Tuesday, November 22, 2011

പാര്‍ട്ടി സമ്മേളനങ്ങളിൽ കള്ളവോട്ടും തമ്മിലടിയും


സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള പാര്‍ട്ടി സമ്മേളനങ്ങള്‍ ഏരിയ തലത്തിലേക്ക് കടക്കുമ്പോള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്തെ സിപിഎം പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത് വിഭാഗീയതയുടെ ചെങ്കൊടികള്‍. ചേരിതിരിഞ്ഞുള്ള മത്സരങ്ങളും വിഭാഗീയതയും കൊണ്ടാണ് ഇത്തവണ സമ്മേളനം കലുഷിതമാകുന്നത്. കാസര്‍കോട്, എറണാകുളം, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിലെ ഏരിയാ സമ്മേളനങ്ങളിലാണ് കടുത്ത ചേരിപ്പോര് ദൃശ്യമായിരിക്കുന്നത്.

എറണാകുളം ജില്ലയിലെ പറവൂര്‍, കൂത്താട്ടുകുളം എന്നീ രണ്ട് ഏരിയാ കമ്മിറ്റികളിലാണ് ഞായറാഴ്ച മത്സരം നടന്നത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ അതത് കമ്മിറ്റികളേയും സെക്രട്ടറിമാരേയും തിരഞ്ഞെടുക്കുന്നതില്‍ മത്സരം ഒഴിവാക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ചായിരുന്നു മത്സരം. വിഭാഗീയത ശക്തമായതോടെ പറവൂര്‍ ഏരിയാസമ്മേളനത്തില്‍ നിന്നും ജില്ലാസെക്രട്ടറി എം.വി ഗോവിന്ദന്‍ ഇറങ്ങിപ്പോവുകവരെച്ചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഇലക്ഷന്‍ ഒഴിവാക്കണമെന്ന ആഹ്വാനം പാടെ തള്ളി ഇരുപക്ഷവും പോരാട്ടത്തിന് ഇറങ്ങിയപ്പോഴാണു 'നിങ്ങള്‍ മല്‍സരിച്ചു മുന്നേറ് എന്നു രോഷത്തോടെ പറഞ്ഞു സമ്മേളന ഹാളില്‍ നിന്നും ഇറങ്ങിപ്പോയത്.

ഏരിയാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കാനായി ഔദ്യോഗിക പക്ഷം നിലവിലെ ഏരിയാ കമ്മിറ്റി അംഗങ്ങളുടെ പാനല്‍ അപ്പാടെ അവതരിപ്പിച്ചു. ഓദ്യോഗിക പക്ഷത്തിനു മുന്‍തൂക്കമുള്ള കമ്മിറ്റിയാണു നിലവിലുള്ളത്. ഇതോടെ മല്‍സരിക്കാന്‍ തയാറായി വി.എസ് പക്ഷത്തെ എം.ഡി. അപ്പുക്കുട്ടന്‍, എം.കെ. ബാബു, കെ.കെ. രഞ്ചന്‍, കെ.എം. അംബ്രോസ്, കെ.യു. ദാസന്‍, കെ.പി. സദാനന്ദന്‍ എന്നിവര്‍ രംഗത്തിറങ്ങി. ബദലായി ഔദ്യോഗിക പക്ഷത്തെ ടി.വി. നിഥിന്‍, ശ്രീലത ലാലു, പി.പി. അജിത്കുമാര്‍ എന്നിവരും മല്‍സരിക്കുന്നതായി അറിയിച്ചു. തന്റെ നിര്‍ദേശം ലംഘിച്ച് മല്‍സരം നടക്കുമെന്നുറപ്പായതോടെ എം.വി. ഗോവിന്ദന്‍ രോഷം കൊണ്ടു. എന്നാല്‍ താന്‍ മല്‍സരിക്കുന്നില്ലെന്നു നിഥിന്‍ അറിയിച്ചപ്പോള്‍ നിങ്ങള്‍ മല്‍സരിച്ചു മുന്നേറ് എന്നു പറഞ്ഞാണു സമ്മേളന ഹാള്‍ വിട്ടത്.

