Saturday, January 7, 2012

വീര്യം ചോരുന്ന നിത്യപ്രതിപക്ഷനേതാവ്


വിഎസ്. അച്യുതാനന്ദന്‍ നിത്യപ്രതിപക്ഷമാണ്. ജനാധിപത്യ ഭരണവ്യവസ്ഥയില്‍ പ്രതിപക്ഷനേതാവിന്റെ ദൗത്യം മികവോടെ നിര്‍വഹിക്കാന്‍ അദ്ദേഹത്തോളം പോരുന്ന മറ്റൊരാള്‍ ഇന്ന് കേരളത്തിലില്ല. 2006-11 കാലത്ത് വി.എസ് കേരള മുഖ്യമന്ത്രിയായിരുന്നു.
പക്ഷേ അന്നും അദ്ദേഹം പ്രതിപക്ഷനേതാവിനെപ്പോലാണ് സംസാരിച്ചതും പ്രവര്‍ത്തിച്ചതും. പോരുമുഴുവന്‍ സ്വന്തം പാര്‍ട്ടി നേതൃത്വത്തോടായിരുന്നു എന്നുമാത്രം.  നിരന്തരം പോരാടാന്‍ പ്രകൃതി നല്‍കിയ അടങ്ങാത്ത വീര്യമാണ് വി.എസ് അച്യുതാനന്ദന്റെ കരുത്ത്. വിമര്‍ശിച്ചും എതിര്‍ത്തും മല്ലടിച്ചും പിടിച്ചടക്കിയതാണ് അദ്ദേഹത്തിന്റെ നേതൃപദവികള്‍. ജീവിതം വി.എസ്സിന് മൃദുപുഷ്പതല്‍പ്പമായിരുന്നില്ല. പ്രതിബന്ധങ്ങളോട് പൊരുതിവന്ന നേതാവാണ് വി.എസ്.അദ്ദേഹത്തിന്റെ പൊതുജീവിതം അടരുകളുടെ ഇതിഹാസമാണ്. കലാപകാരിയായി ജീവിച്ചതിനാല്‍ വി.എസ്സിന് നല്ല ഭരണാധികാരിയാകാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ അച്യുതാനന്ദന്‍ ഒരു പരാജയമായിരുന്നു. അത് അദ്ദേഹത്തിന്റെ കുറവല്ല. വി.എസ് എന്ന നേതാവ് രൂപംകൊണ്ട സാഹചര്യത്തിന്റെ സവിശേഷതയാണ്. എന്നാല്‍ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ വലിയ വിജയമായിരുന്നു വി.എസ്. ജനകീയ പ്രശ്‌നങ്ങള്‍ കണ്ടെത്തി പൊതുചര്‍ച്ചയില്‍ കൊണ്ടുവരാന്‍ മാധ്യമശക്തിയെ മനോഹരമായി ഉപയോഗിച്ചു.
 
നിയമനിര്‍മ്മാണ സഭയെ പൊതുപ്രാധാന്യമുള്ള വിഷയങ്ങള്‍ കൊണ്ട് പ്രക്ഷുബ്ധമാക്കി. കോടതികളെയും തന്റെ രാഷ്ട്രീയ യുദ്ധങ്ങള്‍ക്ക് വി.എസ് ഉപയോഗിച്ചു. കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ അച്യുതാനന്ദന്‍ തീര്‍ത്ത സമരമുഖങ്ങള്‍ മറ്റൊരു പ്രതിപക്ഷ നേതാവിനും അവകാശപ്പെടാന്‍ കഴിയില്ല. അതിനാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തോല്‍ക്കുകയും യു.ഡി.എഫ് ഭരണത്തില്‍ വരികയും ചെയ്തപ്പോള്‍ കേരളത്തിലെ നിഷ്പക്ഷമതികള്‍ ഒന്നടങ്കം സന്തോഷിച്ചു. ഭരിക്കാനറിയാവുന്ന ഒരാള്‍ മുഖ്യമന്തിയാകും. കേരളത്തിന് മികച്ച പ്രതിപക്ഷ നേതാവിനെ തിരിച്ചുകിട്ടുകയും ചെയ്യും. 
ഏഴ് മാസം പിന്നിട്ടുകഴിഞ്ഞു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട്. ഇടതുഭരണത്തിന്റെ ജീര്‍ണ്ണിച്ച മാറാലകള്‍ ഒന്നൊന്നായി യു.ഡി.എഫ് സര്‍ക്കാര്‍ ഇതിനകം തൂത്തെറിഞ്ഞുകഴിഞ്ഞു. ഭരണപ്രക്രിയയ്ക്ക് ചലനവേഗം കൈവന്നു. മുടങ്ങിക്കിടന്ന വന്‍ പദ്ധതികള്‍ ഏറ്റെടുത്ത് പ്രതീക്ഷാനിര്‍ഭരമായി ഭരണം മുന്നോട്ടുപോകുകയാണ്. പക്ഷേ പ്രതിപക്ഷ നേതാവ് മാത്രം പഴയതുപോലെ ശോഭിക്കുന്നില്ല. അച്യുതാനന്ദന്റെ പോരാട്ടവീര്യത്തിന്  പണ്ടത്തെപ്പോലെ ശക്തിയില്ല. ഓജസില്ല.
 
