Saturday, January 7, 2012

ഉപരിപഠന മേഖലയെ കുട്ടിച്ചോറാക്കിയവര്‍


വേലി തന്നെ വിള തിന്ന് നശിപ്പിച്ച കഥയാണ് പരിയാരം സഹകരണ മെഡിക്കല്‍ കോളജിന്റേത്. സി.പി.എം നിയന്ത്രിത കോളജ് മാനേജ്‌മെന്റ് കമ്മിറ്റി ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ച് അവിഹിതധനം സമ്പാദിക്കാന്‍ ശ്രമിച്ചതോടെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ആദ്യത്തെ സഹകരണ കോളജ് പേരുദോഷങ്ങളുടെ പെരുവഴിയിലായി.
ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് കോളജ് മാനേജ്‌മെന്റ് വഴിതെറ്റിപ്പോയതിന്റെ കെടുതി ചെറുതൊന്നുമല്ല. സ്വാശ്രയ വിദ്യാഭ്യാസമേഖലയില്‍ അവ്യക്തതയും നിയമരാഹിത്യവും നിലനിര്‍ത്തിക്കൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ മാനേജ്‌മെന്റുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഒരുക്കിക്കൊടുത്തു. വിദ്യാര്‍ത്ഥി പ്രവേശനത്തിലെ കോഴ സമ്പ്രദായം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. ഫീസിന് വ്യവസ്ഥയുണ്ടായില്ല. പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് യോഗ്യരായവരെ വിവിധ കോഴ്‌സുകളിലേക്ക് തെരഞ്ഞെടുക്കണം എന്ന വ്യവസ്ഥ കര്‍ശനമാക്കിയില്ല. പകരം ജനങ്ങളുടെ കണ്ണില്‍ മണ്ണിടാന്‍ വേണ്ടി വര്‍ഷാവര്‍ഷം സ്വാശ്രയ മാനേജ്‌മെന്റും സര്‍ക്കാരും പേരിന് ചര്‍ച്ച നടത്തി പിണങ്ങിപ്പിരിയും.
 
നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശന നടപടി പൂര്‍ത്തിയാക്കണമെന്ന സൗകര്യം ഉപയോഗിച്ച് മാനേജ്‌മെന്റുകള്‍ക്ക് തോന്നിയതുപോലെ പ്രവര്‍ത്തിക്കാന്‍ ഇടതുസര്‍ക്കാര്‍ അവസരമുണ്ടാക്കി. കഴിഞ്ഞ നാലഞ്ചുവര്‍ഷമായി പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശനത്തില്‍ നടന്നിട്ടുള്ള വ്യാപകമായ ക്രമക്കേടുകളും തിരിമറികളും സത്യസന്ധമായ ഒരു അന്വേഷണത്തിന് വിധേയമാക്കിയാല്‍ കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാവല്‍ക്കാര്‍ പ്രതിസ്ഥാനത്തുവരും. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ണുമടച്ച് എതിര്‍ത്തുപോന്നവരാണ് ഇടതുപാര്‍ട്ടികള്‍. അവര്‍ അധികാരത്തില്‍ വരുമ്പോള്‍ ഒന്നുകില്‍ ഈ സ്ഥാപനങ്ങള്‍ പൂട്ടിക്കും. അല്ലെങ്കില്‍ അവിടെ ഇടത് നയത്തിന് സ്വീകാര്യമായ വ്യവസ്ഥ കൊണ്ടുവരും. ഇങ്ങനെയൊക്കെയാണ് സാധാരണക്കാരായ നാട്ടുകാര്‍ പ്രതീക്ഷിച്ചത്. പക്ഷേ ഇടതുസര്‍ക്കാര്‍ ചെയ്തതെന്താണ്? പ്രവേശന നടപടികള്‍ സ്വീകരിക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി പൊതുവേദിയില്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ ഹാസ്യകവിതയും പ്രാസഭംഗിയുള്ള നാല് വാചകവും കാച്ചും. കഥയില്ലാത്ത ഇടത് അനുയായികള്‍ ആവേശംമൂത്ത് കയ്യടിക്കും.
 