ജില്ലയിലെ ആദ്യ ഏരിയാ സമ്മേളനം, ജില്ലാ സമ്മേളനം നടക്കുന്ന എസി എന്ന പ്രത്യേകതകള്‍ പരിഗണിച്ച് എസി സമ്മേളനത്തില്‍ മല്‍സരം പാടില്ലെന്നായിരുന്നു ഗോവിന്ദന്‍ നേതാക്കളെ കണ്ടു കഴിഞ്ഞ ഏതാനും ആഴ്ചകളായി പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ വി.എസ് പക്ഷത്തിനു ഭൂരിപക്ഷം ലഭിച്ച കടമക്കുടി എല്‍സിയില്‍ ഔദ്യോഗിക പക്ഷത്തിന്റെ താല്‍പര്യത്തിനൊത്തു വീണ്ടും തിരഞ്ഞെടുപ്പു നടത്താന്‍ ജില്ലാ സെക്രട്ടറി തീരുമാനിച്ചതോടെ ഒരുമയുടെ സന്ദേശം ഗ്രൂപ്പ് വളര്‍ത്താനാണെന്ന ആരോപണവുമായി വി.എസ് പക്ഷക്കാര്‍ രംഗത്ത് എത്തിയിരുന്നു. കടമക്കുടിയില്‍ വീണ്ടും നടന്ന തിരഞ്ഞെടുപ്പില്‍ വി.എസ് പക്ഷം ഭൂരിപക്ഷം നിലനിര്‍ത്തുകയും ചെയ്തു. വര്‍ഷങ്ങളായി വി.എസ് വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്ന കൂത്താട്ടുകുളം ഏരിയകമ്മിറ്റി ഇത്തവണ പിണറായിപക്ഷം പിടിച്ചെടുത്തതും കടുത്തമത്സരത്തിനൊടുവിലായിരുന്നു.

പിണറായി പക്ഷത്തുനിലയുറപ്പിച്ചിട്ടുള്ള എ.എം. ചാക്കോയാണ് ഇവിടെ ഏരിയസെക്രട്ടറി. 149 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഇന്നലെ വൈകീട്ടാണ് ഏരിയ കമ്മിറ്റിയിലേക്കുള്ള 17 അംഗങ്ങളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. നിലവിലുണ്ടായിരുന്ന 19 അംഗ കമ്മിറ്റിയില്‍ നിന്ന് കെ.എം. പത്രോസ് (പാലക്കുഴ), വി.വി. ദിനേശന്‍ (മണീട്) എന്നിവര്‍ ഒഴിവായി. എന്നാല്‍, പാര്‍ട്ടി ഭരണഘടന അനുസരിച്ച് മത്സരിക്കാമെന്നതിനാല്‍ ആറ് പേരുകള്‍ പ്രതിനിധികള്‍ നിര്‍ദേശിച്ചു. എം.കെ. ജയന്‍, അജേഷ് മനോഹര്‍, സുമിത് സുരേന്ദ്രന്‍, ബീന ബാബുരാജ്, അനില്‍ ചെറിയാന്‍, ബിജു സൈമണ്‍ എന്നിവരുടെ പേരുകളാണ് നിര്‍ദേശിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള നേതൃത്വത്തിന്റെ അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ രഹസ്യവോട്ടെടുപ്പ് നടന്നു. പി.എം. ഇസ്മായില്‍ റിട്ടേണിങ് ഓഫീസറായി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടന്നു. 23 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