വര്‍ത്തമാനങ്ങള്‍ക്ക് തീരെ ആര്‍ജ്ജവവും ഇല്ല. യുവാക്കളെപ്പോലും ആശ്ചര്യപ്പെടുത്തുന്ന വി.എസ്സിന്റെ സമരശൗര്യമെല്ലാം എവിടെപ്പോയി?  വല്ലാത്ത സങ്കടമാണ് തന്റെ ആരാധകരില്‍ ഇപ്പോള്‍ അച്യുതാനന്ദന്‍ നിറയ്ക്കുന്നത്. പ്രതിപക്ഷ നേതാവിന് എന്തുപറ്റിയെന്ന് ആലോചിക്കാത്തവരാരുമില്ല.
അപമാനിക്കപ്പെടുന്നവരുടെ സംരക്ഷകനായി വി.എസ്. ഉണ്ടെന്ന് കേരളം വര്‍ഷങ്ങള്‍ക്കുമുമ്പ് കരുതി. സ്ത്രീകളുടെ മാനം കാക്കാന്‍ വിര്യമുള്ളൊരു പോരാളി. മണ്ണിനും പെണ്ണിനും വേണ്ടി അച്യുതാനന്ദന്‍ ഉയര്‍ത്തിയ ശബ്ദത്തിന്റെ മാറ്റൊലി മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിനുപോലും അലോസരമായിത്തീര്‍ന്നിട്ടുണ്ട്. പ്രകൃതിസംരക്ഷണ ദൗത്യം ഏറ്റെടുത്തു കാടും മലയും കയറിയ നേതാവ് മുഖ്യാധാരാ രാഷ്ട്രീയത്തില്‍ വേറാരും കടന്നുചെന്നിട്ടില്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ അച്യുതാനന്ദന്‍  സഞ്ചരിക്കുന്നതുകണ്ടപ്പോള്‍ നവമാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ ആവേശം ചെറുതൊന്നുമായിരുന്നില്ല.
 
പിണറായി വിജയന്‍ പോലും തന്റെ നേതാവിനോട് അസൂയ പൂണ്ടുപോയി. അച്യുതാനന്ദനുവേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ സിണ്ടിക്കേറ്റ് ഉണ്ടെന്നു പിണറായിയെപ്പോലെ പലരും വിശ്വസിച്ചു. സത്യത്തില്‍ അങ്ങനെ ഒന്നുണ്ടായിരുന്നില്ല. സ്വാഭാവികമായി മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ രൂപമെടുത്ത ഒരു മമതാ ബന്ധമായിരുന്നു അത്. നാടിനോടും ജനങ്ങളോടും  ഒരു വൃദ്ധനേതാവ് പ്രായവും ആരോഗ്യപ്രശ്‌നങ്ങളും മറന്ന് കൂറുപുലര്‍ത്തുന്നതുകണ്ട് ചില മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ സഹാനൂഭുതിയുടെ പരിണിതഫലം. വി.എസ്, ഒരു രക്ഷകനാണെന്ന് കരുതിയവരെ ആവേശം കൊള്ളിക്കുന്ന വാക്കുകളിലൂടെ, ദൃശ്യങ്ങളിലുടെ ജനമധ്യത്ത് അവര്‍ അദ്ദേഹത്തെ അവതരിപ്പിച്ചു. അതില്‍ വി.എസ്സിനൊപ്പം ആ മാധ്യമ പ്രവര്‍ത്തകരും ഉള്ളാലെ ആനന്ദിച്ചിട്ടുണ്ടാകണം.
 
