പാര്‍ട്ടി കോണ്‍ഗ്രസ് കോഴിക്കോട്ടും സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തുമാണെങ്കിലും അതിനേക്കാളൊക്കെ സകലരും ഉറ്റുനോക്കുന്നത് സി പി എമ്മിന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനമാണ്. സമ്മേളനം നടക്കുന്നത് പയ്യന്നൂരിലാണ്.
സ്വദേശ, വിദേശ മാധ്യമപ്രവര്‍ത്തകരെ പോലും സമ്മേളനത്തിന് പ്രതീക്ഷിക്കുന്നുണ്ടത്രേ. കണ്ണൂര്‍ ജില്ലയില്‍ നിന്ന് സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതാരൊക്കെ, ജില്ലയ്ക്ക് പുറത്തുനിന്ന് ആരൊക്കെ, വിദേശപത്രങ്ങള്‍ക്കായി റിപ്പോര്‍ട്ട് ചെയ്യുന്നത് ആരൊക്കെ എന്നു നിരീക്ഷിക്കാന്‍ പാര്‍ട്ടി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഈ സി പി എമ്മെന്നു പറയുന്ന സംഭവത്തിന്റെ മൊത്തക്കച്ചോടം കണ്ണൂരിലാണോ എന്ന് സംശയിച്ചു പോകുന്ന തരത്തിലാണ് കാര്യങ്ങള്‍. പോളിറ്റ് ബ്യൂറോ തൊട്ടുള്ള സകല ഘടകങ്ങളുടേയും 'കണ്‍ട്രോള്‍' കണ്ണൂരിലാണെന്ന് പണ്ടേ കേള്‍ക്കുന്ന കാര്യം. കണ്ണൂരിലെ നേതാക്കളുടെ ചിലവിലാണ് പല ദേശീയനേതാക്കളും കഴിഞ്ഞുകൂടുന്നതെന്നും കേള്‍ക്കുന്നുണ്ട്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തൊട്ട് 'ജയരാജത്രയ'ങ്ങള്‍ വരെ അരങ്ങു തകര്‍ക്കുന്ന ജില്ലയിലെ സമ്മേളനത്തെ കുറിച്ച് പുറത്തുള്ളവര്‍ക്ക് പിന്നെങ്ങനെ ആധി വരാതിരിക്കും.
കണ്ണൂരില്‍ പിന്നെ ആകെക്കൂടിയുള്ളൊരു പ്രത്യേകത ഇവിടെ വിഎസ് പക്ഷമെന്ന സംഗതിയില്ല എന്നതാണ്. ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായരെന്ന പ്രമാണി പാര്‍ട്ടിക്കകത്തുണ്ടായിരുന്നെങ്കില്‍ വി എസിന് ഒരാളെ കിട്ടിയേനെ. സി കെ പി പത്മനാഭനെന്ന സാധുവായ നേതാവിനെ ഒതുക്കിയില്ലെങ്കിലും കിട്ടുമായിരുന്നു വി എസിന് പേരിനെങ്കിലും പറയാന്‍ ഒരാള്‍. ജെയിംസ് മാത്യുവിനെ പോലുള്ളവരെ വിഎസ് പക്ഷമെന്ന് പുറത്തുള്ളവര്‍ക്ക് വിശേഷിപ്പിക്കാമെങ്കിലും കണ്ണൂരിന്റെ അകമറിയുന്നവര്‍ ഊറിച്ചിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ കണ്ണൂരിലെ സമ്മേളനം പൂര്‍ണമായും പിണറായി പക്ഷക്കാരുടെ, ഔദ്യോഗികപക്ഷത്തിന്റെ സമ്മേളനമാണ്. പിന്നെ ഇവിടെ നോക്കി എന്തു വാര്‍ത്ത കിട്ടാന്‍.
എന്നുവച്ച് അവസാനിപ്പിക്കാന്‍ വരട്ടെ. വി എസ് ഗ്രൂപ്പുകാര്‍ വായില്‍ വെള്ളമിറക്കി കാത്തിരിക്കുന്നത് കണ്ണൂരിലെ ഔദ്യോഗികപക്ഷത്തിലൊരു വിള്ളലുണ്ടാക്കാന്‍ പറ്റുമോയെന്നാണ്. കണ്ണൂരില്‍ ഔദ്യോഗികപക്ഷത്തെ പ്രബല നേതാക്കള്‍ നിരവധിയാണ്. ഇതിലൊരാളെ അടര്‍ത്തിയെടുക്കാനായാല്‍ മറ്റു ജില്ലകളിലെ നൂറു പേരെ കിട്ടുന്നതിന് തുല്യമെന്ന് വി എസ് ഗ്രൂപ്പിനറിയാം.
