Monday, January 2, 2012

കൊറിയന്‍ കമ്യൂണിസത്തിലെ വിപ്ലവതീരുമാനം


Imageകമ്യൂണിസ്റ്റ് രാജ്യമായ ഉത്തരകൊറിയ പ്രസിഡന്റ് കിം ജോങ് ഇലിന്റെ പിന്‍ഗാമിയെ നിശ്ചയിച്ചു. 28കാരനായ മകന്‍ കിം ജോങ് ഉന്‍. ഈ 'വിപ്ലവതീരുമാന'ത്തിന് ആശിര്‍വാദമര്‍പ്പിക്കാന്‍ നമ്മുടെ രാജ്യത്തെ കമ്യൂണിസ്റ്റുകളൊന്നും ആവേശത്തോടെ രംഗത്തുവന്നുകണ്ടില്ല.
ഉത്തരകൊറിയയുടെ കമ്യൂണിസത്തോട് സി.പി.ഐയ്ക്കും സി.പി.എമ്മിനും ഇതര ചുവന്നവിപ്ലവ പ്രണയികള്‍ക്കും മതിപ്പില്ലെന്നുണ്ടോ? ആരും ഒന്നും മിണ്ടുന്നില്ലല്ലോ. സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ജനാധിപത്യബോധത്തെക്കുറിച്ചുമൊക്കെ വാചാലരാകാറുള്ള നമ്മുടെ കമ്യൂണിസ്റ്റ് നേതാക്കള്‍ ഉത്തരകൊറിയയില്‍ ആജീവനാന്തം അധികാരത്തിലിരുന്ന് കഴിഞ്ഞമാസം അന്തരിച്ച കിം ജോങ് ഇല്‍ എന്ന ഏകാധിപതിയെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നത് കഷ്ടം തന്നെയാണ്. ലോകത്തുനിന്ന് ക്രമാനുഗതം നിര്‍ഗമിച്ചുകൊണ്ടിരിക്കുന്ന സിന്ദൂരതിലകങ്ങളില്‍ ഒന്നായിരുന്നില്ലേ കിം ജോങ് ഇല്‍? കഴിഞ്ഞമാസം പത്തൊമ്പതാംതീയതി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി ഈ ഏകാധിപതിയുടെ വിയോഗവൃത്താന്തം ഔദ്യോഗികമായി പുറത്തുവിട്ടപ്പോള്‍ തന്നെ അനന്തരഗാമിയെക്കുറിച്ചുള്ള സൂചനകള്‍ സ്വതന്ത്രമാധ്യമങ്ങള്‍ ലോകത്തെ അറിയിച്ചിരുന്നു. 
 
അത് രാഷ്ട്രീയമറിയാത്ത മകന്‍ കിം ജോങ് ഉന്‍ തന്നെയായിരിക്കുമെന്ന് കമ്യൂണിസ്റ്റ് കൊറിയയെ അറിയാവുന്നവരെല്ലാം ഊഹിച്ചിരുന്നു. 28കാരനായ ഈ യുവാവിന് ഭരണപരിചയമോ ലോകപരിചയമോ ഒന്നും വേണമെന്ന് കമ്യൂണിസ്റ്റ് അനുശാസനങ്ങളില്‍ പറഞ്ഞിട്ടില്ല. അങ്ങേയറ്റം പിന്തിരിപ്പന്‍ രാഷ്ട്രീയ വ്യവസ്ഥയാണ് ഉത്തരകൊറിയയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നത്. ജുഗുപ്‌സാവഹമായ വ്യക്തിപൂജയും വീരാരാധനയും ഏകകക്ഷി ഭരണത്തിന്റെ മുഷ്‌കില്‍ ജനങ്ങളുടെ ശീലമാക്കി മാറ്റിയിട്ടുണ്ട്. കാവ്യഭാവനയിലൂടെ അതിശയോക്തി കലര്‍ന്ന വാക്കുകള്‍ കൊണ്ട് നേതാക്കന്‍മാരുടെ വീരചിത്രങ്ങള്‍ രചിച്ച് ഔദ്യോഗിക മാധ്യമങ്ങള്‍ ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. കിം ജോങ് ഇലിന്റെ മരണവൃത്താന്തം അറിയിച്ച ഔദ്യോഗിക മാധ്യമത്തിന്റെ വാര്‍ത്താ അവതരണം തന്നെ എത്രമാത്രം കാപട്യം നിറഞ്ഞതാണെന്ന് നോക്കുക. 'പ്രിയപ്പെട്ട നേതാവിന്റെ മരണത്തെത്തുടര്‍ന്ന് രാജ്യത്തിന് മുകളില്‍ മഞ്ഞുകാറ്റ് സ്തംഭിച്ചുനില്‍ക്കുന്നു. പൈക്തൂ മലകള്‍ക്കുമേല്‍ ആകാശം അരുണാഭമായി. തടാകങ്ങളില്‍ മഞ്ഞ് അലിയുകയാണ്.
 
