എടുത്തുചാട്ടം ആര്‍ക്കും നല്ലതല്ല. പ്രത്യേകിച്ചും മാധ്യമപ്രവര്‍ത്തകര്‍ക്ക്. വാക്കിന് വെടിയുണ്ടയേക്കാള്‍ മാരകശേഷിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അച്ചടിമാധ്യമത്തില്‍ എഴുതുന്നവര്‍. മുസോളിനിയാണ് തനിക്ക് തോക്കുവേണ്ട വാക്കുമതിയെന്ന് ആദ്യം പറഞ്ഞത്.
ഉപയോഗിക്കപ്പെടുന്ന വാക്കിന്റെ ഊക്കില്‍ വിശ്വാസം അര്‍പ്പിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ സമൂഹത്തോടും തന്നോടും വലിയ ഉത്തരവാദിത്വം പുലര്‍ത്തേണ്ടതുണ്ട്. കേരളത്തിലെ ഒരു വാരിക അതിഭാവുകത്വത്തിന്റെ സീമകളൊക്കെ അതിലംഘിക്കുന്ന വാചക കസര്‍ത്തുകളോടെ എഴുതപ്പെട്ട ഒരു കവര്‍സ്റ്റോറിയുമായാണ് കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവന്നത്. സംസ്ഥാനത്തെ 258 'മുസ്ലീങ്ങള്‍' സര്‍ക്കാരിന്റെ നോട്ടപ്പുള്ളികളാണെന്ന് ആ വാരിക സ്‌കൂപ്പ് ചെയ്യുന്നു. അതില്‍പ്പറയുന്ന ചില പേരുകള്‍ പൊതുരംഗത്ത് അറിയപ്പെടുന്നവരുടേതാണ്. അവരുടെയെല്ലാം ഇ-മെയില്‍ വിലാസം സംസ്ഥാന ആഭ്യന്തരവകുപ്പ് ഒരു പ്രത്യേക ഉത്തരവിലൂടെ നേടിയെടുത്ത് പരിശോധിക്കുന്നു എന്നുമാത്രമല്ല, അവരുടെയെല്ലാം സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടന്നുകയറി ഭീകരമായ അധാര്‍മികതയും നിയമലംഘനവും നടത്തുന്നു എന്നാണ് ഒരു മഹാകണ്ടുപിടുത്തം പോലെ വാരിക അവതരിപ്പിക്കുന്നത്. വാരികയില്‍ ഇങ്ങനെ ഒരു 'ഭീകരകഥ' പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നുള്ള വിവരം മാധ്യമം ദിനപത്രം ഒന്നാംപുറത്ത് എട്ടുകോളം നീണ്ട വാര്‍ത്തയാക്കുകയും ചെയ്തു.
ഒറ്റനോട്ടത്തില്‍ വായനക്കാര്‍ക്കിടയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏതോ മഹാപാതകം ചെയ്ത പ്രതീതിയാണ് വാരികയും ദിനപത്രവും കൂടി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമിക നടപടിക്രമമെങ്കിലും പുലര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇതുപോലൊരു പാഴ്‌വേല അതിഭാവുകത്വ പാരവശ്യത്തോടെ അതെഴുതിയ ലേഖകനോ പ്രസിദ്ധീകരിച്ച പത്രാധിപര്‍ക്കോ ഒഴിവാക്കാമായിരുന്നു. ഏതെങ്കിലും സ്രോതസ്സില്‍ നിന്ന് വിലപ്പെട്ടതെന്ന് ഒറ്റനോട്ടത്തില്‍ തോന്നാവുന്ന ഒരു വിവരം ലഭിച്ചാല്‍ സാധാരണഗതിയില്‍ എന്താണ് ചെയ്യുക? ലഭ്യമായ വിവരത്തിന്റെ നിജസ്ഥിതി വിശദമായി അന്വേഷിക്കും. വസ്തുതയാണെന്ന് ബോധ്യപ്പെട്ടാല്‍ ആ വിവരം സമൂഹത്തില്‍ സൃഷ്ടിക്കാവുന്ന പ്രതികരണങ്ങളെപ്പറ്റി ആലോചിക്കും. പ്രസിദ്ധീകരിക്കുംമുമ്പ് ലഭിച്ച വിവരത്തിന്റെ നാനാവശങ്ങളെക്കുറിച്ച് കഴിയുന്നത്ര ആധികാരികതയോടെ അന്വേഷിക്കും. സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ കീഴില്‍ നടന്ന ഒരു 'ക്രമക്കേട്' ആകയാല്‍ ആ വകുപ്പിലെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് സംഭവത്തെക്കുറിച്ചുള്ള പ്രതികരണം ആരായും. അത് റിപ്പോര്‍ട്ട് എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നവരുടെ പ്രാഥമിക കടമയാണ്.