എന്നുവച്ച് അവസാനിപ്പിക്കാന്‍ വരട്ടെ. വി എസ് ഗ്രൂപ്പുകാര്‍ വായില്‍ വെള്ളമിറക്കി കാത്തിരിക്കുന്നത് കണ്ണൂരിലെ ഔദ്യോഗികപക്ഷത്തിലൊരു വിള്ളലുണ്ടാക്കാന്‍ പറ്റുമോയെന്നാണ്. കണ്ണൂരില്‍ ഔദ്യോഗികപക്ഷത്തെ പ്രബല നേതാക്കള്‍ നിരവധിയാണ്. ഇതിലൊരാളെ അടര്‍ത്തിയെടുക്കാനായാല്‍ മറ്റു ജില്ലകളിലെ നൂറു പേരെ കിട്ടുന്നതിന് തുല്യമെന്ന് വി എസ് ഗ്രൂപ്പിനറിയാം.
ഔദ്യോഗികപക്ഷത്തെ കാലാവസ്ഥ മൊത്തത്തിലത്ര തെളിച്ചമില്ലാത്ത മട്ടിലാണെന്നതാണ് വി എസിനും സ്തുതിപാഠകസംഘത്തിനുമുള്ള ചെറിയ പ്രതീക്ഷ. പി ശശിയെന്ന 'പുലി'യെ പെണ്ണുകേസില്‍പെടുത്തി ഇപ്പോള്‍ വക്കീല്‍ക്കുപ്പായമിട്ട് ഉപജീവനം കഴിക്കാനുള്ള പരുവത്തിലാക്കിയതില്‍ ഔദ്യോഗികപക്ഷത്തെ ചിലര്‍ക്കെങ്കിലും മനസറിവുണ്ടെന്നത് പരസ്യമായ രഹസ്യം. സി കെ പി പദ്മനാഭനെ ഇതിന്റെ പ്രതികാരമായി പണം വെട്ടിപ്പുവിവാദത്തില്‍ പെടുത്തി ഒതുക്കി. ഇനിയും ചിലര്‍ ഒതുക്കപ്പെടുമെന്നാണ് സൂചന. അതാരൊക്കെയെന്നതിനുള്ള ഉത്തരമായിരിക്കും കണ്ണൂര്‍ സമ്മേളനം. വലിയ സ്വപ്‌നങ്ങളുമായി ഒരു പാടു നേതാക്കളും പാര്‍ട്ടി ബിസിനസുകാരുമുള്ള ജില്ലയാണ് കണ്ണൂര്‍. പാര്‍ട്ടി കാര്യം മാത്രം നോക്കാന്‍ സമയമില്ലാത്തവര്‍. പലര്‍ക്കുമുള്ളത് കോടികളുടെ ബിസിനസാണ്. അമ്യുസ്‌മെന്റ് പാര്‍ക്ക്, മാര്‍ബിള്‍ കമ്പനി, ആശുപത്രികള്‍, ബിസിനസ് സംരംഭങ്ങള്‍...ബിനാമി ഇടപാടുകളുടെ പട്ടിക തന്നെയുണ്ട് പല നേതാക്കളുടേയും പേരില്‍ കുറിക്കാന്‍. നാഴികയ്ക്ക് നാല്‍പ്പതുവട്ടം തൊഴിലാളി വര്‍ഗ പ്രസ്ഥാനമെന്ന് ഉരിയാടുമ്പോഴും മുതലാളിമാരായി ജീവിക്കുന്ന മാടമ്പിനേതാക്കള്‍ ഇപ്പോള്‍ പരസ്പരം കുതികാല്‍വെട്ട് തുടങ്ങിയിരിക്കുന്നുവെന്ന കാര്യം പിണറായി വിജയനറിയാം.