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം നേരില്‍ കാണാന്‍ പത്തുകൊല്ലം മുമ്പ് മാധ്യമപ്രവര്‍ത്തകരുമായി വി.എസ്. ഇടുക്കിയിലെ സംസ്ഥാനാതിര്‍ത്തിയിലേക്ക് പോയി. മതികെട്ടാന്‍ മല ഭൂമി കയ്യേറ്റം പഠിക്കാന്‍ സാഹസികയാത്ര നടത്തിയ വി.എസ്സിന്റെ വീര്യം മറ്റൊരുനേതാവിലും അന്നു കണ്ടില്ല. നെല്‍പ്പാടങ്ങള്‍ തരിശിടുന്നതും നികത്തി കെട്ടിടം പണിയുന്നതും  കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന്റെ മരണമണിയാണെന്ന് അദ്ദേഹം കാതോര്‍ത്തുകേട്ടു. പെണ്‍വാണിഭ റാക്കറ്റിനെ വാക്കുകള്‍കൊണ്ടു ഭയപ്പെടുത്തി. ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ സ്ത്രീകളുടെ മാനം കവര്‍ന്നവരെ  കൈയാമം വച്ച് പെരുവഴിയേ നടത്തുമെന്ന് പ്രഖ്യാപിച്ചു. അഴിമതിക്കാതെ ഒന്നൊഴിയാതെ പിടിക്കുമെന്ന ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍വഴി  അച്യുതാനന്ദന്‍  സ്വന്തം പാര്‍ട്ടിനേതൃത്വത്തില്‍പോലും ഉള്‍ക്കിടിലം സൃഷ്ടിച്ചു. വി.എസ്. സ്ഥാനാര്‍ത്ഥിയാകാതിരിക്കാന്‍ സി പി എം നേതാക്കള്‍ സംഘടിത ശ്രമം നടത്തി. ജയിച്ചപ്പോള്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ തടസ്സവാദങ്ങളുന്നയിച്ചു. വികസന വിരോധിയാണ് വി.എസ്. എന്ന് സി.പി.എം. നേതൃയോഗത്തില്‍ വിളിച്ചു പറഞ്ഞ നേതാവ് അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. വി.എസ്. മുഖ്യമന്ത്രിയായാല്‍ സിപിഎം നേതാക്കള്‍ പലരും ജയിലിലാകുമെന്ന് പാര്‍ട്ടിയോഗത്തില്‍ പ്രസംഗിച്ച എളമരം കരീം പിന്നീട് അദ്ദേത്തിന്റെ മന്ത്രിസഭയില്‍ അംഗമായി.
 
ആഭ്യന്തരം, നിയമം, വിജിലന്‍സ് വകുപ്പുകള്‍ വി.എസ്സിന്റ നിയന്ത്രണത്തില്‍ ഒരു കാരണവശാലും വരരുതെന്ന് സിപിഎം സംസ്ഥാനനേതൃത്വം കര്‍ശന മായി ആഗ്രഹിച്ചു. രാഷ്ട്രീയ ശത്രുക്കളോടുള്ളതിനേക്കാള്‍ ശക്തിയേറിയ യുദ്ധം സ്വന്തം പാര്‍ട്ടി നേതൃസ്ഥാനത്തോട് നടത്തിയാണ് അഞ്ചുകൊല്ലം അച്യുതാനന്ദന്‍  അധികാരത്തില്‍ ഇരുന്നത്. വി.എസ്. മുഖ്യമന്ത്രിയായത് സിപിഎം നേതൃത്വം  ആഗ്രഹിച്ചതുകൊണ്ടല്ല. പ്രതിപക്ഷനേതാവെന്ന നിലയില്‍  അദ്ദേഹം കൈവരിച്ച സല്‍പ്പേരും സ്വാധീനവും കൊണ്ടാണ്. ആള്‍ക്കൂട്ടത്തിന് കണക്കുപിഴച്ചു. നല്ല പ്രതിപക്ഷനേതാവ് മികച്ച മുഖ്യമന്ത്രിപോയിട്ട് ശരാശരി ഭരണാധികാരിപോലും ആകില്ലെന്ന് ജനാധിപത്യചരിത്രത്തിലെ അവിസ്മരണീയമായ പാഠമാണ്. വി.എസ്. ഒരിക്കലും കേരള മുഖ്യമന്ത്രിയാകരുതെന്ന് ആഗ്രഹിച്ചവര്‍ മാത്രമേ അദ്ദേഹത്തിന്റെ ഭരണകാലത്തെ ഓര്‍ത്ത് ഇപ്പോള്‍ സന്തോഷിക്കുന്നുള്ളു. കൈകാലുകള്‍  ബന്ധിച്ചിട്ടശേഷം പി.ടി.ഉഷയോടൊപ്പം ഓടി ജയിക്കാനാണ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിപിഎം നേതൃത്വം അച്യുതാനന്ദനോട് നിശബ്ദമായി പറഞ്ഞത്. നിസ്സഹായവും ദയനീയവുമായിരുന്നു ഭരണാധികാരസ്ഥാനത്തിരുന്ന വി.എസ്സിന്റെ അവസ്ഥ. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷനേതാവായി ശോഭിക്കുവാന്‍ അദ്ദേഹത്തിന് എന്താണ് തടസ്സം?
 