അങ്ങനെ ഔദ്യോഗിക കേന്ദ്രങ്ങളുടെയൊന്നും വിശദീകരണമില്ലാതെ കിട്ടിയവിവരങ്ങള്‍ ദുരുദ്ദേശ്യപൂര്‍വം പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. ഇത് നല്ല പത്രപ്രവര്‍ത്തനത്തിന്റെ ലക്ഷണമല്ല. കേരളത്തില്‍ സാമുദായിക സ്പര്‍ദ്ധയുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് കളമൊരുക്കാന്‍ ശ്രമിക്കുന്ന ദുഷ്ടബുദ്ധിയുടെ പ്രവര്‍ത്തനമാണ്. പൊലീസ് നിരീക്ഷിച്ചുകൊണ്ടിരുന്ന ഒരാളില്‍ നിന്ന് ലഭിച്ച 268 ഇ-മെയില്‍ വിലാസം ആഭ്യന്തരവകുപ്പ് ശേഖരിച്ചു എന്നത് ശരിയാണ്. കേസന്വേഷണ വേളകളില്‍ പലപ്പോഴും അത് പതിവുള്ളതുമാണ്. എന്നാല്‍ അതില്‍നിന്ന് പത്ത് പേരുകളും ഇ-മെയില്‍ വിലാസങ്ങളും ബോധപൂര്‍വം മാറ്റി 258 എണ്ണം പ്രത്യേകമായി എടുത്ത് കേരളത്തിലെ മുസ്ലീങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നോട്ടപ്പുള്ളികളായി കരുതുന്നുവെന്ന് അവതരിപ്പിച്ചത് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനമാണെന്ന് ജേര്‍ണലിസം ക്ലാസ്സില്‍ ഒരുദിവസമെങ്കിലും ഇരുന്നയാള്‍ പറയില്ല.
വരാന്‍പോകുന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ ആയുധമാക്കാം എന്ന ദുഷ്ടലാക്കില്‍ കേട്ടപാതി കേള്‍ക്കാത്തപാതി പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ വളച്ചൊടിക്കപ്പെട്ട ഈ വിവരങ്ങള്‍ എടുത്ത് മുഖ്യമന്ത്രിയ്ക്കുനേരെ പ്രയോഗിക്കാന്‍ തുടങ്ങി. വയസ്സ് 88 ആയെങ്കിലും പക്വതയുള്ള ഒരു നേതാവാണ് വി.എസ് അച്യുതാനന്ദന്‍ എന്ന് തോന്നുന്നില്ല. മാധ്യമം ദിനപത്രത്തിന്റെയും വാരികയുടെയും അവിശുദ്ധമായ ലക്ഷ്യം തിരിച്ചറിയാന്‍ വി.എസിന് കഴിയില്ലെങ്കിലും കേരളത്തിലെ പ്രബുദ്ധ സമൂഹത്തിന് മനസ്സിലാവും.
No comments:
Post a Comment
Note: Only a member of this blog may post a comment.