എറണാകുളം പോലെ തന്നെ വി.എസ് വിഭാഗത്തിനു ഏറെ സാധ്യതയുണ്ടായിരുന്ന കാസര്‍കോടും വിഭാഗീയ പരസ്യമായിരുന്നു. 17 അംഗ ഏരിയാ കമ്മിറ്റിയുടെ അംഗസംഖ്യ 19 ആക്കി ഉയര്‍ത്താനും പുതുതായി രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്താനും കഴിഞ്ഞ ദിവസം ചേര്‍ന്ന നിലവിലുള്ള ഏരിയാ കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ പുതുതായി ഉള്‍പ്പെടുത്തുന്ന അംഗങ്ങളുടെ പേരുവിവരം പുറത്തുവന്നതിനെ തുടര്‍ന്ന് ജില്ലാ നേതൃത്വം ഇടപെട്ട് മറ്റ് രണ്ടുപേരെ നിര്‍ദേശിക്കുകയായിരുന്നു. വി.എസ്. പക്ഷത്തിന് കനത്ത മേധാവിത്വമുള്ള ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറിയെ മാറ്റണമെന്നും ജില്ലാ നേതൃത്വം നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുംശേഷം നിലവിലുള്ള ഏരിയാ സെക്രട്ടറിയെ മാറ്റാന്‍ വി.എസ്. പക്ഷം സമ്മതിക്കുകയായിരുന്നു. തങ്ങളുടെ പക്ഷക്കാരനായ ഏരിയാ കമ്മിറ്റി സെക്രട്ടറിയെ കൈവിടേണ്ടി വന്നുവെങ്കിലും ഏരിയാ കമ്മിറ്റിയില്‍ വി. എസ്. പക്ഷം മേധാവിത്വം നിലനിര്‍ത്തിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗികപക്ഷത്തെ പ്രമുഖരായ മുന്‍മന്ത്രി ഡോ. തോമസ് ഐസക്, മുന്‍മന്ത്രി ജി. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പക്ഷങ്ങള്‍ തമ്മിലായിരുന്നു കൊമ്പുകോര്‍ക്കല്‍. ജി. സുധാകരനോട് കൂറുപുലര്‍ത്തുന്ന ജില്ലാ കമ്മിറ്റിയംഗം കെ.ആര്‍. ഭഗീരഥന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി. രാജേശ്വരി എന്നിവരെ ഏരിയാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഈ നീക്കത്തില്‍ വി.എസ്. പക്ഷത്തിന്റെ പിന്തുണയും ഡോ. തോമസ് ഐസക്കിനെ അനുകൂലിക്കുന്ന വിഭാഗത്തിന് ലഭിച്ചു. എന്നാല്‍ അതേസമയം കെ.ആര്‍. ഭഗീരഥനെ ജില്ലാ കമ്മിറ്റിയില്‍ നിലനിര്‍ത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഏരിയാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാമെന്ന നിര്‍ദേശം ജി. സുധാകരന്‍ പക്ഷം അംഗീകരിച്ചതെന്നും സൂചനയുണ്ട്.

പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ ഏരിയാ സമ്മേളനത്തിലാണ് സി.പി.എം. ഔദ്യോഗികപക്ഷത്തെ ഞെട്ടിച്ച നീക്കം വി.എസ്. പക്ഷം നടത്തിയത്. മുമ്പ് മുന്‍ എം.പി. മാരായ എന്‍.എന്‍. കൃഷ്ണദാസ്, എസ്. അജയകുമാര്‍ എന്നിവര്‍ക്കൊപ്പം നടപടിക്ക് വിധേയനായ പി.എ. ഗോകുല്‍ദാസ് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് ജയിക്കുകയായിരുന്നു. ബ്രാഞ്ച് അംഗമായി തരംതാഴ്ത്തപ്പെട്ട പി.എ. ഗോകുല്‍ദാസ് അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഏരിയാ സെക്രട്ടറി സ്ഥാനത്തെത്തുന്നത്.പാര്‍ട്ടി സെക്രട്ടറിമാര്‍ക്ക് കാലപരിധി ഏര്‍പ്പെടുത്തിയ കേന്ദ്ര കമ്മിറ്റി തീരുമാനം സി.പി.എമ്മില്‍ താഴെത്തട്ടില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കുന്നു. തീരുമാനത്തിന്റെ അന്തസത്തക്കൊത്ത് സമ്മേളനങ്ങളില്‍ കമ്മിറ്റികള്‍ ചിന്തിച്ചതോടെയാണ് കീഴ്ഘടകങ്ങളില്‍ അധികാരം കുത്തകയാക്കിവെച്ച നേതാക്കള്‍ക്ക് സ്ഥാനം ഒഴിയേണ്ടിവരുന്നത്. സി.പി.എം സംസ്ഥാന നേതൃത്വത്തിലും മാറ്റംഉണ്ടാകുമോ എന്ന അഭ്യൂഹങ്ങള്‍ക്ക് തുടര്‍ദിവസങ്ങളില്‍ ശക്തിപകരുന്നതാണ് പാര്‍ട്ടിക്കുള്ളിലെ പുതിയ നടപടികള്‍.