സ്വാശ്രയ കോളജ് മാനേജ്‌മെന്റുകളുടെ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ച് പിണങ്ങിപ്പിരിയും. പിണക്കമൊക്കെ വെറും ജാഡ മാത്രമാണെന്ന് പ്രവേശനനടപടികള്‍ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ മനസ്സിലാവും. എല്ലാ സ്വാശ്രയ കോളജുകളിലും ഇടതുനേതാക്കളുടെ അവിഹിതവും സ്ഥാപിതവുമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടിരുന്നു. നിയതമായ വ്യവസ്ഥയും ചട്ടവും നിര്‍മിക്കാതെ പ്രവേശന നടപടികള്‍ അങ്ങനെ അലമ്പാക്കി ഓരോ കൊല്ലവും കൊണ്ടുപോയത് സി.പി.എം നേതാക്കളുടെ സങ്കുചിത താല്‍പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. സ്വാശ്രയ മേഖലയിലെ ഈ വ്യവസ്ഥയില്ലായ്മ മുതലെടുത്ത് അഴിമതി കാട്ടിയ സ്ഥാപനമാണ് പരിയാരം മെഡിക്കല്‍ കോളജ്. സി.പി.എം ഭരിക്കുന്ന ഈ കോളജിന്റെ മാനേജ്‌മെന്റ് ധനവിനിയോഗത്തിലും വിദ്യാര്‍ത്ഥി പ്രവേശനത്തിലും കാട്ടിയ ക്രമക്കേട് പഠിക്കാന്‍ കഴിഞ്ഞ ജൂണില്‍ ധനകാര്യ വകുപ്പ് സെക്രട്ടറി സഞ്ജയ് ഗാര്‍ഗിന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വി. ഗീത, സഹകരണ അഡീഷണല്‍ രജിസ്ട്രാര്‍ കെ.വി സുരേഷ്ബാബു എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നു. മെഡിക്കല്‍ പി.ജി ഉള്‍പ്പെടെ എല്ലാ കോഴ്‌സുകളുടെയും പ്രവേശനത്തില്‍ പരിയാരത്ത് വന്‍ തിരിമറികള്‍ നടന്നതായിട്ടാണ് കമ്മിറ്റി കണ്ടെത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
പ്രവേശന വ്യവസ്ഥകള്‍ വ്യക്തമാക്കാത്തതുകൊണ്ടാണ് മാനേജ്‌മെന്റിന് വന്‍തോതില്‍ ക്രമക്കേട് നടത്താന്‍ അവസരം ലഭിച്ചതെന്ന് അന്വേഷണ കമ്മിറ്റി അഭിപ്രായപ്പെടുന്നു. പകുതി സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കണമെന്ന ധാരണപോലും ഈ സഹകരണ കോളജ് പാലിച്ചില്ല. അതിനാല്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിനെ അവഗണിച്ച് പരിയാരത്ത് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തു. 
സി.പി.എം നിയന്ത്രിച്ച സഹകരണ സ്വാശ്രയ കോളജില്‍ ഇതായിരുന്നു സ്ഥിതിയെങ്കില്‍ സംസ്ഥാനത്തെ ഇതര സ്വാശ്രയ മാനേജ്‌മെന്റ് കോളജുകളിലെ അവസ്ഥ എത്രമാത്രം പരിതാപകരമായിരിക്കും? പ്രൊഫഷണല്‍ വിദ്യാഭ്യാസമടക്കം ഉപരിപഠന മേഖലയില്‍ അടുത്തകാലത്തുണ്ടായ എല്ലാ കുഴപ്പങ്ങളുടെയും മുഖ്യ ഉത്തരവാദി കഴിഞ്ഞ ഇടതുസര്‍ക്കാരാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.