അണികള്‍ക്ക് തീരേ മനസിലാകാന്‍ പറ്റാത്ത വിധം അധികം തത്വശാസ്ത്രപ്രസംഗങ്ങള്‍ നടത്തി രണ്ടാം ഇ എം എസാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന എം വി ഗോവിന്ദന്‍ മാസ്റ്ററെന്ന കണ്ണൂരുകാരനെ എറണാകുളത്ത് ജില്ലാ സെക്രട്ടറി സ്ഥാനത്ത് പ്രതിഷ്ഠിച്ചത് ഇവിടെ ശല്യമൊഴിവാക്കാനാണെന്നും സകലര്‍ക്കുമറിയുന്ന കാര്യം. പിണറായി കഴിഞ്ഞാല്‍ പിന്‍ഗാമിയായി വരാന്‍ പലരും മുണ്ടു മുറുക്കി രംഗത്തു വന്നതാണ്. പിണറായി- വി എസ് പോര് കത്തി നില്‍ക്കുമ്പോള്‍ ഞാനൊരു പാവം ഗ്രൂപ്പില്ലാത്ത ആദര്‍ശവാനെന്ന പ്രതീതി സൃഷ്ടിച്ച് പെരുമാറി പി ബിവരെയെത്തിയ കോടിയേരി ബാലകൃഷ്ണന്റെ തന്ത്രം വല്ലാത്ത തലവേദന സൃഷ്ടിച്ചിട്ടുണ്ട് പല പ്രമുഖര്‍ക്കും. ഇപ്പോള്‍ കോടിയേരിക്കെതിരേ സി പി ഐ നേതാവ് സി കെ ചന്ദ്രപ്പനെ കൊണ്ട് പ്രസ്താവനയിറക്കിച്ചതു പോലും ഔദ്യോഗികപക്ഷത്തെ ചിലരാണെന്ന സംശയം പലര്‍ക്കുമില്ലാതില്ല. കോടിയേരിയെ ന്യായീകരിച്ച് പിണറായി വിജയന്‍ പിന്നാലെ പ്രസംഗിച്ചതിനു പിന്നിലും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ കോടിയേരിക്കെതിരേ പ്രതിനിധികള്‍ രംഗത്തു വരാന്‍ ഇത്രയും ധാരാളം. ഉന്നയിക്കേണ്ട 'പോയിന്റുകള്‍' സഖാവ് ചന്ദ്രപ്പനെ കൊണ്ട് നല്‍കിച്ചു കഴിഞ്ഞു.
പി ശശിയുടെ കാര്യം ഇനി ചര്‍ച്ച ചെയ്യാനില്ല. കാരണം ചര്‍ച്ച ചെയ്താല്‍ പല സമ്മേളനപ്രതിനിധികള്‍ക്കും ഹാള്‍ വിട്ടിറങ്ങേണ്ടി വരും. അതുകൊണ്ട് അതിന് വലിയ പ്രാധാന്യം ഈ സമ്മേളനത്തിലില്ല. പിന്നെ ജയരാജന്മാരുടെ കാര്യം. പരിയാരം മെഡിക്കല്‍ കോളേജ് ഭരണം എം വി ജയരാജന്‍ ശരിയായ രീതിയിലല്ല കൊണ്ടു പോകുന്നതെന്ന വിമര്‍ശനം സമ്മളനത്തിലുണ്ടാകും. പരിയാരം ഭരണസമിതി ചെയര്‍മാനായ ശേഷം എം വി ജയരാജന് അല്പം പക്വതയും അച്ചടക്കവുമൊക്കെ വന്നുവെന്ന് വേണമെങ്കില്‍ ഇതിനെ പ്രതിരോധിക്കാനായി എടുത്തു പറയാം. വേറെ പണിയില്ലാതിരിക്കുമ്പോഴാണല്ലോ ജയരാജന്‍ മൈക്കു കെട്ടി ഓരോരോ പദപ്രയോഗങ്ങള്‍ ഇറക്കുക. പിന്നെയതിന് അര്‍ത്ഥം കണ്ടെത്തി കോടതിയില്‍ സമര്‍ത്ഥിക്കാന്‍ ഭാഷാപണ്ഡിതരുടെ പിന്നാലെ പോകേണ്ടി വരും. ഇപ്പോള്‍ പരിയാരത്ത് വിവാദങ്ങളുണ്ടായിരിക്കേ ജയരാജന് മറ്റു കലാപരിപാടികള്‍ക്ക് സമയം കിട്ടില്ല.