ദല്‍ഹിയില്‍ ചേര്‍ന്ന കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയാണ് സെക്രട്ടറിപദവിക്ക് മൂന്ന് തവണ കാലപരിധി ഏര്‍പ്പെടുത്തിയത്. ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ അംഗീകാരത്തോടെയാവും ഇത് ഔദ്യോഗികമായി നടപ്പാക്കുക. എന്നാല്‍ കേന്ദ്ര കമ്മിറ്റി തീരുമാനത്തിന്റെ അന്തസത്തക്കനുസരിച്ച് സമ്മേളനങ്ങളില്‍ അഭിപ്രായം ഉയരുന്നതോടെ പത്തും പതിനഞ്ചും വര്‍ഷമായി സെക്രട്ടറിമാരായി തുടരുന്നവര്‍ മാറാന്‍ തുടങ്ങി. തലസ്ഥാന ജില്ലയില്‍ ഏരിയാ സമ്മേളനങ്ങളിലാണ് ആരംഭം. സ്ഥാനംനഷ്ടപ്പെടുന്നവരില്‍ ഭൂരിപക്ഷവും വി.എസ് അനുകൂലികളാണെങ്കിലും താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്കിടയിലെ ഗ്രൂപ്പ് ഭേദമന്യേയുള്ള വികാരം മാറ്റത്തിന് അനുകൂലമാണെന്നതാണ് ശ്രദ്ധേയം. മറ്റ് ജില്ലകളിലെ ഏരിയാ സമ്മേളനങ്ങളും ആരംഭിച്ചതോടെ മുതിര്‍ന്ന പല നേതാക്കള്‍ക്കും വഴിമാറേണ്ടിവരുമെന്നുറപ്പായി.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച് ഭരണഘടനയില്‍ മാറ്റംവരുത്താനുള്ള ഭൗതികസാഹചര്യമാണ് നിലവിലുള്ളതെന്ന വിലയിരുത്തലാണ് കേന്ദ്ര, സംസ്ഥാന നേതാക്കള്‍ക്ക്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുന്നതിന് മുമ്പുതന്നെ കേന്ദ്ര കമ്മിറ്റി തീരുമാനത്തിന്റെ അന്തസത്ത നടപ്പാക്കപ്പെടണമെന്ന അവബോധം കീഴ് കമ്മിറ്റികള്‍ക്കുണ്ടാവുകയാണ്.പല ഏരിയാ കമ്മിറ്റികളിലും പതിനഞ്ച് വര്‍ഷം വരെയായ സെക്രട്ടറിമാരാണ് തുടരുന്നത്. പലരും ഗ്രൂപ്പിന്റെ തണലിലാണ് അധികാരകേന്ദ്രത്തില്‍ തുടരുന്നതും. പദവി സംരക്ഷിക്കാന്‍ പലപ്പോഴും കമ്മിറ്റികളില്‍ വിഭാഗീയതക്ക് സെക്രട്ടറിമാര്‍ നേതൃത്വം നല്‍കുന്നെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇവരെ ഭരണഘടനാപരമായി ഒഴിവാക്കാന്‍ കഴിയാതിരുന്നതിനാല്‍ സ്വന്തം പക്ഷത്തുള്ള സെക്രട്ടറിമാരെ സംരക്ഷിക്കേണ്ട ബാധ്യതയും ഗ്രൂപ്പുകള്‍ക്കുണ്ടായി. ഇതാകട്ടെ ബ്രാഞ്ച് മുതല്‍ സംസ്ഥാന കമ്മിറ്റിവരെ തുടരുന്നു. ഇത്തരം അധികാരകേന്ദ്രങ്ങള്‍ പാര്‍ലമെന്ററി വ്യാമോഹത്തിന് അടിപ്പെട്ടവരെപ്പോലെയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ഈഅവസരത്തിലാണ് പദവിക്ക് പരിധി ഏര്‍പ്പെടുത്തി കേന്ദ്ര കമ്മിറ്റി തീരുമാനം വന്നതും.തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച് യാതൊരു നിര്‍ദേശവും ജില്ലാ കമ്മിറ്റികള്‍ക്ക് ഔദ്യോഗികമായി നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെങ്കിലും കീഴ്ഘടക സമ്മേളനങ്ങളിലെ വികാരങ്ങളെ തടുക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. തിരുവനന്തപുരത്തെ നേമം, പാളയം ഏരിയാ കമ്മിറ്റികളിലും ഇതേനിലപാടാണ് ജില്ലാ നേതൃത്വവും തുടരുന്നത്. വി.എസ് പക്ഷത്തിന്റെ സംഘടിതശക്തി അവസാനിച്ച കഴിഞ്ഞ സമ്മേളനകാലത്ത് അവരുടെ ശക്തികേന്ദ്രമായിരുന്ന പാളയത്ത് ഏരിയാ സെക്രട്ടറി രാജന്‍, നിലവിലും വി.എസ് പക്ഷത്തിന് മേല്‍കൈയുള്ള നേമത്ത് തിരുവല്ലം ശിവരാജനുമാണ് മാറിയത്. ഇരുവരും മൂന്ന് തവണയിലധികമായി സെക്രട്ടറി സ്ഥാനത്ത് തുടരുന്നവരാണ്.