ആകാശവും ഭൂമിയും കുലുങ്ങി വിറയ്ക്കുകയാണ്'. സാധാരണ ജനങ്ങളെ ഏതോ മായികലോകത്ത് എത്തിക്കുന്ന ഈ വാചകമടി എല്ലാ രാജ്യത്തെയും കമ്യൂണിസ്റ്റുകാരുടെ സ്വഭാവമാണ്. കുന്നായ്മയെ പട്ടുടുപ്പിക്കാനുള്ള പാഴ്ശ്രമം. സ്വേച്ഛാധിപത്യവും കുടുംബവാഴ്ചയും വീരാരാധനയും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട്  കവിത തുളുമ്പുന്ന വാക്കുകളില്‍ സംസാരിക്കുന്നു. എല്ലാ കമ്യൂണിസ്റ്റ് ഏകാധിപതികളും ഇതുതന്നെയാണ് ചെയ്തിട്ടുള്ളത്. അല്‍ബേനിയയിലെ അന്‍വര്‍ ഹോജ, റുമേനിയയിലെ ചെഷസ്‌ക്യൂ, കമ്പോഡിയയിലെ പോള്‍ പോര്‍ട്ട്, ചൈനയിലെ മാവോ, സോവിയറ്റ് യൂണിയനിലെ സ്റ്റാലിന്‍... മണ്‍മറഞ്ഞ കമ്യൂണിസ്റ്റ് ഏകാധിപതികളുടെ പട്ടിക നീളുകയാണ്. ഇവരാരും ഏറ്റവും അടുത്ത് സഹകരിച്ച സഖാക്കളെ വിശ്വസിച്ചിട്ടില്ല. ജനങ്ങള്‍ ശിശുക്കളാണെന്നാണ് മാവോ ആവര്‍ത്തിച്ച് പറഞ്ഞത്. കാലശേഷം അധികാരം കഴിയുമെങ്കില്‍ ഉറ്റബന്ധുക്കള്‍ക്ക് കൈമാറുന്നതാണ് അവരുടെ ജനാധിപത്യബോധം.
 
ഇന്ത്യയിലെ പ്രകാശ് കാരാട്ട് മുതല്‍ എം.എ ബേബി വരെയുള്ളവര്‍ ആവേശഭരിതം രോമാഞ്ചകഞ്ചുകം അണിയുന്ന ക്യൂബയുടെ വിശേഷം ആര്‍ക്കാണ് അറിയാത്തത്? ഫിഡല്‍ കാസ്‌ട്രോ തന്റെ സഹോദരനെയാണ് രാജ്യത്തിന്റെ ഭരണാധികാരം ഏല്‍പിച്ച് വിശ്രമിക്കുന്നത്. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളൊന്നും സാധാരണ മനുഷ്യരുടെ വൈഭവത്തെ മാനിച്ചതായി തെളിവില്ല. എഴുത്തിലും പ്രസംഗത്തിലും പുലര്‍ത്തുന്ന മനുഷ്യവര്‍ഗപ്രേമം പ്രവൃത്തിയില്‍ ലവലേശം നിഴലിക്കാറില്ല. 
ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ജനാധിപത്യത്തിന്റെ കുപ്പായം ചൂടി ഏകാധിപത്യ പ്രവണതയുടെ കാപട്യത്തെ ജനങ്ങളില്‍ നിന്ന് ഒളിപ്പിച്ചുവെച്ചിരിക്കുകയാണ്. നവമാധ്യമലോകത്തെ സാമൂഹിക ശൃംഖലകള്‍ വഴി തീക്കാറ്റുപോലെ ആശയവിനിമയം ലോകമെങ്ങും പരക്കുമ്പോള്‍ കാലഹരണപ്പെട്ട ചിന്താപദ്ധതികള്‍ അതിവേഗം കരിഞ്ഞുപോകുമെന്ന സമകാലിക യാഥാര്‍ത്ഥ്യം പോലും നമ്മുടെ കമ്യൂണിസ്റ്റുകള്‍ തിരിച്ചറിയുന്നില്ല.
 

No comments:

Post a Comment

Note: Only a member of this blog may post a comment.