനായിരം വര്‍ഷമായി കേരളം പരിപാലിച്ചുവരുന്ന ഒരു തുടര്‍ സംസ്‌കാരത്തിന്റെ അസ്തമനത്തെക്കുറിച്ചുള്ള ആശങ്ക ഉള്‍ക്കൊള്ളുന്നതും കേരളത്തിലെ അഞ്ചിലൊന്ന് ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തിയതുമായ ഗുരുതരമായ ഒരു വിഷയമാണ് മുല്ലപ്പെരിയാര്‍. അതേക്കുറിച്ച് ലോക്‌സഭ ചര്‍ച്ച ചെയ്യണമെന്ന് ആഗ്രഹിച്ച് ജോസ് കെ. മാണി എന്ന അംഗം നോട്ടീസ് നല്‍കിയ അടിയന്തരപ്രമേയം ലോക്‌സഭയ്ക്ക് ചര്‍ച്ച ചെയ്യാന്‍ ഇതുവരെ കഴിഞ്ഞില്ല. ബി.ജെ.പി നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്ര ഗുരുതരമായ ഒരു വിഷയത്തിന്റെ അടിയന്തര പ്രാധാന്യം മനസ്സിലാക്കാതെ രാജ്യത്തെ വ്യാപാരികളുടെ പ്രശ്‌നത്തിന്റെ പേരില്‍ തുടര്‍ച്ചയായി സഭ സമ്മേളിക്കാന്‍ പോലും അനുവദിക്കാതിരിക്കുന്നത് കേരളത്തോടുള്ള തുടര്‍ച്ചയായ അവഗണനകൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
 
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെക്കുറിച്ച് നിഷ്പക്ഷവും സത്യസന്ധവും ശാസ്ത്രീയവുമായ ഒരു ചര്‍ച്ചയ്ക്ക് സഭയില്‍ അവസരം ലഭിച്ചാല്‍ കേരളത്തിന്റെ വാദഗതികള്‍ അംഗീകരിക്കേണ്ടിവരുമെന്ന് ഏവര്‍ക്കും അറിയാം. തമിഴ്‌നാട് ഗവണ്‍മെന്റും ഈ വിഷയത്തില്‍ അവരുടെ സ്ഥാപിത താല്‍പര്യക്കാരും സത്യം രാജ്യത്തെ ജനങ്ങള്‍ അറിയുന്നതില്‍ ഭയക്കുന്നുണ്ടാകാം. കേരളത്തിന്റെ കിഴക്കന്‍ പര്‍വതനിരകളില്‍ നിന്ന് ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകി സംസ്ഥാനത്തിന്റെ പടിഞ്ഞാറേ തീരക്കടലില്‍ പതിക്കുന്ന നദിയിലെ ജലം എന്തുചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന ഗവണ്‍മെന്റിനും കേന്ദ്ര ഗവണ്‍മെന്റിനും മാത്രം ഉള്ളതാണ്. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളുടെയും ഏവര്‍ക്കും മനസ്സിലാകുന്ന സാമാന്യ യുക്തിയുടെയും കാര്യമാണിത്. എന്നിരിക്കെ ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ് കോളനിവാഴ്ചക്കാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളുടെ ഭീഷണിയില്‍ വിറപൂണ്ട ഏതോ നാട്ടുരാജാവ് ഭയപ്പാടോടെ ഒപ്പിട്ട ഒരു കരാറിന്റെ പേരില്‍ സ്വതന്ത്ര ഇന്ത്യയിലെ ഒരു സംസ്ഥാനമായ തമിഴ്‌നാട് അനര്‍ഹമായ അവകാശവാദങ്ങള്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ ഉന്നയിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? 1957ല്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഭരണകൂടം ദൂരക്കാഴ്ചയില്ലാതെ കോളനിവാഴ്ചക്കാലത്തെ അയുക്തികമായ ആയിരംകൊല്ല കരാര്‍ പുതുക്കിയതും പിന്നൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി 1970ല്‍ വീണ്ടും ആ കരാറിന് പുതുജീവന്‍ നല്‍കിയതും ജനങ്ങളോട് സത്യസന്ധമായി തുറന്നുപറയാന്‍ മടിയുള്ള ഇന്നത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നു.
 
പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ ഇടുക്കിയില്‍ ഈ പ്രശ്‌നത്തിന്റെ പേരില്‍ ഉപവാസ സമരം നടത്താന്‍ പോകുന്നുപോലും. തന്റെ മുന്‍ഗാമികളായ നേതാക്കളുടെ വിവരശൂന്യതയിലൂടെ ആയുസ്സ് നീട്ടിക്കൊടുത്ത കരാറിനെതിരെയാണ് അച്യുതാനന്ദന്‍ ഇപ്പോള്‍ സത്യഗ്രഹ സമരം നടത്തേണ്ടത്. മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ആഗ്രഹിക്കുന്നുണ്ട്. അതിനായി മൂന്നുതവണ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അദ്ദേഹം ടെലഫോണില്‍ വിളിച്ചിട്ടും അവര്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ല. ചെന്നൈയില്‍ നിന്ന് പരിവാരസമേതം ഊട്ടിയിലെ തണുപ്പില്‍ ചേക്കേറിയ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്ധത്യം രാജ്യം തിരിച്ചറിയണം. മുല്ലപ്പെരിയാര്‍ പ്രശ്‌നം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം കൊടുക്കാത്ത ബി.ജെ.പിയും അവരോട് രാഷ്ട്രീയ ചങ്ങാത്തത്തിന് അവസരം കാത്തിരിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന ജീവഭീഷണിയെ ക്രൂരമായി അവഗണിക്കുകയാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.