പാളയത്ത് കഴിഞ്ഞ സമ്മേളനശേഷം തന്നെ കമ്മിറ്റി പുനര്‍വിഭജിച്ചും പുതിയ അംഗങ്ങളെ ഉള്‍ക്കൊള്ളിച്ചും ഭൂരിപക്ഷം ഔദ്യോഗികപക്ഷം അട്ടിമറിച്ചിരുന്നു. ഏരിയാ സെക്രട്ടറി തന്നെ സ്വന്തംപക്ഷത്തോട് അകന്നതോടെ ഔദ്യോഗികപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ കമ്മിറ്റിയായിരുന്നു ഏരിയാ സെക്രട്ടറിയെ കമ്മിറ്റികളില്‍ സംരക്ഷിച്ചിരുന്നത്.എന്നാല്‍ കാലപരിധി തീരുമാനം വന്നതോടെ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സെക്രട്ടറിയുടെ ഗ്രൂപ്പ് താല്‍പര്യം മാറിയിട്ടും കേന്ദ്ര കമ്മിറ്റിയുടെ നിലപാട് നടപ്പാക്കപ്പെടട്ടെ എന്ന തീരുമാനമാണ് ജില്ലാ നേതൃത്വവും എടുത്തത്. നേമത്ത് ഒന്നര പതിറ്റാണ്ട് തുടര്‍ന്ന സെക്രട്ടറിക്ക് പകരം മറ്റൊരാളെ കണ്ടെത്താന്‍ വി.എസ് പക്ഷം നിര്‍ബന്ധിതരായി. അടുത്ത സമ്മേളനം നടക്കാനിരിക്കുന്ന നെയ്യാറ്റിന്‍കരയിലും നെടുമങ്ങാടും ഇതേചുവടുകള്‍ തന്നെ ആവര്‍ത്തിക്കപ്പെടുമെന്ന് ജില്ലാനേതൃത്വം ഉറപ്പാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. നിലവില്‍ ഔദ്യോഗികപക്ഷത്തോട് അടുപ്പമുള്ള സി.കെ. ഹരീന്ദ്രനാഥാണ് നെയ്യാറ്റിന്‍കരയില്‍ സെക്രട്ടറിയെങ്കിലും 19 വര്‍ഷത്തോളമായി പദവി വഹിക്കുന്നതിനാല്‍ മാറണമെന്ന അഭിപ്രായമാണുള്ളത്.

