സി.പി. എമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടി.യായി കേരളത്തിലെ വിവിധ ജില്ലകളിലെ സമ്മേളനങ്ങള്‍ കഴിഞ്ഞു.
പുതിയ ജില്ലാ കമ്മിറ്റികളും നിലവില്‍ വന്നു. പ്രത്യക്ഷത്തില്‍ ഇത് ഒരു സാധാരണ രാഷ്ട്രീയ സംഭവം പോലെ തോന്നുമെങ്കിലും സി. പി. എമ്മില്‍ ഇരമ്പുന്ന ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ വിനാശകരമാം വിധം പുറത്തുചാടുന്ന പ്രതീതിയാണ് സൂക്ഷ്മ നിരീക്ഷകര്‍ക്ക് അനുഭവപ്പെടുന്നത്. കേരളത്തിലെ സി. പി. എമ്മില്‍ അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും പക്ഷം ചേര്‍ന്ന രണ്ട് വിഭാഗങ്ങളാണ് ഉള്ളതെന്ന് നാമെല്ലാം ധരിച്ചിരുന്നു. ജില്ലാ സമ്മേളനങ്ങള്‍ കഴിഞ്ഞപ്പോള്‍ പിണറായി വിജയന്‍ സ്വാധീനം വ്യാപിപ്പിക്കുകയും മിക്കവാറും എല്ലാ ജില്ലാ കമ്മിറ്റികളും തന്റെ ചൊല്‍പ്പടിയില്‍ കൊണ്ടുവരികയും ചെയ്തുകഴിഞ്ഞു. വി. എസ് അച്യുതാനന്ദനോട് കൂറുള്ള പ്രാദേശിക നേതാക്കള്‍ സ്വന്തം നിലയില്‍ നടത്തിയ പരിശ്രമങ്ങളും ചെറുത്തുനില്‍പ്പുകളും പരാജയപ്പെടുകയാണ്. പിണറായി ഗ്രൂപ്പില്‍ പ്രത്യക്ഷമായ ചേരിതിരിവാണ് ഭാവിയില്‍ പുതിയ വിഭാഗീയതയായി സി. പി. എമ്മില്‍ വളരാന്‍ പോകുന്നത്.
അച്യുതാനന്ദന്‍ സ്വന്തം ഗ്രൂപ്പിലുള്ളവരെ കൈവിടുകയോ അല്ലെങ്കില്‍ അവര്‍ അച്യുതാനന്ദനെ നിശബ്ദം ഒഴിവാക്കുകയോ ചെയ്തു. ഒരു നേതാവെന്ന നിലയില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയായി അഞ്ച് വര്‍ഷം അധികാരത്തില്‍ ഇരുന്നതോടെ അദ്ദേഹത്തിന്റെ ആഗ്രഹം സാഫല്യമടഞ്ഞു. വീണ്ടും ഒരിക്കല്‍ കൂടി പേരിന് പ്രതിപക്ഷ നേതാവായി തുടരുന്നുണ്ടെങ്കിലും പഴയ വീര്യമോ സമരോത്സുകതയോ ലക്ഷ്യബോധമോ ഒന്നും ഇപ്പോള്‍ വി. എസിനില്ല. സംസ്ഥാനത്ത് അദ്ദേഹത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് വിശ്വാസപൂര്‍വ്വം കൂടെ നടന്ന അണികളെ വഴിയിലുപേക്ഷിച്ചശേഷം പാര്‍ട്ടിയില്‍ തന്റെ ബദ്ധവൈരി എന്ന് കരുതിയിരുന്ന പിണറായി വിജയനുമായി ഈയിടെ വി. എസ് ചില ഒത്തുതീര്‍പ്പുകള്‍ക്ക് സന്നദ്ധമായിക്കഴിഞ്ഞതായാണ് മനസ്സിലാക്കുന്നത്. പിണറായി ഗ്രൂപ്പില്‍ പുതുതായി രൂപമെടുത്ത ഉള്‍പ്പോര് നേരിടാന്‍ വിജയന് തല്‍ക്കാലം വി. എസിന്റെ പിന്തുണ ഉപകാരപ്രദമാകുകയും ചെയ്തു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നേതാക്കളുടെ പേരില്‍ ചേരിതിരിവുകള്‍ രൂപംകൊള്ളുന്നത് പുതുമയുള്ള കാര്യമല്ല. ഇന്ത്യയില്‍ മാനവേന്ദ്രനാഥ റോയ് മുക്കാല്‍ നൂറ്റാണ്ട് മുമ്പ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്ത് വിതയ്ക്കുമ്പോള്‍ അതേ മൂട്ടില്‍നിന്നുതന്നെ കളകളും കിളിര്‍ത്തുവന്നു. തികഞ്ഞ മനുഷ്യവര്‍ഗ്ഗ പ്രേമിയായിരുന്നു എം. എന്‍. റോയ്. കിഴക്കന്‍ വിപ്ലവത്തിന്റെ നക്ഷത്രം എന്നായിരുന്നു അദ്ദേഹത്തെ മഹാനായ ലെനിന്‍ വിശേഷിപ്പിച്ചത്. പക്ഷേ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം മഹാമാനവവാദിയായ റോയിയെ തൂത്തെറിഞ്ഞു. അന്നുമുതല്‍ ഉടലെടുത്ത ചേരിതിരിവ് 1964-ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പില്‍ അവസാനിച്ചു. ശ്രീമദ് അമൃത ഡാങ്കെയും അജയകുമാര്‍ ഘോഷും പാര്‍ട്ടിയില്‍ രണ്ട് ഗ്രൂപ്പുകളായി പിരിഞ്ഞ് യുദ്ധം ചെയ്തു. ബസവ പുന്നയ്യയും ബി. ടി. രണദിവെയും തമ്മിലുള്ള ചേരിതിരിവ് കുപ്രസിദ്ധമായിരുന്നു.
കേരളത്തില്‍ ആദ്യത്തെ മുഖ്യമന്ത്രിയാകാന്‍ എ. കെ. ഗോപാലന് അവസരം ലഭിക്കാതെ പോയത് അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം. എന്‍. ഗോവിന്ദന്‍ നായരുടെ വ്യക്തിവൈരാഗ്യമായിരുന്നു എന്നത് രഹസ്യമല്ല. പില്‍ക്കാലത്ത് ഇ. എം. എസും എ. കെ. ജിയും തമ്മില്‍ പിണങ്ങി. വി. എസ് - ഇ. എം. എസ് യുദ്ധവും വി. എസ് -നായനാര്‍ യുദ്ധവും ബാലാനന്ദന്‍ -എം. വി. ആര്‍ പോരും അറിയാത്ത കമ്മ്യൂണിസ്റ്റുകാരുണ്ടോ? നായനാരെ വീഴ്ത്താന്‍ കണ്ണൂരില്‍നിന്ന് വി. എസ് കണ്ടെടുത്ത നേതാവാണല്ലോ പിണറായി വിജയന്‍. പിന്നീട് പിണറായി തന്നെ വി. എസിന്റെ മുഖ്യ ശത്രുവായി സി. പി. എമ്മിലെ ഗ്രൂപ്പുപോരിന് നേതൃത്വം കൊടുത്തു. ഇപ്പോള്‍ വി. എസും പിണറായിയും ഒരു കരയ്ക്ക് അടുത്തപ്പോള്‍ പിണറായി ഗ്രൂപ്പിനുള്ളില്‍ എല്ലാ ജില്ലകളിലും പ്രകടമായ ചേരിതിരിവ് രൂപംകൊണ്ടു എന്നതാണ് വിവിധ ജില്ലാ സമ്മേളനങ്ങള്‍ കഴിയുമ്പോള്‍ വ്യക്തമായത്.
പ്രതിപക്ഷ നേതാവ് പാര്‍ട്ടി അച്ചടക്കത്തിന്റെ നിയമാവലികളൊക്കെ മാറ്റിവച്ചുകൊണ്ട് പത്തനംതിട്ടയില്‍ കഴിഞ്ഞയാഴ്ചയില്‍ വിമര്‍ശിച്ച 'വിക്രമന്‍മാര്‍' ആരെല്ലാമാണെന്ന് സി. പി. എംകാര്‍ക്കറിയാം. സത്യസന്ധന്‍മാരെ തോല്‍പ്പിച്ച് സി. പി. എം സംസ്ഥാന നേതൃത്വം കാപട്യങ്ങള്‍ക്ക് പേരുകേട്ടവരുടെ കൈകളില്‍ അമരുന്നതില്‍ വി. എസ് വിഷമിക്കുന്നു. തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളനം കഴിയുമ്പോള്‍ എന്താകും സ്ഥിതി? കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയൊരുങ്ങുമ്പോള്‍ സി. പി. എമ്മിന്റെ നിറം ആരോ പറഞ്ഞതുപോലെ ചുമപ്പോ കുങ്കുമമോ?
No comments:
Post a Comment
Note: Only a member of this blog may post a comment.