കേരളത്തിലെ തൊഴില്‍രഹിത യുവാക്കളോട് സി.പി.എമ്മിനോ മറ്റ് ഇടത് സംഘടനകള്‍ക്കോ തരിമ്പെങ്കിലും അനുകമ്പയുണ്ടെന്ന് അവരുടെ പ്രവൃത്തികള്‍ പരിശോധിക്കുന്നവര്‍ക്ക് കാണാന്‍ കഴിയില്ല. തൊഴിലില്ലായ്മയെക്കുറിച്ച് സി.പി.എം നടത്തുന്നത് വെറും അധരവ്യായാമങ്ങള്‍ മാത്രമാണ്.
കേരളത്തിലെ സാധാരണക്കാരായ യുവാക്കളെ കബളിപ്പിക്കുന്ന ഈ നയം അവര്‍ ഒരിക്കലും തിരുത്തുമെന്ന് പറയാനും കഴിയില്ല. കേരളാ സര്‍വകലാശാലയിലെ അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തില്‍ ഉണ്ടായ ക്രമക്കേടുകള്‍ കുപ്രസിദ്ധമാണ്. പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെയും ആശ്രിതരെയും അനധികൃതമായി തിരുകിക്കയറ്റി പരീക്ഷാ നടത്തിപ്പ് പ്രഹസനമാക്കിയതിന്റെ അപഹാസ്യമായ കഥയാണത്. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ നാല്‍പതിനായിരം അപേക്ഷകരെ എഴുത്തുപരീക്ഷയ്ക്ക് ഇരുത്തിയെങ്കിലും യോഗ്യരായ ഒരാളിനുപോലും നിയമനം ലഭിച്ചില്ല. സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ അംഗങ്ങളായ സി.പി.എം നേതാക്കളുടെ കുതന്ത്രം മൂലം ഉദ്യോഗാര്‍ത്ഥികളുടെ എഴുത്തുപരീക്ഷ അട്ടിമറിക്കുകയും പാര്‍ട്ടിക്കാരുടെ പാര്‍ശ്വവര്‍ത്തികളെ ഉദ്യോഗത്തില്‍ തിരുകിക്കയറ്റുകയും ചെയ്തു. ഇതിനെതിരെ അപേക്ഷകരായ ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ നീതിതേടി കോടതിയെ സമീപിച്ചപ്പോഴാണ് കള്ളക്കളികള്‍ അല്‍പാല്‍പം പുറത്തുവന്നുതുടങ്ങിയത്.
നിയമനം നേടിയ നൂറോളം പേര്‍ സി.പി.എം നേതാക്കളുമായി ഉറ്റ ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയ പരാതിക്കാര്‍ ഉപലോകായുക്തയുടെ സഹായത്താല്‍ തിരിമറികളുടെ ഉള്ളുകള്ളി പരിശോധിക്കാനും ശ്രമിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ എഴുതിയ പരീക്ഷാക്കടലാസുകള്‍ ഹാജരാക്കണമെന്ന ഉത്തരവ് സര്‍വകലാശാലാ അധികൃതര്‍ക്ക് പാലിക്കാനായില്ല. അതിനാല്‍ അവിഹിതമാര്‍ഗത്തിലൂടെ നിയമനം നേടിയവരെ മുഴുവന്‍ പിരിച്ചുവിടാനായിരുന്നു ഉപലോകായുക്ത ഉത്തരവായത്. ഇതിനെതിരെ സര്‍വകലാശാല ഹൈക്കോടതിയെ സമീപിച്ചു. അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തെപ്പറ്റി അന്വേഷിക്കാന്‍ ഹൈക്കോടതി ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. എന്‍. സുകുമാരന്‍ അധ്യക്ഷനായ അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍ യൂണിവേഴ്‌സിറ്റിയുടെ നിയമന നടപടികള്‍ ആപാദചൂഢം പൊരുത്തക്കേട് നിറഞ്ഞതാണെന്നായിരുന്നു. തുടര്‍ന്ന് ലോകായുക്ത നടത്തിയ വിചാരണയുടെ അടിസ്ഥാനത്തില്‍ 2005 മുതല്‍ തുടര്‍ന്നുവന്ന എല്ലാ നിയമനങ്ങളും റദ്ദാക്കി പുതിയ പ്രവേശന പരീക്ഷ നടത്താന്‍ ഉത്തരവായിരിക്കുന്നു.
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സ്വജനപക്ഷപാതമാണ് അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തില്‍ സംഭവിച്ചത്. അതിനാല്‍ അന്നത്തെ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോടും പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രിയോടും ഉപലോകായുക്ത ജി. ശശിധരന്‍ ഉത്തരവായിരിക്കുകയാണ്. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവാക്കളോട് സി.പി.എം കാട്ടിയ ഏറ്റവും വലിയ നെറികേടിന്റെയും വഞ്ചനയുടെയും പ്രകടമായ ദൃഷ്ടാന്തമാണ് ഈ സംഭവം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വ്യക്തിഗുണങ്ങള്‍ക്കുമായി സി.പി.എം നേതാക്കള്‍ ഏത് അധാര്‍മിക പാതയിലൂടെയും ചരിക്കുമെന്നതിന്റെ കൂടി തെളിവാണിത്. പെന്‍ഷന്‍ പ്രായം ഏകീകരണത്തിലൂടെ പരോക്ഷമായി സംസ്ഥാനത്തെ യുവതാല്‍പര്യത്തിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയത് ഇടതുസര്‍ക്കാരാണ്. പി.എസ്.സിയെ നോക്കുകുത്തിയാക്കി വെച്ചുകൊണ്ട് കൂട്ടവിരമിക്കല്‍ മൂലം ഉണ്ടായ ഒഴിവുകളില്‍ താല്‍ക്കാലിക പിന്‍വാതില്‍ നിയമനം നടത്തി ചെറുപ്പക്കാരെ കബളിപ്പിച്ചു.
ഇപ്പോള്‍ പി.എസ്.സിയില്‍ നിലവിലുള്ള 300 റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ അഭ്യര്‍ത്ഥനകളെ പി.എസ്.സിയിലെ ഇടതുപക്ഷ അംഗങ്ങളുടെ സഹായത്തോടെ തുടര്‍ച്ചയായി നിരസിച്ചുകൊണ്ടിരിക്കുന്നു. ഉദ്യോഗനിയമനത്തിലെ വ്യവസ്ഥകളും നിയതമായ സംവിധാനങ്ങളും അട്ടിമറിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനും അനീതിക്ക് ചൂട്ടുപിടിക്കാനും സി.പി.എം എപ്പോഴും മുമ്പന്തിയിലുണ്ട്. ഇവരാണോ കേരളത്തിലെ അഭ്യസ്തവിദ്യരായ സാധാരണ യുവാക്കളുടെ അവസരങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നത്? സി.പി.എം നേതാക്കള്‍ അവരുടെ മക്കളുടെയും ബന്ധുക്കളുടെയും ശ്രേയസ്സും സൗഭാഗ്യവുമല്ലാതെ ഇപ്പോള്‍ മറ്റൊന്നും കാണുന്നില്ല. സ്ഥാപിത താല്‍പര്യം ഊട്ടിയുറപ്പിക്കാന്‍ ഏത് തത്വവും ഉദ്ധരിച്ചുകൊണ്ട് കുന്നായ്മ മാത്രം പ്രവര്‍ത്തിക്കും എന്നാണ് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നത്.
No comments:
Post a Comment
Note: Only a member of this blog may post a comment.