ഇതില്‍നിന്നും ഏറെ വ്യത്യസ്ഥമാണ് പത്തനംതിട്ടയിലെ സംഭവവികാസങ്ങള്‍. ഇവിടെ കള്ളവോട്ടിന്റെ പേരില്‍ പ്രതിനിധികള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊതുസമ്മേളന വേദി അടിച്ചു തകര്‍ത്തു. പുറമറ്റം ലോക്കല്‍ കമ്മിറ്റിയില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് പ്രതിനിധികളേക്കാള്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. 62 പ്രതിനിധികള്‍ പങ്കെടുത്ത വോട്ടെടുപ്പിനു ശേഷം എണ്ണിയപ്പോള്‍ ഔദ്യോഗിക പാനലില്‍ ചിലര്‍ക്കു കിട്ടിയത് 64 വോട്ട്. ലോക്കല്‍ കമ്മിറ്റിയിലേക്ക് 11 അംഗ പാനല്‍ അവതരിപ്പിച്ചപ്പോള്‍ രണ്ടു പേര്‍ വിയോജിപ്പുമായി രംഗത്തെത്തുകയും തുടര്‍ന്ന് തിരഞ്ഞെടുപ്പ് വേണ്ടി വരികയുമായിരുന്നു. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി. പി. സനല്‍കുമാര്‍, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി മനു സോമനാഥന്‍ എന്നിവരാണ് മല്‍സരിക്കാന്‍ രംഗത്തെത്തിയത്. ഇരവിപേരൂര്‍ ഏരിയാ സെക്രട്ടറി ജി. അജയകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. അദ്ദേഹമുള്‍പ്പെടെ ഏരിയാ കമ്മിറ്റിയില്‍ നിന്നു മൂന്നുപേര്‍ ലോക്കല്‍ സമ്മേളനത്തിന്റെ നിരീക്ഷകരായിരുന്നു. ഇവരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുള്‍പ്പെടെയാണ് 62 പേര്‍ സമ്മേളനത്തില്‍ ഹാജരായിരുന്നത്. യഥാര്‍ഥത്തില്‍ 64 പേരാണ് സമ്മേളന പ്രതിനിധികള്‍. രണ്ടു പേര്‍ ഹാജരായിരുന്നില്ല. എന്നാല്‍, ഹാജരാകാത്തവരുടെ കൂടി വോട്ട് ചിലര്‍ രേഖപ്പെടുത്തിയതാണ് വോട്ടുകളുടെ എണ്ണം കൂടാന്‍ കാരണം.

ഔദ്യോഗിക പാനലിനെതിരെ മല്‍സര രംഗത്തെത്തിയ രണ്ടു പേരും പരാജയപ്പെട്ടു. കള്ളവോട്ട് നടന്നതായി ബോധ്യപ്പെട്ടതോടെ ഒരു വിഭാഗം സമ്മേളനത്തില്‍ ഒച്ചപ്പാടുകള്‍ക്ക് തുടക്കമിടുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഇന്നു നടക്കുന്ന പൊതുസമ്മേളനത്തിനായി തീര്‍ത്ത വേദി തകര്‍ത്തത്. ലോക്കല്‍ സെക്രട്ടറിയായി അജിത് പ്രസാദിനെ തിരഞ്ഞെടുത്തതായി ലോക്കല്‍ സമ്മേളനത്തില്‍ പ്രഖ്യാപനം വന്നു. എന്നാല്‍, ഇത് പ്രതിനിധികളെല്ലാവരും അംഗീകരിച്ചിട്ടില്ലെന്നും കള്ളവോട്ട് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നുമുള്ള നിലപാടിലാണ് പ്രതിഷേധക്കാര്‍.

ചുരുക്കിപ്പറഞ്ഞാല്‍ സംസ്ഥാനത്ത് ഒരുജില്ലയിലും സിപിഎം സമ്മേളനം സമാധാനപരമായി നടത്തിയെന്നു ചൂണ്ടിക്കാട്ടാന്‍ പാര്‍ട്ടി അനുഭാവികള്‍ക്കുപോലും കഴിയുന്നില്ലെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

No comments:

Post a Comment

Note: Only a member of this blog may post a comment.