യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും ചെങ്ങന്നൂര്‍ എംഎല്‍എയുമായ പി.സി. വിഷ്ണുനാഥ് എംഎല്‍എ പങ്കെടുത്ത പരിപാടി അലങ്കോലപ്പെടുത്താന്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗുണ്ടാസംഘം അഴിഞ്ഞാടി. റോഡ് ഉദ്ഘാടനത്തിനെത്തിയ പി.സി വിഷ്ണുനാഥിനെ പൊലീസ് നോക്കിനില്‍ക്കെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തെക്കേക്കാട്ടില്‍ രവീന്ദ്രന്‍ നായര്‍(67) മരിച്ചു.
ഞായറാഴ്ച വൈകീട്ട് നാലരയോടെ കുട്ടമ്പേരൂര്‍ അങ്കണവാടി-കണ്ണനാംകുഴി പാടശേഖരറോഡ് ഉദ്ഘാടനത്തിന് എം.എല്‍.എ എത്തിയപ്പോഴാണ് സംഭവം. പി.സി. വിഷ്ണുനാഥ് എം.എല്‍.എയ്ക്കും നാട്ടുകാര്‍ക്കും നേരേ സി.പി.എം. ലോക്കല്‍ കമ്മറ്റി സെക്രട്ടറി ബി.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. പുറത്തും നെഞ്ചത്തും ഇടിയേറ്റ വിഷ്ണുനാഥിനെ മാവേലിക്കര ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ രണ്ടു സ്ത്രീകള്‍ക്കും പരിക്കേറ്റു. എം.എല്‍.എ. എത്തുംമുമ്പുതന്നെ സി.പി.എമ്മുകാര്‍ ഉദ്ഘാടനവേദി അടിച്ചുതകര്‍ത്തു.
ഉദ്ഘാടനത്തിനെത്തിയ എം.എല്‍.എ.യെ സ്വീകരിച്ചുകൊണ്ടുവരുമ്പോള്‍ മാന്നാര്‍ ഈസ്റ്റ് എല്‍.സി. സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ എത്തി സ്വീകരണ ഘോഷയാത്ര തടസ്സപ്പെടുത്തി. എംഎല്‍എയെ നാട്ടുകാര്‍ സ്വീകരിച്ചു സമ്മേളന സ്ഥലത്തേക്കു നീങ്ങുന്നതിനിടെ, മുന്നോട്ടു പോകരുതെന്നും ജീവനോടെ തിരിച്ചു പോകില്ലെന്നും ഗുണ്ടാസംഘം ഭീഷണി മുഴക്കി. തുടര്‍ന്ന് എം.എല്‍.എ. റോഡില്‍ കുത്തിയിരുന്നു. സംഘര്‍ഷം കുറഞ്ഞതിനെ തുടര്‍ന്ന് എം.എല്‍.എ. ഉദ്ഘാടനവേദിയിലേക്ക് പോകാന്‍ എഴുന്നേറ്റപ്പോഴാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബി.കെ. പ്രസാദ് എം.എല്‍.എ.യെ മര്‍ദ്ദിച്ചത്. താഴെവീണ എംഎല്‍എയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണു ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് ഉണ്ടായിരുന്നെങ്കിലും കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം പ്രദേശത്ത് അഴിഞ്ഞാടുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രവീന്ദ്രന്‍ നായരുടെ മാന്നാര്‍ എണ്ണയ്ക്കാട്ടു ചന്തയിലുള്ള കട അടപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഗുണ്ടാസംഘത്തിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് രവീന്ദ്രന്‍ നായര്‍ കുഴഞ്ഞുവീണതെന്നും പറയപ്പെടുന്നു. ഉടന്‍ പരുമലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിഷ്ണുനാഥിനു ഡ്രിപ്പ് നല്‍കി നിരീക്ഷണ മുറിയില്‍ കിടത്തിയിരിക്കുകയാണ്. ഒരാള്‍ തന്നെ ചുറ്റിപ്പിടിച്ചുകൊടുത്തപ്പോള്‍ പ്രസാദ് നെഞ്ചത്തും പുറത്തും ഇടിച്ചുവെന്ന് ആസ്പത്രിയില്‍ കഴിയുന്ന എം.എല്‍.എ. പറഞ്ഞു. എം.എല്‍.എയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കേന്ദ്രമന്ത്രി എ.കെ. ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പി.സി. വിഷ്ണുനാഥിനെ ഫോണില്‍ ബന്ധപ്പെട്ടു. ആന്റണി മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ടിനെ വിളിച്ചു വിവരങ്ങളും ആരാഞ്ഞു.
ആക്രമണത്തിനു നേതൃത്വം കൊടുത്ത ലോക്കല്‍ സെക്രട്ടറി ബി.കെ. പ്രസാദ് ഉള്‍പ്പെടെ ഇരുപതോളം പേരെ മാന്നാര്‍ പോലീസ് അറസ്റ്റുചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച യു.ഡി.എഫ്. ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു.
No comments:
Post a Comment
Note: Only a member of this blog may post a comment.