യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. സി വിഷ്ണുനാഥ് എം. എല്‍. എയെ ഇന്നലെ മാന്നാര്‍ കുട്ടംപേരൂര്‍ എന്ന സ്ഥലത്തുവച്ച് ഒരു കൂട്ടം മാര്‍ക്‌സിസ്റ്റുകാര്‍ മര്‍ദ്ദിച്ചവശനാക്കി.
സ്ഥലത്തെ എസ്. കെ. വി സ്‌കൂളിന് സമീപമുള്ള അംഗനവാടി റോഡിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സ്ഥലം എം. എല്‍. എ ആയ വിഷ്ണുനാഥ്. പരിപാടിയില്‍ സംബന്ധിക്കാനെത്തിയ സ്ത്രീകളടക്കമുള്ള നാട്ടുകാരെയും സംഘാടകരെയും യാതൊരു പ്രകോപനവുമില്ലാതെ സി. പി. എം ലോക്കല്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എത്തിയ മാര്‍ക്‌സിസ്റ്റ് ഗുണ്ടകള്‍ തല്ലിച്ചതച്ചതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ വിഷ്ണുനാഥ്, താലപ്പൊലിക്കെത്തിയ ഗീതാകുമാരി എന്നിവരടക്കം ഏതാനും പേര്‍ മാവേലിക്കര ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചെങ്കിലും നടക്കാതെ പോയ റോഡുപണി എം. എല്‍. എ വിഷ്ണുനാഥിന്റെ പരിശ്രമഫലമായി വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരുന്നു. തന്‍മൂലം ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യരായി തീര്‍ന്ന സി. പി. എം പ്രവര്‍ത്തകര്‍ രോഷം പൂണ്ട് റോഡ് ഉദ്ഘാടന ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കാരണം എന്തായാലും കേരളത്തിലെ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അനിഷേധ്യ നേതാവായ വിഷ്ണുനാഥിനും കൂട്ടര്‍ക്കും നേരെ ഉണ്ടായ സി. പി. എം ഗുണ്ടാ ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.
ഈ സംഭവത്തില്‍ ജനാധിപത്യ സമൂഹത്തിന്റെ അമര്‍ഷം രേഖപ്പെടുത്താന്‍ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഇന്ന് പകല്‍ ഹര്‍ത്താല്‍ നടക്കുകയാണ്. സംസ്ഥാനത്തിന്റെ ഭരണം നഷ്ടപ്പെട്ട സി. പി. എമ്മിന്റെ അണികളില്‍ ഒരു വിഭാഗത്തിന് ഉണ്ടായിരിക്കുന്ന നിരാശയും നിരാശ്രയത്വവും ഇത്തരത്തില്‍ അക്രമാസക്തമാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കേരളത്തിലെ സി. പി. എം ധാര്‍മ്മികാധപ്പതനത്തിന്റെ പടുകുഴിയിലാണ്. ജനാധിപത്യ മര്യാദ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല. പ്രതിപക്ഷ ബഹുമാനം എന്ന മാന്യതയെക്കുറിച്ച് സി. പി. എമ്മിന് അറിയില്ല. ആക്രമിച്ചും പിടിച്ചടക്കിയും എതിര്‍ത്തും തോല്‍പ്പിച്ചും പരസ്പരം കുത്തിച്ചാകുന്ന ഒരു യാദവപ്പടയായി കേരളത്തിലെ സി. പി. എം മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസാണ് അവരുടെ മുഖ്യശത്രു. കാര്യബോധവും കര്‍മ്മശേഷിയും ഉള്ള യുവാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരുന്നത് സി. പി. എമ്മിന് ഒരിക്കലും സഹിക്കാന്‍ കഴിയില്ല. ഗുണ്ടകളെ ഉപയോഗിച്ച് സി. പി. എം കോണ്‍ഗ്രസിലെ കൊള്ളാവുന്ന നേതാക്കളെ തല്ലി പരാജയപ്പെടുത്താന്‍ എക്കാലവും ശ്രമിച്ചിട്ടുണ്ട്.
ചെങ്ങന്നൂര്‍ എം. എല്‍. എയുടെ നേരെ ഇന്നലെയുണ്ടായ പരാക്രമം ഒറ്റപ്പെട്ട സംഭവമായി ഞങ്ങള്‍ കാണുന്നില്ല. കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് - കെ. എസ്. യു നേതാക്കളെ കരുതിക്കൂട്ടി ആക്രമിച്ച് ഒതുക്കാന്‍ സി. പി. എമ്മില്‍ സാമൂഹ്യവിരുദ്ധരുടെ ഒരു രഹസ്യ പടയെത്തന്നെ എക്കാലവും സൂക്ഷിച്ചിട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചെറിയാന്‍ ഫിലിപ്പ്, പി. ടി. തോമസ് തുടങ്ങി എത്രയെത്ര കോണ്‍ഗ്രസ് നേതാക്കളെയാണ് വിവിധ കാലങ്ങളില്‍ സി. പി. എം ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടുള്ളത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന്റെ മുകള്‍നിലയില്‍നിന്ന് കെ. എസ്. യു നേതാവായിരുന്ന ചെറിയാന്‍ ഫിലിപ്പിനെ ഒരു സി. പി. എം ഗുണ്ട കഴുത്തിന് പിടിച്ച് താഴേക്ക് വലിച്ചെറിഞ്ഞ പൈശാചിക സംഭവം ആര്‍ക്കാണ് മറക്കാനാവുക. ചെറിയാന്‍ ഫിലിപ്പ് അവിവാഹിതനായി കഴിയേണ്ടി വന്നത് അന്നുണ്ടായ ഗുരുതരമായ പരിക്ക് മൂലമാണ്. മാര്‍ക്‌സിസ്റ്റുകാരുടെ മനുഷ്യത്വരഹിതമായ ഇത്തരം പ്രവൃത്തികള്‍ ചെറിയാന്‍ ഫിലിപ്പിനെ പോലുള്ളവര്‍ മറന്നുപോയെന്നുവരാം. പക്ഷേ കേരളത്തിലെ കോണ്‍ഗ്രസിന് അത് വിസ്മരിക്കാനാവില്ല.
വിഷ്ണുനാഥിനും കൂട്ടര്‍ക്കും നേരെ ഇന്നലെ മാന്നാറിലുണ്ടായ ആക്രമണത്തില്‍ സി. പി. എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി. കെ. പ്രസാദടക്കം 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസും മറ്റ് നിയമനടപടികളും അതിന്റെ വഴിക്ക് പോകട്ടെ. പക്ഷേ സി. പി. എമ്മിന്റെ അപലപനീയമായ ഗുണ്ടാരാഷ്ട്രീയത്തിനെതിരെ ജനാധിപത്യ കേരളം ഒന്നടങ്കം രംഗത്തുവരേണ്ടിയിരിക്കുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.