സി.പി.എം. നേതൃത്വം അച്യുതാനന്ദന്റെ സമരങ്ങളില്‍ പാര്‍ശ്വവര്‍ത്തികളായി നിന്നിട്ടേയുള്ളു. ഇപ്പോഴും അങ്ങനെതന്നെ. സ്വന്തം നിലയില്‍ സമരസന്നാഹങ്ങളുമായി മുന്നോട്ടുകുതിക്കാനുള്ള ധാര്‍മ്മികബലം ഇപ്പോള്‍ വി.എസ്സിനില്ല. മകന്‍ വി.എ. അരുണ്‍കുമാറിനെതിരെ ഒന്നൊന്നായി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ വി.എസ്സിന്റെ പോരാട്ടങ്ങള്‍ക്കു മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ബന്ധുവിന് കാസര്‍ഗോട്ട് ഭൂമി പതിച്ചുനല്‍കിയത് വഴിവിട്ട മാര്‍ഗ്ഗത്തിലൂടെയാണെന്ന് വി.എസ്സിനെതിരെ ആരോപണം ഉയര്‍ന്നുവന്നു. അത് നിഷേധിക്കാനാവാത്ത തെളിവുകളോടെ അദ്ദേഹത്തിനെ കുത്തിക്കൊണ്ടിരിക്കും. അഞ്ചുകൊല്ലത്തെ മുഖ്യമന്ത്രി സ്ഥാനം നല്‍കിയ ബാദ്ധ്യതകള്‍ അച്യുതാനന്ദന്റെ തലയില്‍ അറ്റം കൂര്‍ത്ത ഒരു തൊപ്പിപോലെ വന്നു വീണിരിക്കുന്നു. പ്രതിപക്ഷനേതാവായി പഴയപോലെ ശോഭിക്കാനാവാത്ത തരത്തില്‍ ബാധ്യതകള്‍ അദ്ദേഹത്തിന്റെ കാലുകളില്‍ ഇരുമ്പുചങ്ങലകളായി ചുറ്റിക്കിടക്കുന്നു. മുല്ലപ്പെരിയാര്‍ സമരത്തില്‍ സി.പി.എമ്മും അച്യുതാനന്ദനും രണ്ടു വഴിക്കായപ്പോള്‍ സ്വയം തിരുത്തി പാര്‍ട്ടിക്കു കീഴടങ്ങേണ്ടിവന്ന  വി.എസ്സ്. പൊതുവേദിയില്‍ അപമാനിക്കപ്പെട്ടു. വനംമന്ത്രി കെ.ബി. ഗണേശ്കുമാര്‍ ആക്ഷേപകരമായ പദങ്ങള്‍കൊണ്ട് പ്രതിപക്ഷനേതാവിനെ കളിയാക്കി പ്രസംഗിച്ചു. അതു തെറ്റായിപ്പോയെന്ന് സ്വയം മനസ്സിലാക്കി മന്ത്രി മാപ്പുപറഞ്ഞെങ്കിലും സി.പി.എമ്മില്‍ നിന്ന് ഒരിക്കല്‍പോലും ഒരു പ്രതിഷേധ സ്വരം ഉയര്‍ന്നില്ല.
 
വാളകം കൃഷ്ണകുമാര്‍ സംഭവം, ആര്‍.ബാലകൃഷ്ണപിള്ള കേസ് എന്നിവയിലും വി.എസ്സിന്റെ നിലപാടുകള്‍ക്ക് ശക്തിപകാരന്‍ സി.പി.എം. മുന്നോട്ടുവന്നില്ല. പേരിന് വി.എസ്. പ്രതിപക്ഷ നേതാവായി തുടരുന്നു. പ്രസ്താവനകളിലൂടെ എങ്കിലും പ്രതിപക്ഷ നേതാവിന്റെ ദൗത്യം സാവകാശം കോടിയേരി ബാലകൃഷ്ണന്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്നു. വി.എസ്സ്. ഒഴിവാക്കാനാവാത്ത ഒരു അപശകുനപ്പക്ഷിയായി സി.പി.എം. വേദികളില്‍ മാറിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ആരാധകവൃന്ദവും അകന്നുപോകുകകയാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.