നല്ല ബിസിനസുകാരനായ ഇ പി ജയരാജന്‍ ഇപ്പോള്‍ എം എല്‍ എ കൂടിയാണ്. കല്യാശേരിയിലെ മാര്‍ബിള്‍പാടത്തിന്റെ പേരില്‍ ജയരാജനെ പ്രതിക്കൂട്ടിലാക്കാന്‍ സി പി എം സമ്മേളനത്തില്‍ ചിലരെങ്കിലും ശ്രമിക്കും. പക്ഷേ സി പി എമ്മിനെ മൊത്തം നിയന്ത്രിക്കേണ്ട ഫണ്ട് സമാഹരണത്തില്‍ അഗ്രഗണ്യനായ ഇ പിക്ക് അതൊന്നും ഏശില്ലെന്ന കാര്യം ഉറപ്പ്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായശേഷം ബോംബ് നിര്‍മ്മാണത്തിനൊക്കെ അവധി കൊടുത്ത പി ജയരാജനില്‍ വന്നിട്ടുള്ള ഗുണപരമായ മാറ്റവും ഈ പാര്‍ട്ടി സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ബിജെപി, ആര്‍എസ്എസ് നേതാക്കളോടൊക്കെ വല്ലാത്തൊരടുപ്പം ഉണ്ടാക്കി കണ്ണൂരില്‍ ശാന്തിയും സമാധാനവുമുണ്ടാക്കാന്‍ പി ജയരാജന് സാധിക്കുന്നുവെന്നത് നിസാരകാര്യമല്ല. ഈയൊരു സാഹചര്യത്തില്‍ പി ജയരാജനെ തന്നെ ജില്ലാ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കുന്നതാണ് കണ്ണൂരില്‍ സമാധാനാന്തരീക്ഷം നിലനിന്നു കാണാനുള്ള ഏക പോംവഴി. ജില്ലാ സെക്രട്ടരിയുടെ ഉത്തരവാദിത്വമില്ലെങ്കില്‍ കൂത്തുപറമ്പിലും പാനൂരിലുമൊക്കെ ബോംബ് വ്യവസായ ശാലകള്‍ കൂടുതല്‍ തുറക്കാനിടയുണ്ട്. അത് മൊത്തത്തില്‍ അപകടം ചെയ്യുമെന്നതിനാല്‍ പ്രതിനിധികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്ന് കരുതാം. അപ്പോള്‍ ഇങ്ങനെയാണ് കാര്യങ്ങളുടെ ചുരുക്കം.
പയ്യന്നൂരിലെ പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് വിഭാഗീയതയുടെ വാര്‍ത്തകളൊന്നും പുറത്തുവരില്ല. ഔദ്യോഗികപക്ഷത്തെ തമ്മില്‍ത്തല്ലിന്റെ വാര്‍ത്തകള്‍ പുറത്തു വരും. മൊബൈല്‍ ഫോണുകള്‍ നിരോധിച്ചാലും വാര്‍ത്തകള്‍ ചോരുന്നത് തടയാന്‍ എന്തൊക്കെ സജ്ജീകരണങ്ങളുണ്ടായാലും അതെല്ലാം മറികടക്കാനുള്ള തടിമിടുക്കുള്ളവരാണ് കണ്ണൂരിലെ പല നേതാക്കളും. ദൃശ്യമാധ്യമചര്‍ച്ചകളിലെ താരങ്ങളായി നാളെയും നിറഞ്ഞുനില്‍ക്കാന്‍ ഉപായങ്ങള്‍ പലതും കൈയിലുള്ള നേതാക്കന്മാര്‍ ഒന്നല്ല, നിരവധിയുണ്ട് കണ്ണൂര്‍ സിപിഎമ്മില്‍. വാര്‍ത്താ ചോര്‍ച്ചയുടെ പാപഭാരം ഏതെങ്കിലും സികെപി പദ്മനാഭന്റെ അനുകൂലിയുടെ തലയിലിട്ട് കാര്യങ്ങള്‍ ഭംഗിയായി അവര്‍ നടത്തിക്കോളും. കാത്തിരിക്കാം.
No comments:
Post a Comment
Note: Only a member of this blog may post a comment.